Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുണാചലിനെ തൊട്ടറിയാൻ...

Picture post-card view of Mechuka

അടുത്ത യാത്ര അരുണചലിന്റെ കിഴക്കു പ്രദേശത്തേക്ക് ആകാം എന്ന് തീരുമാനിച്ചത് ഒരു പ്രധാന കാരണം കൊണ്ടാണ്. പൂർവ അരുണാചൽ അധികം സഞ്ചാരികൾ എത്താത്ത, തീരെ അവികസിതമായ ഒരു പ്രദേശം ആയതു കൊണ്ട് അവിടം അരുണചലിന്റെ ഒരു യഥാർത്ഥ ചിത്രം നല്കും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ഞങ്ങൾ എന്നു പറഞ്ഞാൽ 1982നും 1988നും ഇടയ്ക്ക് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നു ബിരുദമെടുത്ത ഏഴു പേർ. മിക്കവരും ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. വ്യതസ്തവും അല്പസ്വല്പം സാഹസികവുമായ യാത്രകൾ വർഷത്തിൽ ഒരിക്കലെങ്കിലും ചെയ്യാൻ ശ്രദ്ധിക്കുന്നവർ.

ദിബ്രുഗറിൽ വിമാനമിറങ്ങി നേരെ രണ്ടു കാറുകളിലായി അരുണാചലിലേക്കു തിരിച്ചു. വിസ്താരമേറിയ ബ്രഹ്മപുത്രയുടെ ബോഗിബീൽ കടത്തു കടന്ന് അരുണാചൽ അതിർത്തിയിലെ ലികാബാലിയിൽ ആദ്യ ദിവസത്തെ ക്യാമ്പ്‌.

A Village in tune with nature

പിറ്റേന്ന് വെളുപ്പിന് നാലു മണിയോടെ തന്നെ 325 കിലോമീറ്റർ ദൂരെയുള്ള മെച്ചൂക്കയിലേക്ക് യാത്ര ആരംഭിച്ചു. അരുണാചലുകാർ പൊതുവെ പുറത്തു നിന്നു വരുന്നവരോട് സൗഹൃദം കാണിക്കാത്തവരും സ്വല്പം അക്രമാസക്തരുമാണ് എന്നാണ് യാത്രയ്ക്ക് മുൻപ് ഞങ്ങൾക്ക് കിട്ടിയ മുന്നറിയിപ്പ്‌. എന്നാൽ അരുണാചൽ ചെക്ക്പോസ്റ്റിൽ ഞങ്ങളുടെ ഇന്നെർ ലൈൻ പെർമിറ്റ്‌ (അരുണാചലിനു പുറത്തു നിന്നുള്ളവർ അവിടം സന്ദർശിക്കാൻ ഈ പെർമിറ്റ്‌ എടുക്കേണ്ടതാണ്) പരിശോധിച്ച ഉദ്യോഗസ്ഥൻ ഞങ്ങളുടെ ഈ ധാരണ ആദ്യമേ സ്വല്പം മാറ്റി. അദ്ദേഹം താല്പര്യപൂർവ്വം ഞങ്ങളുടെ വിശേഷങ്ങൾ അന്വേഷിച്ചറിയുകയും, എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു. പിന്നീടങ്ങോട്ടുള്ള പത്തു ദിവസങ്ങളിൽ അരുണാചലുകാരുമായുള്ള എല്ലാ ഇടപെടലുകളും ഞങ്ങളുടെ ഈ മുൻധാരണ തിരുത്തുന്നത് തന്നെ ആയിരുന്നു.

അരുണാചൽ അതിർത്തി കടന്നാലുടൻ തന്നെ മലകളും കൊടുംവനങ്ങളും തുടങ്ങുകയായി. ഈ പ്രദേശത്തെ വീടുകളെല്ലാം തന്നെ മരക്കാലിൽ കെട്ടി ഉയർത്തി മരവും മുളയും കൊണ്ട് മറച്ച ചെറു ഭവനങ്ങളാണ്. പരിസ്ഥിതിക്ക് ഒരു പോറലും എൽപ്പിക്കാതെ, പ്രകൃതിയോട് പൂർണമായി ഇണങ്ങിചേർന്നിരിക്കുന്ന ഈ വീടുകൾ കാണാൻ നല്ല ചന്തമുണ്ട്. അതുപോലെ ഈ വഴിയിലെ അപൂർവം ചില ഗ്രാമച്ചന്തകളിൽ സാധനങ്ങൾ മുഴുവൻ പൊതിഞ്ഞിരിക്കുന്നത്‌ ഇലകൾ കൊണ്ടാണെന്ന് കണ്ടു. എന്നാൽ പട്ടണങ്ങളിലെ സ്ഥിതി ഇതല്ലെന്ന് പിന്നീട്‌ മനസ്സിലായി; പ്ലാസ്റ്റിക്കിന്റെ കടന്നുകയറ്റം അവിടെ വ്യക്തമായി കാണാം.

മെച്ചൂക്കയിലേക്കുള്ള ഞങ്ങളുടെ യാത്ര കഠിനമായിരുന്നെങ്കിലും വഴിയോരക്കാഴ്ചകൾ അതീവ നയനാനന്ദകരം ആയിരുന്നു. മലകളിലൂടെ വളഞ്ഞു പുളഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ പാതയിൽ ഞങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ 20 കിലോമീറ്റർ മാത്രം! തീരെ വീതികുറഞ്ഞ (പല ഭാഗങ്ങളിലും എതിരേ ഒരു വാഹനം വന്നാൽ ഒരെണ്ണം പുറകോട്ട് എടുക്കേണ്ടി വരും) വഴിയുടെ ഗതി പലപ്പോഴും ആയിരത്തിൽപ്പരം അടി താഴ്ചയുള്ള അഗാധമായ കൊക്കകളെ തൊട്ടുരുമ്മിയാണ്. പലയിടങ്ങളിലും മലയിടിഞ്ഞ്‌ ഉള്ള വഴിയുടെ വീതി പിന്നെയും കുറഞ്ഞിരിക്കുന്നു. അതേസമയം വളരെ ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടങ്ങളും, കളകളാരവത്തോടെ റോഡിനെ മുറിച്ചു കടന്നു പോകുന്ന അനേകം അരുവികളും വളരെ ഹൃദ്യമായ കാഴ്ചകൾ തന്നെ. പതിനാറിൽ പരം മണിക്കൂറുകൾ എടുത്ത് രാത്രി എട്ടു മണിക്കു ശേഷമാണ് ഞങ്ങൾ മെച്ചൂക്കയിൽ എത്തുന്നത്‌!

Condition of a highway

പിറ്റേന്ന് വെളുപ്പിന് അഞ്ചര മണിക്ക് (ഇവിടങ്ങളിൽ രാവിലെ നാലര മണിയോടെ സൂര്യഭഗവാൻ പ്രത്യക്ഷപ്പെടും!) നടക്കാനിറങ്ങിയ എനിക്ക് മുൻപിൽ അതീവ സുന്ദരമായ ഒരു പ്രക്രുതിദൃശ്യമാണ് തുറക്കപ്പെട്ടത്‌. മെച്ചൂക്ക മൂന്ന് വശവും മലകളാൽ ചുറ്റപ്പെട്ട ഒരു വലിയ താഴ്വര ആണ്. മലകളുടെ ഉച്ചിയിൽ മഞ്ഞിന്റെ നേരിയ പാളികളുടെ തിളക്കം. തൂവെള്ള മേഘങ്ങൾ മലമടക്കുകളിൽ തത്തിക്കളിക്കുന്നു. ഗ്രാമത്തിന്റെ നടുവിലൂടെ തെളിജലം നിറഞ്ഞ ഒരു അരുവി മന്ദമായി ഒഴുകുന്നുണ്ട്. മുഴുവനായി തടി കൊണ്ട് തീർത്ത ചെറിയ ചെറിയ വീടുകൾ അവിടവിടെയായി നിൽക്കുന്നു. മൊത്തത്തിൽ ആൽപ്സിന്റെ ഏതോ ഒരു താഴ്വാരത്തിൽ എത്തിയ പ്രതീതി...

എന്നാൽ പ്രക്രുതിരമണീയതയെക്കാൾ എനിക്ക് മെച്ചൂക്കയിൽ ഇഷ്ടപ്പെട്ടത് തദ്ദേശീയരുടെ ഊഷ്മളതയും സൌഹൃദവും നിറഞ്ഞ പെരുമാറ്റവും ആതിഥ്യമര്യാദയുമാണ്. രാത്രിയിൽ പാർപ്പിടം കണ്ടെത്താൻ വലഞ്ഞ ഞങ്ങളെ രണ്ടു നാട്ടുകാർ ഞങ്ങളുടെ കാറിൽ കയറി വന്നു സഹായിച്ചു. മുൻകൂട്ടി അറിയിക്കാതെ രാത്രി വൈകി എത്തിയ അതിഥികളായ ഞങ്ങൾക്ക് ആതിഥേയൻ നോർബുവും കുടുംബവും കഷ്ടപ്പെട്ട് (പാകം ചെയ്യാനുള്ള സാധനങ്ങൾ സംഘടിപ്പിക്കാൻ നോർബുവിനു രാത്രിയിൽ ഒരു കട തുറപ്പിക്കേണ്ടി വന്നു..!) അത്താഴം ഉണ്ടാക്കിത്തന്നു. വഴിയിൽ വെച്ച് തദ്ദേശവാസികൾ നമ്മളെ അഭിവാദ്യം ചെയ്യുന്നതും കുശലം അന്വേഷിക്കുന്നതും സാധാരണം.

അരുണാചൽ വിവിധ ഗോത്രവർഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഏതാണ്ട് 25 പ്രധാന ഗോത്രങ്ങളും 150 ഓളം ഉപഗോത്രങ്ങളുമായി ഇവിടത്തെ ജനതതി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഗോത്രത്തിനും അതിന്റേതായ ഭാഷയും സംസ്കാരപാരമ്പര്യവും ഉണ്ട്. ഒരോ ഗോത്രത്തിനും വളരെ ആഘോഷപൂർവ്വം കൊണ്ടാടുന്ന അവരവരുടേതായ ഉത്സവങ്ങളും ഉണ്ട്.

അരുണാചലിലെ മിക്ക ഗോത്രങ്ങളുടെയും മതം അനിമിസം (സർവജീവത്വവാദം) ആണ്. ഈ പ്രകൃതിയിലെ സർവ ചരാചരങ്ങളിലും ഓരോ ആത്മാവ് കുടികൊള്ളുന്നുണ്ട് എന്നതാണ് അനിമിസത്തിന്റെ കാതലായ വിശ്വാസസംഹിത. അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ ജീവിത-ആരാധനാരീതികൾ പ്രകൃതിയുമായി വളരെ ചേർന്നിരിക്കുന്നു. അനിമിസം പിന്തുടരുന്ന മിക്ക ഗോത്രങ്ങളും സൂര്യചന്ദ്രന്മാരെ ദൈവമായി ആരാധിക്കുന്നു. ചുരുക്കം ചില ഗോത്രങ്ങൾ ബുദ്ധമതം സ്വീകരിച്ചവയാണ്. ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന കുറേ പേർ ചില ഗോത്രങ്ങളിലുണ്ട്.

മെച്ചൂക്കയിലെ പ്രധാനഗോത്രമായ മെംബാ ജനങ്ങൾ മഹായാന ബുദ്ധമതം പിന്തുടരുന്നവരാണു. അനിമിസത്തിന്റെ ചില അംശങ്ങൾ അവരുടെ ആചാരങ്ങളിൽ ഉണ്ടെന്നു പറയപ്പെടുന്നു. മെച്ചൂക്കയിൽ വെച്ച് മെംബ ഗോത്രക്കാരുടെ ചെറിയ ഒരു ആഘോഷത്തിൽ പങ്കെടുക്കാനും അവരുടെ ഹൃദ്യമായ ആതിഥ്യം സ്വീകരിക്കാനും ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. മെംബ ഗോത്രത്തിന്റെ പ്രധാനപ്പെട്ട ഉത്സവമായ ലോസാർ ഫെബ്രുവരിയിൽ ആണ് ആഘോഷിക്കപ്പെടുന്നത്.

മെച്ചൂക്കയിൽ നിന്ന് ഞങ്ങൾ പോയത് ഗാലോ ഗോത്രത്തിന്റെ കേന്ദ്രമായ ആലോ പട്ടണത്തിലേക്കാണ്. പല ഗോത്രങ്ങൾ ഉൾപെട്ട ആദി ഗോത്രവിഭാഗത്തിലെ ഏറ്റവും വലിയ ഉപഗോത്രമാണ് ഗാലോ. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ മോപ്പിൻ ആലോയിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട് എന്നറിഞ്ഞാണ് ഞങ്ങളുടെ യാത്ര. അരുണാചൽ ഗോത്രങ്ങളുടെ പ്രധാന ഉത്സവങ്ങൾ വർഷത്തിലെ രണ്ടു കാലഘട്ടങ്ങളിലാണ് നടക്കുന്നത് - കൃഷിക്കാലം ആരംഭിക്കുന്നതിനു മുൻപും അതിനു ശേഷവും.

ഭൂരിഭാഗം ഉത്സവങ്ങളും ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെ (കൃഷിയ്ക്ക് മുൻപ്) നടക്കുമ്പോൾ ചുരുക്കം ചിലത് സെപ്റ്റംബർ മുതൽ നവംബർ വരെ ആഘോഷിക്കപ്പെടുന്നു. മോപ്പിൻ ഉത്സവം സാധാരണയായി ഏപ്രിൽ അഞ്ചിന് ആണ് നടത്തപ്പെടുന്നത്. ഗാലോ ഗോത്രക്കാർ ആനിമിസം പിന്തുടരുന്നവരാണ്. ഡോണി പോളോ (അർത്ഥം: സൂര്യൻ-ചന്ദ്രൻ) ആണ് അവരുടെ പ്രധാന ദൈവം. കൃഷി ആരംഭിക്കുന്നതിനു മുമ്പ് അതിനു വരാവുന്ന തടസ്സങ്ങൾക്ക് കാരണമായ ദുഷ്ടാത്മാക്കളെ അകറ്റി നിർത്താനായി ഡോണി പോളോയുടെ അനുഗ്രഹങ്ങൾ നേടുവാനായാണ് മോപ്പിൻ ഉൽസവം കൊണ്ടാടുന്നത്.

മോപ്പിൻ കാലത്ത് ഗാലോ ഗോത്രക്കാർ വെള്ള നിറത്തിൽ പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കും. മോപ്പിൻ ദിവസം കുഴച്ച അരിപ്പൊടി കൊണ്ട് കവിളുകളിൽ അടയാളം തീർക്കുക വേറൊരു അനുഷ്ഠാനം ആണ്. മോപ്പിനു വേണ്ടി ഉപയോഗിക്കുന്ന തോരണങ്ങൾ ബുദ്ധിമുട്ടി മുളയിൽനിന്നു നിർമിച്ച് എടുക്കുന്നതാണ്. 'പോപിർ' എന്ന് പേരുള്ള ഗാലോക്കാരുടെ മനോഹരമായ നൃത്തരൂപം മോപ്പിൻ ദിവസത്തിൽ നിർബന്ധമാണ്‌. കൂടുതൽ പേർ ചേർന്ന് നൃത്തം ചെയ്യുന്ന പോപിർ അലസവും ചാരുതയാർന്നതുമായ ചലനങ്ങൾ കൊണ്ട് അതീവ ഹൃദയഹാരി ആവുന്നു.

Lush forests of Arunachal

പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചു ചെയ്യുന്ന സുന്ദരമായ സംഘനൃത്തങ്ങളും പോപ്പിറിന്റെ ഭാഗമായി ഉണ്ട്. ഗാലോ ഗോത്രക്കാരുടെ ഐശ്വര്യ മൃഗമായ മിഥുനിനെ (കന്നുകാലി വർഗത്തിൽ പെട്ട ഒരു വലിയ മൃഗം) ബലിയർപ്പിച്ചു കൊണ്ടാണ് മോപ്പിൻ ഉത്സവം അവസാനിപ്പിക്കുന്നത്. പരമ്പരാഗതമായി അരുണാചൽ ഗ്രാമങ്ങൾ തികച്ചും സ്വയംപര്യാപ്തങ്ങളായിരുന്നു.

പ്രകൃതിയിൽ നിന്ന് ജീവസന്ധാരണതിനു വേണ്ടി മാത്രം വിഭവങ്ങൾ സമാഹരിക്കുന്നവരായിരുന്നു അവർ. ഓരോ ഗ്രാമത്തിലെയും മുഴുവൻ സ്ഥലങ്ങളും ഗ്രാമത്തിന്റെ പൊതുവായ ഉടമസ്ഥതയിൽ ആയിരിക്കുക എന്നതായിരുന്നു മിക്ക ഗോത്രങ്ങളുടെയും പാരമ്പര്യം. അതുപോലെ തന്നെ ഗ്രാമസഭകൾ ആയിരുന്നു (ഒരു പരിധി വരെ ഇപ്പോഴും) അതതു ഗ്രാമത്തിലെ ക്രമസമാധാനപാലനം തികച്ചും ജനാധിപത്യ രീതിയിൽ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. അരുണാചൽ ഗോത്രവർഗക്കാർ തങ്ങളുടെ ജീവിതത്തിൽ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഇപ്പോഴും വലിയ പ്രാധാന്യം കൽപിച്ചു പോരുന്നു.

എന്നാൽ ആധുനികതയുടെ കടന്നുകയറ്റം ലോകത്തിൽ എല്ലയിടത്തുമെന്നതുപോലെ അരുണാചലിലും മാറ്റങ്ങൾ വരുത്തികൊണ്ടിരുക്കുന്നു. ഭൂമിയുടെ സ്വകാര്യ ഉടമസ്ഥതാവകാശം എന്ന സങ്കൽപം പട്ടണങ്ങളിൽ എങ്കിലും വ്യാപകമായിരിക്കുന്നു. ഭൂമിയിൽ നിന്ന് സ്വന്തം ആവശ്യത്തിനു മാത്രം വിഭവങ്ങൾ ശേഖരിക്കുക എന്ന രീതി മാറി ഭൂമി ധനസമ്പാദനത്തിനുള്ള ഒരു മാർഗ്ഗമായി കാണാൻ തുടങ്ങിയിരിക്കുന്നു. ആധുനികവൽക്കരണത്തിന്റെ ഭാഗമായ പട്ടണങ്ങളിലേക്കുള്ള ആൾക്കാരുടെ പ്രയാണം ചെറിയ തോതിലെങ്കിലും ആരംഭിച്ചിട്ടുണ്ട്.

അരുണാചലുകാരുടെ പരമ്പരാഗത പരിസ്ഥിതി സൌഹൃദ ജീവിതശൈലിക്ക് വിരുദ്ധമായ ചില പ്രവണതകൾ കാണാൻ ഇടയായത് ദുഃഖ കരമായി. വിദൂരമായ മെച്ചൂക്കയിൽ പോലും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കണ്ടു. ഉത്സവത്തിന്റെ കാഴ്ചദ്രവ്യങ്ങൾ എല്ലാം തന്നെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വാണിജ്യ ഭക്ഷണസാധനങ്ങൾ ആയിരുന്നു. പോരാതെ പ്ലാസ്റ്റിക്‌ കുപ്പികളും മറ്റും അലക്ഷ്യമായി നദിയിലേക്ക് എറിയുന്നതും കാണേണ്ടി വന്നു. കൂടാതെ നദികളിൽ നിന്ന് അനിയന്ത്രിതമായ വിധത്തിൽ (റോഡ്‌/കെട്ടിട നിർമാണതിനായി) പാറക്കല്ലുകൾ ശേഖരിക്കുന്നതായും കണ്ടു. ഇത് നദികളുടെ പരിതോവസ്ഥയെ തകർച്ചയിലാക്കും എന്ന് ഭയപ്പെടണം.

അരുണാചലിനു പൊതുവായി ഉള്ള അഗമ്യത ആണ് ഇത്രയേറെ വ്യതസ്ത സംസ്കാരങ്ങൾ ഈ ഭൂപ്രദേശത്ത് തഴച്ചു വളരാനും, ഒരോ ഗോത്രതിന്റെയും ആചാര അനുഷ്ഠാനങ്ങൾ തനതായ രീതിയിൽ നിൽനിൽക്കാനുമുള്ള ഒരു പ്രധാന കാരണം. ഞങ്ങളുടെ യാത്രക്കിടയിൽ ചില സ്ഥലങ്ങളിൽ അരുണാചലിലെ പ്രധാനപ്പെട്ട പട്ടണങ്ങളെ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ട്രാൻസ് അരുണാചൽ ഹൈവേയുടെ പണി നടക്കുന്നത് കണ്ടു. മോദി സർക്കാർ മക്മഹോൻ രേഖയോടു ചേർന്ന് മറ്റൊരു ഹൈവേ പദ്ധതി ഈയിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു രണ്ടും നിലവിൽ വന്നാൽ അരുണാചലിന്റെ ‘ആധുനികത’യിലേക്കുള്ള കുതിച്ചു കയറ്റവും അതോടൊപ്പം സാംസ്കാരിക പൈതൃകത്തിന്റെ ക്ഷയവും വളരെ പെട്ടെന്നാവും എന്നതിൽ സംശയം വേണ്ട.

ഈ കാലഘട്ടത്തിൽ ഇത്രയധികം വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യം ഉള്ളതും, കച്ചവട സംസ്കാരത്തിന്റെ കടന്നാക്രമണം തുലോം തുച്ഛവുമായ വേറൊരു പ്രദേശം ഇന്ത്യയിൽ കാണില്ല എന്ന തിരിച്ചറിവാണ് ഈ യാത്രയുടെ പ്രധാന ബാക്കിപത്രം. പൊതുവെ തിടുക്കത്തിലുള്ള ഒരു ഓട്ടപ്രദക്ഷിണമായിരുന്നു എങ്കിലും ഈ സുന്ദരമായ സംസ്ഥാനത്തിന്റെ കാതലായ ചില അംശങ്ങൾ തൊട്ടറിയാൻ ഞങ്ങൾക്ക് സാധിച്ചു എന്ന് തോന്നുന്നു. അരുണാചലിന്റെ സാംസ്കാരികത്തനിമയ്ക്ക് സാരമായ ശോഷണം സംഭവിക്കുന്നതിനു മുൻപ് അങ്ങോട്ടേയ്ക്ക് ഒന്നു രണ്ടു യാത്രകൾ കൂടി നടത്തണം എന്ന ആഗ്രഹം ബാക്കി നിൽക്കുന്നു. ഈ യാത്രക്കിടയിൽ കിട്ടിയ ചില സുഹൃത്തുക്കൾ അതിനുള്ള ചില ദിശാസൂചികകൾ തന്നിട്ടുമുണ്ട്....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.