Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഡിയുടെ ഏറ്റവും വേഗതയേറിയ കാർ

audi-r8-v10-plus-kohli1 ഔഡി ആർ8 വി10 പ്ലസ് മോഡലിനരികെ വിരാട് കോഹ്‌ലി.

ജർമൻ ആഡംബര കാർനിർമാതാക്കളായ ഔഡി തങ്ങളുടെ സ്പോർട്സ് കാർ നിരയിലെ ഏറ്റവും വേഗതയേറിയ കാർ ആർ8 വി10 പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി. പരമാവധി 330 കിലോമീറ്റർ വേഗതയിൽ വരെ കുതിക്കാനാകുന്ന ഈ കരുത്തനു പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് വെറും 3.2 സെക്കൻഡുകൾ മാത്രം. കർണാടക എക്സ് ഷോറൂമിൽ 2.6 കോടി രൂപയാണു പ്രാരംഭവില. ഔഡി ഇന്ത്യയുടെ തലവൻ ജോ കിങ്ങിനൊപ്പം കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ, ക്രിക്കറ്റ്താരം വിരാട് കോഹ്‌ലിയാണു മോഡൽ പുറത്തിറക്കിയത്.

ഔഡി ആർ8 വി 10 പ്ലസിനു കരുത്തേകുന്നത് 5.2 എഫ്എസ്ഐ ക്വാട്ട്രോ എൻജിനാണ്. പരമാവധി 610 എച്ച് പി കരുത്തും 6500 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദനശേഷി. ഏഴു സ്പീഡ് എസ് ട്രോണിക് ട്രാൻസ്മിഷൻ. നാലു സ്റ്റാൻഡേർഡ് ഡ്രൈവ് മോഡുകൾ. ഇലക്ട്രോ-ഹൈഡ്രോളിക് മൾട്ടിപ്ലേറ്റ് ക്ലച്ച്. 4.42 മീറ്റർ നീളം. വീതി 1.94 മീറ്റർ. ഔഡി സ്പേസ് ഫ്രെയിം, വി10 എന്‍ജിനടക്കം പകുതിയോളം ഫീച്ചറുകൾ സ്പോർട്സ് വകഭേദം ഔഡി ആർ8 എൽ എം എസുമായി പങ്കുവയ്ക്കുന്ന പുതിയ മോഡലിനു പഴയ മോഡലിനെ അപേക്ഷിച്ചു ഭാരം കുറവാണ്. കനക്കുറവുള്ള അലൂമിനിയം, ഗ്ലോസ് കാർബൺ മെറ്റീരിയലുകളാണു ബോഡി നിർമിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.

audi-r8-v10-plus-new ഔഡി ആർ8 വി10 പ്ലസ്

എയ്റോഡൈനാമിക് കൺസെപ്റ്റിൽ അധിഷ്ടിതമാണ് ആർ8 വി10 പ്ലസിന്റെ രൂപകൽപന. മോണോപോസ്റ്റോ കോക്പിറ്റ് ഡിസൈനാണു മറ്റൊരാകർഷണം. പുതിയ മോഡൽ 13 ശതമാനം അധിക ഇന്ധനക്ഷമത നൽകുമെന്നാണു കമ്പനിയുടെ അവകാശവാദം. കസ്റ്റമൈസേഷൻ ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്. തികച്ചും സ്പോർട്സ് മോഡലായ ആർ8 വി10 പ്ലസ് റേസ്ട്രാക്കിനു പുറത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കെൽപ്പുള്ളതാണ്.

പഞ്ചാബ് ഇലവനുമായുള്ള ക്രിക്കറ്റ് മൽസരത്തിനു ശേഷം ബംഗളൂരുവിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള ഹൊസൂരിലേക്ക് കോഹ്‌ലിയെ പ്രത്യേക വിമാനത്തിലാണു കമ്പനി എത്തിച്ചത്. തനിക്കെന്നും പ്രിയപ്പെട്ട ബ്രാൻഡാണ് ഔഡിയെന്നു വെളിപ്പെടുത്തിയ കോഹ്‌ലി താൻ ഔഡി കാറുകളുടെ ഒരു ആരാധകനാണെന്നും കൂട്ടിച്ചേർത്തു. നേരത്തെ ഔഡി എ4, ആർ 8 എന്നീ മോഡലുകൾ സ്വന്തമാക്കിയിട്ടുള്ള കോഹ്‌ലി ഇപ്പോൾ ഉപയോഗിക്കുന്നത് ഔഡി ക്യൂ7-നാണ്. 2007 മുതൽ ഇന്ത്യയിലുള്ള ഔഡിയുടെ എ3 മുതൽ ആർ8 വി10 പ്ലസ് വരെ 13 മോഡലുകളാണ് ഇന്ന് ഇന്ത്യയിലുള്ളത്.