Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പോർട്ടി സ്റ്റൈലിഷ് ജിക്സർ എസ് എഫ്

Suzuki Gixxer SF ജിക്സർ എസ് എഫ്

സുസുക്കി എന്ന പേരിനു പ്രത്യേകിച്ചു വിശേഷണമോ ആമുഖമോ ഒന്നും വേണ്ടാത്തതുപോലെയാണ് സുസുക്കിയുടെ 150 സിസിയിലെ താരം ജിക്സറിനും. ഏതു ബൈക്ക് പ്രേമികൾക്കും അത്ര സുപരിചിതമാണ് ഈ പേര്. കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ വർഷത്തെ 150 സി സി സെഗ്മെന്റിലെ ഒട്ടു മിക്ക അവാർഡുകളും തൂത്തുവാരിക്കൊണ്ടു പോയത് ഈ നേക്കഡ് സ്ട്രീറ്റ് മോഡലാണ്. എഫ്സിയുടെയും എക്സ്ട്രീമിന്റെയും ഒക്കെ കുത്തകയായിരുന്ന ഈ സെഗ്മെന്റിൽ ജിക്സർ നേടിയ വിജയത്തിന്റെ ചുവടുപിടിച്ച് 150 സി സിയിലെ സ്പോർട്സ് സെഗ്മെന്റും കീഴടക്കാനൊരുങ്ങുകയാണ് സുസുക്കി ജിക്സറിന്റെ പുതിയ വകഭേദമായ ജിക്സർ എസ് എഫിലൂടെ.

ഡിസൈൻ

നേക്കഡ് സ്റ്റൈലിലെത്തിയ ജിക്സറിന്റെ സ്പോർട്സ് വേർഷനാണ് ജിക്സർ എസ് എഫ്. മോട്ടോ ജിപി സ്റ്റൈൽ കളർ തീമോടുകൂടി ഫുൾഫെയറിങ് കിടിലനായിട്ടുണ്ട്. പക്കാ സ്പോർട്ടി ഫീൽ നൽകുന്നുണ്ട് ഇത്. സുസുക്കിയുടെ മറ്റു സൂപ്പർബൈക്കുകളോടു സമാനമായ മുൻഫെയറിങ്ങാണ് ജിക്സർ എസ് എഫിനും. ജിക്സറിന്റെ അതേ ഹെഡ്ലാംപ് തന്നെയാണ്. ഫെയറിങ്ങിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ റിയർവ്യൂ മിററുകൾ ഈസിയായി ക്രമീകരിക്കാം. ഫെയറിങ് കൂട്ടിച്ചേർത്തപ്പോൾ ഗ്രൗണ്ട് ക്ലിയറൻസിൽ തെല്ലും കുറവു വരാതെ നോക്കിയിട്ടുണ്ട് സുസുക്കി. പുതിയ സിംഗിൾ പീസ് ക്ലാമ്പോടുകൂടിയതാണ് വീതിയേറിയ ഹാൻഡിൽ ബാർ. ഗീയർ ഇൻഡിക്കേറ്ററും റെവ് ലിമിറ്റ് ബീക്കണും അടക്കമുള്ള ഫുള്ളി ഡിജിറ്റർ കൺസോളാൾ തന്നെയാണ് എസ് എഫിലും. നേക്കഡ് ജിക്സറിൽ നിന്നു ഡിസൈനിലുള്ള മറ്റു മാറ്റങ്ങൾ സൈലൻസർ എൻഡ് ക്യാപ്പും അലോയിലെ റിഫ്ളക്ടീവ് ടേപ്പുമാണ്. എൻഡ് ക്യാപ് നൽകിയതോടെ സൈലൻസർ കൂടുതൽ സ്പോർട്ടിയായിട്ടുണ്ട്.

Mr. Atul Gupta and Mr. Kenji hirozawa Mr. Atul Gupta Executive Vice President and Mr. Kenji Hirozawa General Manager Exports SMIPL at the launch of Suzuki Gixxer SF

എൻജിൻ /റൈഡ്

നേക്കഡ് ജിക്സറിലുള്ള 155 സിസി എയർകൂൾഡ് കാർബുറേറ്റഡ് എൻജിൻ തന്നെയാണിതിനും. കൂടിയ കരുത്ത് 8000 ആർപി എമ്മിൽ 14.6 ബിഎച്ച്പി. ടോർക്ക് 6000 ആർ പി എമ്മിൽ 1.43 കെ ജി എമ്മും.

നേക്കഡ് വേർഷനിൽ നിന്നു റൈഡിങ് പൊസിഷനിൽ മാറ്റമില്ലെങ്കിലും കുറച്ചു കൂടി സ്പോർട്ടി ഫീൽ നൽകുന്നുണ്ട് ജിക്സർ എസ് എഫ്. ഫെയറിങ് വന്നതോടെ മുൻ ഭാഗം അൽപം ഹെവിയായി. മാത്രമല്ല ബൈക്കിന്റെ മൊത്തം ഭാരം മുന്നിലേക്കു കേന്ദ്രീകരിച്ചിരിക്കുന്നു.

Suzuki Gixxer SF

ഫെയറിങ് വന്നതോടെ എയ്റോ ഡയനാമിക്സ് മെച്ചപ്പെട്ടു. അതുകൊണ്ടു തന്നെ പെർഫോമൻസിലും ഹാൻഡ്ലിങ്ങിലും മാറ്റമുണ്ട് ജിക്സർ എസ് എഫിന്. നേർ രേഖയിലും കോർണറിങ്ങിലും എസ് എഫ് കാട്ടുന്ന മെയ് വഴക്കം എടുത്തു പറയണം. 41 എം എം മുൻഫോർക്കുകളും പിന്നിലെ മോണോ ഷോക്കും ഇക്കാര്യത്തിൽ മികച്ച പിന്തുണ നൽകുന്നുണ്ട്. റോഡ് പിടിത്തത്തിന്റെ കാര്യത്തിൽ പുതിയ എം ആർ എഫ് ടയർ പുലിയാണെന്ന് രണ്ടു വളവുകൾ വീശിയപ്പോൾ മനസിലായി 266 എം എമ്മിന്റെ മുൻ ഡിസ്ക്കും പിന്നിലെ 130 എം എം ഡ്രം ബ്രേക്കും മനസു പറയുന്നിടത്തു ജിക്സറിനെ പിടിച്ചു നിർത്തും

ടെസ്റ്റേഴ്സ് നോട്ട്

സ്പോർട്ടി ലുക്ക്, പെർഫോമൻസ്, ഹാൻഡ്ലിങ്. ഇത്രയും സവിശേഷതകളും ഒപ്പം ലീറ്ററിനു 63 കിലോമീറ്റർ മൈലേജും. പോരാത്തതിനു എതിരാളികളേക്കാൾ വിലക്കുറവും. 150 സിസി സ്പോർട് സെഗ്മെന്റിലെ കിരീടം തലയിൽ ചൂടാൻ ഇതിൽ കൂടുതലെന്തുവേണം ജിക്സർ എസ്എഫിന്...

Suzuki Gixxer SF