Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ സെസ്റ്റിന് സ്പോർട്സ് എഡീഷൻ

Tata Zest

കാറിന്റെ രണ്ടാം വാർഷികവും വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടതും ആഘോഷിക്കാൻ സെഡാനായ ‘സെസ്റ്റി’ന്റെ പരിമിതകാല പതിപ്പായ ‘സ്പോർട്സ് എഡീഷനു’മായി ടാറ്റ മോട്ടോഴ്സ് രംഗത്ത്. ഡീലർതലത്തിൽ ലഭ്യമാക്കുന്ന അക്സസറി പായ്ക്കിന് 20,000 രൂപയാണ് അധികവിലയായി ഈടാക്കുക. കൂടാതെ 33,000 പ്രീമിയമുള്ള സൗജന്യ ഇൻഷുറൻസ്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 68,000 രൂപ വില മതിക്കുന്ന ഇതര ആനുകൂല്യങ്ങൾ എന്നിവയും ‘സെസ്റ്റ് സ്പോർട്സ് എഡീഷ’നൊപ്പം ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ചുവപ്പ് സ്കർട്ട്സ് സഹിതം ബോഡി കിറ്റ്, ബോഡി ഗ്രാഫിക്സ്, ബ്ലാക്ഡ് ഔട്ട് റൂഫ്, കോൺട്രാസ്റ്റ് റെഡ് ഫിനിഷുള്ള ഔട്ടർ റിയർവ്യൂ മിറർ, അധിക ക്രോം ഫിനിഷ്, ബംപർ പ്രൊട്ടക്ടർ, ഡോർ വൈസറും മോൾഡിങ്ങുമൊക്കെ ‘സ്പോർട്സ് എഡീഷൻ’ പാക്കേജിലുണ്ട്. അകത്തളത്തിലാവട്ടെ പുത്തൻ അപ്ഹോൾസ്ട്രിയുമുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ ഭേദമില്ലാതെ ‘സെസ്റ്റി’ന്റെ എല്ലാ വകഭേദങ്ങൾക്കൊപ്പവും ഈ ‘സ്പോർട്സ് എഡീഷൻ’ പാക്കേജ് ലഭ്യമാണ്.

‘സെസ്റ്റിനു’ കരുകത്തേകുന്നത് 1.2 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് റെവോട്രോൺ പെട്രോൾ, ഫിയറ്റിൽ നിന്നുള്ള 1.3 ലീറ്റർ, ക്വാഡ്രജെറ്റ് ഡീസൽ എൻജിനുകളാണ്. പെട്രോൾ എൻജിൻ സൃഷ്ടിക്കുക പരമാവധി 88 ബി എച്ച് പി കരുത്തും 140 എൻ എം ടോർക്കുമാണ്. ഡീസൽ എൻജിനാവട്ടെ രണ്ടു ട്യൂണിങ്ങിൽ ലഭ്യമാണ്: ശേഷി കുറഞ്ഞതിൽ പരമാവധി കരുത്ത് 73 ബി എച്ച് പിയും ടോർക്ക് 190 എൻ എമ്മുമാണ്. കരുത്തേറിയ എൻജിനാവട്ടെ 88 ബി എച്ച് പി വരെ കരുത്തും 200 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. ഇരു എൻജിനുകൾക്കുമൊപ്പം അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുണ്ട്; കൂടാതെ 88 ബി എച്ച് പി ഡീസൽ എൻജിനൊപ്പം അഞ്ചു സ്പീഡ് എ എം ടി യൂണിറ്റും ലഭ്യമാണ്.

പുതിയ മോഡലുകൾ പുറത്തിറക്കി വിപണി പിടിക്കുകയെന്ന പുതുതന്ത്രത്തിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച ആദ്യ കാറാണ് ‘സെസ്റ്റ്’. തകർപ്പൻ വിൽപ്പന നേടാൻ കാറിനു കഴിഞ്ഞില്ലെങ്കിലും അവലോകനങ്ങൾ അനുകൂലമാക്കാൻ ‘സെസ്റ്റി’നു സാധിച്ചിരുന്നു. മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയർ’, ഹ്യുണ്ടേയ് ‘എക്സെന്റ്’, ഹോണ്ട ‘അമെയ്സ്’ തുടങ്ങിയവരോട് മത്സരിച്ച് ഏതാനും മാസമായി 1,500 — 2,000 യൂണിറ്റിന്റെ വിൽപ്പനയാണു ‘സെസ്റ്റ്’ നേടുന്നത്.

അതിനിടെ ‘അമിയൊ’യുമായി ജർമൻ നിർമാതാക്കളായ ഫോക്സ്വാഗനും ഇന്ത്യയിലെ സബ് കോംപാക്ട് സെഡാൻ വിഭാഗത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്; ഡീസൽ എൻജിനൊപ്പം ഡി എസ് ജി ഗീയർബോക്സാണു കാറിൽ ഫോക്സ്വാഗന്റെ വാഗ്ദാനം. വർധിച്ച മത്സരം പരിഗണിച്ചാവണം ‘സെസ്റ്റി’നും ഹാച്ച്ബാക്ക് രൂപമായ ‘ബോൾട്ടി’നും കാര്യമായ ഇളവുകളാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. 5.11 ലക്ഷം രൂപ മുതലാണു ‘ബോൾട്ടി’ന്റെ ഡൽഹി ഷോറൂം വില.  

Your Rating: