Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തിനും മൈലേജിനും മുന്നിൽ അക്കോഡ്

honda-accord-test-drive-4 Honda Accord, Photos: Jithu Kuruvilla Thomas

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് അക്കോര്‍ഡ്. 1976 ല്‍ ജാപ്പനീസ് വിപണിയിലെത്തിയ അക്കോഡ് 1981 ല്‍ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും അരങ്ങേറ്റം കുറിച്ചു. 1982 ല്‍ അമേരിക്കയില്‍ നിര്‍മാണം ആരംഭിച്ചതോടെ, യുഎസില്‍ നിര്‍മിക്കുന്ന ആദ്യ ജാപ്പനീസ് കാറെന്ന പ്രത്യേകതയും അക്കോഡിനായി. നിലവിൽ ജപ്പാനിലെയും യുഎസിലെയും ജനപ്രിയ കാറുകളിലൊന്നാണ് അക്കോഡ്. 1976 മുതല്‍ 2016 വരെ ഒമ്പത് തലമുറ അക്കോര്‍ഡുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.

∙ അക്കോഡ്: ഹോണ്ട കാഴ്‌സ് ഇന്ത്യയുടെ രണ്ടാമത്തെ കാറായി 2001 ലാണ് അക്കോഡ് ഇന്ത്യയിലെത്തുന്നത്. വിപണിയിലെ മോശം പ്രകടനം കാരണം 2013 ല്‍ പിന്‍വലിക്കുകയായിരുന്നു. ഇപ്പോഴിതാ സങ്കരഇന്ധന മോഡലായി അക്കോര്‍ഡ് വീണ്ടും എത്തിയിരിക്കുന്നു- മികച്ച മൈലേജും കൂടുതല്‍ കരുത്തും ലക്ഷ്വറി സൗകര്യങ്ങളുമായി അക്കോഡ് ഹൈബ്രിഡ്.

honda-accord-test-drive Honda Accord

∙ സ്‌റ്റൈലിഷ് രൂപം: പ്രീമിയം ലുക്കുള്ള സെഡാനാണ് അക്കോഡ്. പഴയ അക്കോഡിന്റെ കുലീനത പുതിയ രൂപത്തിലും കാത്തു സൂക്ഷിക്കുന്നു. ആദ്യ നോട്ടത്തില്‍ ആരും ഇഷ്ടപ്പെടും. ഹോണ്ടയുടെ മറ്റു വാഹനങ്ങളില്‍ കാണുന്നതുപോലുള്ള വലിയ ക്രോം സ്ട്രിപ്പിന് നടുവിലായി ഹോണ്ടയുടെ ലോഗോ. ഹെഡ്‌ലൈറ്റിലേക്കു കയറി നില്‍ക്കുന്നതുപോലെയാണ് പുതിയ ഗ്രില്‍. ഓട്ടോലെവലിങ്ങും ആക്ടീവ് കോര്‍ണറിങ് ഫങ്ഷനുമുള്ള എന്‍ഇഡി ഹെഡ്‌ലാംപുകളാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണം. ഇളം നീല പ്രകാശം പൊഴിക്കുന്ന എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ് കൂടിയുണ്ട് ഹെഡ്‌ലാംപ് ക്ലസ്റ്ററില്‍. കൂടാതെ ബംപറില്‍ താഴെയായി എല്‍ഇഡി ഫോഗ് ലാംപുകളുമുണ്ട്. സ്‌പോർട്ടി ലുക്ക് നല്‍കുന്ന 18 ഇഞ്ച് അലോയ് വീലുകളാണ് കാറിന്. വിന്‍ഡോകള്‍ക്ക് ക്രോം ഫിനിഷും നല്‍കിയിരിക്കുന്നു. പിന്നിലെ ബംപറും വലിയ ബൂട്ടും ടെയില്‍ ലാംപും കാറിന് വലിപ്പം തോന്നിപ്പിക്കുന്നു. ബൂട്ട് ഡോറില്‍ വലിയൊരു ക്രോം സ്ട്രീപ്പുമുണ്ട്. എല്‍ഇഡിയാണ് പിന്നിലെയും ടെയില്‍ ലാംപ്.

∙ ആഡംബരം നിറഞ്ഞ അകത്തളം: ലക്ഷ്വറി സെഡാന് വേണ്ടതെല്ലാമുണ്ട് അക്കോഡിന്റെ ഉള്ളില്‍. ഹോണ്ടയുടെ മാന്‍ മാക്‌സിമം മെഷീന്‍ മിനിമം ഫിലോസഫി പ്രകാരം ഡിസൈന്‍ ചെയ്്ത ഇന്റീരിയറിന് ഭംഗിയും ഉപയോഗക്ഷമതയും വേണ്ടുവോളമുണ്ട്. റിമോട്ട് എന്‍ജിന്‍ സാങ്കേതിക വിദ്യയോടെയാണ് പുതിയ അക്കോഡ് ഹൈബ്രിഡ് എത്തിയിരിക്കുന്നത്. അതായത് വാഹനത്തിനകത്തു പ്രവേശിക്കാതെ തന്നെ എസി ഓണാക്കുകയും ക്യാബിനിലെ താപനില താഴ്ത്തുകയും ചെയ്യാം.

honda-accord-test-drive-5 Honda Accord

രണ്ട് വലിയ സ്‌കീനുകളുണ്ട് സെന്റര്‍കണ്‍സോളില്‍. മുകളിലത്തെ 7.7 ഇഞ്ച് ഐ-എംഐഡി സ്‌കീനില്‍ ട്രിപ്പ് ഇന്‍ഫര്‍മേഷനുകള്‍, കോംപസ് എന്നിവയുണ്ടെങ്കില്‍ അതിനു താഴെയുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, സ്റ്റിരിയോ സ്‌ക്രീനായും നാവിഗേഷന്‍ സ്‌ക്രീനായും റിവേഴ്‌സ് ക്യാമറ സ്‌ക്രീനായും പ്രവര്‍ത്തിക്കും. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ നാവിഗേഷന്‍ എന്നിവ കൂടാതെ ബ്ലൂടൂത്ത് വഴിയും നമ്മുടെ ഫോണിനെ കാറുമായി ബന്ധിപ്പിക്കാം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹോണ്ട ലൈന്‍ വാച്ച് ബ്ലൈന്‍ഡ് സ്‌പോട്ട് ഡിസ്‌പ്ലെയാണ്. വാഹനത്തിന്റെ ഇടതുവശത്തെ ഇൻഡികേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ലൈന്‍മാറുകയോ തിരിയുകയോ ചെയ്യുമ്പോൾ പാസഞ്ചര്‍ സൈന്‍ ഓആര്‍വിഎമ്മില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ ആക്ടിവേറ്റായി ഐഎംഐഡി ഡിസ്‌പ്ലെയില്‍ വിഷ്വലുകള്‍ തെളിയുന്നതാണ്. ഇത് ഇടതുവശത്തേക്കുള്ള തിരിയലുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു. കറുപ്പ്, ബീഡ്, വുഡന്‍ ഫിനിഷ് എന്നിവയുടെ സങ്കലമാണ് അകത്തളത്തില്‍. നാലു സ്‌പോക്ക് സ്റ്റിയറിങ് വീലില്‍ എംഐഡി ഡിസ്പ്ലേ കണ്‍ട്രോളുകള്‍ ഫോണ്‍ കണ്‍ട്രോള്‍, വോളിയം കണ്‍ട്രോൾ എന്നിവയുമുണ്ട്. അധികം ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ലളിതമായ മീറ്റര്‍ കണ്‍സോള്‍. ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്നതാണ് മുന്‍ സീറ്റുകള്‍. പിന്നില്‍ മികച്ച ലെഗ് റൂമും ഹെഡ് റൂമും.

honda-accord-test-drive-2 Honda Accord

∙എന്‍ജിൻ: സ്‌പോര്‍ട്‌സ് ഹൈബ്രിഡ് ഇന്റലിജന്റ് മള്‍ട്ടി മോഡ് ഡ്രൈവ് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടറുകളും 2.0 ലീറ്റര്‍ 4 സിലണ്ടര്‍ ഐ വിടെക് എന്‍ജിനും ചേര്‍ന്നതാണ് അക്കോര്‍ഡ് ഹൈബ്രിഡിന്റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 6200 ആര്‍പിഎമ്മില്‍ 145 പിഎസ് കരുത്തും 4000 ആര്‍പിഎമ്മില്‍ 175എന്‍എം ടോര്‍ക്കുമുണ്ട്. ഇലക്ട്രിക് മോട്ടറുകളുടെ പരമാവധി കരുത്ത് 5000-6000 വരെ ആര്‍പിഎമ്മില്‍ 184 പിഎസും ടൊര്‍ക്ക് 315 എന്‍എമ്മുമാണ്. ഇലക്ട്രിക് മോട്ടറും പെട്രോള്‍ എന്‍ജിനും കൂടി ചേര്‍ന്നാണ് 215 പിഎസാണ് കരുത്ത്. പരമ്പരാഗത സിവിടിയില്‍ നിന്ന് വ്യത്യസ്തമായാണ് അക്കോഡിലെ ഇ-സിവിടി പ്രവര്‍ത്തിക്കുന്നത്. ഒരു ഗീയര്‍ മാത്രമേ ഇ-സിവിടിക്കുള്ളു (ഉയര്‍ന്ന ഗീയര്‍). ആ വേഗതയില്‍ വാഹനം എത്തിയാല്‍ മാത്രമേ എന്‍ജിനും ടയറുകളുമായി ബന്ധപ്പെടുകയുള്ളു.

ഇവി മോഡ്, എന്‍ജിന്‍ ഡ്രൈവ്, ഹൈബ്രിഡ് മോഡ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത മോഡുകളില്‍ അക്കോര്‍ഡിനെ ഡ്രൈവ് ചെയ്യാം. ഇവി മോഡില്‍ പൂര്‍ണമായും ഇലക്ട്രിക് മോട്ടറില്‍ നിന്നുള്ള കരുത്തുകൊണ്ടാണ് വാഹനം നീങ്ങുന്നത്. രണ്ടു കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. എന്‍ജിന്‍ ഡ്രൈവില്‍ പൂര്‍ണമായും എന്‍ജിന്‍ കരുത്തുകൊണ്ടും ഹൈബ്രില്‍ മോഡില്‍ രണ്ടു പവര്‍ സോഴ്‌സുകളുടെയും ചേര്‍ന്നുള്ള കരുത്തുകൊണ്ടും വാഹനം ഓടുന്നു. 23.1 കിലോമീറ്റാണ് വാഹനത്തിന്റെ മൈലേജ്. എന്‍ജിന്‍ സ്റ്റാര്‍ട് സ്‌റ്റോപ്പ് സ്വിച്ചിന് പകരം പവര്‍ ഓണ്‍ ബട്ടനാണ് വാഹനത്തില്‍.

honda-accord-test-drive-3 Honda Accord

∙അക്കോര്‍ഡ് ഹൈബ്രിഡ്: മറ്റു ഹൈബ്രിഡുകളെക്കാൾ സാങ്കേതിക തികവുള്ള ടെക്‌നോളജിയാണ് അക്കോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹൈബ്രിഡ് മോഡില്‍ തുടക്കത്തില്‍ ഇലക്ട്രിക് മോട്ടറിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. മറ്റു ഹൈബ്രിഡ് വാഹനങ്ങളില്‍നിന്നു വ്യത്യസ്തമായി, എന്‍ജിന്‍ ടയറുകളിലേക്കു കരുത്തു പകരുന്നതിന് പകരം ഇലക്ട്രിക് മോട്ടറിനും ബാറ്ററിക്കും വേണ്ട പവറാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഗീയര്‍ ബോക്‌സിന്റെ ആവശ്യം വരുന്നില്ല. എന്നാല്‍ വാഹനം ഒരു നിശ്ചിത വേഗത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഉയര്‍ന്ന ഗീയര്‍ എന്‍ജിന്റെ കരുത്ത് ടയറുകളിലേക്കു നല്‍കുന്നു. ഇവിടെയാണ് വാഹനത്തിന്റെ ഇ സിവിടി പ്രവര്‍ത്തിക്കുന്നത്. ഈ സമയത്ത് ഇലക്ട്രിക് മോട്ടറും ടയറുകളുമായി ബന്ധമുണ്ടായിരിക്കില്ല.

∙ റൈഡിങ് ആൻഡ് കംഫര്‍ട്ട്: വലിപ്പമുള്ള കാറാണെങ്കിലും എളുപ്പം ഹാന്‍ഡില്‍ ചെയ്യാം അക്കോഡിനെ. ലൈറ്റായ സ്റ്റിയറിങ് ഡ്രൈവ് അനായാസമാക്കുന്നുണ്ട്. തുടക്കത്തിലെ മികച്ച കുതിപ്പുമൂലം സിറ്റി ഡ്രൈവില്‍ അക്കോഡ് മികച്ചു നില്‍ക്കും. ഒരു ലക്ഷ്വറി കാര്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും അക്കോര്‍ഡ് നല്‍കുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ കൂടെ നല്‍കിയിട്ടുള്ള എയര്‍പ്യൂരിഫിക്കേഷന്‍ സിസ്റ്റം അന്തരീക്ഷമലിനീകരണം കൂടിയ നഗരങ്ങളില്‍ താമസിക്കുന്ന ആളുകളെ ഏറെ ആകര്‍ഷിക്കും.

honda-accord-test-drive-6 Honda Accord

∙സുരക്ഷ: യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ ഹോണ്ട ഒരു വിട്ടുവീഴ്ചയും നടത്തില്ല. എബിഎസ് ഇബിഡി, ട്രാക്‌ഷന്‍ കണ്‍ട്രോളോടു കൂടിയ വെഹിക്കള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, മോഷന്‍ അഡാപ്റ്റീവ് ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സുരക്ഷ സജീകരണങ്ങള്‍ കൂടാതെ ആറ് എസ്‌ആര്‍‌എസ് എയര്‍ബാഗുകളും കാറിലുണ്ട്.

∙അവസാനം: പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് എതിരാളിയെക്കാള്‍ വില കൂടുതലാണ്. എന്നാല്‍ മൈലേജിന്റെ കാര്യത്തില്‍ അക്കോര്‍ഡ് തന്നെയാണ് മുന്നില്‍. കൂടാതെ ഇന്ന് ലോകത്തുള്ള ഹൈബ്രിഡ് സാങ്കേതിക വിദ്യകളിലെ അതിനൂതനമായ ടെകനോളജിയാണ് അക്കോര്‍ഡിലേത്. വില: 40.77 ലക്ഷം രൂപ

Your Rating: