Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭുജിന്റെ രണ്ടാം ജന്മം

desert storm

ഭൂകമ്പത്തിന്റെ ഓർമകളിൽ വിറയ്്ക്കാത്ത ഭുജിനെയാണു കണ്ടത്. 2001 ജനുവരിയിൽ ഒരുപാടു ജീവനുകൾ കൊണ്ടുപോയ ഭൂകമ്പത്തിന്റെ ലക്ഷണങ്ങൾ ഇന്നു ഭുജിൽ കാണാനേയില്ല.

ഭുജിലെ ഹോട്ടൽ സെവൻ സ്കൈയിലാണ് താമസം. ഹോട്ടലും തൊട്ടടുത്ത് മൾട്ടിപ്ലക്സുമെല്ലാം ചേർന്ന് ആധുനികതയുടെ മടിത്തട്ടിലാണ് ഭുജിന്റെ ഇപ്പോഴത്തെ നിൽപ്പ്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതിയിലാണ് ഈ മേഖലയിലെ പുതുതായുള്ള കെട്ടിടനിർമാണം. ഗുജറാത്തിന്റെ വ്യാവസായിക വളർച്ചയുടെ ഉദാഹരണങ്ങൾ ഈ മേഖലയിലും കാണാം. സമീപത്തു തന്നെ ഒട്ടേറെ വ്യവസായശാലകൾ. വ്യവസായമെന്നാൽ ഗുജറാത്ത് എന്നു തോന്നിപ്പിക്കുന്നത് വെറുതെയല്ല.

ഡെസർട്ട് സ്റ്റോം റാലി കാറുകളുടെ ഈ ലെഗ് തുടങ്ങുന്നതും അവസാനിക്കുന്നതും ഭുജിലെ കാംപ് ട്രോപിക് ഓഫ് കാൻസറിലാണ്. നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന പാടമാണിത്. കൃഷിസ്ഥലമൊന്നുമല്ല. തുറസ്സായി കിടക്കുകയാണ്. അതിലൂടെ റാലി കാറുകൾ ഓടിക്കുമ്പോൾ പൊടി പറന്ന് ഒന്നും കാണാൻ കഴിയാത്ത അവസ്ഥ വരും. അവിടെ നിന്ന് ടാർ റോഡിലേക്കു കടന്ന് മറുവശത്തെ പാടത്തിലൂടെയൊക്കെയാണ് റാലി റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.

രാജാവ് റാവു ഹമീർജി 1510ൽ സ്ഥാപിച്ച നഗരമാണ് ഭുജ്. നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള കുന്നിൽ ഭുജിയാ കോട്ടയുണ്ട്. കച്ച് നാട്ടുരാജാവായിരുന്ന റാവു ഗോദാജിയാണ് 1715ൽ ഈ കോട്ടയുടെ നിർമാണം തുടങ്ങിയത്. അദ്ദേഹത്തിന്റെ മകൻ മഹാറാവു ദേശാജിയുടെ ഭരണകാലത്താണ് കോട്ടയുടെ നിർമാണം പൂർത്തിയാക്കിയത്. കോട്ട നിർമിച്ചതിനു ശേഷം ശത്രുസൈന്യങ്ങളുമായി ഇവിടെ ആറു യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ചോരപ്പുഴകൾ ഏറെ കണ്ട കോട്ട ഇന്നു നാശത്തിലാണ്.

കച്ച് നാട്ടുരാജ്യം മഹാറാവു ദേശാജി ഭരിച്ചിരുന്ന കാലത്താണ് (1718—1740) ഈ കോട്ടയിൽ ആദ്യമായി യുദ്ധം നടന്നത്. മുഗൾ സാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന ഷെർ ബുലന്ദ് ഖാൻ കച്ച് ആക്രമിക്കാൻ വന്നപ്പോഴായിരുന്നു അത്. കച്ച് സൈന്യം എണ്ണത്തിൽ വളരെ കുറവാണുണ്ടായിരുന്നത്. ഷെർ ബുലന്ദ് ഖാന്റെ സൈന്യത്തെ എതിരിടാൻ കൂടുതൽ സൈനികർ വന്നത് കോട്ടയ്ക്കുള്ളിലെ നാഗക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ വേഷത്തിലാണ്. കൂടുതൽ സൈനികർ എത്തിയതോടെ പൊരിഞ്ഞ യുദ്ധം നടന്നു. പിന്നീട് അഞ്ചു തവണ കൂടി ഈ കോട്ടയിൽ യുദ്ധമുണ്ടായി.

1819ൽ ബ്രിട്ടീഷുകാർ ഈ കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തു. ബ്രിട്ടീഷ് മേൽക്കോയ്മ കച്ച് നാട്ടുരാജ്യം അംഗീകരിച്ചതോടെയാണിത്.

ഇന്ന് കോട്ടയുടെ അവശിഷ്ടങ്ങളേയുള്ളൂ. പഴയ ഭുജ് പട്ടണം ഈ കോട്ടയ്ക്കകത്തായിരുന്നു. കോട്ടയ്ക്ക് അഞ്ചു പ്രധാന വാതിലുകളുണ്ടായിരുന്നു. ഛത്തി ബാരി എന്നു വിളിക്കുന്ന ആറാമത്തെ ചെറിയ വാതിലുമുണ്ടായിരുന്നു. 2001ലെ ഭൂമികുലുക്കത്തിൽ ഈ കോട്ടയുടെ അവശിഷ്ടങ്ങൾ പലതും നാമാവശേഷമായി.

ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനു ശേഷം ഈ കോട്ടയുടെ നിയന്ത്രണം ഇന്ത്യൻ കരസേനയ്ക്കാണ്. കോട്ടയ്ക്കുള്ളിലെ ക്ഷേത്രത്തിൽ നാഗപഞ്ചമി ദിവസം മാത്രമേ പൊതുജനത്തിനു പ്രവേശനമുള്ളൂ.

