Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു കോടിയുടെ ലംബോർഗിനി ഇന്ത്യയിൽ

aventador-s AVentador SCoupe

ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗ്നിയുടെ ‘അവെന്റഡോർ എസ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ‘എക്സ്ട്രീം സൂപ്പർ സ്പോർട്സ് കാർ’ എന്ന വിശേഷണം പേറുന്ന കാറിന് 5.01 കോടി രൂപ മുതലാണു മുംബൈ ഷോറൂമിൽ വില.ഇരട്ട ഡോർ സ്പോർട്സ് കാർ വിഭാഗത്തിൽ രണ്ടു വർഷത്തിനിടെ വിപണി വിഹിതം ഇരട്ടിയാക്കാനാണു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ലംബോർഗ്നി ലക്ഷ്യമിടുന്നത്.
രണ്ടു വാതിലും രണ്ടു സീറ്റും 1.10 ലക്ഷം യൂറോ(ഏകദേശം 77.98 ലക്ഷം രൂപ)യിലേറെ വിലയും 300 പി എസിലേറെ കരുത്തുമൊക്കെയുള്ള കാറുകളാണ് ‘എക്ട്രീം സൂപ്പർ സ്പോർട്സ് കാർ’ വിഭാഗത്തിൽ ഇടംപിടിക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള 70 കാറുകൾ വർഷം തോറും വിറ്റഴിയുന്നുണ്ടെന്നാണു ലംബോർഗ്നിയുടെ കണക്ക്. 40% വിഹിതവുമായി ഇന്ത്യയിൽ ഈ വിഭാഗത്തിലെ നേതൃസ്ഥാനവും കമ്പനി അവകാശപ്പെടുന്നുണ്ട്.

അവതരണത്തിനു മുമ്പു തന്നെ ഉജ്വല വരവേൽപ്പാണ് ‘അവെന്റഡോർ എസ് എൽ പി 740— 4’ കൂപ്പെ സ്വന്തമാക്കിയതെന്ന് ലംബോർഗ്നി ഇന്ത്യ മേധാവി ശരദ് അഗർവാൾ അവകാശപ്പെട്ടു. നാലു വീൽ സ്റ്റീയറിങ്ങുള്ള കാർ നിരത്തിലെത്തുംമുമ്പേ ഇന്ത്യയിൽ ആദ്യ വർഷത്തേക്ക് അനുവദിച്ചവ വിറ്റുപോയതായും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ അത്യാഡംബര കാർ വിപണിയിൽ 10% വിഹിതമാണ് ലംബോർഗ്നിക്കുള്ളത്; രണ്ടു വർഷത്തിനകം വിഹിതം 20 — 25% ആയി ഉയരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലംബോർഗ്നിയുടെ വിൽപ്പനയിൽ 90 ശതമാനത്തോളം സംഭാവന നൽകുന്നത് ‘ഹുറാകാൻ’ ആണെന്നും അദ്ദേഹം അറിയിച്ചു. ‘അവെന്റഡോർ എസി’ന്റെ നാലു വീലുകളും സ്റ്റീയറിങ് മുഖേന നിയന്ത്രിക്കാനാവുമെന്നതാണു നാലു വീൽ സ്റ്റീയറിങ് സാങ്കേതികവിദ്യയുടെ സവിശേഷത.
നാലു വർഷമായി ഇടിവു നേരിട്ട ശേഷം ഇതാദ്യമായി 2016ൽ ഇന്ത്യൻ അത്യാഡംബര കാർ വിപണി വളർച്ച രേഖപ്പെടുത്തി. 2011ൽ 95 യൂണിറ്റ് വിറ്റ ശേഷം ക്രമമായി ഇടിവു നേടിട്ട വിപണിയിൽ കഴിഞ്ഞ വർഷം വിറ്റു പോയത് 70 യൂണിറ്റാണ്. 2014ൽ വെറും 40 യൂണിറ്റോളം താഴ്ന്ന ശേഷമാണ് 2016ൽ വിൽപ്പന 70 യൂണിറ്റായി ഉയർന്നതെന്നും അഗർവാൾ വിശദീകരിച്ചു.

കാറിൽ ലഭ്യമാവുന്ന സൗകര്യങ്ങളും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് ‘അവെന്റഡോർ എസി’ന്റെ വില നിർണയം. ഔഡിയുടെ ‘ആർ എയ്റ്റ്’, ഫെറാരി ‘എഫ് എഫ്’, മെഴ്സീഡിസ് ‘എ എം ജി ജി എൽ എസ്’, ബി എം ഡബ്ല്യു ‘ഐ എയ്റ്റ്’, ‘എം സിക്സ് സീരീസ്’ തുടങ്ങിയവയോടാണു കാർ മത്സരിക്കുന്നത്. ‘അവെന്റഡോറി’ന്റെ മുൻ മോഡലിന് 4.32 കോടി രൂപയായിരുന്നു ഡൽഹിയിലെ വില. ‘എഫ് എഫി’ന് നാലു കോടി മുതൽ ‘ഐ എയ്റ്റി’നും മെഴ്സീഡിസ് ‘എ എം ജി ജി എൽ എസി’നും രണ്ടര കോടി രൂപയോളവുമാണു വില.

Your Rating: