Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിൻറെ തലക്കെട്ട്

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
Europe യുങ് ഫ്രാഒൗവിലേക്കുള്ള ട്രെയിൻ യാത്ര

യൂറോപ്പിൻറെ തലയാണ് യൂങ് ഫ്രാ ഒൗ. മഞ്ഞു കൊണ്ടുള്ള തലക്കെട്ട്. ടോപ് ഓഫ് യൂറോപ്പ് എന്നു വിളിക്കും. ജർമൻ ഭാഷയിലെ യഥാർത്ഥ അർത്ഥം കന്യകയെന്നാണെന്ന് പലർക്കും അറിയില്ല. പിശകിനു പിന്നിൽ സ്വിറ്റ്സർലൻഡിൻറെ മുക്കിലും മൂലയിലും ധാരാളമായി വച്ചിട്ടുള്ള ടൂറിസം ബ്രോഷറുകൾ. യുങ് ഫ്രാ ഒൗ എന്നെഴുതി ബ്രാക്കറ്റിൽ ടോപ് ഓഫ് യൂറോപ്പ് എന്നാണ് ബ്രോഷറുകൾ വിശേഷിപ്പിക്കുക.

കന്യാഭൂമി എന്നായിരിക്കണം കന്യക എന്ന പേരുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.ആൽപ്സിൻറെ മുകളിൽ മഞ്ഞു കൂനകൾക്കു മുകളിൽ ആരും തൊടാത്ത ഭൂമി. ഇന്നിപ്പോൾ ഇന്ത്യക്കാരടക്കം ആയിരക്കണക്കിനു വിനോദസഞ്ചാരികൾ കയറി നിരങ്ങുന്ന ഭൂമിയാണ്. എങ്കിലും വ്യത്യസ്തമായൊരു അനുഭവമാണ് യൂങ് ഫ്രാ ഒൗ. അതിലും വ്യത്യസ്തമാണ് അങ്ങോട്ടുള്ള തീവണ്ടി യാത്ര. ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട അപൂർവവിഭവം പോലൊരു ഇനം.

വലിയൊരു യാത്രയുടെ മധ്യപാദമായിരുന്നു സ്വിറ്റ്സർലൻഡ്. രണ്ടാഴ്ച നീളുന്ന ജർമൻ പര്യടനം കഴിഞ്ഞ് വടക്കൻ ജർമനിയിലെ ഹാംബുർഗിൽ നിന്ന് പോസ്റ്റർ പെർഫെക്ട് രാജ്യമായ സ്വിറ്റ്സർലൻഡിലേക്ക്. ബേൺ നഗരം. രണ്ടു ദിവസത്തെ ഒൗദ്യോഗിക തിരക്കുകൾ കഴിഞ്ഞപ്പോൾ വീണു കിട്ടിയ വീക്കെൻഡ്. നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ ഈ വീക്കെൻഡ് യൂറോപ്പിൻറെ നെറുകയ്ക്കുള്ളതാണ്. മുമ്പൊരിക്കൽ വന്നപ്പോൾ പറ്റാതിരുന്ന യാത്ര.

ഒറ്റ ദിവസം പൂർണമായും മൂന്നോ നാലോ റയിൽവെകൾ മാറിക്കയറാനുള്ള ക്ഷമയും ഉച്ഛ്വാസ വായു നേർത്ത പടലമാകുമ്പോൾ പിടിച്ചു നിൽക്കാനുള്ള കരുത്തും ഒരുമിച്ചു വേണം യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സ്റ്റേഷനായ യുങ് ഫ്രാ ഒൗവിലെത്താൻ. ഏകദേശം 12000 അടി ഉയരത്തിൽ പാറയ്ക്കടിയിൽ ഗുഹയായി നിൽക്കുന്ന സ്റ്റേഷൻ. പോകുന്ന വഴിക്കെല്ലാം നല്ല കാഴ്ചകൾ. സീസൺ എന്നു പറയാനാവില്ലെങ്കിലും നല്ല സമയത്തായിരുന്നു യാത്ര. ജൂലായ്. മഞ്ഞില്ല, മഴ ചെറുതായുണ്ട്. ഇടയ്്ക്കൊക്കെ ആഞ്ഞു പെയ്യുന്ന മഴ കനത്താൽ യാത്ര കട്ടപ്പുകയാകും. മഴയും മൂടൽ മഞ്ഞും ചേർന്ന് ട്രെയിനിലെ മനോഹകാഴ്ചകൾ പുക മഞ്ഞാക്കും. തലേന്ന് രാത്രി ഹോട്ടലിലിരുന്നു തെല്ലു ടെൻഷടിച്ചു.

ബേണിലെ അസ്റ്റോറിയ ഹോട്ടൽ എല്ലാ മധ്യനിര സ്വിസ് ഹോട്ടലുകളെയും പോലെ ആതിഥേയത്വത്തിൻറെ ഉത്തമ മാതൃകയാണ്. പൊതുവെ ശാന്തവും തിരക്കു രഹിതവും സമ്പന്നവുമായ രാജ്യത്തിൻറെ മുഖമുദ്രയും ജീവനവും ടൂറിസമാണല്ലൊ. നമ്മുടെ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ആഡംബരവും പ്രസിഡൻറ്സ് ബോഡി ഗാർഡ്സിനെ അനുസ്മരിപ്പിക്കുന്ന ആറരയടിക്കാരൻ വാതിൽ കാവൽക്കാരനുമില്ല മിക്ക ഹോട്ടലിനും. നിരത്തിനരുകിൽ ഭംഗിയുള്ള ചെറിയൊരു വാതിലും അതിനു മുകളിൽ തൂങ്ങുന്ന ബോർഡുമായി ഒതുങ്ങുകയാണ് ഹോട്ടലുകൾ ഭൂരിപക്ഷവും. സാമാന്യം വലിയ ഹോട്ടലാണെങ്കിൽ വശത്തായി ഒരു റസ്റ്റൊറൻറും ഫുട്പാത്തിനു തൊട്ടടുത്ത് ഓപ്പൺ എയർ റസ്റ്റൊറൻറും കാണും. സ്റ്റാർ ഹോട്ടലല്ലെങ്കിലും തങ്ങിയ ഹോട്ടലിൽ ഇതു രണ്ടുമുണ്ടായിരുന്നു. nലോബിയിൽ ഇരിപ്പിടങ്ങൾക്കടുത്ത് നമുക്ക് ഏറെ പരിചിതമായ ഒരു യന്ത്രം. വളരെ പഴയൊരുസിംഗർ തയ്യൽ മെഷിൻ. അലങ്കാരത്തിനായി വച്ചിരിക്കുകയാണ്.

അസ്റ്റോറിയയിൽ ചെന്നെത്തിയത് ഒരു പാതി രാത്രിയിലായതിനാൽ മുഖ്യ റിസപ്ഷനിസ്റ്റ് പൊയ്ക്കളഞ്ഞു. പിന്നെയുള്ള നൈറ്റ് വാച്ച് മാൻ റിസപ്ഷനിസ്റ്റിന് ഇംഗ്ലീഷറിയില്ല. വന്നു കയറിയുടനെ പറഞ്ഞു. നോ ഇംഗ്ലീഷ്, നോ ഇംഗ്ലീഷ്. ഒൺലി ജർമൻ. ഭാഷയില്ലെങ്കിലും ആംഗ്യഭാഷയിൽ കാര്യം ധരിപ്പിക്കാൻ വിരുതൻ. ഡോർ തുറക്കുന്ന രീതി തെല്ലു വ്യത്യസ്തമായതിനാൽ തൊട്ടടുത്തു വച്ചിരുന്ന മോഡലിൽ കീ പ്രവർത്തിപ്പിക്കുന്ന വിധം ഒരുവിധം കാണിച്ചൊപ്പിച്ചു തന്നു. പിന്നെ കുടിവെള്ളം സോഡയോ അല്ലാത്തതോ എന്നത് ഗ്യാസ്, നോ ഗ്യാസ് എന്നൊക്കെപ്പറഞ്ഞു ഫലിപ്പിച്ചു. ഇതിവിടുത്തെ മറ്റൊരു പ്രത്യേകത. സാധാരണ വെള്ളം കിട്ടാൻ പാടാണ്. കാർബൺ ഡയോക്സൈഡ് കയറ്റിയ സ്പാർക്ക്ളിങ് വാട്ടറാണ് സായിപ്പിനു പഥ്യം.

