ADVERTISEMENT

കാവാസാക്കി എന്നു കേൾക്കുമ്പോഴേ പച്ച നിറത്തിന്റെ അകമ്പടിയിൽ സ്പോർട്ടി ഡിസൈനുമായി നിൻജ സീരീസാണ് മനസ്സിലേക്കോടിയെത്തുക. അല്ലെങ്കിൽ ടൂറിങ്, മോട്ടോക്രോസ് മോഡലുകൾ. ക്രൂസർ വിഭാഗത്തിൽ കാവാസാക്കി മോഡലുകളെ പ്രതീക്ഷിക്കില്ല. കാരണം കാവാസാക്കിയെന്നാൽ സ്പോർട്സ്ബൈക്ക് നിർമാതാക്കൾ എന്ന ലേബലാണ് നമ്മുടെ വിപണിയിലുള്ളത്. എന്നാൽ ഇന്ത്യൻ വിപണിയിലെ ക്രൂസർ വിഭാഗത്തിലും കാവാസാക്കി ഒരു കൈ നോക്കാനൊരുങ്ങുകയാണ്. ശ്ശെടാ, കാവാസാക്കിക്ക് ക്രൂസർ മോഡലോ എന്നു ചോദിക്കാൻ വരട്ടെ. 

kawasaki-w800--street

അറുപതുകളിലെ കാവാസാക്കിയുടെ ചുണക്കുട്ടനായിരുന്ന ഡബ്ല്യു വൺ എന്ന വിന്റേജ് താരത്തിന്റെ പുനർജന്മമെന്നു വിശേഷിപ്പിക്കാവുന്ന ഡബ്ള്യു 800 നെയാണ് നിരത്തിലിറക്കുന്നത്. ഹോണ്ടവരെ ഈ സെഗ്‌മെന്റിലേക്ക് കാലെടുത്തു വച്ചുകഴിഞ്ഞു. റോയൽ എൻഫീൽഡ് മുതൽ ഇന്ത്യനും ട്രയംഫും വരെ വിരാജിക്കുന്ന ക്രൂസർ സെഗ്‌മെന്റിൽ ഡബ്ല്യു 800 നു തിളങ്ങാൻ കഴിയുമോ? എക്സ്ക്ലൂസീവ് റൈഡിലേക്ക്.

kawasaki-w8004

സിംപിൾ ഡിസൈൻ

അതെ, ഡബ്ല്യു 800 ന്റെ ഡിസൈൻ വളരെ സിംപിളാണ്. പക്കാ വിന്റേജ് ശൈലിയിൽത്തന്നെയാണ് ഫ്യുവൽ ടാങ്കും മറ്റു ബോഡി ഘടകങ്ങളുടെയും ഡിസൈൻ. ആദ്യ കാഴ്ചയിൽ കണ്ണുടക്കുക ഫിറ്റ്ആൻഡ് ഫിനിഷിലാണ്. ക്രോം ചുറ്റുള്ള ഉരുണ്ട ഹെഡ്‌ലാംപ് യൂണിറ്റ്. ഫുള്ളി എൽഇഡിയാണ്. ഡിസൈനിൽ ആധുനികം എന്നു പറയാവുന്നത് ഇതു മാത്രം. സ്പോക് വീലുകൾ. ട്യൂബ് ടയറുകളാണ്. സാധാമട്ടിലുള്ള ഫോർക്കും പിൻ സസ്പെൻഷനും. കണ്ണുനീർത്തുള്ളിയുടെ ആകൃതിയിലുള്ള വലിയ ടാങ്ക്. അതിലെ ഡബ്ല്യു എന്ന എഴുത്തും വരയും വിന്റേജ് ഫീലിൽത്തന്നെ. സ്ട്രിപ്പുള്ള ഒറ്റപ്പീസ് സീറ്റാണ്. സൈഡ് പാനൽ ഡിസൈൻ ഒഴുക്കൻ മട്ടിൽ. പിന്നിലേക്കു നീണ്ട റിയർ മഡ്‌ഗാർഡും എടുത്തു നിൽക്കുന്ന ടെയിൽ ലാംപു വെറൈറ്റിയാണ്. ഇരട്ടക്കുഴൽ സസ്പെൻഷൻ ക്രോമിൽ തിളങ്ങി നിൽക്കുന്നു.

kawasaki-w800

ഫൈബർ ഘടകങ്ങൾ വളരെ കുറവ്. ഇല്ലെന്നു തന്നെ പറയാം. ബോഡി പാർട്ടുകളെല്ലാം മെറ്റലിലാണ്. കൺസോളാകട്ടെ തനി വിന്റേജ് ശൈലിയിൽ. ഇരട്ട മീറ്ററാണ്. അതിൽ ആധുനികതയുടെ സ്പർശമായി ചെറിയ ഡിജിറ്റൽ മീറ്റർ. വിരിവ് കൂടിയ ഹാൻഡിൽ ബാറാണ്. നമ്പർ പ്ലേറ്റിന്റെ ഡിസൈനാണ് കൗതുകം. മീറ്ററിനെചുറ്റി ഹാൻഡിലിലാണ്  പ്ലേറ്റ് ഘടിപ്പിക്കാനുള്ള സംഗതികൾ വച്ചിരിക്കുന്നത്. കാഴ്ചയിൽ ഡബ്ല്യു 800 നൽകുന്നത് ഇത്രയുമാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ ആഡംബരമല്ല ആഢ്യത്വമാണ് മുഖമുദ്ര.

06

ഇരട്ട ചങ്കൻ

799 സിസി വെർട്ടിക്കൽ ട്വിൻ സിലിണ്ടർ എയർകൂൾഡ് ഒാവർഹെഡ് ക്യാം എൻജിനാണ്. ഹെറിറ്റേജ് പാരമ്പര്യം നിലനിർത്തിയാണ് എൻജിൻ ഡിസൈൻ. ലോങ് സ്ട്രോക്ക് കോൺഫിഗറേഷനാണ്. 800 സിസി എൻജിനെങ്കിലും പവറിലും ടോർക്കിലും വിപ്ലവമൊന്നും സൃഷ്ടിക്കുന്നില്ല. 52 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 62.9 എൻഎമ്മും. എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് എന്ന ശൈലിയിൽ ഒാടിക്കുന്നവർക്കുള്ളതല്ല ഡബ്ല്യു 800. വളരെ റിലാക്സായി റൈഡ് ചെയ്യണം എന്നുള്ളവരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സ്മൂത്ത് എൻജിനാണ്. െഎഡിലിങ്ങിലെ ശബ്ദം തന്നെ കോരിത്തരിപ്പിക്കും. ചെറുതായി കൈ കൊടുക്കുമ്പോൾത്തന്നെ ട്വിൻ സിലിണ്ടറിന്റെ ഗൗരവം വെളിവാകും. 

kawasaki-w8001

770 എംഎം ഉയരമേ സീറ്റിനുള്ളൂ. കൂളായി നിവർന്നിരിക്കാവുന്ന പൊസിഷൻ. വിടർന്ന് റൈഡറിലേക്ക് അടുത്തിരിക്കുന്ന ഹാൻഡിൽ ബാർ നൽകുന്ന കംഫർട്ട് വേറെ ലെവലാണ്. സ്ലിപ്പർ ക്ലച്ചാണ്.

10

5 സ്പീഡ് ഗിയർബോക്സിന്റെ പെർഫോമൻസ് കൊള്ളാം. ഡബിൾ ക്രാഡിൽ ഷാസിയാണ്. ഹൈസ്പീഡ് സ്റ്റെബിലിറ്റിയും കോർണറിങ്ങിലെ വഴക്കവുമെല്ലാം ഉഗ്രൻ. 1300 എംഎം ഗ്രൗണ്ട് ക്ലിയറെൻസ് തെല്ലു ടെൻഷൻ അടിപ്പിക്കുമെങ്കിലും സ്പീഡ് ബ്രേക്കറുകളും മറ്റും ഈസിയായി തരണം ചെയ്യും. ലോങ് റൈഡിനുതകുന്ന സീറ്റ്. രണ്ടുപേർ‌ക്ക് സുഖമായി യാത്രചെയ്യാം. നല്ല കുഷനുമുണ്ട്. ഇരുവീലുകളിലും ഡിസ്ക്ബ്രേക്ക് ഡ്യൂവൽ ചാനൽ എബിഎസ് എന്നിവ യാത്ര സുരക്ഷിതമാക്കും.

05

ഫൈനൽ ലാപ്

റെട്രോ ക്ലാസിക് ലുക്കിലുള്ള ബൈക്കല്ല, മറിച്ച് തനി റെട്രോ ക്ലാസിക് വേണമെങ്കിൽ ഡബ്ല്യു 800 നെ കൂടെക്കൂട്ടാം.

English Summary: Kawasaki Cruiser Bike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT