Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ, മല, കാർമേലിയ...!

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
carmelia കൈലാസപ്പാറ എസ്റ്റേറ്റിനുള്ളിലെ ദൃശ്യം

മഴയിൽ പ്രഭാതത്തിലെ കൊടുംതണുപ്പും കോടമഞ്ഞും തെല്ലൊന്നലിഞ്ഞു. കോട്ടേജിൽ നിന്നിറങ്ങി വലിയ കുടയുടെ ആഡംബരത്തിൽ മഴയുടെ ചെറിയ കണികകളെയും പുറത്താക്കിക്കൊണ്ട് മന്നാക്കുടി ലക്ഷ്യമാക്കി നടന്നു.

മന്നാക്കുടിയുടെ മുറ്റത്ത് അയ്യപ്പന്റെ പേരറിയാത്ത വാദ്യത്തിൽനിന്നുയരുന്ന നനുത്ത സംഗീതം. രണ്ടു ദശകമായി മന്നാക്കുടിയെന്ന കോഫിഷോപ്പിനെയും കളിക്കളമെന്ന റിസപ്ഷനെയും ധന്യമാക്കുന്നത് അയ്യപ്പന്റെ സംഗീതമാണ്.

കൃതാവിൽ മുട്ടുന്ന മുട്ടൻ കപ്പട മീശയിൽ നര കയറും മുൻപ് വണ്ടൻമേട് കാർമേലിയ എസ്റ്റേറ്റിൽ ജോലിതേടിയെത്തിയതാണ് അയ്യപ്പൻ. കടും ചുവപ്പും മഞ്ഞയും വെള്ളയും നീലയുമെക്കെ ഇടകലർന്ന വേഷവിധാനം പോലെതന്നെ വൈവിധ്യമാർന്ന സംഗീതം നാഗസ്വരത്തെ അനുസ്മരിപ്പിക്കുന്ന വാദ്യത്തിൽനിന്നുയരുന്നത്. അയ്യപ്പന്റെ വണക്കമയ്യാ ഏറ്റുവാങ്ങി റസ്റ്ററന്റിലെത്തിയപ്പോൾ മേശയിൽ തനി നാടൻ വിഭവങ്ങൾ. പിടിയും കൊഴുക്കട്ടയും ഇടിയപ്പവും ചിക്കനും ഒക്കെ നിറയുന്ന സമൃദ്ധമായ പ്രാതൽ.

carmelia കാർമേലിയ ഹെവൻ

ചെറിയൊരു ഏലക്കാട്ടിനിടയിൽ പ്രകൃതിയിൽ നിന്നു തെല്ലും വേറിടാത്ത സൗന്ദര്യമാണ് കാർമേലിയ റിസോർട്ട്. എസ്റ്റേറ്റിനുള്ളിലെ സുഖവാസകേന്ദ്രം. കോട്ടേജുകളും ഗുഹയിലൊരുക്കിയ ഹണിമൂൺ സ്വീറ്റും ആദിവാസി കുടികളെ അനുസ്മരിപ്പിക്കുന്ന വന്യഭംഗിയുള്ള റസ്റ്ററന്റുകളുമൊക്കെയുള്ള വ്യത്യസ്ത ഭൂമിശാസ്ത്രം. അവിടെ മാത്രം അനുഭവിക്കാനാകുന്ന ഒരു അപൂർവ ജീപ്പ് യാത്ര.

കറിയാപ്പി എന്നറിയപ്പെടുന്ന സ്കറിയയാണ് ടീം ലീഡർ,. ചെറുപ്പക്കാരൻ. കാർമേലിയ റിസോർട്ടിന്റെ ഉടമ. കൂട്ടിന് ജീപ്പ് നമ്പർ രണ്ടിൽ ബന്ധു ബാബു. പിന്നെ എണ്ണം പറഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും. മോഡിഫൈ ചെയ്ത മൂന്നു വില്ലീസ് ജീപ്പുകളാണ് റാലിയുടെ കേന്ദ്രകഥാപാത്രങ്ങൾ. അകമ്പടിക്കു മഹീന്ദ്രയുടെ സാധാ നാട്ടുജീപ്പുകളുമുണ്ട്. തൂവെള്ള നിറത്തിൽ ഇരട്ട പെറ്റതുപോലെയുണ്ട് രണ്ടു ജീപ്പുകൾ. മൂന്നാമൻ കാറുകളുടേതു പോലെ മെറ്റാലിക് ഫിനിഷിൽ തിളങ്ങുന്ന ബോഡിയുള്ളത്. ജീപ്പിൽ നിന്നിറങ്ങിയാൽപ്പിന്നെ ലാൻഡ്റോവറിൽ മാത്രം കയറുന്ന മേജോയുടേതാണാ ജീപ്പ്.

ജീപ്പുകളെല്ലാം ബാബുവിന്റെ സൃഷ്ടികൾ. വെള്ളനിറമുള്ള ഷോർട്ട് ഷാസി ലോ ബോണറ്റ് ഇരട്ട ജീപ്പുകൾ കറിയാപ്പിയുടെയും ബാബുവിന്റേതുമാണ്. 1969,70 മോഡൽ വില്ലീസുകൾ. ട്രാൻസ്ഫർ കെയ്സടക്കം എല്ലാം ഒറിജിനൽ. എന്നാൽ ലോ ബോണറ്റ് ആക്കിയാൽ മോഡിഫിക്കേഷനാണ്. ഡിഎെ എൻജിൻ. മേജോയുടെ 71 മോഡൽ ജീപ്പിനു നിറത്തിൽ മാത്രമല്ല, വേറെയുമുണ്ട് പ്രത്യേകതകൾ. ലോ ബോണറ്റിനടിയിൽ ടർബോ ഡീസൽ എൻജിനാണ്. ചുവന്ന റിക്കാരോ റാലി സീറ്റുകളും ഈ ജീപ്പിനേയുള്ളൂ.

റാലി പുറപ്പെടുകയായി. ചെക്വേർഡ് ഫ്ളാഗും ലാറ്റിനമേരിക്കൻ സുന്ദരികളുടെ നീണ്ടുമെലിഞ്ഞ കാലുകളുടെ പ്രസൻസുമില്ലാത്ത ജീപ്പ് റാലി. പകരം യാത്രാക്കാൻ കാർമേലിയയിലെ സെറ്റുമുണ്ടുടുത്ത സുന്ദരികൾ. വളപ്പു വിട്ടു പൊതുവഴി കടന്ന് വീണ്ടുമെത്തുന്നത് കാർമേലിയ എസ്റ്റേറ്റിലേക്ക്. പ്രവേശനം അന്യവാഹനങ്ങൾക്ക് അന്യം. അതാണ് ഈ റാലിയുടെ പ്രത്യേകതയും.

carmelia അഥിതികൾക്കായി ഓഫ് റോഡ് ജീപ്പ് റൈഡ്

ആമസോൺ മഴക്കാടുകളെ വെല്ലുന്ന പ്രകൃതി. ജീപ്പുകൾ ഇരച്ചുകൊണ്ട് ടാറിടാത്ത എസ്റ്റേറ്റ് റോഡുകൾ കയറിത്തുടങ്ങി. റോഡ് നിറയെ കുഴികൾ. പോരാത്തതിന് മഴയിൽ തെന്നിത്തെറിച്ചു കിടക്കുന്ന മൺറോഡ്. പതിയെ നീങ്ങുന്ന റാലി. കറിയാപ്പി കയ്യിൽക്കരുതിയ മഴക്കോട്ടുകൾ എല്ലാവർക്കും നൽകി. മഴ നനയാതിരിക്കാനാണോയെന്ന ചോദ്യത്തിന് മറുപടി ചിരി. കണ്ടറിഞ്ഞോളൂ എന്ന മുഖഭാവം. റാലി രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഭാഗമായിരുന്നു വേഷപ്പകർച്ച.

ജീപ്പുകൾക്കു വേഗം കൂടി. ഇരുവശത്തും നിൽക്കുന്ന എട്ടടിയിലുമധികം ഉയരമുള്ള പുൽച്ചെടികൾ ശരീരത്തിൽ ഉരസിമാറുന്നു. വിൻഡ് സ്ക്രീനിനു മുന്നിൽ പൂല്ലുകളുടെ തലപ്പല്ലാതെ ഒന്നും കാണാനില്ല. ഇല്ലാത്ത വഴികളിലൂടെ വഴിയുണ്ടാക്കി പോകുന്ന പ്രതീതി. അല്ല യാഥാർഥ്യം. വേഗം കൂടുന്നതിനനുസരിച്ച് ജീപ്പ് ക്രമാതീതമായി ഉലയുന്നു. പുൽറോഡിൽ നിന്നു തെന്നിത്തെറിക്കുന്നു. വല്ലാത്തൊരനുഭവം! ഡിസ്നി ലാൻഡിലെ കപട റോളർ കോസ്റ്റർ റൈഡിനെ പിന്നിലാക്കുന്ന അനുഭൂതി.

സ്ഥലകാലബോധവും സമയബോധവും മറയ്ക്കുന്ന ആ യാത്ര അവസാനിച്ചത് ഒരു പാറപ്പുറത്ത്. വേഗം കുറയുന്നില്ല, വലതു വശത്തെ കോടമഞ്ഞ് തെല്ലൊന്നുമാറിയപ്പോൾ ഉള്ളൊന്നു കാളി. അഗാധ ഗർത്തം. ജീപ്പിന്റെ വീലൊന്നു തെന്നിയാൽ തീർന്നതു തന്നെ. എന്നാൽ അപകടം സംഭവിക്കാൻ സാധ്യത ുറവാണെന്നും തൊട്ടു താഴെയൊരു തിട്ട വരെയേ മറിഞ്ഞാലും വീഴുകയുള്ളെന്ന ഉറപ്പുമായി ബാബു എത്തി. ഇനി ശരിയായ ഓഫ് റോഡിങ്ങാണ്. പുൽതകിടിയും പാറയും വെള്ളക്കെട്ടുകളും പിന്നിട്ട് ജീപ്പ് പോകുന്നത് കുന്നിന്റെ നെറുകയിലേക്ക്.അവിയൊരു കുരിശടിയുണ്ട്.

കണ്ണെത്താവുന്ന ദൂരം ഓടിയെത്താൻ അര മണിക്കൂറെടുക്കും. കുരിശടി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഉള്ളിൽ രൂപവുമില്ല. പണ്ട് ആനയെ വിലക്കാൻ കാരണവന്മാർ വച്ചതാണ്. ആനശല്യം അവസാനിച്ചപ്പോൾ കുരിശടിയെ മറന്നതാകാം. കനത്ത കാറ്റാണ് കുന്നിൻ മുകളിനെ ധന്യമാക്കുന്നത്. ലോകത്തിന്റെ നെറുകയിൽ കയറിയ പ്രതീതി. പിടിച്ചു നിന്നില്ലെങ്കിൽ പറത്തിക്കൊണ്ടു പോകുമെന്നു തോന്നിക്കുന്ന കാറ്റ്. മൂടൽ മഞ്ഞ് വന്നു പോയുമിരിക്കും.

ഇനിയാണ് പ്ലേ ടൈം. ഓരോരുത്തരും ഊഴം വച്ച് ജീപ്പുകളുമായി അഭ്യാസം തുടങ്ങി. ചിലർ പാറക്കെട്ടുകളിൽ ഓടിച്ചു കയറ്റുന്നതിൽ കളി കണ്ടെത്തിയപ്പോൾ ഏറ്റവും നെറുകവരെ ജീപ്പെത്തിക്കാനായിരുന്നു മറ്റു ചിലരുടെ ത്രിൽ. വെള്ളക്കെട്ടിലൂടെ ജീപ്പ് പായിക്കുന്നത് ഏറ്റവും രസകരവും ആർക്കും പരീക്ഷിക്കാവുന്നതുമായ കളിയാണ്. റിസ്ക് കുറവ്, പരിചയവും കുറച്ചു മതി. ജീപ്പും ഡ്രൈവറും ചെളിവെള്ളത്തിൽ കുതിരും. വെള്ളത്തിൽ പായിച്ചു കയറ്റുമ്പോൾ കാഴ്ചയേയില്ല. വീണ്ടും കാഴ്ചയെത്തുമ്പോൾ അടുത്ത വെള്ളക്കെട്ട്. വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കളികളങ്ങനെ മുന്നേറുമ്പോൾ ബാബുവിന്റെയും കറിയാപ്പിയുടെയും ഫൈനൽ വിസിൽ. മതി ഇനി മടക്കം. അല്ലെങ്കിൽ ഇരുട്ടാകും കളി കസറുമ്പോൾ അമ്മ വിളിക്കുന്ന കുട്ടിയുടെ കുറുമ്പോടെ മടക്ക ജീപ്പിൽ കയറി.

Contact Address:

Carmelia Haven Hotels & Resorts

Vandanmedu

Thekkady

Kerala

India 685551

+91 484 6003300, 6003301

+91 94952 19110

reservation@carmeliahaven.com

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.