Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട് തൊട്ടു വിളിച്ചപ്പോൾ...

Gavi

കാടും തടാകങ്ങളും ചേർന്ന അപൂർവ സൗന്ദര്യമാണ് ഗവിയുടേത്. മാനും സിംഹവാലൻ കുരങ്ങും വരയാടും മലമുഴക്കി വേഴാമ്പലും ഇരുന്നൂറു തരം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സഞ്ചാരിയുടെ മനസ്സിന് ചേക്കേറുവാൻ ഓർമയുടെ തുരുത്തുകളൊരുക്കുന്നു. തേക്കടിയുടെ വന്യത ഏറ്റവും ഗാഢമായി അനുഭവിക്കാനാകുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ് ഗവി.

വെയിലാറിത്തുടഹങ്ങുന്നതേയുള്ളൂ. എങ്കിലും പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്കുള്ള ആ വഴിയിൽ മണ്ഡലകാലത്തിന്റെ നല്ല തിരക്കായിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടക വാഹനങ്ങൾ കെ.എസ്.ആർ.ടി.സിയുടെ സ്്പെഷൽ ബസുകൾ. വഴിയോരക്കച്ചവടങ്ങൾ. പമ്പയുടെ തീരങ്ങളിൽ തീർഥാടകരുടെ കുളിത്തിരക്ക്. ഉണങ്ങാനിട്ട കറുപ്പുവസ്ത്രങ്ങൾ.

ഡിസംബറിന്റെ രാത്രിക്കുളിർ അപ്പോഴും അവശേഷിപ്പിച്ച കാറ്റ്. തിരക്ക് നിരത്തിനെ കീഴടക്കിക്കൊണ്ടിരുന്നു. ആ തിരക്കിനിടയിലൂടെ ഞങ്ങളുടെ ഹ്യുണ്ടേയ് ഗെറ്റ്സ് ഒതുക്കത്തോടെ ഒഴുകി.

ഞങ്ങളോ? ഇനി കുറച്ചു നേരത്തിനകം ആ നിത്യഹരിത മഴക്കാടുകളിൽ ഞങ്ങളെ നാൽവരെയൊഴിച്ച് മറ്റൊരു മനുഷ്യജീവനെപ്പോലും മണിക്കൂറുകളോളം കാണാതെ സഞ്ചരിക്കുമെന്നും ഇടയ്ക്ക് എങ്ങോട്ടെന്നില്ലാതെ വഴിതെറ്റിപ്പോവുമെന്നും അറിയാതെ...

ഏകാന്തത എന്ന വാക്കിനെയും കാട് എന്ന സത്യത്തെയും കൂടുതൽ മനസ്സിലാക്കുമെന്നറിയാതെ... ആ കാട്ടുവഴിയിലെ ഓരോ തിരിവിലും ആനയെ പ്രതീക്ഷിക്കുമെന്നുമറിയാതെ...

ശബരിമലയിലേക്കുള്ള വഴിയിലൂടെ ഞങ്ങൾ പ്ലാപ്പിള്ളി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ഗവിയിലേക്കുള്ള ഈ വനയാത്രയ്ക്ക്, ശബരിമല പാതയിൽനിന്ന് തിരിയേണ്ടത് പ്ലാപ്പിള്ളിയിൽ നിന്നാണ്. ഞങ്ങൾ അവിടെയെത്തി. മുഖ്യപാതയിൽനിന്ന് പമ്പയിലേക്ക് 30 കിലോമീറ്ററുള്ളപ്പോൾ വലത്തോട്ടുള്ള പാതയിലേക്കു സന്തോഷ് ഗെറ്റ്സിനെ നയിച്ചു. ഇവിടെ നിന്ന് ആങ്ങമൂഴിയിലേക്ക് ഏഴു കിലോമീറ്റർ. മൂഴിയാറിലേക്ക് ഇരുപതും. ൎഎത്ര പെട്ടെന്നാണ് പ്രകൃതി മാറിയത്? റോഡിനു തൊട്ടടുത്ത് നിൽപ്പുണ്ട് വൻമരങ്ങൾ. ഒൻപതര മണിയായിട്ടും മഞ്ഞ് പിൻവാങ്ങിയിട്ടില്ല. ചെറുപാലങ്ങൾ, അരുവികൾ, കാടിന്റെ മണം. സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിലെത്തിയപ്പോൾ കാർ ഇത്തിരിനേരം നിറുത്തി.

ആങ്ങമൂഴി നാഗരികതയുടെ ചില്ലറ അടയാളങ്ങൾ വഹിക്കുന്നുണ്ട്. ഡി.ടി.എച്ചിന്റെ പരസ്യം, സിഡി — ഡിവിഡി ലൈബ്രറി. ഇടുക്കിജില്ലയിലെ വണ്ടിപ്പെരിയാറിനടുത്തുള്ള വള്ളക്കടവ് വരെ എഴുപതു കിലോമീറ്ററോളം നീളത്തിൽ ഞങ്ങളിനി പിന്നിടാനിരിക്കുന്ന ആ കൊടുംവനപാതയിൽ ആൾത്തിരക്കുള്ള ഏക സ്ഥലമാണ് ആങ്ങമൂഴി.

ഇനിയങ്ങോട്ട് ആളു കുറയുകയും കാട് വളരുകയും. നാലു കിലോമീറ്റർ കഴിഞ്ഞാൽ കൊച്ചാണ്ടിയിലെ, വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെത്തും. ആ ചെക്ക് പോസ്റ്റിൽ, ആവശ്യമായ രേഖകൾ കാണിക്കാനും കാടിനെ മാനിക്കുമെന്ന സമ്മതപത്രം ഒപ്പിട്ടുകൊടുക്കാനുമായി ഇറങ്ങിയപ്പോഴാണ് ബൈജു എന്ന വനപാലകനെ പരിചയപ്പെട്ടത്. 200 ചതുരശ്ര കിലോമീറ്റർ വരുന്ന ഈ കാടിന്റെ സംരക്ഷകരിലൊരാൾ. ബൈജു കാടിനെ പരിചയപ്പെട്ടു വരുന്നതേയുള്ളൂ. സിംഹം ഒഴിച്ചുള്ള എല്ലാ മൃഗങ്ങളും ഈ കാട്ടിലുണ്ട്. ഇനിയുള്ള യാത്രയിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കൊരു ആനയെ പ്രതീക്ഷിക്കാം. ആ ചെറുപ്പക്കാരൻ പറഞ്ഞുകൊണ്ടേയിരുന്നു. ചെക്ക് പോസ്റ്റിനു തൊട്ടുള്ള ആ അരുവിക്കരികിൽ ഒരു കടുവ എത്തിയ കഥയും ബൈജു പറഞ്ഞു. ൎകാട് കൈകൾ നീട്ടി ഇനി അങ്ങോട്ട് ഇടതൂർന്ന കാട്. ഭംഗിയുള്ള ആകാശം. ഇലമേലാപ്പുകൾക്കിടയിലൂടെ തെളിഞ്ഞ ആകാശത്ത് കൗതുകമുള്ള ’ക്ലൗഡ് ഫോർമേഷൻ. കാട്ടുവളളികൾ റോഡിലേക്കു തൂങ്ങിക്കിടക്കുന്നുണ്ട്. മുളങ്കാടുകളുടെ മർമരത്തിന് അതുവരെ കേൾക്കാത്ത തരത്തിലുള്ള വന്യത. കുറച്ചു കൂടിപ്പോയപ്പോൾ മലയുടെ ഉയരക്കാഴ്ച കാണാം.

കാടും മലയും കാട്ടാറും വഴിയുടെ ഏകാന്തസൗന്ദര്യവുമൊക്കെ നിറഞ്ഞ ഈ വഴികളിലൂടെ അധികം സഞ്ചാരികളൊന്നും കടന്നുപോയിട്ടില്ല. വിദേശികളും ഉത്തരേന്ത്യൻ സഞ്ചാരികളും ഗവിയുടെ അഴകിനെക്കുറിച്ചും അവിടെയുള്ള പമ്പ ബയോളജിക്കൽ ഗാർഡനെക്കുറിച്ചും കേട്ടറിഞ്ഞ് എത്തുന്നുണ്ടെങ്കിലും അവരിലേറെപ്പേരും തേക്കടിയാത്രയ്ക്കുശേഷം വണ്ടിപ്പെരിയാർ വഴിയാണ് ഗവിയിലെത്തു്നനത്. ആ വഴി മുപ്പത് കിലോമീറ്ററേയുള്ളൂ. അതുകൊണ്ടു തന്നെ ഞങ്ങളിപ്പോൾ സഞ്ചരിക്കുന്ന ഈ ആങ്ങമൂഴി — ഗവി പാതയുടെ വന്യസൗന്ദര്യം നുകരാൻ അധികം പേർക്ക് ആവുന്നില്ലെന്നതാണ് നേര്.

തേക്കടിവനത്തിന്റെ വന്യത ഏറ്റവും ഗാഢമായി അനുഭവിക്കാനാവുന്ന സ്ഥലങ്ങളിലൊന്നാണ് ഗവി. ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായി ഉണ്ടായ ഗവി, കൊച്ചു പമ്പ, മൂഴിയാർ, കക്കി തുടങ്ങിയ വിവിധ അണക്കെട്ടുകളുടെ നിർമാണത്തെത്തുടർന്നുണ്ടായ തടാകങ്ങളാണ് ഈ പാതക്കാഴ്ചകളുടെ പ്രധാന ആകർഷണം. കാട്ടാനയും കാട്ടുപോത്തുമൊക്കെ വഴിമുടക്കാനെത്തുമെന്ന മുന്നറിയിപ്പ് ഇടയ്ക്കിടെ കാണാം. മാൻ, സിംഹവാൻ കുരങ്ങുകൾ, വരയാടുകൾ, കടുവ എന്നീ മൃഗങ്ങളും മലമുഴക്കി വേഴാമ്പലുൾപ്പെടെ ഇരുന്നൂറു തരം പക്ഷികളും ചിത്രശലഭങ്ങളും അപൂർവ സസ്യലതാദികളും ഈ വനപ്രദേശത്തെ അപൂർവസുന്ദരമാക്കുന്നു.

അതെ. ഇത്രയും പ്രതീക്ഷകളുള്ള ഈ കാട്ടുവഴിയിലൂടെയാണ് ഇപ്പോവ് ഗെറ്റ്സ് ഓടുന്നത്. ആ ഓട്ടത്തിനിടയിൽ മൂഴിയാറിൽ പല തവണ കാഴ്ചയുടെ ചന്തം ആവോളം നുകരാനായി കാർ നിറുത്തേണ്ടിവന്നു.

ൎമൂഴിയാറിനു ചുറ്റും കാടാണ്
ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതനിലയം ഇവിടെയാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതനിലയങ്ങളിൽ രണ്ടാമത്തേത്. ആദ്യത്തേത് ഇടുക്കിയിൽ. ജലസംഭരണിയും പവർ ഹൗസുമൊക്കെ നിർമിക്കാൻ വൈദ്യുതി ബോർഡ് 40 ഏക്കറിൽ തീർത്ത ഗ്രാമമാണിത്. ഗ്രാമത്തിന്റെ പേര് ഇപ്പോൾ ’40 എന്നായിക്കഴിഞ്ഞു.

കാട്ടുമൃഗങ്ങളിൽനിന്നു രക്ഷ നേടാൻ നാലു ചുറ്റും കിടങ്ങുകൾ ഈ ഗ്രാമത്തിലുണ്ട്. മൂഴിയാർ ഡാമിനരികിൽ ഞങ്ങൾ വണ്ടി നിറുത്തി. വിശാലമായ ജലാശയം. ചുറ്റിലും അതിവിശാലമായ നിബിഡവനം. മുകളിൽ അതിലും വിശാലമായ ആകാശം.

മൂഴിയാർ ഡാമിന്റെ സംരക്ഷണച്ചുമതലയുള്ള നാല് പൊലീസ,് കോൺസ്റ്റബിൾമാരിലൊരാൾ ഞങ്ങൾക്കരികിലേക്കു വന്നു. ആ ചെറുപ്പക്കാരന്റെ പേരും ബൈജു. ഇന്നു പരിചയപ്പെടുന്ന രണ്ടാമത്തെ വ്യക്തിക്കും അതേ പേര്!

ആനകളെ കണ്ട കഥകളാണ് ബൈജുവിനു പറയാനുണ്ടായിരുന്നത്. ഇവിടത്തെ ഏകാന്തവാസത്തെക്കുറിച്ചും ബൈജു പറഞ്ഞു. കോൺസ്റ്റബിൾമാരെല്ലാവരും ഇവിടെ തന്നെ ഭക്ഷണമുണ്ടാക്കി താമസിക്കുകയാണ്. ഉപ്പു തൊട്ടു എന്തു വാങ്ങണമെങ്കിലും 17 കിലോ മീറ്റർ അകലെയുള്ള ആങ്ങമൂഴിയിലെത്തണം. ആങ്ങമൂഴിയിലെത്താനുള്ള ഒരേയൊരു മാർഗം ഒറ്റ ബസ് മാത്രം. മൂഴിയാറിൽനിന്ന് കാട്ടാക്കടയ്ക്കുള്ള കെ.എസ്.ആർടി.സി. കാടിന്റെ നടുവിലെ പവർ ഹൗസും ട്രാൻസ്ഫോമർ യാർഡും. അവിടെയത്തിയപ്പോൾ അതുവരെ പുറംലോകത്തെ അകറ്റിയിരുന്ന മൊബൈൽ ഫോണിന്റെ സിഗ്നൽ ദുർബലമായി തെളിഞ്ഞു. ബി.എസ്.എൻ.എൽ. മൊബൈൽ ഉപയോക്താക്കൾക്കു മാത്രമുള്ള സിഗ്നൽ! യാത്ര നീളുകയായി.

ൎ വഴിയിൽ പലയിടത്തും പെൻസ്റ്റോക് പോയിന്റുകളുണ്ട്. അതിലാദ്യത്തെ കാഴ്ചപ്പാതയിലേക്ക് സ്റ്റിയറിങ് തിരിച്ചു. കുത്തനെയുള്ള കാട്ടുപാത ഇറങ്ങിച്ചെല്ലുന്നത് കൺനിറയ്ക്കും കാഴ്ചയിലേക്ക്. മരത്തണലുകൾ കാണുമ്പോൾ ബ്രേക്കിലറിയാതെ കാലമരുന്നു. തണലും തണുപ്പും പേരറിയാത്ത ആയിരം കാട്ടുപൂക്കളുടെ മണങ്ങളും. താഴെയുള്ള ചെറിയ പാലത്തിനരികെയിരുന്നാൽ അരികിൽ, താഴെയായി ജലവൈദ്യുത പദ്ധതിയുടെ നീളൻ കുഴലുകൾ കടന്നുപോവുന്നതു കാണാം; കൂറ്റൻ പെരുമ്പാമ്പിനെപ്പോലെ.

ഇവിടെ നിന്നു നോക്കുമ്പോൾ മൂന്നാലു തട്ടുകളിലായി നീണ്ടുനിവർന്നു ശയിക്കുന്ന മലനിരകൾ കണ്ണിലാകെ. പുല്ലിന്റെ കടൽ. മൂക്കിൻത്തുമ്പിലൊന്നു തൊട്ട് കുസൃതിയോടെ ഓടിപ്പോവുന്ന തുമ്പികൾ...സിഡി പ്ലെയറിൽ നിന്ന് ലതാ മങ്കേഷ്കറും മുഹമ്മദ് റഫിയും മധുരം പ്രണയാതുരം പാടുന്നു. ധീരേ ധീരേ ചൽ, ചാന്ദ് ഗഗൻ മേം... ഇവിടെ കാലം നിശ്ചലമാകുന്നല്ലോ..

(ഇടയ്ക്ക് ഞങ്ങളിലാരോ ഉറക്കെ ഓർക്കുന്നുമുണ്ട്. ഒരു മനുഷ്യനെ കണ്ടിട്ട് നേരം കുറെയായി..) മൂഴിയാർ അങ്ങാടിയിലേക്ക്. ഉച്ചയായല്ലോ ചങ്ങാതി എന്ന് വിശപ്പ് കരഞ്ഞുപറയുന്നുണ്ട്. മൂഴിയാറിലെ വൈദ്യുതി ബോർഡ് ഉദ്യാഗസ്ഥർക്കുവേണ്ടി തുറന്ന ചെറുഹോട്ടലിനു മുന്നിൽ നിന്ന് ചിരിയോടെ ജോസ് പറയുന്നു. ഇവിടെ നിന്ന് ഊണു കഴിക്കേണ്ടെന്നു തീരുമാനിച്ചാൽ ഗവിയിൽ ചെന്നാലേ വല്ലതും ഇനി കിട്ടൂ.

ജോസിന്റെ ഹോട്ടലിൽ ഉച്ചയ്ക്ക് നൂറോളം പേർക്കുള്ള ഊണുണ്ടാക്കും. ബോർഡ് ജീവനക്കാർക്കുള്ളതു കഴിച്ച് ഇരുപതെങ്കിലും മൂഴിയാറിന്റെ അതിഥികൾക്കുള്ളതാണ്. ഇതുവരെ ഊണ് ബാക്കിവന്നിട്ടില്ല. വിശന്നെത്തുന്ന യാത്രക്കാർക്ക് ചിലപ്പോഴൊക്കെ ഒന്നും കൊടുക്കാനാവാത്ത സങ്കടവും ജോസിനുണ്ടാകും. ദൂരെ വണ്ടിപ്പെറിയാറ്റിൽനിന്നോ ആങ്ങമൂഴിയിൽനിന്നോ വേണം ഹോട്ടലിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരാൻ. അതും ആഴ്ചയിലൊരിക്കൽ. (ജോസ് വിളമ്പിയ മീനിലേക്കു കൊതിയോടെ നീണ്ട കൈ അറിയാതെ പിൻവലിച്ചുപോകുന്നു..)

ൎ ഹോട്ടലിന്റെ മുന്നിൽ കാട്ടാക്കട ബസ് രാജകീയമായി, ഞാൻ മാത്രമെന്ന അഹംഭാവത്തോടെ ഉച്ചമയക്കത്തിൽ. അധികമുറങ്ങാൻ സമയമില്ല. രണ്ടരയ്ക്ക് യാത്ര പുറപ്പെടേണ്ടതാണ്.

ഗെറ്റ്സ് നീങ്ങി. ഇതുവരെ കണ്ട പാതയിലൂടെയല്ല ഇപ്പോൾ. കാടും റോഡും തമ്മിൽ അധികം അകലമില്ലാതായി വരുന്നു. വഴിയിൽ വെട്ടിക്കൂട്ടിയിട്ട ഈറ്റക്കെട്ടുകൾ. ദപൻസ്റ്റോക് പോയിന്റുകൾ. ആന മറഞ്ഞുനിന്നാൽ കാണാത്ത, തടിവണ്ണമുള്ള വൻമരങ്ങൾ. ആരും കാണാത്തതിൽ സങ്കടപ്പെട്ടു തലതാഴ്ത്തിനിൽക്കുന്ന ഇത്തിരിപ്പൂക്കൾ. ലീൻ ഇടയ്ക്കിടെ ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു.

വഴി എങ്ങോട്ടാണ് ഞങ്ങളെ കൊണ്ടുപോകുന്നത്? അതാ അരികിലൊരു കുന്ന്. കുന്നു നിറയെ കാറ്റ്. കുന്നു നിറയെ ഇളംപുല്ല്. നീലിമയാണ് ഈ ഡിസംബർ ആകാശത്തിന്. ഒറ്റ മേഘം പോലുമില്ലാതെ. സന്തോഷ് നൂറു കിലോമീറ്റർ വേഗതയിൽ ഗെറ്റ്സിനെ മെരുക്കുന്നു. കാട്ടുപാതയിലൂടെ നീങ്ങുമ്പോൾ ഇടയ്ക്കെപ്പോഴോ വഴി തെറ്റിയെന്നറിഞ്ഞു. ചെന്നെത്തിയത് പാതയവസാനിക്കുന്നിടയിടത്ത്. കാട് മാത്രമുള്ളിടത്ത്. വണ്ടി തിരിച്ച് അതേ വേഗതയിൽത്തന്നെ. ആനച്ചൂരും ആനപ്പിണ്ടവുമുള്ള ഈ പാത എങ്ങോട്ടെന്ന് അമ്പരക്കുന്നതിനിടയിൽ വലതുഭാഗത്ത് കാഴ്ചയെ നിറയ്ക്കുന്ന ഒരു തടാകം.

വൈഡ് ആംഗിളിലെ കവിതയായിരുന്നു കക്കി ഡാം. കാഴ്ചയിൽ വിശാലമായി ആ ജലസംഭരണി ശയിക്കുന്നു. തടാകത്തിൽ ചെറുതുരുത്തുകൾ കാണാം. പൊന്നാപുരം കോട്ട എന്ന പഴയ ഹിറ്റ് സിനിമ ചിത്രീകരിച്ചത് ഈ ഡാം സൈറ്റിലായിരുന്നു. അന്നിവിടെ കൊട്ടാരത്തിന്റെയും കോട്ടയുടെയും മറ്റും സെറ്റ് ഇട്ടിരുന്നു. 1967ൽ ഇ.എം.എസ് ആണ് കക്കി ഡാം ഉദ്ഘാടനം ചെയ്തത്.

ഡാമിന്റെ സംരക്ഷണച്ചുമതലയുള്ള സുനിലും ശരത്തും ഞങ്ങൾക്കരികിലേക്കു വന്നു. രണ്ടുപേരും കൊല്ലം സ്വദേശികൾ. ദൂരെ കാണുന്ന ആ രണ്ടു മലകൾക്കപ്പുറത്താണ് ശബരിമല. മഞ്ഞില്ലെങ്കിൽ ഇവിടെനിന്നു നോക്കിയാൽ ശബരിമല കാണാം. അവർ പറഞ്ഞു. മകരവിളക്കിന്റെ ശരണംവിളികൾ കേൾക്കാറുണ്ട്. സഞ്ചാരികൾ ഇവിടെയെത്തുന്നതു കുറവാണ്. പ്രകൃതി കനിഞ്ഞരുളിയിട്ടും താമസസൗകര്യമില്ലാത്തതു പ്രധാന പ്രശ്നം.

അപ്പോഴേക്കും വൈകുന്നേരം പിൻവാങ്ങാൻ തുടങ്ങിയിരുന്നു. ഇരുട്ടുവീഴുന്നതിനുമുമ്പ് ഞങ്ങൾക്കു വണ്ടിപ്പെരിയാറ്റിലെത്തണം. പലരും തന്ന മുന്നറിയിപ്പാണത്. അല്ലെങ്കിൽ ഇരുൾവഴിയിൽ കാട്ടാനയിറങ്ങും.

ൎവഴിയിൽ ആനത്തോട് ഡാം
ഇവിടെയും ഡാമിനു സംരക്ഷകരുണ്ട്. കാറ്റിനു തണുപ്പു കൂടുന്നു. മഞ്ഞിനു കട്ടി കൂടുന്നു. നീളൻ പുല്ലുകളുടെ മേടുകൾ. നിറയെ വയലറ്റു പൂക്കൾ അഞ്ചുമണി വെയിലേറ്റ്. ഇടയ്ക്ക് കണ്ട ഒരു പുൽമേടിനു മുകളിൽ നാലോ അഞ്ചോ മാനുകൾ കാഴ്ച കണ്ടുനിൽക്കുന്നു. പുറംലോകത്തിന്റെ ശബ്ദം കേട്ടതും അവ കാടകത്തിലേക്ക് ഓടിമറഞ്ഞു.

പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ വീണ്ടും ഒപ്പിട്ടുകൊടുക്കാൻ കാർ നിറുത്തി. കട്ടൻ കാപ്പിയുടെ ചൂട്. മണിക്കൂറുകൾക്കുശേഷം നാലു മനുഷ്യരെ ആദ്യമായി ഒരുമിച്ചു കണ്ട സന്തോഷം ഞങ്ങൾക്ക്. ചെറിയ കോളനികളുണ്ട് ഇവിടെ. 1962ൽ ഡാം പണിക്കുവേണ്ടി വന്നു സ്ഥിരതാമസമാക്കിയവരുട കോളനികൾ. ഇവർക്കൊപ്പം ശ്രീലങ്കൻ അഭയാർഥികളുടെ കോളനികളുണ്ട്. 1979ൽ ഇന്ത്യയുമായുണ്ടാക്കിയ കരാറിനെത്തുടർന്ന് ശ്രീലങ്കൻ അഭ്യയാർഥികളെ താമസിപ്പിച്ച സ്ഥലങ്ങളാണ് ഇനി ഗവി വരെ. ഏലക്കാടുകളിലെ ജോലിക്കാരാണിവർ. റേഷൻ കാർഡുകളിൽ പേരില്ലാത്തവർ. വേരുകളില്ലാത്തവർ.

ഇനി കൊച്ചുപമ്പ ഡാം. എസ്റ്റേറ്റ് ഓഫീസിനു മുന്നിൽ രാഷ്ട്രീയകക്ഷ”ികളുടെ പലനിറ കൊടികൾ പാറുന്നു. കാടിന്റെ കട്ടി കുറഞ്ഞടയിടങ്ങളാണ് ഇവിടെ. പഴയ ഇരുമ്പുപാലങ്ങളിലൂടെ ഗെറ്റ്സ് കടന്നുപോവുമ്പോൾ വല്ലാത്തൊരു മുഴക്കം. ഗവിയിലേക്കുള്ള പാതയോരത്തുനിന്നാണ് പൊന്നമ്പലമേട്ടിലേക്കു പോവുന്നത്.

ൎഞങ്ങൾ ഗവിയിൽ, ആ സന്ധ്യയിൽ
ഗവിയിൽ ഭക്ഷണവും താമസസൗകര്യവും ലഭിക്കും. ഫോൺ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയ ആധുനികസൗകര്യങ്ങളൊന്നുമില്ലാത്തതിനാൽ നഗരത്തിരക്കിൽനിന്നെത്തുന്ന സഞ്ചാരികൾക്കു നിറഞ്ഞ ശാന്തിയാണ് ഗവി നൽകുന്നത്. വനംവികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ മാൻഷനിലാണ് താമസസൗകര്യമുള്ളത്. മൂന്നു മുറികളിലായി ആറു പേർക്കു മാത്രം. ഡാം, വന്യജീവി മ്യൂസിയം, തുരുത്തുകൾ, മനോഹരമായ അസ്തമയം, ബോട്ടിങ്, സ്വച്ഛത... കെ.എഫ്.ഡി.സി ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുകയാണ്.

ഗവിയിൽനിന്ന് വണ്ടിപ്പെരിയാറ്റിലേക്കുള്ള വഴിയോരം നിറയെ കാഴ്ചകളുടെ വിരുന്നാണ്. വഴിവക്കിലുള്ള ആ പുൽമേട്ടിൽ നിന്നു അസ്തമയം കാണുക. നിങ്ങൾ കണ്ട ഏറ്റവും നല്ല അസ്തമയങ്ങളിലൊന്നാവുമത്. ഞങ്ങളാ സന്ധ്യ മനസ്സിലേക്ക് നിത്യമായി ഏറ്റെടുത്തു. വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്ഫറ്റിൽ എത്തുന്നതിനു മുമ്പുള്ള ഒരു കോളനിക്കുമുന്നിൽ കാർ നിറുത്തിയപ്പോൾ തലേന്ന് അവിടെ ആനയിറങ്ങിയുണ്ടാക്കിയ പുകിലിന്റെ വിശേഷങ്ങൾ കേട്ടു. കോളനിക്കാരെല്ലാവരും കൂടി ആനയെ ഓടിക്കുകയായിരുന്നു. രാത്രിബസ് പോയി എന്ന് ഉറപ്പുവരുത്തിയശേഷമാണത്രെ ആനകൾ ഇവിടങ്ങളിൽ നാട്ടുവഴികളിലേക്കിറങ്ങുക. വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ഇറങ്ങി ഒപ്പിട്ടശേഷം വണ്ടിപ്പെരിയാറിലേക്ക്. അപ്പോഴേയ്ക്കും ഇരുട്ടു വീണുതുടങ്ങിയിരുന്നു. വണ്ടിപ്പെരിയാറിൽനിന്ന് കെ.കെ. റോഡിലേക്കു കയറി. പിന്നെ താഴ്വരകളിലേക്കിറങ്ങി. മഞ്ഞും തണുപ്പുമറിഞ്ഞ് ഗെറ്റ്സ് കോട്ടയത്തേക്കു നഷ്ടബോധത്തോടെ തിരിച്ചുപോവുകയാണ്.

കാട്ടിൽനിന്നു നാട്ടിലേക്ക്... ശാന്തിയിൽനിന്നു തിരക്കിലേക്ക്...

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.