Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണൽക്കാടുകൾ വിളിക്കുന്നു

desert storm ഫ്ളാഗ് ഓഫ്

മരുഭൂമിയിലേക്കാണു യാത്ര. ന്യൂഡൽഹിയിലെ വസന്ത്കുഞ്ജിൽ നിന്നു പുറപ്പെടും മുൻപു തന്നെ മനസ്സിൽ മരുഭൂമിയുടെ ചിത്രം വരച്ചുകഴിഞ്ഞു. ഇപ്പോൾ മനസ്സിൽ കള്ളിമുൾച്ചെടികളും ഒട്ടകങ്ങളും മാത്രമേയുള്ളൂ. മാരുതി സുസുക്കി ഡെസർട്ട് സ്റ്റോം റാലി ന്യൂഡൽഹി വസന്ത്കുഞ്ജിലെ മാരുതി കോർപറേറ്റ് ഓഫിസിൽ നിന്നു തുടങ്ങി രാജസ്ഥാൻ കടന്ന് ഗുജറാത്തിലെ റാൺ ഓഫ് കച്ച് വഴി അഹമ്മദാബാദിലേക്കാണ്. ഇരമ്പിപ്പായുന്ന റാലി കാറുകൾക്കൊപ്പം മണൽക്കാടുകൾ താണ്ടാൻ മനസ്സ് ഒരുങ്ങിനിന്നു.

വസന്ത്കുഞ്ജിലെ മാരുതി കോർപറേറ്റ് ഓഫിസിനു മുന്നിൽ റാലി കാറുകളുടെ പ്രളയമാണ്. റാലി ഡ്രൈവർമാർക്കും നാവിഗേറ്റർമാർക്കുമുള്ള അറിയിപ്പുകൾ റാലിയുടെ സംഘാടകരായ നോർതേൺ മോട്ടോർസ്പോർട് അധികൃതർ നൽകുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ ദൃശ്യമാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകുന്ന ഡ്രൈവർമാരും ധാരാളം.

റാലിയിലെ താരമാവാൻ സാധ്യതയുള്ള ഡ്രൈവറെ തേടിയായി മാധ്യമപ്പടയുടെ ഓട്ടം. രണ്ടു പേരുകളാണ് ഉയർന്നുവന്നത്. ഒന്ന് രാജ്യാന്തര റാലി താരമായ ഗൗരവ് ഗിൽ. ഇക്കുറി ഗൗരവ് ഗിൽ മഹീന്ദ എക്സ്യുവി 500ൽ ആണു വരവ്. ഈ വണ്ടിയിൽ ഗൗരവ് ഗിൽ ഒരു കലക്കുകലക്കുമെന്ന് ഒരുകൂട്ടം പേർക്കു സംശയമേയില്ല. രണ്ടാമത്തെ താരമാകട്ടെ ദേശീയ റാലി ചാംപ്യൻഷിപ്പുകളിൽ മിക്കപ്പോഴും ചാംപ്യനാവാറുള്ള സുരേഷ് റാണ. വിദേശ റാലികളിൽ റാണ പങ്കെടുത്തിട്ടില്ല. റാണ പങ്കെടുക്കാഞ്ഞിട്ടല്ലേ, പങ്കെടുത്താൽ അത് ഒന്നൊന്നര വരവായിരിക്കുമെന്ന് ആണയിടുന്ന റാണ പക്ഷത്തെ മാധ്യമപ്രവർത്തകർ വേറെ.

പെട്ടെന്ന് സുരേഷ് റാണ മുന്നിൽ. ചക്കപ്പഴത്തിലെ ഈച്ചയെപ്പോലെ റാണയെ മാധ്യമപ്പട വളഞ്ഞു. ഹിമാലയത്തിലൂടെയുള്ള കാർ റാലിയായ റെയ്ഡ് ദ് ഹിമാലയയിൽ 2004, 2005, 2006, 2007, 2008, 2010, 2011 വർഷങ്ങളിൽ ചാംപ്യനാണ് റാണ. 2009ൽ ഈ റാലി പൂർത്തീകരിക്കാനായില്ല. മരുഭൂമിയിലൂടെയുള്ള കാർ റാലിയായ ഡെസർട്ട് സ്റ്റോമിൽ റാണ 2005, 2009 വർഷങ്ങളിൽ വിജയിയായിരുന്നു. ഹിമാലയത്തിലെ റാലിയിൽ തുടരെത്തുടരെ വിജയിക്കുമ്പോൾ മരുഭൂമിയിൽ ആ നേട്ടം കാണുന്നില്ലല്ലോ എന്ന് മാധ്യമങ്ങളുടെ സംശയം. ഇതിന് റാണയ്ക്കു മറുപടിയുണ്ട്— റെയ്ഡ് ദ് ഹിമാലയ എളുപ്പമാണ്. നാവിഗേഷൻ വളരെയെളുപ്പം. മരുഭൂമിയിൽ വഴിയേ കാണുകയില്ല ചിലപ്പോൾ. ഊഹിച്ചു പോകുമ്പോൾ വഴി തെറ്റാം. മരുഭൂമിയാത്രയ്ക്ക് നാവിഗേഷൻ കടുപ്പം. 2007ൽ ഡെസർട്ട് സ്റ്റോം റാലിയിൽ റാണ ആദ്യ ലെഗിൽ 70 മിനിറ്റിന്റെ ലീഡിൽ ഒന്നാമതായി ഫിനിഷ് ചെയ്തതാണ്. പക്ഷേ അടുത്ത ലെഗിൽ എൻജിൻ ചതിച്ചു. റാലി പൂർത്തിയാക്കിയുമില്ല. റാണ ഇത്തവണ മാരുതി ജിപ്സിയിൽ ബെലേനോയുടെ എൻജിൻ ഘടിപ്പിച്ചാണു വന്നിരിക്കുന്നത്. റാണയെ കാണുമ്പോൾ ചില റാലിക്കാർ യെവൻ പുലിയാണെടേ എന്ന മട്ടിൽ ഒരു നോട്ടം നോക്കുന്നു.

ഇത്തവണ ഡെസർട്ട് സ്റ്റോം റാലിയിൽ പങ്കെടുക്കാൻ നാലു ട്രക്കുകളും വന്നിട്ടുണ്ട്. നാലും എഎംഡബ്ലിയു എന്ന കമ്പനിയുടെ ട്രക്കുകളാണ്. കമ്പനിക്ക് ഒരു പരസ്യം ആയിട്ടുകൂടിയാണ് വരവ്. റാലിക്കു വേണ്ടി ട്രക്ക് റീഡിസൈൻ ചെയ്താണു വന്നിരിക്കുന്നതെന്ന് ട്രക്ക് ഡ്രൈവർമാരിലൊരാളായ പവൻ സിങ് പറഞ്ഞു. മഹാരാഷ്ട്രയിലെ സത്തർ സ്വദേശിയാണു പവൻ സിങ്. ട്രക്ക് ഡ്രൈവർമാർക്ക് എഎംഡബ്ലിയു ഡ്രൈവിങ് പരിശീലനം നൽകാറുണ്ട്. പരിശീലകന്മാരിൽ ഒരാളാണ് പവൻ സിങ്. മരുഭൂമിയൊക്കെ എനിക്കു പുല്ലാണെന്ന ഭാവം മുഖത്തുണ്ട്. അവസാനം പറഞ്ഞു. എങ്ങനെയെങ്കിലും റാലി ഫിനിഷ് ചെയ്താൽ മതി. അത്രയേ നോക്കുന്നുള്ളൂ.

രാത്രിയാത്രയോടെയാണ് ഇത്തവണ ഡെസർട്ട് സ്റ്റോം റാലി തുടങ്ങുന്നതു തന്നെ. അത് രാജസ്ഥാനിലെ സർദാർഷഹർ എന്ന കൊച്ചുപട്ടണത്തിൽ നിന്നാണ്. അർധരാത്രിയോടെ സർദാർഷഹറിൽ നിന്ന് ഡെസർട്ട് സ്റ്റോം റാലി യഥാർഥത്തിൽ തുടങ്ങുകയായി. ന്യൂഡൽഹിയിൽ വസന്ത്കുഞ്ജിൽ നടത്തുന്നത് ഒൗപചാരിക ഫ്ളാഗ്ഓഫ് ആണ്.

ആർമിയുടെ ടീമുകളും വനിതകൾ മാത്രമുള്ള മാരുതിയുടെ ടീമുമെല്ലാം മത്സരത്തിനുണ്ട്. എക്സ്ട്രീം, എൻഡ്യൂർ, എക്സ്പ്ലോർ വിഭാഗങ്ങളിലായാണു മത്സരം. മാരുതിയിലെ എൻജിനീയർമാരായ ഹർവീൺ തൽവാറും മോണിക്ക ജിൻഡാലുമാണ് മാരുതിയുടെ ഓൾ വിമൻ ടീമിലുള്ളത്. എക്സ്പ്ലോർ വിഭാഗത്തിലാണ് ഇവരുടെ മത്സരം. ആദ്യമായാണ് ദേശീയ റാലിയിൽ പങ്കെടുക്കുന്നത് എന്നതിന്റെ സമ്മർദമൊന്നും ഇവരുടെ മുഖത്തു കണ്ടില്ല. റാലി പൂർത്തിയാക്കുക, ആസ്വദിക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളേയുള്ളുവെന്ന് മോണിക്ക പറഞ്ഞു.

ഏറ്റവും കടുത്ത പരീക്ഷണം നേരിടേണ്ട എക്സ്ട്രീം വിഭാഗത്തിൽ മാത്രമേ ക്യാഷ് പ്രൈസ് ഉള്ളൂ. സുരേഷ് റാണയും ഗൗരവ് ഗില്ലുമൊക്കെ ഈ വിഭാഗത്തിലാണ്. എക്സ്ട്രീം വിഭാഗത്തിൽ തന്നെ 48 ടീമുകൾ മത്സരത്തിനുണ്ട്. എക്സ്പ്ലോറിൽ തുങ്ങി പടിപടിയായി എക്സ്ട്രീമിൽ യുവഡ്രൈവർമാർ എത്താനാണ് ഇങ്ങനെ പലവിഭാഗങ്ങൾ ആക്കിയിരിക്കുന്നതെന്ന് നോർതേൺ മോട്ടോർസ്പോർട് പ്രസിഡന്റ് ജയേഷ് ദേശായി പറഞ്ഞു. ജെഡി എന്നു വിളിക്കുന്ന ജയേഷ് ദേശായിയാണ് ഈ റാലിയുടെ എല്ലാമെല്ലാമെന്നു പറയാം. ജയേഷ് ദേശായിയും മറ്റു മൂന്നുപേരും കൂടിയിരുന്ന് ഒരിക്കൽ സായാഹ്നസംഭാഷണം നടത്തുമ്പോഴാണ് ഇത്തരമൊരു റാലിയെന്ന ആശയമുണർന്നത്. ഡെസർട്ട് സ്റ്റോം റാലി അങ്ങനെ പത്തു വർഷം മുൻപു പിറവിയെടുത്തു. ജെഡി ഡൽഹിയിൽ മാരുതിയുടെ ഡീലർഷിപ്പ് നടത്തുകയാണ്. കാർ റാലിയാണ് ഹരം. ചെറുപ്പത്തിൽ കാർ റാലികളിൽ പങ്കെടുത്ത കഥയെല്ലാം ജെഡി പറഞ്ഞു. റാലിക്കഥകൾ പറയുമ്പോൾ കണ്ണുകൾ തിളങ്ങുന്നു. മുടിയെല്ലാം നരച്ചെങ്കിലും ഉത്സാഹം കടുകിട കുറഞ്ഞിട്ടില്ല.

’ജെന്റിൽമെൻ, ഇറ്റ് ഈസ് ടൈം ടു സ്റ്റാർട്ട് എൻജിൻസ്... അറിയിപ്പു വന്നുകഴിഞ്ഞു. സമയം ഉച്ചയ്ക്ക് 12 കഴിഞ്ഞിരിക്കുന്നു. മാരുതി സുസുക്കി ഡെസർട്ട് സ്റ്റോം റാലി ഫ്ളാഗ് ഓഫ് ചെയ്യപ്പെടുകയാണ്. ഐപിഎൽ ഇഫക്റ്റ് ഇവിടെയും വന്നുകഴിഞ്ഞു. അൽപവേഷവുമായി ചിയർഗേൾസ് വർണക്കടലാസുകളുടെ പൂക്കുല കുലുക്കിത്തുടങ്ങി. ഓരോ വണ്ടിയും ചീറിപ്പാഞ്ഞ് കുതിക്കുമ്പോൾ ചിയർഗേൾസ് ആഹ്ലാദം നിറച്ച് കൂവുന്നുണ്ട്. ഒടുവിലൊടുവിൽ തൊണ്ടയിടറി ചിയർഗേൾസിന്റെ കൂവൽ ഒരുമാതിരിയായി. റാലി കാണണോ ചിയർഗേൾസിനെ കാണണോ എന്ന് ജനം സംശയിച്ചുനിൽക്കെ കാറുകൾ ഇരമ്പിപ്പാഞ്ഞു. റാലിക്ക് സൗന്ദര്യം കൂട്ടാൻ കുറച്ചു വനിതാ മോഡലുകളെ കൊണ്ടുവന്ന് അവിടെയിവിടെയൊക്കെ നിർത്തിയിട്ടുണ്ട്. റാലിയും മോഡലുകളും തമ്മിൽ എന്തുബന്ധം എന്നൊന്നും ചോദിക്കരുത്.

ദേശീയ റാലി ചാംപ്യൻഷിപ്പാണെങ്കിലും നാവിഗേറ്റർമാരിൽ സായിപ്പുണ്ട്. എൻഡ്യൂർ വിഭാഗത്തിലെ പ്രദീപ് ധിങ്ഗ്ര എന്ന ഡ്രൈവറുടെ നാവിഗേറ്റർ വിദേശിയായ ബ്രൂസ് ലൂൺസ് ആണ്. ജെഡി പറഞ്ഞു— ’കണ്ടോ, കൂടുതൽ സായിപ്പന്മാൻ ഇനി റാലിക്കെത്തും. ഇനി ഇതൊരു രാജ്യാന്തര വൻ സംഭവമാവും.

ഒരു കുട്ടി അച്ഛന്റെ തോളത്തിരുന്ന് ഫ്ളാഗ് ഓഫ് കാണുകയാണ്. നോക്കുന്നതെല്ലാം കുട്ടിക്ക് കൗതുകമാണ്. അതേ കൗതുകത്തോടെ ഞങ്ങളും യാത്രതിരിച്ചു. മാധ്യമപ്രവർത്തകർക്കായി ആറു കാറുകളാണ് ഒരുക്കിയിട്ടുള്ളത്. ആകെ 18 പേർ. മനോരമഓൺലൈനിലെ സീനിയർ വെബ് ഡെവലപ്പർ ആയ അമീൻ സീതിയും മാരുതിക്കുവേണ്ടി പബ്ലിക് റിലേഷൻസ് ജോലികൾ ചെയ്യുന്ന സ്ഥാപനമായ ആഡ്ഫാക്ടേഴ്സ് പിആറിലെ നിതിൻ നരൈനും ഞാനും ഒരു കാറിൽ. അർധരാത്രി സർദാർഷഹറിലെ യഥാർഥ ഫ്ളാഗ് ഓഫ് ആണു ലക്ഷ്യം.

ഹരിയാനയിലൂടെയാണ് രാജസ്ഥാനിലെ സർദാർഷഹറിലേക്കുള്ള യാത്ര. ഹരിയാനയിൽ ഇരുവശവും പച്ചപ്പു പുതച്ച പാടങ്ങൾ. പാടങ്ങൾ കണ്ട് മനസ്സുനിറഞ്ഞപ്പോൾ പുറകിലെ മാധ്യമവണ്ടി പെട്ടെന്നു നിന്നു. എന്താണെന്നറിയാൻ ഞങ്ങളുടെ ഡ്രൈവർ രാജേഷ് യാദവ് കാർ നിർത്തി. പുറകിലെ വണ്ടിയിൽ നിന്ന് ഒരു പത്രക്കാരൻ ’വാൾപ്പയറ്റു തുടങ്ങി. ഇത് മറ്റേത് അടിച്ചിട്ടുള്ള വാളല്ലെന്ന് നിതിൻ. വാൾ കണ്ടപ്പോൾ രാജേഷ് യാദവ് പെട്ടെന്ന് എന്തോ ഓർത്തതു പോലെ പറഞ്ഞു— സാധനം വേണമെങ്കിൽ ഹരിയാനയിൽ നിന്നു വാങ്ങണം. രാജസ്ഥാനിൽ രാത്രി ഇതു കിട്ടില്ല. ഗുജറാത്തിൽ കിട്ടുകയേയില്ല.

ഹരിയാനക്കാരനാണ് രാജേഷ്. ഹരിയാന എന്നെങ്ങാൻ ആരെങ്കിലും പറഞ്ഞുപോയാൽ രാജേഷ് ഉടൻ പറയും—ഹരിയാന മേരാ ഹെ. ഹരിയാനപ്രേമം തലയ്ക്കു പിടിച്ച് രാജേഷ് വണ്ടി പറപറത്തുകയാണ്. സർദാർഷഹറിലേക്കുള്ള വഴിയൊന്നും രാജേഷിനറിയില്ല. ചോദിച്ചുചോദിച്ചാണു പോക്ക്. ഇതിനിടെ രാജേഷ് ഒരു സിഡി എടുത്തു. ഡപ്പാംകൂത്ത് ഹിന്ദിപ്പാട്ടു കേൾക്കാമെന്നു മോഹിച്ച് ഇരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഹരിയാനയിലെ നാടോടിസംഗീതമാണ് രാജേഷ് വിളമ്പിയത്. ഹരിയാൺവി സംഗീതം. നമ്മുടെ കഥാപ്രസംഗത്തിന്റെ രീതിയിൽ കരംപാൽശർമയെന്ന ഹരിയാൺവി ഗായകൻ തകർത്തുതുടങ്ങി—’ഏക് ചിഡിയാ കേ ദോ ബച്ചേ ഥേ.... പാട്ടിനൊപ്പിച്ചു താളംപിടിച്ചൊക്കെയാണ് രാജേഷിന്റെ ഡ്രൈവിങ്. കടുകടുത്ത ഹിന്ദിയിൽ ഈ പാട്ടിന്റെ അർഥം രാജേഷ് പറഞ്ഞുതന്നു. മനസ്സിലാവാതെ കണ്ണുമിഴിച്ചിരുന്ന ഭാഗങ്ങൾ നിതിൻ ഇംഗ്ലിഷിൽ പറഞ്ഞുതന്നു. ലക്ഷ്മിചന്ദ് എന്ന കവി എഴുതിയ ഗാനമാണിത്. ഗാനത്തിലൂടെ ഒരു കഥ പറയുന്ന രീതി.

രൂപ്ബസന്ത് എന്നാണ് ഈ കഥയ്ക്കു പേരിട്ടിരിക്കുന്നത്. ധാരാനഗറിലെ ഖരഗ്സിങ് രാജാവിന്റെ ഭാര്യ രൂപവതിക്ക് രണ്ടു കുട്ടികൾ—രൂപും ബസന്തും. റാണി രോഗശയ്യയിലായപ്പോൾ ജനലിനു പുറത്തെ മരക്കൊമ്പിൽ ഒരു പക്ഷിക്കൂടു കണ്ടു. കൂട്ടിൽ അച്ഛൻ പക്ഷിയും അമ്മപ്പക്ഷിയും രണ്ടു മക്കൾപ്പക്ഷികളും. അമ്മപ്പക്ഷി ചത്തുപോയപ്പോൾ അച്ഛൻപക്ഷി പുതിയൊരു രണ്ടാനമ്മപ്പക്ഷിയെ കൂട്ടിൽ കൊണ്ടുവന്നു. പിന്നെ റാണി കണ്ടത് രണ്ടാനമ്മപ്പക്ഷി രണ്ടു കുഞ്ഞുപക്ഷികളെയും കൊത്തിക്കൊത്തി കൊല്ലുന്നതാണ്. ഞെട്ടിപ്പോയ റാണി രാജാവിനോടു പറഞ്ഞു— ഞാൻ മരിക്കാറായി. ഞാൻ മരിച്ചാൽ രാജാവ് വേറെ കല്യാണം കഴിക്കരുത്. കഴിച്ചാൽ ആ രണ്ടാനമ്മപ്പക്ഷി ചെയ്തതുപോലെ നമ്മുടെ മക്കളെ പുതിയ റാണി കൊല്ലും. പിന്നീട് റാണി മരിച്ചുപോയി. തുടർന്നുള്ള സംഭവവികാസങ്ങളാണ് പാട്ടിൽ വിവരിക്കുന്നത്.

മണിക്കൂറുകൾ കൊണ്ടാണ് കഥ പറഞ്ഞുതീർക്കുന്നത്. കാർ രാജസ്ഥാനിൽ കടന്നുകഴിഞ്ഞു. വഴിയരികിൽ ഉരുളക്കിഴങ്ങും ഉള്ളിയും വച്ച് വിൽക്കാനിരിക്കുന്നയാളുടെയടുത്ത് രാജേഷ് വഴിചോദിച്ചു. സർദാർഷഹറിലേക്കു പോവാൻ പിലാനി വഴി പോകണമെന്ന് അയാൾ. പിലാനിയെന്നു കേട്ടപ്പോൾ തന്നെ സന്തോഷമായി. ഇന്ത്യൻ വ്യവസായ ചരിത്രം മാറ്റിയെഴുതിയ ഗ്രാമം. ബിർള വ്യവസായസാമ്രാജ്യത്തിനു ജന്മം കൊടുത്ത സ്ഥലം. പിലാനി കാണാനുള്ള മോഹം അസ്തമിപ്പിച്ച് ഏറ്റവും മുന്നിലെ കാർ ഷോർട്ട്കട്ട് കണ്ടെത്തി. പിലാനി ഒഴിവാക്കി സർദാർഷഹറിൽ എത്താനുള്ള കുടുസ്സുവഴി. ഒരു കാറിന് കഷ്ടിച്ചു കടന്നുപോവാം. അങ്ങനെയുള്ള വഴിയിലൂടെ ആറു കാറുകൾ ഇഴഞ്ഞു. പിലാനി ഒഴിവാക്കിക്കൊണ്ട്. മുമ്പേ ഗമിച്ച ഗോവിന്റെ പുറകെ പിമ്പേയുള്ള ഗോവുകളും പോവുമല്ലോ. പിലാനി അങ്ങനെ നഷ്ടസ്വപ്നമായി.

ഇരുട്ടുവീണുകഴിഞ്ഞു. വഴിയരികിൽ പാട്ടുവച്ച് നൃത്തം ചെയ്യുന്നവരൊക്കെയുണ്ട്. കല്യാണവീടുകളിൽ പാട്ടും നൃത്തവുമൊക്കെയുണ്ടാവും. രാജസ്ഥാനി രീതിയിൽ തലേക്കെട്ടു കെട്ടി ഗ്രാമീണ രാജസ്ഥാനി സംഗീതം ആലപിച്ച് ചില കൂട്ടർ അവിടവിടെയൊക്കെ ഇരിപ്പുണ്ട്. അവർക്കു ചുറ്റും ആളുമുണ്ട്. നാടൻ സംഗീതത്തിന് അവിടെ മാർക്കറ്റുണ്ടെന്നു മനസ്സിലായി.

കുഗ്രാമങ്ങളിൽ ഒന്നിലെത്തിയപ്പോൾ ഒരു സ്കൂളിന്റെ ബോർഡ്— ഇന്റർനാഷനൽ സ്കൂൾ. സംഗതി തട്ടിപ്പാണെന്നു നിതിൻ പറഞ്ഞുതന്നു. സാദാ സ്കൂളാണെങ്കിലും പേരിൽ ഇന്റർനാഷനൽ കാണും. ഒരു ഗമയ്ക്ക്.

രാജസ്ഥാനിൽ കടന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ രാജേഷ് കാർ നിർത്തി. കൂട്ടത്തിലെ ഏതോ കാർ നികുതി അടച്ചില്ലത്രെ. അതു ശരിയാക്കുന്നതു വരെ മുക്കാൽ മണിക്കൂർ വഴിയരികിൽ. തണുപ്പ് നല്ലതുപോലെയുണ്ട്. രാജസ്ഥാനിൽ രാത്രി താപനില പത്തുഡിഗ്രിയിൽ താഴെ വരെ എത്താറുണ്ട്.

റോഡുകളിൽ പൊടി മാത്രമേയുള്ളൂ. പുറത്തേക്കു നോക്കിയാൽ ഒന്നും കാണാനാവുന്നില്ല. ഇനി സർദാർഷഹർ എത്തുന്നതു വരെ ഹരിയാൺവി സംഗീതം ശരണം. ഒന്നു തീരുമാനിച്ചു. ഡ്രൈവർ രാജേഷ് യാദവിനോട് ഹരിയാനയെക്കുറിച്ച് ഒറ്റയക്ഷരം പറഞ്ഞുപോവരുത്.

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.