Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്ക് ബ്രേക്കോടെ ‘സൈനസ് ആൽഫ’; വില 52,556 രൂപ

yamaha-alpha

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ ഡിസ്ക് ബ്രേക്കുള്ള ‘സൈനസ് ആൽഫ’ പുറത്തിറക്കി. ഉടൻ തന്നെ രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ ഗീയർരഹിത സ്കൂട്ടറിന് ഡൽഹി ഷോറൂമിൽ 52,556 രൂപയാണു വില. പുതിയ രണ്ടു നിറങ്ങളിൽ ഡിസ്ക് ബ്രേക്കുള്ള ‘സൈനൽ ആൽഫ’ ലഭ്യമാവും: റേഡിയന്റ് സയാൻ, മാർവൽ ബ്ലാക്ക്. ഡ്രം ബ്രേക്കുള്ള ‘സൈനസ് ആൽഫ’യാണു നിലവിൽ വിപണിയിലുള്ളത്.

യമഹയുടെ സ്വന്തം ആവിഷ്കാരമായ ബ്ലൂ കോർ ടെക്നോളജിയുടെ പിൻബലമുള്ള എൻജിനാണ് ‘സൈനസ് ആൽഫ’യുടെ പ്രധാന സവിശേഷത. സ്കൂട്ടറിലെ 113 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എൻജിനു ലീറ്ററിന് 66 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സീറ്റിനടിയിൽ 22 ലീറ്ററാണു സംഭരണ ശേഷി.കഴിഞ്ഞ ഏതാനും വർഷമായി മികച്ച വളർച്ചയാണു സ്കൂട്ടർ വിപണി കൈവരിക്കുന്നതെന്ന് യമഹ മോട്ടോർ ഇന്ത്യ സെയിൽസ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തിൽ സ്ഥിരമായ നേട്ടം കൈവരിക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ഈ വർഷം അവസാനിക്കുമ്പോഴേക്ക് സ്കൂട്ടർ വിപണിയിൽ 10% വിഹിതമാണു യമഹ ലക്ഷ്യമിടുന്നത്.

ഈ ദിശയിലുള്ള നീക്കമാണ് ഡിസ്ക് ബ്രേക്കുള്ള ‘സൈനസ് ആൽഫ’ അവതരണമെന്നും കുര്യൻ വിശദീകരിച്ചു. കൂടുതൽ സുരക്ഷ ആഗ്രഹിക്കുന്ന കുടുംബങ്ങളെയാണു ഡിസ്ക് ബ്രേക്കുള്ള ‘സൈനസ് ആൽഫ’യിലൂടെ കമ്പനി നോട്ടമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം 63,942 ഇരുചക്രവാഹനങ്ങളാണ് യമഹ ഇന്ത്യയിൽ വിറ്റത്; 2015 മേയ് മാസത്തെ അപേക്ഷിച്ച് 38.75% അധികമാണിത്. അതേസമയം ഇന്ത്യയിൽ നിന്നു യമഹ മേയിൽ നടത്തിയ കയറ്റുമതി മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 5.86% ഇടിവോടെ 11,774 യൂണിറ്റായിരുന്നു.