ബോട്ടിലുകൾ റൂമിലെത്തിയപ്പോൾ ഞെട്ടി. 750 മില്ലി കുപ്പിക്ക് 30 യൂറോ. എൻറമ്മോ, ഇങ്ങനെയായാൽ കുഴയുമല്ലോ എന്നോർത്തുള്ള വിഷമം ഗ്ലാസ്കുപ്പിയുടെ (പ്ലാസ്റ്റിക് കുപ്പി കണ്ടാണല്ലോ ശീലം) ഭംഗിയാസ്വദിച്ച് തെല്ല് അടക്കി. ബീർ വാങ്ങി കുടിക്കുന്നതാണ് ഇതിലും ലാഭം. അല്ലെങ്കിൽ തൊട്ടപ്പുറത്തുള്ള സൂപ്പർ മാർക്കറ്റ് അടച്ചിട്ടില്ലായിരുന്നെങ്കിൽ ഈ വിലയ്ക്ക് ഒരു ഡസൻ വെള്ളക്കുപ്പികൾ കിട്ടിയേനേ. പറ്റിയതു പറ്റി. എന്നാൽ ഹോട്ടലിലെ മൂന്നു ദിവസത്തെ താമസം ഉദ്ദേശിച്ചത്ര കത്തിയായിരുന്നില്ല. ബ്രഡുകളും ജൂസും കാപ്പിയും പാലും പഴവർഗങ്ങളും മുട്ടയും മാത്രമുള്ള ബ്രേക്ക് ഫാസ്റ്റ് രുചികരമായിരുന്നു. ഫ്രീയുമായിരുന്നു. അതാവാം രൂചി കൂടിയത്. നല്ല ബെഡും ബെഡ് റൂമിനെക്കാൾ വലിയ കുളിമുറിയും എല്ലാം കൊള്ളാം. ജർമനിയിലെ ഇടുക്കു മുറി ഹോട്ടലുകളെ അപേക്ഷിച്ച് സ്വിറ്റ്സർലൻഡ് എത്ര ഭേദം.

വെള്ളിയാഴ്ച വൈകിട്ടു ടെൻഷനിലായിരുന്നു. മഴ നിൽക്കുന്നില്ല. കോരിച്ചൊരിയുന്നു. നാളെ ഈ നില തുടർന്നാൽ പണി കിട്ടുമല്ലോ. അസ്റ്റോറിയയുടെ റസ്റ്റൊറൻറിലിരുന്നു സ്വിസ് ബീർ മോന്തിക്കൊണ്ടു നീണ്ട ഉൽക്കണ്ഠ ഡിന്നറിലവസാനിച്ചു. രാവിലെ ഉണർന്നപ്പോൾ പ്രഭാതം പ്രകാശപൂരിതം. പൊടി മഴ പോലുമില്ല. എന്നാൽ കാർമേഘങ്ങൾ തെല്ലു നിൽക്കുന്നുണ്ട്. ആറു മണിക്കേ ഇറങ്ങി. പകൽ കൂടുതലുള്ള സമയമായതിനാൽ വെളുപ്പിനു മൂന്നു മണിയാകുമ്പോഴേ വെളിച്ചം വീഴും. പഴയ രീതിയിലുള്ള തടിയിൽ നിർമിത ട്രാമിലാണ് സ്റ്റേഷനിലേക്ക് പോയത്. ഇന്ത്യയിൽ ഇന്നു കൽക്കട്ടയിൽ മാത്രം കാണാനാവുന്ന റോഡിലെ പാളത്തിലൂടെ ഒടുന്ന ട്രാം യൂറോപ്പിൽ സാധാരണ കാഴ്ചയാണ്.

ബേൺ സ്റ്റേഷനിൽ നിന്നു നേരേ പോകേണ്ടത് ഇൻറർ ലാക്കനിലാണ്. യൂങ് ഫ്രാഒൗവിലേക്ക് പല വഴി കയറാമെങ്കിലും അതിൽ ഏറ്റവും ആവേശകരവും വ്യത്യസ്തവുമാണ് ട്രെയിൻ യാത്ര. ഒരോ ഘട്ടം കഴിയുമ്പോഴും ചെറുതാകുന്ന ട്രെയിനിൽ ആദ്യമൊക്കെ പാഞ്ഞും പിന്നെ കിതച്ചും കുതിച്ചുമൊരു യാത്ര. 300 യൂറോയാണ് ടിക്കറ്റ്. ജംങ്ഷൻ എന്നു വിശേഷിപ്പിക്കാവുന്ന ഇൻറർലാക്കനിൽ നിന്നു ടിക്കറ്റ് വാങ്ങി. മലയുടെ അടിവാരത്തുള്ള രസകരമായ ഈ ചെറു സ്വിസ് നഗരത്തിലും കാഴ്ചകൾ ധാരാളമുണ്ട്. അങ്ങോട്ടുള്ള യാത്ര താമസിപ്പിക്കേണ്ട തിരിച്ചുവരുമ്പോൾ കാഴ്ച കാണാം എന്നു കരുതിയത് ബുദ്ധിയായി. കാരണം മടക്കയാത്രയിലെ ഇറക്കത്തിൽ സ്വിസ് പരമ്പരാഗത സംഗീതോത്സവം ഇൻറർ ലാക്കനിൽ തകർക്കുകയായിരുന്നു.

ഏതു ട്രെയിനിലും ഒരു ദിവസം സഞ്ചരിക്കാനുള്ളതാണ് ടിക്കറ്റ്. ഇൻറർ ലാക്കൻ ഒസ്റ്റ് (ഈസ്റ്റ്) സ്റ്റേഷനിൽ നിന്നു ആദ്യ ട്രെയിനിൽ കയറി. പാസെടുത്താൽ ഒരു ദിവസം മുഴുവൻ ട്രെയിനിലോ ബസിലോ കടത്തു ബോട്ടുകളിലോ ഇഷ്ടം പോലെ കയറാം. പല റൂട്ടുകളുണ്ട്. ചുറ്റിക്കറങ്ങി വരാൻ ഒരു ദിവസം വേണം. പരമാവധി ഫ്രീക് ഒൗട്ട് ചെയ്യുന്നതിലാണ് ത്രിൽ. ഫ്രീക്കിങ് ഒൗട്ട് തുടങ്ങുകയായി.

യൂങ് ഫ്രാഒൗവിനെപ്പറ്റി തെല്ലു ചരിത്രം. പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ മലകയറ്റക്കാരുടെ സ്വർഗമായിരുന്നു ഈ സ്ഥലം. മലമുകളിൽച്ചെല്ലുന്ന റയിൽവെ എന്ന സങ്കൽപം 1893 സ് അഡോൾഫ് ഗയർ സെല്ലർ ആണ് യാഥാർത്ഥ്യമാക്കാൻ മുൻകയ്യെടുത്തത്. ക്ലൈൻ ഷൈഡക് എന്ന സ്റ്റേഷനിൽ നിന്ന് മുകളിലേക്കു പണിത റയിൽവേ ഒന്നാം ലോകയുദ്ധത്തിൽ കുടങ്ങി 1912 ൽ പാതി മുടങ്ങി. തുരംഗത്തിലൂടെ കയറി തുരംഗത്തിനുള്ളിൽത്തന്നെ സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ അവസാന സ്റ്റേഷൻ കഴിഞ്ഞ്മഞ്ഞു മലയ്ക്കു മുകളിലെത്തേണ്ട സ്റ്റേഷൻ ഇവിടെ തീർന്നു. മലയയ്ക്കു മുകളിലേക്കു കയരുന്ന ലിഫ്റ്റും റസ്റ്റൊറൻറുകളും എസ്െ പാലസും പിന്നീടു പണിതവ.

യാത്രയിലേക്ക്. പലവഴികളിൽ ചുറ്റിക്കറങ്ങുന്ന വഴി തന്നെ തെരഞ്ഞെടുത്തു. ഇൻറർലാക്കനിൽ നിന്നു മീറ്റർ ഗേജ് സൈസുള്ള തീവണ്ടിയിൽ ലൗട്ടർ ബ്രുണെൻ വരെ. മലകൾക്കിടയിയൂടെ പുറത്തേക്കുള്ള ഒരോ നോട്ടവും ഒരോ കലണ്ടർ വ്യൂ നൽകിയ ഈ യാത്ര ക്ലൈൻ ഷെയ്ഡെഗിലേക്കാണ്. ധാരാളം ഇന്ത്യക്കാരുണ്ട് ട്രെയിനിൽ. ഭൂരിപക്ഷവും ഉത്തരേന്ത്യക്കാർ. മലയാളികളെന്നു തെറ്റിദ്ധരിച്ചേക്കാവുന്ന തമിഴ് നാട്ടുകാർ മുഴുവൻ ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളായെത്തി സ്വിസ് പൗരന്മാരായവർ. വീക്കെൻഡായതിനാൽ നല്ല തിരക്ക്. ഹണിമൂൺ കപ്പിളുകൾ നിശ്ശബ്ദരാണ്. എന്നാൽ പ്രായമുള്ളവരുടെ ഗ്യാങ്ങുകൾ ചിലയ്ക്കുന്നു. വണ്ടി ഓടിയോടി ക്ലൈൻ ഷെയ്ഡെഗിൽ എത്തിയതോടെ തിരക്കു തെല്ലു കുറഞ്ഞു. തീവണ്ടി പക്ഷെ ചെറുതായി. ബോഗികൾ കുറഞ്ഞു. കുറച്ചു കൂടി തിരക്കു കുറയാൻ അടുത്ത തീവണ്ടി പിടിച്ചു. ടിക്കറ്റ് ചെക്കിങ് ഇവിടെ കർശനമാണ്. നല്ല പെരുമാറ്റമുള്ള, നീലക്കുപ്പായമുള്ള, എപ്പോഴും ചിരിക്കുന്ന ചെക്കർമാർ.