ഡെസർട്ട് സ്റ്റോം റാലിയുടെ ഈ ലെഗിന്റെ ഫ്ളാഗ് ഓഫ് പോയിന്റിലെത്തി. രാവിലെ പത്തുമണിയായിട്ടും വെയിലിനു ചൂടില്ല. പാടത്തു രണ്ടു ഗ്രാമീണർ അപ്പോഴും സുഖമായി കിടന്ന് ഉറങ്ങുകയാണ്. റാലിക്കാരുടെ ബഹളമൊന്നും ഇതുവരെ അവരുടെ ചെവിയിലെത്തിയിട്ടില്ല. കാറുകൾ ഉയർത്തുന്ന പൊടിപടലമൊന്നും അവർ അറിയുന്നേയില്ല. നല്ല രസികൻ ഉറക്കം.

റാലി തുടങ്ങിക്കഴിഞ്ഞു. പാടത്തു നിന്നു റോഡിലെത്തി മറുവശത്തെ പാടത്തേക്കു ചാടിവീഴുകയാണു റാലി വാഹനങ്ങൾ. റാലി കാറുകളുടെ കൂട്ടപ്പൊരിച്ചിൽ ഉണ്ടാക്കിയ പൊടി മാത്രമേ കാണാനുള്ളൂ. ക്വാഡ് വിഭാഗത്തിൽ മത്സരിക്കാനെത്തിയ രാഹുൽ സോണി പാടത്തേക്കു വാഹനം ചാടിച്ചിറക്കിയപ്പോൾ തന്നെ വലിയൊരു കുഴിയിലാണു വീണത്. വന്ന അതേ വേഗത്തിൽ തന്നെ രാഹുൽ സോണി മറിഞ്ഞുവീഴുന്നതു കണ്ട് ഞങ്ങൾ ഓടിച്ചെന്നപ്പോൾ രാഹുൽ സോണി ഒരു കൈ അന്തരീക്ഷത്തിലേക്കുയർത്തി കുടയുകയാണ്. വീഴ്ചയിൽ കൈയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. വേദന സഹിക്കാൻ വയ്യാതെ സോണി വിഷമിക്കുകയാണ്. വാഹനം ഇനി ഓടാൻ വയ്യാത്ത വിധത്തിലും ആയിക്കഴിഞ്ഞു.

കാനഡ പൗരനായ രാഹുൽ സോണി ലുധിയാനയിൽ വാഹനസംബന്ധമായ ഒരു സ്ഥാപനം നടത്തുന്നുണ്ട്. റാലിയിൽ നിന്നു പിന്മാറുകയാണെന്ന് സോണി പറഞ്ഞു. ഒരു വീൽ ഊരിപ്പോയത്രെ. എല്ലാം ഭുജിലെ ഒരു കുഴി വരുത്തിവച്ച വിന.

എക്സ്ട്രീം വിഭാഗത്തിൽ സുരേഷ് റാണ തന്നെ അപ്പോഴും മുന്നിൽ. റാണയ്ക്കു മറ്റുള്ളവർ ഭീഷണിയാവുന്നതേയില്ല.

റാൺ ഓഫ് കച്ചിന്റെ സൗന്ദര്യം മുഴുവൻ കാണണമെങ്കിൽ വൈറ്റ് റാൺ ഓഫ് കച്ച് എന്നു വിളിക്കുന്ന ഉപ്പുതീരം കാണണമെന്നു പലരും പറഞ്ഞു. യു ട്യൂബിൽ കണ്ട അറിവു മാത്രമേയുള്ളൂ. സമുദ്രത്തിന്റെ സൗന്ദര്യവും തീരത്തെ ഉപ്പിന്റെ വെളുപ്പും കൂടിച്ചേരുമ്പോൾ അത് അപൂർവ സൗന്ദര്യമാകുമെന്നു കേട്ടറിഞ്ഞ് ഞങ്ങളുടെ മാധ്യമസംഘത്തിലെ ചിലർ നേരെ അങ്ങോട്ടു വച്ചുപിടിച്ചു. ബിഎസ്എഫ് ചെക്ക്പോയിന്റ് കടന്നുവേണം അങ്ങോട്ടു പോകാൻ. പോയി തിരിച്ചുവന്നവർ കാഴ്ചകളുടെ സൗന്ദര്യം വിവരിച്ചപ്പോൾ മറ്റുള്ളവർക്കും പൂതിയായി. എങ്ങനെയെങ്കിലും വൈറ്റ് റാൺ കാണണം. അപ്പോഴേക്കും സമയം വൈകിട്ട് അഞ്ചായിരുന്നു. വൈകിട്ട് അഞ്ചു കഴിഞ്ഞാൽ ബിഎസ്എഫുകാർ കടത്തിവിടില്ല എന്നറിഞ്ഞതോടെ നിരാശയായി. പിറ്റേന്നാണെങ്കിൽ അഹമ്മദാബാദിലേക്കു തിരിക്കുന്നതിനാൽ ഇതൊന്നും കാണാൻ പോകാൻ സമയമില്ല താനും.

വൈറ്റ് റാൺ കാഴ്ച അടുത്ത ഗുജറാത്ത് വരവിലേക്കു മാറ്റിവച്ച് സന്ധ്യയോടെ ഹോട്ടലിൽ തിരിച്ചെത്തി. ഇനി പുലർച്ചെയുള്ള അഹമ്മദാബാദ് യാത്രയാണു മനസ്സിൽ. ഗുജറാത്തിന്റെ വളർച്ച കൺനിറയെ കണ്ടുള്ള യാത്ര.

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.