Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമയോടെ ‘സ്വിഫ്റ്റ് ഡി എൽ എക്സ്’; വില 4.54 ലക്ഷം മുതൽ

Maruti Suzuki Swift

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നു പുതിയ പരിമിതകാല പതിപ്പ് അവതരിപ്പിച്ചു. പണത്തിനു കൂടുതൽ മൂല്യം അഗ്രഹിക്കുന്നവരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ‘സ്വിഫ്റ്റ് ഡി എൽ എക്സ്’ എന്നു പേരോടെയെത്തുന്ന കാറിനു പെട്രോൾ എൻജിനോടെ 4.54 ലക്ഷം രൂപയും ഡീസൽ എൻജിനോടെ 5.95 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ‘സ്വിഫ്റ്റി’ന്റെ അടിസ്ഥാന മോഡലായ ‘എൽ എക്സ് ഐ’യും ‘എൽ ഡി ഐ’യും ആധാരമാക്കിയാണു മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡി എൽ എക്സ്’ സാക്ഷാത്കരിച്ചത്. ഒപ്പം സാധാരണഗതിയിൽ ‘സ്വിഫ്റ്റി’ന്റെ ഇടത്തരം വകഭേദമായ ‘വി ഡി ഐ’യിലും ‘വി എക്സ് ഐ’യിലും കാണാറുള്ള ചില സൗകര്യങ്ങളും സംവിധാനങ്ങളുമാണു മാരുതി ‘സ്വിഫ്റ്റ് ഡി എൽ എക്സി’ൽ വാഗ്ദാനം ചെയ്യുന്നത്.

swift-dlx

ബ്ലൂടൂത്ത് കണക്ടിവിറ്റിയും മുൻ വാതിലുകളിലെ സ്പീക്കറും യു എസ് ബിയുംസഹിതം ടു ഡിൻ സോണി എഫ് എം മ്യൂസിക് സിസ്റ്റം, പൂർണമായും പവർ വിൻഡോ, ഫോഗ് ലാംപ്, ബോഡിയുടെ നിറമുള്ള ഹാൻഡിലും ഡോർ മിററും, കറുപ്പ് നിറത്തിലുള്ള ബി പില്ലർ എന്നിവയൊക്കെയാണു കാറിലെ പ്രധാന മാറ്റങ്ങൾ. തീയതി, സമയം, ശരാശരി ഇന്ധനക്ഷമത തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്ന മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ(എം ഐ ഡി’യും കാറിലുണ്ട്. കൂടുതൽ സുരക്ഷ ലക്ഷ്യമിട്ട് സെൻട്രൽ ലോക്കിങ്, എൻജിൻ ഇമ്മൊബിലൈസർ, സ്മാരട് വാണിങ് ഇൻഡിക്കേറ്റർ, ചൈൽഡ് സേഫ്റ്റി ലോക്ക് എന്നിവയും ലഭ്യമാണ്. അതേസമയം സാങ്കേതികതലത്തിൽ ‘സ്വിഫ്റ്റ് ഡി എൽ എക്സി’ൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

പെട്രോൾ വകഭേദത്തിന് 1.2 ലീറ്റർ, നാലു സിലിണ്ടർ, വി ടി വി ടി, കെ സീരീസ് എൻജിനും ഡീസൽ വിഭാഗത്തിൽ 1.3 ലീറ്റർ, നാലു സിലിണ്ടർ, ഡി ഡി ഐ എസ് എൻജിനുമാണു കരുത്തേകുന്നത്. പെട്രോൾ എൻജിന് പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഡീസൽ എൻജിൻ സൃഷ്ടിക്കുക 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണ്. അതേസമയം ‘സ്വിഫ്റ്റി’ന്റെ പുതുതലമുറ മോഡൽ ഒക്ടോബറിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. ഗുജറാത്തിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പ്ലാന്റിൽ നിന്ന് അടുത്ത വർഷത്തോടെ ഈ കാർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെത്തും. നിലവിലുള്ള ‘സ്വിഫ്റ്റി’നെ അപേക്ഷിച്ചു കൂടുതൽ നീളവും വീതിയുമൊക്കെ പുതിയ മോഡലിനുണ്ടാവുമെന്നാണു സൂചന.  

Your Rating: