Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർഷെയുടെ പുത്തൻ ‘കേമാൻ’, ‘ബോക്സ്റ്റർ’

porsche-718-cayman-s Porsche 718 Cayman S

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ പോർഷെയിൽ നിന്ന് ഇടത്തരം എൻജിനുകളുള്ള ‘2017 കേമാനും’ ‘718 ബോക്സ്റ്ററും’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ‘കേമാ’ന് 81.63 ലക്ഷം രൂപയും ‘ബോക്സ്റ്ററി’ന് 85.43 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. ഇതാദ്യമായി ഇരുകാറുകളും ഒരേ പ്രകടനമാണു കാഴ്ചവയ്ക്കുകയെന്ന സവിശേഷതയുണ്ട്; കാറിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ടർബോ ചാർജ്്ഡ് പെട്രോൾ എൻജിന് പരമാവധി 298 ബി എച്ച് പി കരുത്തും 380 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇതേ കാറുകളുടെ പഴയ തലമുറയ്ക്ക് കരുത്തേകിയിരുന്നത് 3.4 ലീറ്റർ, ആറു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനുകളായിരുന്നു എന്ന വ്യത്യാസമുണ്ട്. എൻജിന്റെ വലിപ്പം കുറഞ്ഞെങ്കിലും തകർപ്പൻ പ്രകടനമാണു പോർഷെ വാഗ്ദാനം ചെയ്യുന്നത്.

രണ്ടു സീറ്റുള്ള സ്പോർട്സ് കാറുകളിൽ ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാവുക. എന്നാൽ മെച്ചപ്പെട്ട പ്രകടനക്ഷമത ഉറപ്പാക്കാൻ പോർഷെയുടെ ഏഴു സ്പീഡ് പി ഡി കെ ഗീയർബോക്സും സ്പോർട് ക്രോണോ പാക്കേജും തിരഞ്ഞെടുക്കാം. ഇതോടെ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്ററിലേക്ക് കുതിക്കാൻ ഇരു മോഡലുകൾക്കും വെറും 4.7 സെക്കൻഡ് മതി. ഒപ്പം മണിക്കൂറിൽ പരമാവധി 275 കിലോമീറ്റർ വരെ വേഗം കൈവരിക്കാനും ഈ എൻജിനു കഴിയും. സെറാമിക് ബ്രേക്ക്, സംയോജിപ്പിച്ച നാലു പോയിന്റ് എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതം ബൈ സീനോൻ ഹെഡ്ലാംപ് എന്നിവ ഇരു മോഡലുകളിലുമുണ്ട്.

‘പോർഷെ 918’ മോഡലിൽ നിന്നു പ്രചോദിതമായ സ്പോർട്സ് സ്റ്റീയറിങ് വീൽ, എട്ടു സ്പീക്കർ മ്യൂസിക് സിസ്റ്റം(‘718 ബോക്സ്റ്ററി’ൽ ആറു സ്പീക്കർ) സഹിതം പോർഷെ കമ്യൂണിക്കേഷൻ മാനേജ്മെന്റ് സിസ്റ്റം എന്നിവയൊക്കെ സ്പോർട് ക്രോണോ പാക്കേജിലെ കാറുകളിൽ ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്ത നാലു സിലിണ്ടർ എൻജിനിൽ നിന്ന് കരുത്തിലും ടോർക്കിലും വർധന കൈവരിക്കാനായത് പോർഷെ എൻജിനീയർമാരുടെ പ്രകടന മികവാണെന്ന് പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി അഭിപ്രായപ്പെട്ടു. എൻട്രി മോഡലായി പുതിയ ‘കേമാൻ’ എത്തുന്നതോടെ ഇന്ത്യയിലെ കാർ പ്രേമികളും ആരാധകരും മികച്ച വരവേൽപ്പ് നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Your Rating: