Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെക്സയിലേക്ക് ഒരു ബലേനോ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
baleno-test-drive-report Maruti Suzuki Baleno

മാരുതിയുടെ നെക്സ ഷോറൂമിലേക്ക് ഓടിച്ചു കയറ്റുന്ന രണ്ടാമതു മോഡൽ എന്നതിൽ ബലേനോ ഒതുങ്ങുന്നില്ല. ഇന്ത്യയിൽ ഉത്പാദിപ്പിച്ച് ആഗോളതലത്തിൽ ഇറക്കുന്ന ആദ്യ കാർ എന്നതാണ് ബലേനോയുടെ യഥാർത്ഥ സ്ഥാനം.

ബലേനോയോ? അതൊരുപഴയ കാറല്ലേ എന്നു തള്ളരുത്. പഴയ ബലേനോ വേറെ, പുതിയതുവേറെ. പണ്ടുണ്ടായിരുന്നത്സെഡാൻ ബലേനോയെങ്കിൽഇപ്പോഴുള്ളത് സൂപ്പർ പ്രീമിയംഹാച്ച്ബാക്ക്. ഹാച്ച് ബാക്കെന്നാൽ വെറുമൊരു കൊച്ചു കാറല്ല. രൂപത്തിലും സൗകര്യങ്ങളിലും വേണമെങ്കിൽ മെഴ്സെഡിസ് എ ക്ലാസിനോടു പോലും ഒരു കൈ നോക്കാൻ കെൽപുള്ള കാർ. മാരുതി ഇന്നിറക്കുന്നതിൽ ഏറ്റവും പ്രീമിയം ഹാച്ച്ബാക്ക്.

maruti-baleno-side-view

∙ ഇന്ത്യയിൽ നിന്നൊരു ലോക കാർ: ഇന്ത്യക്കാരൻറെ അഭിമാനമാണ് ബലേനോ. ഫ്രാങ്ക്ഫുർട്ട് ഓട്ടൊഷോയിൽ ആദ്യം പ്രദർശിപ്പിച്ച ബലേനോ വിപണിയിലിറങ്ങുന്നത് ഇന്ത്യയിലാണ്. ഈ മാസംഅവസാനത്തോടെ ഷോറൂമുകളിലെത്തും. ജപ്പാനിലും യൂറോപ്പിലും വികസിപ്പിച്ച് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കാർ. 100 വിദേശരാജ്യങ്ങളിലേക്ക് ബലേനോ കയറ്റി അയയ്ക്കും.

∙ ബലേനോ: മിന്നൽപ്പിണർ എന്നർത്ഥം വരുന്ന ബലേനോ സുസുക്കിയുടെ ഏറ്റവും പുതിയ കാറാണ്. കാഴ്ചയിലും സൗകര്യങ്ങളിലും മാത്രമല്ല ഉള്ളിലേക്കിറങ്ങിയാൽ ഒരോ നട്ടും ബോൾട്ടും വരെ പുതുതാണ്. സുസുക്കിയുടെ ഏറ്റവും പുതിയ പ്ലാറ്റ്ഫോമിൽ നിർമിച്ച സ്റ്റൈലൻ കാർ. 100 കിലോയോളം തൂക്കക്കുറവുള്ള പുതിയ പ്ലാറ്റ്ഫോമിന് 10 ശതമാനം കാഠിന്യമേറും.

∙ മാരുതിയുടെ പ്രതീക്ഷ: എസ് ക്രോസിനു ശേഷം നെക്സ ഷോറുമിലെത്തുന്ന രണ്ടാമതു മോഡലാണു ബലേനോ. എസ് ക്രോസിന് വിൽപനയിൽ കുതിപ്പുകൾ ഉണ്ടാക്കാനായില്ലെങ്കിൽ ആ കേട് ബലേനോ പരിഹരിക്കുമെന്ന് ആദ്യ ഡ്രൈവിൽത്തന്നെ വ്യക്തമായി. ഹോണ്ട ജാസിനും ഹ്യുണ്ടേയ് ഐ 20ക്കും കടുത്ത ഭീഷണിയാകുന്ന കാർ.

baleno-rear-view

∙ പുതുമകൾ: ആദ്യമായാണ് ഒരു മാരുതിയിൽ ഓട്ടമാറ്റിക് സി വി ടി ഗീയർ ബോക്സ്. ബി എം ഡബ്ല്യുവിലും മറ്റും മാത്രം കാണാറുള്ള ആപ്പിൾ കാർ പ്ലേ, സൺഫിലിം ഒട്ടിക്കാൻ നിയമം അനുവദിക്കാത്ത നാട്ടിൽ പ്രതിവിധിയായി 85 ശതമാനം യു വി സംരക്ഷണം നൽകുന്ന യു വി കട്ട് ഗ്ലാസു‌കൾ, എൽ ഇ ഡി മൾട്ടിഫങ്ഷൻ സ്പീഡോമീറ്റർ, ഡേടൈം റണ്ണിങ് ലാംപുകളും ഫോളോ മീ ഹോം സൗകര്യവുമുള്ള പ്രൊജക്ടർ ഹെഡ്ലാംപുകൾ എന്നിവ ഈ വിഭാഗത്തിൽ പുതുമകളത്രെ. എ ബി എസ്, രണ്ട് എയർ ബാഗ്, ഇ ബി ഡി തുടങ്ങിയ സുരക്ഷാ ഏർപ്പാടുകൾ ബേസിക് മോഡൽ മുതൽ കിട്ടും.

∙ രൂപഭംഗി: ലിക്യുഡ് ഫ്ളോ എന്നതാണ് രൂപകൽപനയുടെ കാതൽ. എന്നു വച്ചാൽ തെല്ലു കട്ടിയുള്ള ദ്രാവകം ഒഴുകിയിറങ്ങുന്നതു പോലെയുള്ള രൂപം. സ്മൂത്വളവുകളും തിരിവുകളും. കരുത്തിനെക്കാൾ സൗന്ദര്യമാണ്ബലേനോ. വശങ്ങളിൽ നിന്നും പിന്നിൽ നിന്നുമുള്ള കാഴ്ച അതിസുന്ദരം. വോൾവോയോ ബീമറോ മെർക്കോ അടുത്തു കിടന്നാലും ആദ്യ നോട്ടം ബലേനോയ്ക്കേ കിട്ടൂ.

baleno-interior

∙ ഉൾക്കരുത്ത്: ഉള്ളിൽ ഇതേ സൗന്ദര്യവും ആഡ്യത്തവും നില നിർത്തുന്നു. കറുപ്പ് ഫിനിഷ്പ്രീമിയം ഭംഗിയേകും. ഒപ്പം കരുത്തും തോന്നിപ്പിക്കുന്നു. മനോഹരമായ ഡാഷ്ബോർഡിലെ ഹൈലൈറ്റ് ഏഴ് ഇഞ്ച് ടച്ച് സ്കീൻ ഡിസ്പ്ലേ തന്നെ. നാവിഗേറ്ററടക്കം എല്ലാം ഈ സ്കീന്രിലൊതുങ്ങുന്നു. ഓട്ടമാറ്റിക് എ സി നിയന്ത്രണങ്ങളും ഡയലുകളും കളർ ടി എഫ് ടി സ്ക്രീനുള്ള സ്പീഡോമീറ്റർ ഡിസ്പ്ലേകളും രസകരം. ടോർക്കും ശക്തിയും വരെ ഡ്രൈവർക്കു കാട്ടിക്കൊടുക്കുന്നുണ്ട് ഈ സംവിധാനം. വേറൊരിടത്തും ഇതു കണ്ടിട്ടില്ല. പുഷ്സ്റ്റാർട്ട്, റിവേഴ്സ് ക്യാമറ, സ്റ്റീയറിങ് ഓഡിയോ എന്നിങ്ങനെ പൊടിപ്പുകളും തൊങ്ങലുകളും.

baleno-dash-board

∙ ടെസ്റ്റ് ഡ്രൈവ്: രണ്ട് എൻജിനുകളിൽ ഡ്രൈവിങ് സുഖകരം 1.3 മൾട്ടി ജെറ്റ് മോഡലിൽ. ഫിയറ്റ് എൻജിൻ സ്മൂത്തായും മിടുക്കനായും പ്രവർത്തിക്കുന്നു. ആയാസ രഹിതമായ ഗീയർ ഷിഫ്റ്റ്. അനായാസം ലഭിക്കുന്ന ശക്തി. അഞ്ചു സ്പീഡ് ഗീയർബോക്സ് വേണമെങ്കിൽ ആറു സ്പീഡാക്കാമായിരുന്നെന്ന് ഇടയ്ക്കൊന്നു തോന്നി. 27.39 കിലോമീറ്ററാണ് ഇന്ധനക്ഷമത.

baleno-front

∙ പെട്രോൾ ഓട്ടമാറ്റിക്: 1.2ലീറ്റർ എൻജിന് ആവശ്യത്തിനു കരുത്തുണ്ട്. ഡീസലിനെക്കാൾ കരുത്തൻ. ലോ എൻഡ് ടോർക്കാണ് ഈ എൻജിനെ മികച്ചതാക്കുന്നത്. ഗീയർ അധികം മാറാതെ ഡ്രൈവിങ്ങാവാം. ഇനിഅതും പറ്റില്ലെന്നു കരുതുന്നവർക്കായി സി വി ടി. നല്ല സുഖം. ഡ്രൈവ് മോഡലിലിട്ടിട്ട് വെറുതെ റിലാക്സ്ഡ് ഡ്രൈവിങ്. മൈലേജ് 21.4.

∙ യാത്രാസുഖം രണ്ടു മോഡലുകളിലും പ്രത്യേകം പ്രസ്താവ്യം.പിൻ സീറ്റിലെ സുഖμരമായഇരിപ്പ്, ആവശ്യത്തിനു ലെഗ്റൂം, സ്റ്റോറേജ്, വലിയൊരുഡിക്കി. ബലേനോ കൊള്ളാം. കൊതിപ്പിക്കുന്ന സൗന്ദര്യം പ്രായോഗിക ബുദ്ധിയുമായി ചേരുന്ന അപൂർവ സംഗമം.

baleno-drive-report

∙ വില: പ്രഖ്യാപനമായിട്ടില്ല. അഞ്ചു ലക്ഷത്തിനു തെല്ലു മുകളിൽ ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം. മോഡൽ നാമങ്ങൾ ശ്രദ്ധേയം. സിഗ്മ, ഡെൽറ്റ, സീറ്റ,ആൽഫ. വി എക്സും എൽഎക്സുമൊക്കെ പഴഞ്ചനാകുന്നു.