Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുന്തൊ’യ്ക്കും ‘ലീനിയ’യ്ക്കും പ്രത്യേക പതിപ്പുമായി ഫിയറ്റ്

punto-linea-special-edition

ഉത്സവകാലത്തു വിൽപ്പന മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ് ഇന്ത്യയും. മറ്റു നിർമാതാക്കൾ ആകർഷക വിലക്കിഴിവും പ്രത്യേക പദ്ധതികളുമൊക്കെ അവതരിപ്പിച്ചപ്പോൾ ഹാച്ച്ബാക്കായ ‘പുന്തൊ ഇവൊ’യുടെയും ‘സെഡാനായ ‘ലീനിയ’യുടെയും പരിമിതകാല പതിപ്പുകളാണു ഫിയറ്റ് ഇന്ത്യയുടെ വാഗ്ദാനം. ‘പുന്തൊ ഇവൊ കാർബൺ’, ‘ലീനിയ റോയൽ’ എന്നീ പേരുകളിൽ വിൽപ്പനയ്ക്കെത്തുന്ന കാറുകൾ സംബന്ധിച്ച വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. പേൾ വൈറ്റ് നിറത്തിൽ മാത്രം ലഭിക്കുന്ന ‘പുന്തൊ ഇവൊ കാർബണി’ൽ സ്പോർട്ടി ലുക്കിനായി കറുപ്പു നിറത്തിലുള്ള മേൽക്കൂരയും ഫിയറ്റ് ലഭ്യമാക്കുന്നുണ്ട്. ഷോൾഡർ ലൈനിലൂടെ കറുപ്പ് സ്ട്രൈപ്പിലുള്ള ഗ്രാഫിക്സുമുണ്ട്. ടെയിൽലൈറ്റിനു താഴെയായി ‘കാർബൺ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.


അകത്തളത്തിലാവട്ടെ ബ്ലാക്ക് ഫിനിഷാണു കാറിനുള്ളത്; സ്റ്റിച്ചുകളെല്ലാം വെള്ള നിറത്തിലാണ്. ഡോർ പാനലുകൾക്ക് ബീജ് ഡ്രസ്സിങ്ങാണു തിരഞ്ഞെടുത്തിരിക്കുന്നത്. 1.3 ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിനോടെ മാത്രമാണു കാർ വിൽപ്പനയ്ക്കുണ്ടാവുക; 93 പി എസ് വരെ കരുത്തും 209 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘പുന്തൊ ഇവൊ കാർബണു’ സമാനമായ വർണ സങ്കലനത്തോടെയാണു ‘ലീനിയ റോയലി’ന്റെയും വരവ്. സി പില്ലറിനു താഴെയായിട്ടാണു ‘റോയൽ’ ബാഡ്ജിങ് ഇടംപിടിക്കുന്നത്; അതേസമയം ഗ്രാഫിക്സിൽ മാറ്റമൊന്നുമില്ല. കറുപ്പ് നിറത്തിലുള്ള, പുത്തൻ രൂപകൽപ്പനയുള്ള അലോയ് വീലുകളും കാറിലുണ്ട്.

അകത്തളത്തിൽ ലതർ സീറ്റടക്കം തവിട്ടു നിരത്തിലുള്ള അപ്ഹോൾസ്ട്രിയാണുള്ളത്. ഡാഷ്ബോഡ് ഫാബ്രിക്കിനും ഡോർ പാനലിലുമൊക്കെ നിറം ഇതുതന്നെ. 1.4 ലീറ്റർ, ടി ജെറ്റ് എൻജിനോടെയാണു കാർ ലഭ്യമാവുക; പരമാവധി 125 പി എസ് കരുത്തും 210 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സാധാരണ മോഡലുകളെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്കാവും ഫിയറ്റ് ഇന്ത്യ ‘പുന്തൊ ഇവൊ കാർബൺ’, ‘ലീനിയ റോയൽ’ പതിപ്പുകൾ വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന. ‘പുന്തൊ ഇവൊ’യുടെ വിവിധ വകഭേദങ്ങൾക്ക് 6.81 മുതൽ 7.92 ലക്ഷം രൂപ വരെയാണു ഡൽഹി ഷോറൂമിൽ വില. ‘ലീനിയ 125’ ശ്രേണിയുടെ വില ആരംഭിക്കുന്നതാവട്ടെ 10.46 ലക്ഷം രൂപ മുതലാണ്.