Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകിട്ടോടെ സ്വിഫ്റ്റ് ഡെക

swift-deca-edition

ജനപ്രിയ ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെ പരിമിതകാല പതിപ്പായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ‘സ്വിഫ്റ്റ് ഡെക’ പുറത്തിറക്കി. പെട്രോൾ, ഡീസൽ എൻജിനുകളോടെ ലഭ്യമാവുന്ന കാറിന്റെ ‘വി എക്സ് ഐ’ പതിപ്പിന് 5,94,445 രൂപയും ‘വി ഡി ഐ’ പതിപ്പിന് 6,86,983 രൂപയുമാണു വില. കായികലോകത്തെ മായാമുദ്രയായി പരിഗണിക്കപ്പെടുന്ന പത്താം നമ്പറിനോടുള്ള ആദരസൂചകമായാണു ‘ഡെക’യുടെ വരവ്. ഫുട്ബോളിൽ മികച്ച കളിക്കാരുടെ ജഴ്സി നമ്പറെന്ന നിലയിൽ ഇതിഹാസമാനം നേടിയ ‘10’ തന്നെയായിരുന്നു ക്രിക്കറ്റ് താരമായ സചിൻ ടെൻഡുൽക്കറും തിരഞ്ഞെടുത്തത്.

‘സ്വിഫ്റ്റി’ന്റെ ഇടത്തരം വകഭേദം ആധാരമാക്കി സാക്ഷാത്കരിച്ച ‘ഡെക’യിൽ ബ്ലൂടൂത്ത് സഹിതമുള്ള ടച് സ്ക്രീൻ മൾട്ടി മീഡിയ സംവിധാനം, അകത്തളത്തിനും ബാഹ്യഭാഗത്തിനുമുള്ള സ്റ്റൈലിങ് കിറ്റ്, സ്പോർട്ടി ബോഡി ഗ്രാഫിക്സ്, ഫുട്ബോൾ തീമിലുള്ള സീറ്റ് കവർ എന്നിവയാണു മാരുതിയുടെ വാഗ്ദാനം. ബ്രൈറ്റ് റെഡ്, പേൾ വൈറ്റ് നിറങ്ങളിലാവും ‘സ്വിഫ്റ്റ് ഡെക’ വിൽപ്പനയ്ക്കെത്തുക. സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യാതെയും ഡ്രൈവിങ്ങിന്റെ രസം നഷ്ടപ്പെടുത്താതെയും യാഥാർഥ്യമാക്കിയ സ്പോർട്ടി കാറാണു ‘സ്വിഫ്റ്റ്’ എന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ ‘മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു.

നിരത്തിലെത്തിയതു മുതൽ മാരുതി സുസുക്കിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറിയ ചരിത്രവും ‘സ്വിഫ്റ്റി’നു സ്വന്തമാണ്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ കമ്പനിക്കു ശക്തമായ നേതൃസ്ഥാനം നേടിത്തന്നതും ‘സ്വിഫ്റ്റി’ന്റെ മികവാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കടന്നു പോയ വർഷങ്ങൾക്കിടെ ‘സ്വിഫ്റ്റി’ലെ സൗകര്യങ്ങളും സംവിധാനങ്ങളും കാഴ്ചപ്പകിട്ടും സാങ്കേതികവിദ്യയുമൊക്കെ കാലനുസൃതമായി മാറിയിട്ടുണ്ട്. ഇന്ത്യൻ കാർ പ്രേമികളുടെ ആഗ്രഹങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കാൻ പോലും ‘സ്വിഫ്റ്റി’ന്റെ നിലവാരം ഇടയാക്കിയിട്ടുണ്ട്. ബ്രാൻഡിന്റെ പ്രകടനക്ഷമതയെയും സ്പോർട്ടി ശൈലിയെയും മുന്നോട്ടു കൊണ്ടുപോകാനാണു ‘ഡെക’യുടെ വരവെന്നും അദ്ദേഹം വിശദീകരിച്ചു.  

Your Rating: