Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്പ്ലെൻഡർ ഐ സ്മാർട്ടു’മായി ഹീറോ മോട്ടോ കോർപ്

splendor-ismart-110-1

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് സ്വന്തമായി വികസിപ്പിച്ച ആദ്യ മോട്ടോർ സൈക്കിളായ ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ വിപണിയിലെത്തി. ഹീറോ മോട്ടോ കോർപിന്റെ സ്വന്തം സാങ്കേതികവിദ്യയുടെ പിൻബലമുള്ള ബൈക്കിനു ഡൽഹി ഷോറൂമിൽ 53,300 രൂപയാണു വില. കഴിഞ്ഞ ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോയിലാണു ഹീറോ മോട്ടോ കോർപ് ഈ ബൈക്ക് അനാവരണം ചെയ്തത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനക്ഷമതയും ഇന്ധനക്ഷമതയുമാണ് ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ ബൈക്കിൽ ഹീറോ വാഗ്ദാനം ചെയ്യുന്നത്.

splendor-ismart-110

ഹീറോ സ്വയം വികസിപ്പിച്ച ‘ഐ ത്രി എസ്’(അഥവാ ഐഡിൽ സ്റ്റാർട് സ്റ്റോപ് സിസ്റ്റം) സാങ്കേതികവിദ്യയാണു ബൈക്കിന്റെ പ്രധാന സവിശേഷത. ന്യൂട്രൽ ഗീയറിൽ 10 സെക്കൻഡ് തുടർന്നാൽ എൻജിൻ സ്വയം പ്രവർത്തനം അവസാനിപ്പിക്കും; തുടർന്നു ക്ലച് അമർത്തുന്നതോടെ എൻജിൻ വീണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്യും. വിശ്രമവേള തിരിച്ചറിഞ്ഞ് എൻജിൻ പ്രവർത്തനം അവസാനിപ്പിക്കുക വഴി ബൈക്കിന് കൂടുതൽ ഇന്ധനക്ഷമതയാണു ഹീറോ മോട്ടോ കോർപ് വാഗ്ദാനം ചെയ്യുന്നത്. കാഴ്ചയിൽ നിലവിലുള്ള ‘സ്പ്ലെൻഡറി’ൽ നിന്നു കാര്യമായ മാറ്റമില്ലാതെയെത്തുന്ന ബൈക്കിനു കരുത്തേകുന്നത് പേര് സൂചിപ്പിക്കും പോലെ ശേഷിയേറിയ 110 സി സി എൻജിനാണ്; 7,500 ആർ പി എമ്മിൽ 8.9 ബി എച്ച് പി വരെ കരുത്തും 5,500 ആർ പി എമ്മിൽ ഒൻപത് എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നാലു സ്പീഡ് ഗീയർബോക്സോടെ എത്തുന്ന ബൈക്കിന് ലീറ്ററിന് 68 കിലോമീറ്റർ വരെയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

splendor-ismart-110-2

പുതിയ അലോയ് വീലും ട്യൂബ്രഹിത ടയറുമായി എത്തുന്ന ബൈക്കിൽ പക്ഷേ പുതിയ നിറങ്ങളൊന്നും ഹീറോ മോട്ടോ കോർപ് അവതരിപ്പിച്ചിട്ടില്ല. പുതിയ ഹെഡ്ലാംപിൽ ‘ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ’ സൗകര്യവും ലഭ്യമാണ്; ടെയിൽ ലാംപ് രൂപകൽപ്പനയും പുത്തനാണ്. വിഭജിച്ച ഗ്രാബ് റയിൽ മാത്രമാണു ബൈക്കിനു കാഴ്ചപ്പകിട്ട് സമ്മാനിക്കാനുള്ള ഏക ശ്രമം. പഴയ മോഡലിൽ നിന്നു വ്യത്യസ്തമായി ഇരട്ട ക്രേഡിൽ ഫ്രെയിമോടെ എത്തുന്ന ‘സ്പ്ലെൻഡർ ഐ സ്മാർട്ടി’ന്റെ എതിരാളികൾ ഹോണ്ട ‘ലിവൊ’, യമഹ ‘സല്യൂട്ടൊ ആർ എക്സ്’, ‘ടി വി എസ് വിക്ടർ 110’ തുടങ്ങിയവരാണ്. ദീർഘകാലമായി ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന നേടുന്ന ഇരുചക്രവാഹനമാണ് ‘സ്പ്ലെൻഡർ’. എന്നാൽ സ്കൂട്ടറുകളോടു വിപണിക്കു പ്രിയമേറിയതോടെ ഹീറോയുടെ പഴയ പങ്കാളിയായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടറിൽ നിന്നുള്ള ‘ആക്ടീവ’യ്ക്കാണ് ഇപ്പോൾ ഈ പദവി.  

Your Rating: