Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാണിജ്യ വാഹന വിപണിയിലേക്ക് ബജാജ് ‘മാക്സിമ സി’

maxima-cng

ഇരുചക്ര — ത്രിചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ചരക്കുനീക്കത്തിനായി പുതിയ മോഡലായ ‘മാക്സിമ സി’ പുറത്തിറക്കി. 199 സി സി, നാലു സ്ട്രോക്ക് എൻജിനോടെ എത്തുന്ന ‘മാക്സിമ സി’യുടെ സി എൻ ജി വകഭേദത്തിന് 1.89 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. ഒരു ലക്ഷം കിലോമീറ്റർ വരെ പരിപാലനം ആവശ്യമില്ലാത്ത പവർ കപ്ലിങ്ങാണു വാഹനത്തിന്റെ പ്രധാന സവിശേഷത. സി എൻ ജി വകഭേദത്തിലെ എൻജിൻ 5500 ആർ പി എമ്മിൽ 9.39 ബി എച്ച് പി വരെ കരുത്തും 3750 ആർ പി എമ്മിൽ 14.6 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. ഹെലിക്കൽ കോയിൽ കംപ്ഷൻ സ്പ്രിങ്ങും ഹൈഡ്രോളിക് ഷോക് അബ്സോബറും ചേർന്ന പവർ സസ്പെൻഷനും വാഹനത്തിലുണ്ട്.

ദൈനംദിന ചരക്കു നീക്കത്തിന്റെ പ്രതിച്ഛായ മാറ്റാൻ പോന്ന വാഹനമാണ് ‘മാക്സിമ സി’യെന്നു ബജാജ് കൊമേഴ്സ്യൽ വെഹിക്കിൾസ് ഉത്തര മേഖല മേധാവി നവ്നീത് സാഹ്നി അവകാശപ്പെട്ടു. കരുത്തുറ്റതും സുഖകരവും ലാഭകരവുമായ വാഹനം പുറത്തിറക്കാനുള്ള ബജാജിന്റെ ശ്രമങ്ങളാണു ‘മാക്സിമ സി’യിലൂടെ യാഥാർഥ്യമാവുന്നത്. ത്രിചക്ര വാണിജ്യ വാഹന വിഭാഗത്തിൽ ഉയർന്ന കരുത്തും ഏറ്റവും കുറഞ്ഞ പ്രവർത്തന ചെലവുമാണു ‘മാക്സിമ സി’ വാഗ്ദാനം ചെയ്യുന്നത്. ഇതുവരെ 36 ലക്ഷത്തോളം ത്രിചക്രവാഹനങ്ങൾ വിറ്റ ബജാജിന് ‘മാക്സിമ സി’യുടെ വരവ് കൂടുതൽ നേട്ടം സമ്മാനിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യൻ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ക്ലേശം നിറഞ്ഞതും വെല്ലുവിളി ഉയർത്തുന്നതുമായ സാഹചര്യങ്ങൾ കണക്കിലെടുത്താണു കമ്പനിയുടെ ഗവേഷണ, വികസന വിഭാഗം ‘മാക്സിമ സി’ യാഥാർഥ്യമാക്കിയത്. 1650 എം എം നീളമുള്ള ലോഡ് ഡെക്കിന് 1425 എം എം വീതിയും 275 എം എം ഉയരവുമാണുള്ളത്. പോരെങ്കിൽ ഡ്രൈവറുടെ സുഖസൗകര്യം പരിഗണിച്ചു മികച്ച സീറ്റും ആധുനിക ഇൻസ്ട്രമെന്റ് ക്ലസ്റ്ററും വാതിലുള്ള കാബിനുമൊക്കെ സജ്ജീകരിച്ചിട്ടുണ്ടെന്നും സാഹ്നി അറിയിച്ചു.  

Your Rating: