Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലോറിഫൈഡ് വോയേജ് !

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
caves in st.john സെൻറ് ജോണിലെ പ്രശസ്തമായ ഗുഹകൾ

ഗാംഭീര്യമാർന്ന നീണ്ട ചൂളം വിളിയോടെ കാർണിവൽ ഗ്ലോറി ന്യൂയോർക്ക് വിട്ടു. രണ്ടാം പിയറിൽ നിന്നു പൈലറ്റ് ബോട്ട് 13 നിലയുടെ ഉയരത്തിൽ നില കൊള്ളുന്ന ആഡംബര ഗ്ലോറിയെ ആയാസ്സപ്പെട്ടു തള്ളിയുന്തി ന്യൂയോർക്ക് ഉൾക്കടലിൽ ഹഡ്സൻ നദിയുടെ അഴിമുഖത്തെ ഇടനാഴിയിൽ കൊണ്ടുപോയി കടലിനു നേരേ തിരിച്ചുനിർത്തി. വശങ്ങളിൽ ഉയർന്നു നിൽക്കുന്ന അംബരചുംബികളെ തലയെടുപ്പിൽ പിന്നിലാക്കിക്കൊണ്ട് ഗ്ലോറി പതിയെ സ്വന്തം കരുത്തിൽ നീങ്ങിത്തുടങ്ങി. പൊതുവെ ശാന്തമായ നദിയിലെ ഓളപ്പരപ്പിന് നേരിയ പോറൽ മാത്രമേകി ഗ്ലോറി നീങ്ങുകയാണ്.

അയ്യായിരം മനുഷ്യരും ആഡംബരത്തിമർപ്പിൽ ഒപ്പം നീങ്ങിത്തുടങ്ങി. അതിഥികളായി എതാണ്ട് 3500 പേർ. അതിൽ 1500 പേർ മലയാളികൾ. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (ഫോമ) സമ്മേളനത്തിൽ പങ്കെടുക്കുന്നവർ. ബാക്കിയുള്ളവർ ക്രൂ. വരാനുള്ള അഞ്ചു രാവും പകലും കപ്പലിൽ. ന്യയോർക്കിൽ നിന്നു നേരേ കാനഡയിലെ സെയ്ന്റ് ജോണും ഹാലിഫാക്സും കണ്ട് തിരികെ ന്യൂയോർക്കിലെത്തുന്ന ക്രൂസ്. യൂറോപ്പിൻറെ ബാക്കിപത്രമെന്നും ന്യൂ ഇംഗ്ലണ്ട് എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നോവാ സ്കോഷ്യ, ന്യൂ ബ്രൺസ്വിക് പ്രദേശങ്ങളിൽ ഒരോ ദിനം വീതം. ബാക്കിയൊക്ക കപ്പലിൽത്തന്നെ.

ഫോമയുടെ അതിഥിയെന്ന നിലയ്ക്ക് അനുവദിച്ചുകിട്ടിയ സ്റ്റേറ്റ് റൂം ഏഴാം നിലയിലാണ്. ഫൈവ് സ്റ്റാർ ഹോട്ടൽ മുറികളെ വെല്ലുന്ന മുറി. രണ്ടു കിടക്കകൾ, സോഫ, ടീ പോയ്, എഴുത്തു മേശ, മിനി ബാർ, വിശാലമായ കപ് ബോർഡുകൾ, ഷവർ ബാത്ത്, കടലിലേക്ക് കണ്ണിടുന്ന സിറ്റ് ഒൗട്ട്. സുഖമായി രണ്ടു പേർക്ക് കഴിയാവുന്ന മുറിയിലെ സോഫ മൂന്നാം കിടക്കയാക്കാം. സോഫയ്ക്കു മുകളിൽ സീലിങ്ങിൽ നിന്നു വലിച്ചു താഴ്ത്താവുന്ന ഒരു നാലാം കിടയ്ക്കയ്ക്കും സാധ്യതയുണ്ട്. കാർണിവൽ ഗ്ലോറിയിലെ മുറിയെ നക്ഷത്ര ഹോട്ടൽ മുറിയിൽ നിന്നു വിഭിന്നമാക്കുന്നത് ഒരു പക്ഷെ ഈ കിടക്കകളുടെ ബാഹുല്യവും കപ് ബോർഡിൽ വച്ചിട്ടുള്ള ലൈഫ് വെസ്റ്റുകളും മാത്രമായിരിക്കണം. സൂക്ഷ്മ പരിശോധനയിൽ വേറയും വ്യത്യാസങ്ങൾ കണ്ടെത്താം. ടീ പോയ് അടക്കമുള്ള ഫർണിച്ചർ നിലത്ത് ഉറപ്പിച്ചിരിക്കയാണ്, ബാത് റൂമിൽ ഇടയ്ക്കൊക്കെ ഉറപ്പിച്ചിട്ടുള്ള ഹാൻഡിലുകൾ, വെള്ളം വീണാലും തെന്നി മറിയാതിരിക്കുന്ന തരം ബാത്റൂം ഫ്ളോർ. ഇവയൊക്കെ കപ്പൽ മോശം കാലാവസ്ഥയെ നേരിടേണ്ടിവന്നാലുള്ള മുൻ കരുതലുകലാണ്. മറ്റൊരു വ്യത്യാസം വിമാനങ്ങളുടേതിനു സമാനമായ കെമിക്കൽ ടോയ്ലറ്റ്.

Babu Paul-Srinivas-M.Murali ഡോ ബാബു പോൾ, ടി പി ശ്രീനിവാസൻ, എം മുരളി, ലാലു എന്നിവർ പ്രഭാതഭക്ഷണ വേളയിൽ

കപ്പൽ യാത്ര പണ്ടൊക്കെ ദുരിതമായിരുന്നെന്നു വായിച്ചിട്ടുണ്ട്. അതോർത്ത് വേണ്ട സന്നാഹങ്ങളും മരുന്നുകളുമൊക്കെയായാണ് ന്യൂയോർക്കിനു വിമാനം കയറിയത്. കാർണിവൽ ഗ്ലോറിയിൽ കയറിപ്പോഴാണറിയുന്നത് കടൽച്ചൊരുക്കും ദുരിതയാത്രയുമൊന്നും ക്രൂസ് ഷിപ്പുകൾക്കു ബാധകമല്ലെന്ന്. വലിയൊരു ഷോപ്പിങ് മാളിലോ ഹോട്ടലിലോ അപാർട്മെൻറിലോ നിൽക്കുകയാണെന്നു തോന്നും. കടൽ വല്ലാതെ ക്ഷോഭിച്ചാലുള്ള കാര്യം അഞ്ചു ദിവസം കൊണ്ട് അനുഭവിച്ചറിയാൽ കഴിഞ്ഞില്ലെ. ചെറിയൊരു പിണക്കം കാട്ടിയതിനെപ്പറ്റി പിന്നീടു പറയാം.

ന്യൂയോർക്ക് ലോംഗ് എലെൻഡിലുള്ള ഒരു ഡേയ്സ് ഇന്നിലാണ് യാത്രയുടെ തുടക്കം. 2012 ഓഗസ്റ്റ് ഒന്ന്. അമേരിക്കയുടെ പലഭാഗത്തു നിന്നുമെത്തിയ ഒരു പിടി സുഹൃത്തുകൾ തലേന്നേ ഡേയ്സ് ഇന്നിൽ എത്തിയതാണ്. ഫോമയുടെ മാധ്യമസമിതിയിലെ സജീവ സാന്നിധ്യമായ സജിയാണ് ഇവിടെ നിന്ന് എല്ലാവരെയും ബസിലേറ്റി തുറമുഖത്തെത്തിക്കുന്നത്. രാവിലെ തന്നെ സജി കാറുമായി ഞാൻ തലേന്നു തങ്ങിയ വീട്ടിലെത്തി. ശങ്കരത്തിൽ കോർ എപിസ്കോപ്പയും ഭാര്യ എൽസിയും സജിയെയും കുടുംബത്തെയും സ്വീകരിച്ചാനയിക്കുന്നതിനിടെ പെട്ടി റെഡിയാക്കി. അച്ചൻ പ്രാർഥിച്ച് ഇറക്കി. വൈകാതെ കാർ ഡേയ്സ് ഇൻ ലക്ഷ്യമാക്കി നീങ്ങി.

ഹോട്ടലിലെത്തിയപ്പോൾ എല്ലാവരും റെഡിയായി ബസിനു മുന്നിൽ നിൽപാണ്. തിരക്കിനിടയിൽ മനോരമ ഓൺലൈൻ ടീ ഷർട്ടണിഞ്ഞ് ഒരാൾ. എന്നെ കണ്ടതും അദ്ദേഹം മുന്നോട്ടു വന്നു ഹസ്തദാനം ചെയ്തു സ്വീകരിച്ചു. ഈശോ സാം ഉമ്മൻ. കണ്ടാൽ വൈദീകനെന്നു തോന്നും. ശാന്തമായ മുഖവും മുഖം നിറഞ്ഞുകവിയുന്ന ചിരിയും. കാലിഫോർണിയിൽ നിന്നാണ് വരവ്. ടീ ഷർട്ടിലേക്കാണെൻറെ നോട്ടം എന്നു മനസ്സിലാക്കിയ സാം പറഞ്ഞു. അനന്തരവൻ തന്നതാണ്. മുംബൈയിൽ മനോരമയുടെ മാർക്കറ്റിങ് വിഭാഗം സീനിയർ മാനേജരായ ഷെറിയാണ് അമ്മാവന് മനോരമ ഓൺലൈൻ പ്രമോഷനൽ ടീ ഷർട്ട് നൽകിയത്. അതു കാലിഫോർണിയയിലും അവിടുന്ന് കാർണിവൽ ഗ്ലോറിയിലും എത്തിപ്പെട്ടു. യാത്രയിൽ ഞാനുണ്ടെന്നറിഞ്ഞാണ് സാം മനോരമ ഓൺലൈൻ ടീ ഷർട്ടിൽ തുടങ്ങിയത്. ലളിതമായ വ്യക്തിത്വവും ഊഷ്മളമായ സ്വീകരണവുമാവാം സാമിലേക്ക് കൂടുതലടുപ്പിച്ചത്. യാത്രയിലുടനീളം കടലിലും കരയിലും സാം ഒപ്പമുണ്ടായിരുന്നു. ആദ്യമായി കണ്ടതെങ്കിലും ചിരപരിചിതനായ ഒരു സുഹൃത്തിനെപ്പോലെ.

സജി മികച്ച സംഘാടകൻറെ ശൈലിയിൽ എല്ലാവരെയും പെട്ടെന്നു തന്നെ ബസിൽ കയറ്റി. മെക്സിക്കൻ ഡ്രൈവർ വണ്ടിയെടുത്തതോടെ സജി മൈക്കും ഏറ്റെടുത്തു. പിന്നെ ഒന്നാന്തരം വിവരണങ്ങൾ, പരിചയപ്പെടുത്തലുകൾ, സ്വാഗതം, നന്ദി എല്ലാമുണ്ട്. വണ്ടി സീ പോർട്ടിലേക്കു പോകുംമുമ്പ് പോയത് ലഗൗഡിയ എയർപോർട്ടിലേക്കാണ്. ഹ്യൂസ്റ്റനിൽ നിന്നുള്ള കുറെ സുഹൃത്തുക്കളും കുടുംബവും ഫോമയുടെ ആദ്യ പ്രസിഡൻറ് ശശിധരൻ നായരൊപ്പം കയറി. പൂർവാധികം ശക്തിയോടെ സജി പരിചയപ്പെടുത്തലുകൾ തുടരുമ്പോൾ അകമ്പടിയെന്നോണം കനത്ത മഴ. റോഡു കവിഞ്ഞ് വെളളം ഒഴുകുന്നു. ഉച്ചയ്ക്കു രണ്ടു മണിയോടെ പോർട്ടിലെത്തണമെന്ന നിർദ്ദേശം കനത്ത മഴ തെറ്റിക്കുമെന്നു തോന്നി. ട്രാഫിക് ഇഴയുകയാണ്.

before st.john tour സെൻറ് ജോൺ ടൂറിനു പുറപ്പെടുന്നു. പിന്നിൽ കാർണിവൽ ഗ്ലോറി

മൻഹട്ടനിലെത്തിയതോടെ ട്രാഫിക് വീണ്ടും പതിയെയായി. ബോറടിക്കാത്തതിനു കാരണം ബസിലേറിയവരുടെ പരിചയപ്പെടുത്തലുകളും ചെറു കലാപരിപാടികളും. മേമ്പൊടിയായി ശശിയണ്ണൻറെ (അമേരിക്കൻ മലയാളികൾക്ക് ഒരേയൊരു അണ്ണനെയുള്ളൂ: ശശിധരൻ നായർ) പ്രിയ ഗാനം. ഇത്രത്തോളം യഹോവ സഹായിച്ചു... ഇത്രത്തോളം ദൈവമെന്നെ നടത്തി. എല്ലാവരും കൂടി ഏറ്റുപാടി ബസ് പോർട്ടിലെ പിയർ ടുവിലെത്തിച്ചു. ഭാഗ്യം വൈകിയിട്ടില്ല.

ബസ് പാർക്കു ചെയ്തതിനു തൊട്ടടുത്താണ് കപ്പൽ. കയ്യെത്തിപ്പിടിക്കാം. അത്രയടുത്ത്. കാർണിവൽ ഗ്ലോറി എന്നു കേട്ടപ്പോൾ അത്രയ്ക്കൊരു ഗ്ലോറിയുണ്ടാകുമെന്നു കരുതിയില്ല. ഇതു തൊട്ടടുത്തൊരു വൻ കെട്ടിടം നിൽക്കുന്നതു പോലെ. അടുത്തു നിന്നു മുകളിലേക്കു നോക്കിയാൽ ആരും പറഞ്ഞു പോകും. എൻറമ്മോ... 13 നിലയുടെ ഉയരത്തിനു ഗാംഭീര്യമേകാനെന്നോണം അതിനും മുകളിൽ വിമാനങ്ങളുടെ ടെയ്ൽഫിന്നു കളെ അനുസ്മരിപ്പിക്കുന്ന ഒരു ചെറു ഗോപുരം കൂടി.

ഉള്ളിൽക്കയറാൻ കൊതിയായി. ചെക്കിൻ കൗണ്ടറുകൾ രണ്ടാം നിലയിലാണ്. ഹാൻഡ് ബാഗേജ് ഒഴിച്ചുള്ളവ ഇപ്പോഴേ കയറ്റി വിടണം. കപ്പലിൽ കയറിക്കഴിയുമ്പോൾ ഒരോരുത്തർക്കും അലോട്ട് ചെയ്ത റൂമിൽ അത് എത്തിയിരിക്കും. അതാണു ചിട്ട. നീണ്ട ക്യൂ പെട്ടെന്നു നീങ്ങുന്നു. കാരണവും പെട്ടെന്നു മനസ്സിലായി. ചെക്കിൻ കൗണ്ടറുകൾ ഒന്നും രണ്ടുമല്ല, അമ്പതെണ്ണമെങ്കിലും കാണും. ചുറുചുറുക്കോടെ ചിരിമായാത്ത മുഖവുമായി കാർണിവൽ യൂണിഫോമണിഞ്ഞ സുന്ദരികളും സുന്ദരൻമാരും യാത്രക്കാരെ ചെക്കിൻ ചെയ്തു കയറ്റുകയാണ്. ഊഴമെത്തിയപ്പോൾ കൗണ്ടറിലേക്കു നീങ്ങി. വെബ് ചെക്കിൻ ചെയ്യാത്തതു കൊണ്ടു തെല്ലു ഫോർമാലിറ്റികൾ കൂടുതലുണ്ട്. പിന്നെ കുറെ സ്റ്റോക് ചോദ്യങ്ങൾ. ആരോഗ്യസ്ഥിതിയെപ്പറ്റിയും മറ്റും. എല്ലാം കഴിഞ്ഞപ്പോൾ ഒരു കാർഡ് കിട്ടി. ക്രെഡിറ്റ് കാർഡിനു സമം. കാർണിവൽ കാർഡ്. എൻറെ പേരെഴുതിയിട്ടുണ്ട്. ഇനിയുള്ള അഞ്ചു ദിനങ്ങൾ ഈ കാർഡാണ് എല്ലാമെല്ലാം. റൂം തുറക്കാനും ഷോപ്പിങ് നടത്താനും ഡ്രിംഗ്സ് വാങ്ങാനമെല്ലാം ഈ കാർഡ് സ്വൈപ് ചെയ്താൽ മതി. കപ്പലിനു പുറത്തിറങ്ങുമ്പോൾ ബിൽത്തുക അടച്ചില്ലെങ്കിൽ ഗേറ്റ് തുറക്കില്ലെന്നു മാത്രം. ഭദ്രമായി കാർഡ് പോക്കറ്റിലാക്കി നടന്നു. കാണാതെപോയാൽ കാർഡു കിട്ടുന്നവന് എൻറെ വകുപ്പിൽ ഷോപ്പിങ് വരെ നടത്താമല്ലോ.

