Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ‘എ ഫോറി’നു ഡീസൽ പതിപ്പുമായി ഔഡി

audi-a4 Audi A4 Diesel

സെഡാനായ ‘എ ഫോറി’ന്റെ ഡീസൽ പതിപ്പായ ‘എ ഫോർ 35 ടി ഡി ഐ’ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യ പുറത്തിറക്കി. കഴിഞ്ഞ സെപ്റ്റംബറിൽ വിൽപ്പനയ്ക്കെത്തിയ പെട്രോൾ ‘എ ഫോറി’ന്റെ ഡീസൽ വകഭേദത്തിന് 40.20 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. രണ്ടു ലീറ്റർ, നാലു സിലിണ്ടർ ടി ഡി ഐ എൻജിനാണു കാറിനു കരുത്തേകുന്നത്; പരമാവധി 190 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കുമാണ് ഈ ഡീസൽ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ് എസ് ട്രോണിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഈ എൻജിന് ലീറ്ററിന് 18.25 കിലോമീറ്ററാണ് ഓട്ടമൊബീൽ റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത. മുൻതലമുറ ഡീസൽ ‘എ ഫോറി’നെ അപേക്ഷിച്ച് ഏഴു ശതമാനത്തോളം അധികമാണിത്.

മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന കാറിന്റെ പിൻഗാമിയെ അവതരിപ്പിക്കുക ക്ലേശകരമായ കാര്യമാണെന്നായിരുന്നു ഡീസൽ ‘എ ഫോർ’ അവതരണത്തെപ്പറ്റി ഔഡി ഇന്ത്യ മേധാവി രാഹിൽ അൻസാരിയുടെ പ്രതികരണം. എന്നാൽ പുതിയ ‘എ ഫോറി’ലൂടെ ഈ നേട്ടമാണ് കമ്പനി സ്വന്തമാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഔഡി എ ഫോർ 35 ടി ഡി ഐ’യുടെ വരവോടെ ഈ വിഭാഗത്തിലെ നിലവാരം വീണ്ടും പുതിയ ഉയരത്തിലെത്തി; സാങ്കേതികവിദ്യയുടെയും കാഴ്ചപ്പകിട്ടിന്റെയും അപൂർവ സംഗമമാണു കാറെന്നും അദ്ദേഹം കരുതുന്നു.

മുൻമോഡലിലെ സാങ്കേതികവിദ്യയിൽ സമഗ്രമായ മാറ്റം വരുത്തിയാണ് ‘എ ഫോർ 35 ടി ഡി ഐ’ ഔഡി യാഥാർഥ്യമാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പെട്രോൾ എൻജിനുള്ള ‘എ ഫോർ 30 ട എഫ് എസ ഐ’യ്ക്കു ലഭിച്ച മികച്ച വരവേൽപ്പാണ് ഡീസൽ എൻജിനോടെയും ഇതേ കാർ അവതരിപ്പിക്കാൻ കമ്പനിക്ക് ആത്മവിശ്വാസം നൽകിയത്. ഇതോടെ മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ കരുത്തും കാര്യക്ഷമതയും ഡ്രൈവിങ് സുഖവും തകർപ്പൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവുമൊക്കെയുള്ള ഡീസൽ ‘എ ഫോർ 35 ടി ഡി ഐ’ വിൽപ്പനയ്ക്കെത്തിക്കുകയായിരുന്നെന്നും അൻസാരി വിശദീകരിച്ചു.

Your Rating: