Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

104 കിലോമീറ്റർ മൈലേജുമായി ബജാജ് പ്ലാറ്റിന

platina-confortc

മികച്ച മൈലേജുള്ള ബൈക്കുകൾ നിർമ്മിക്കുന്ന കാര്യത്തിൽ ബജാജ് എന്നും മുന്നിലാണ്. ഡിസ്കവറും, സിടി 100 അടക്കം മൈലേജിലെ വമ്പന്മാരായ നിരവധി ഇരുചക്രവാഹനങ്ങളുണ്ട് ബജാജിന്റെ നിരയിൽ. ഒരു ലീറ്റർ പെട്രോളിൽ 104 കിലോമീറ്റർ മൈലേജ് കിട്ടുന്ന ബൈക്കുമായി എത്തിയിരിക്കുന്നു ബജാജ്. പ്ലാറ്റിന കംഫർടെക്ക് എന്നു പേരിട്ടിരിക്കുന്ന ബൈക്ക് പ്ലാറ്റിന ഇഎസിന്റെ പരിഷ്കരിച്ച രൂപമാണ്. കിക്ക്, സെൽഫ് സ്റ്റാർട്ട് വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ കിക്ക് സ്റ്റാർട്ട് മോ‍ഡലിന് 44,047 രൂപയും സെൽഫ് സ്റ്റാർട്ട് മോഡലിന് 46,096 രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില.

എൻട്രിലെവൽ കമ്യൂട്ടർ ബൈക്ക് വിഭാഗത്തിൽ ഇത്ര ഇന്ധനക്ഷമതയുള്ള ബൈക്കുകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തു തന്നെയില്ലെന്നും ബജാജ് അവകാശപ്പെടുന്നു. കൂടാതെ 20 ശതമാനം അധികം കംഫർട്ട് നൽകുന്ന സസ്പെൻഷനാണ് ബൈക്കിനെന്നും കമ്പനി അവകാശപ്പെടുന്നു.

കമ്യൂട്ടർ സെഗ്മെന്റിൽ ഏറ്റവും അധികം വിൽപ്പനയുള്ള ബൈക്കുകളിലൊന്നാണ് പ്ലാറ്റിന. കൂടുതൽ മൈലേജുമായി എത്തുമ്പോൾ വിപണിയിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ചെറുയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കു കൂടി ഉപകരിക്കുംവിധമാണ് 'പ്ലാറ്റിന കംഫർടെക്കിന്റെ രൂപകല്‍പ്പന. 102 സിസി ഡിടിഎസ് ഐ എൻജിനാണ് പ്ലാറ്റിനയ്ക്ക് കരുത്തേകുന്നത്. 7500 ആർപിമ്മിൽ 8 ബിഎച്ച്പി കരുത്തും 5000 ആർപിഎമ്മിൽ 8.6 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്.