Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിയാഗോ എഎംടി പുറത്തിറങ്ങി; വില 5.39 ലക്ഷം

tiago Tiago

ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതം ടാറ്റ മോട്ടോഴ്സിന്റെ ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ’ വിൽപ്പനയ്ക്കെത്തി. ‘ടിയാഗൊ ഈസി ഷിഫ്റ്റ് എ എം ടി’ വകഭേദത്തിന് 5.39 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. ‘എക്സ് സെഡ് എ’ വകഭേത്തിൽ 1.2 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊട്രോൺ പെട്രോൾ എൻജിനോടെയാണ് ‘ടിയാഗൊ എ എം ടി’ വിൽപ്പനയ്ക്കെത്തുന്നത്. രാജ്യവ്യാപകമായി ‘ടായാഗൊ എ എം ടി’ ലഭ്യമാവുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഓട്ടമാറ്റിക്, ന്യൂട്രൽ, റിവേഴ്സ്, മാനുവൽ എന്നീ നാലു ഗീയർ പൊസിഷനുകളോടെയാണു ‘ടിയാഗൊ എ എം ടി’യുടെ വരവ്.

Tata Tiago | Test Drive | Car Reviews, Malayalam | Manorama Online

പ്രകടനക്ഷമത ആഗ്രഹിക്കുന്നവർക്കായി സ്പോർട്സ്, നഗരത്തിരക്കിൽ അനായാസ ഡ്രൈവിങ് ഉറപ്പാക്കാൻ സിറ്റി എന്നു രണ്ടു ഡ്രൈവ് മോഡുകളും കാറിൽ ലഭ്യമാണ്. ഒപ്പം കനത്ത ഗതാഗതത്തിരക്കിലും പാർക്കിങ് ഘട്ടത്തിലും സഹായകമാവാനായി ‘ടിയാഗൊ എ എം ടി’യിൽ ‘ക്രീപ്’ സൗകര്യവും ടാറ്റ മോട്ടോഴ്സ് ഒരുക്കിയിട്ടുണ്ട്; ബ്രേക്ക് പെഡലിലെ മർദം കുറയുന്നതിനൊത്ത് ആക്സിലറേറ്റർ നൽകാതെ തന്നെ കാർ നിരങ്ങി നീങ്ങുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. അതുപോലെ ചരിഞ്ഞ പ്രതലത്തിൽ കാർ നിർത്തേണ്ടി വരുന്ന ഘട്ടത്തിൽ പിന്നോട്ട് ഉരുളാതെ സൂക്ഷിക്കാനും ഈ സൗകര്യം സഹായിക്കും.

tata-tiago-test-drive-8 Tiago

പുത്തൻ രൂപകൽപ്പനാ ശൈലിയായ ‘ഇംപാക്ട്’ പിന്തുടരുന്ന ആദ്യ മോഡലായ ‘ടിയാഗൊ’യ്ക്ക് മികച്ച വരവേൽപ്പാണു വിപണിയിൽ ലഭിച്ചതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അറിയിച്ചു. കാഴ്ചയിലെ ആകർഷണത്തിനൊപ്പം പുതുമകളും വൈവിധ്യവും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ചേർന്നാണു ‘ടിയാഗൊ’യെ സ്വീകാര്യമാക്കിയത്. ഇതുവരെ 13 അവാർഡുകളാണു കാർ നേടിയതെന്നും പരീക്ക് വെളിപ്പെടുത്തി.കടുത്ത മത്സരം നടക്കുന്ന ഹാച്ച്ബാക്ക് വിഭാഗത്തിൽ മാസം തോറുമുള്ള വിൽപ്പനയിൽ തുടർച്ചയായി വർധന കൈവരിക്കാനും ‘ടിയാഗൊ’യ്ക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ യാത്രാവാഹന വിഭാഗത്തിൽ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും ‘ടിയാഗൊ’ വഴി തെളിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. കഴിഞ്ഞ ഏപ്രിലിലാണ് ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’ അവതരിപ്പിച്ചത്; ജനുവരി വരെയുള്ള കാലത്തിനിടെ 46,139 ‘ടിയാഗൊ’ വിറ്റെന്നാണു ടാറ്റ മോട്ടോഴ്സിന്റെ കണക്ക്.