പിന്നെയും മുകളിലേക്ക്. പതിയെപ്പതിയെയുള്ള യാത്രയിൽ ഇപ്പോൾ ഹിന്ദിക്കാർ മാത്രമല്ല ഹിന്ദി നടിയുമെത്തി കൂട്ടിന്. സ്വിസ് വാച്ചിൻറെ പരസ്യമോഡലായി ദീപിക പദുകോണെ എല്ലാ കംപാർട്ടുമെൻറിലും യാത്രികരെ നോക്കി ചിരിക്കുന്നു. പുറത്തേക്കു നോക്കിയാൽ ഇപ്പോൾ കണ്ണഞ്ചും. അപൂർവ കാഴ്ചയായ മഞ്ഞു മലകൾ വെയിലിൽ തിളങ്ങുന്നു. കൂളിങ് ഗ്ലാസ് വച്ചില്ലെങ്കിൽ കണ്ണിനു ക്ഷീണമാകും. അങ്ങകലെ മഞ്ഞു മലകളും തൊട്ടടുത്ത് മഞ്ഞയും ചുവപ്പും പൂക്കൾ വിരിയുന്ന പച്ച പുൽത്തകിടിയും ചേർന്ന് സ്വർഗീയാനുഭവം. ശുദ്ധമായ വായു ശ്വസിക്കുന്നതിൻറെ സുഖം വേറെ. ഇടയ്ക്കൊക്കെ തിരക്കുകുറഞ്ഞ സ്റ്റേഷനുകൾ. ആളനക്കമില്ലാത്ത മനോഹരമായ നഗരങ്ങൾ. ഹോട്ടലുകൾ. തിരക്കില്ലാത്ത ജീവിതത്തിൻറെ മുഖം എത്ര ആശ്വാസം. ഇറങ്ങി വഴിയോര ഹോട്ടലുകളിലൊന്നിൽ ഒരു രാത്രി തങ്ങിയാലോ എന്നു തോന്നും. തോന്നൽ യാഥാർത്ഥ്യമാക്കാൻ അവസരം കിട്ടുംമുമ്പ് വണ്ടി ക്ലൈൻ ഷെയ്ഡെഗ് സ്റ്റേഷനിലെത്തി.

അവസാന പാദത്തിനായുള്ള വണ്ടി കണ്ടു തെല്ലു പേടി തോന്നി. ടോയ് ട്രെയിൻ. തടി സീറ്റ്. പണ്ടിത് യഥാർത്ഥ തീവണ്ടിയാണെങ്കിൽ ഇപ്പോൾ ഇലക്ട്രിക്. എ ബി ബി എൻജിനൊന്നിൻറെ പേരു നന്നേ ബോധിച്ചു. യാഷ് ചോപ്ര. ഇന്ത്യയിൽപ്പോലും യാഷ് ചോപ്രയ്ക്ക് ട്രെയിനില്ല. ഇവിടെയുണ്ട്, എൻജിനിൽ ചോപ്രയുടെ കയ്യൊപ്പുമുണ്ട്. പിന്നിൽ കഥയുമുണ്ട്. 1984 മുതൽ സ്വിറ്റ്സർലൻഡ് പശ്ചാത്തലമാക്കി സിനിമകൾ പിടിച്ചതിനും ദിൽവാലേ ദുൽഹനിയ ലേ ജായേഗേ അടക്കമുള്ള സിനിമകളുടെ ഗാനരംഗങ്ങളിൽ ടോയ് ട്രെയിൻ പശ്ചാത്തലമാക്കിയതിനും ചോപ്രയ്ക്കു സ്വിറ്റ്സർലൻഡ് നൽകിയ അംഗീകാരമാണിത്. 2011 ൽ യാഷ് ചോപ്ര തന്നെയാണ് സ്വന്തനാമം പേറുന്ന എൻജിൻ ഉത്ഘാടനം ചെയ്തത്.

നടുക്കുള്ള പൽച്ചക്രത്തിൽക്കൂടി പിടിച്ചു കയറുന്ന കോഗ് ട്രെയിൻ പതിയെയാണു പോവുക. ഇടയ്ക്കൊക്കെ തുള്ളിത്തുള്ളിയാണു യാത്ര. പേടി കൂട്ടാൻ വശങ്ങളിൽ കൊടും താഴ്വര. ചിലപ്പോഴൊക്കെ രണ്ടു വശത്തും കൊക്ക തന്നെ. പിന്നെ ട്രെയിൻ പതിയെ തുരംഗത്തിലേക്കു കടന്നു. യൂങ് ഫ്രാഒൗസ്റ്റേഷനു മുമ്പ് രണ്ടു സ്റ്റേഷനുണ്ട്. അവിടൊക്കെ ചെറിയ സ്റ്റോപ്പ്. രണ്ടു സ്റ്റേഷനുകളിലും ഇറങ്ങാം. കാഴ്ചകാണാനായി മലതുരന്ന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്. അവിടെ നിന്നാൽ ആൽപ്സിൻറെ സൗന്ദര്യം കൺനിറയെ ആസ്വദിക്കാം. ട്രെയിൻ ചൂളം വിളിക്കുമ്പോൾ ചാടിക്കയറാം. അങ്ങനങ്ങങ്ങനെ യാത്ര യൂങ് ഫ്രാഒൗവിലെത്തി.

ഭൂമിക്കടിയിലുള്ള സ്റ്റേഷനിൽ പ്രത്യേകിച്ചൊന്നുമില്ല. സീയിങ് പോയിൻറുകളിൽ നിന്ന് ആൽപ്സ് കുറെ നേരം കൂടിക്കണ്ടു. 12000 അടിയിൽ ശ്വാസതടസ്സം ചിലർക്കൊക്കെ പ്രശ്നമാണ്. പോരാത്തതിന് കൊടും തണുപ്പും. തെർമൽ ഇന്നർവിയർ അടക്കമുള്ള സൗകര്യങ്ങളിൽ പൊതിഞ്ഞുനിന്നു വിറച്ചു. സ്റ്റേഷൻറെ രണ്ടാം നിലയിൽ ചെറിയൊരു റയിൽ മ്യൂസിയവും സൊവനീർ ഷോപ്പും റസ്റ്റൊറൻറുകളുമുണ്ട്. ഉച്ചയായി. നല്ല വിശപ്പ്. ആൽപ്സിലേക്കു കണ്ണാടി പതിച്ച, മുന്നി ബദ്നാം തേരേ പാട്ടൊഴുകുന്ന (ഹിന്ദി ടൂറിസ്റ്റുകളുടെ ഒരു പവറേ) റസ്റ്റൊറൻറിലിരുന്നു ഹോട്ട് ഡോഗും സ്റ്റീക്കും സ്പഗെറ്റിയം ബീറും ആവേശത്തോടെ കഴിച്ചു. പുറത്തിറങ്ങി എസ്െ പാലസ് എന്ന മഞ്ഞു കൊട്ടാരം നടന്നു കണ്ടു. മഞ്ഞു പ്രതിമകളെ തണുത്തു വിറച്ച് തൊട്ടു നോക്കി. പിന്നെ സ്ഫിങ്സ് എന്നറിയപ്പെടുന്ന ലിഫ്റ്റിൽക്കയറി കൊടുമുടിക്കു മുകളിലെത്തി. മഞ്ഞിലിറങ്ങിക്കളിച്ചു. പടമെടുത്തു. മഞ്ഞുകൊണ്ടു മടുത്തപ്പോൾ മടക്കയാത്രക്കൊരുങ്ങി.

മറ്റൊരു പാതയാണു പിടിച്ചത്. തിരക്കു തീരെയില്ല. ട്രെയിനിൽ സുഖമായി കിടന്നു. വഴിയിൽ മൗറേൻ എന്ന സ്റ്റേഷനിലേക്കെത്താൻ റോപ് വേ പിടിച്ചു. കുത്തനെ ഉയരുന്ന വലിയ റോപ് വേ നല്ലൊരനുഭവം. സ്വിസ് ഗ്രാമങ്ങളിലൂടെ കറങ്ങി നടന്നു. ഇതാണു ശരിയായ കാഴ്ച. മരം കൊണ്ടുണ്ടാക്കിയ വീടുകൾക്ക് പല രൂപം. ഫെയറി ടെയിൽ ആർക്കിടെക്ചർ. ചില വീടുകൾ അലങ്കരിക്കാൻ പണിയായുധങ്ങളും കുതിരവണ്ടിച്ചക്രങ്ങളും തടിച്ചുമരിൽ ഉറപ്പിച്ചിരിക്കുന്നു. സർവത്ര പൂക്കളാണ്. ബാൽക്കണിയിലും ജനാലപ്പടിയിലും തറയിലുമൊക്കെ പൂച്ചെടികൾ പുഞ്ചിരിക്കുന്നു. തടി തുരന്നെടുത്ത ചെടിച്ചട്ടികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സ്വിസ് പശുവിൻറെ രൂപത്തിൽ തടികൊണ്ടുണ്ടാക്കിയ വർണാഭമായ ചട്ടികളുമുണ്ട്. വഴിയിലൊക്കെ വീടുകൾക്കിടയിൽ ചെറു സൂപ്പർമാർക്കറ്റുകൾ. വീട്ടിലുണ്ടാക്കിയ സ്വിസ് ചോക്ലേറ്റുകൾ ഇവിടെക്കിട്ടും. ഇടയ്ക്കൊരു വെള്ളച്ചാട്ടം. തൊട്ടു താഴെ പൊലീസ് സ്റ്റേഷനടക്കമുള്ള കെട്ടിടങ്ങൾ. പൊലീസ് ജീപ്പായി ബി എം ഡബ്ല്യു ഫൈവ് സീരീസ്. വാടകയ്ക്ക് സൈക്കിളുകൾ വച്ചിട്ടുണ്ട്. സമയമുണ്ടെങ്കിൽ ഒന്നു കറങ്ങാം. ചെറുതായൊന്നു ശ്രമിച്ചു. മടുത്തപ്പോൾ നിർത്തി. കയറ്റമിറക്കം സൈക്കിളിൽ താണ്ടാൻ നല്ല സ്റ്റാമിന വേണം. എത്ര കണ്ടാലും കാഴ്ചകൾ തീരുന്നില്ല. പക്ഷെ മടങ്ങണമല്ലൊ. ഇവിടെ കുറഞ്ഞ ചെലവിൽ ധാരാളം ബെഡ് ആൻഡ് ബ്രേക്ക് ഫാസ്റ്റ് ഹോമുകളുണ്ട്. ബാക്ക് പാക്കർ സ്റ്റൈലിലായിരുന്നെങ്കിൽ അതൊക്കെയൊന്നു പരീക്ഷിക്കാമായിരുന്നു.

ഇൻറർ ലാക്കൻ വഴി മടക്കം. ബോണസായി ഇൻറർലാക്കനിൽ കിട്ടിയ പ്രാദേശിക ഉത്സവം കണ്ടു കണ്ണു നിറഞ്ഞു. നൂറുകണക്കിനാളുകൾ പരമ്പരാഗതവേഷമണിഞ്ഞ് പരമ്പരാഗത കുഴലുകൾ മീട്ടുന്നു. അപൂർവ കാഴ്ച. ഒരു ബോട്ടിങ് നടത്താമെന്നുള്ള മോഹം നടന്നില്ല. പകരം നഗരത്തിലൂടെ കുറെ കറങ്ങി. ലോക്കൽ ബസിൽ കയറി. ഇരുട്ടിത്തുടങ്ങിയപ്പോൾ പതിയെ ഹോട്ടലിലേക്ക്. ഒരു ജന്മം മുഴുവൻ കുളിരണിയിക്കുന്ന ഓർമകളുമായി കമ്പിളിപ്പുതപ്പിനടിയിലേക്ക്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.