കപ്പലിൽ കയറാനായി എയ്റോബ്രിഡ്ജ് പോലൊരു പാലമുണ്ട്. അതിലൂടെ മെല്ലെ നടന്ന് കാർഡ് സ്വൈപ് ചെയ്ത് ഉള്ളിൽക്കയറി. കയറും മുമ്പുള്ള സെക്യൂരിറ്റി ചെക്കിൽ ഒരു ഫോട്ടൊ കൂടി എടുക്കുന്നുണ്ട്. മൂന്നാം നിലയിലേക്കാണ് പ്രവേശം. ഈ നിലയിലാണ് ലോബി. വലിയൊരു ഹോട്ടൽ ലോബിയിൽ ചെന്നതുപോലെ എന്നു പറയാനാവില്ല. അതിലും ഗംഭീരം. റിസപ്ഷനു വശങ്ങളിലായി ബാറുകൾ വെൽക്കം ഡ്രിംങ്കുമായി വരവേൽക്കുന്നു. മൂന്നാം നിലയിൽ നിന്നു മുകളിലേക്കു നോക്കിയാൽ പതിമൂന്നാം നില വരെ കാണാം. മുകളിലേക്ക് നോക്കി. തൊട്ടു മുകൾ നില ഷോപ്പിങ് കോംപ്ലക്സാണ്. ഡ്യൂട്ടിഫ്രീ ഷോപ്പിങ്. സാധനങ്ങൾക്കൊക്കെ കരയിലേതിൻറെ നാലിലൊന്നു വില. ഡ്രിംങ്ക്സ് വാങ്ങിയാൽ പക്ഷെ റൂമിലേക്കു തരില്ല. പൊതിഞ്ഞ് ടാഗു ചെയ്ത് ഭദ്രമായി വയ്ക്കും. ഇറങ്ങുമ്പോൾ കൊണ്ടു പോകാം. എന്നാൽ ഡ്യൂട്ടിയും അതിനു മുകളിൽ പ്രീമിയവും നൽകിയാൽ സാധനം റൂമിലെത്തിക്കും.

between st.john tour സെൻറ് ജോൺ ടൂറിനിടെ

കപ്പലിൽ ആൾക്കഹോൾ കയറ്റില്ല. ഒരു കുപ്പി വൈൻ വേണമെങ്കിൽ കയറ്റാം. (അച്ചായന്മാരോടല്ലേ കളി. വൈൻകുപ്പിയിൽ കോർക്കു വഴി സിറിഞ്ചു വച്ച് ബ്രാൻഡിയും വിസ്കിയും കടത്തുന്ന ടെക്നോളജി ആരോ വിവരിക്കുന്നതു കേട്ടു). കപ്പലിൻറെ നീതിക്കു ന്യായീകരണമുണ്ട്. ഭക്ഷണ പാനീയങ്ങൾ മൂക്കു മുട്ടെ യാത്രക്കിടയിൽ കഴിക്കാം, കുടിക്കാം. കപ്പലിലെ ബഫെകൾ വിപുലമാണ്. ബ്രേക്ഫാസ്റ്റിനും ലഞ്ചിനും ആയിരക്കണക്കിനു വിഭവങ്ങളുണ്ട്. മംഗോളിയൻ മുതൽ യൂറോപ്യനും ഇന്ത്യനും വരെ. വേണമെങ്കിൽ റൂമിലുമെത്തിക്കും. പിന്നെ കള്ളിനെങ്കിലും കാശു കൊടുത്തു കൂടേ സാറേ. അതും പെഗിന് എയർപോർട്ടുകളിലും മറ്റും ഈടാക്കുന്നതിലും നിരക്കു കുറവുമാണ്. ഏഴു ഡോളർ.

ആദ്യ ചടങ്ങ് മീറ്റിങാണ്. ഫോമയുടെ വാർഷിക യോഗത്തിൻറെ ഉദ്ഘാടനം. സ്ഥലജല വിഭ്രാന്തിയുണ്ടാകും കപ്പലിൽ ആദ്യം കയറുമ്പോൾ. പ്രത്യേകിച്ച് മുറി തപ്പിയെടുക്കാൻ. അര കിലോമീറ്ററോളം ദൂരത്തിൽ നീണ്ടു കിടക്കുന്ന കോറിഡോറുകൾ. രണ്ടു വശത്തും മുറികൾ. ഇതേ രീതിയിൽത്തന്നെ കപ്പലിൻറെ ഇരു വശങ്ങളിലും മുറികളാണ്. തെല്ലു വലയും. ഒരുവിധത്തിൽ തപ്പിയെടുത്ത് റൂമിൽപ്പോയി ഫ്രഷായി. കപ്പലിലെ ജീവിതത്തിൻറെ കൃത്യതയ്ക്കു പ്രഥമോദാഹരണമായി ബാഗേജ് റെഡിയായി ബാഗ്സ്റ്റാൻഡിൽ ഇരിപ്പുണ്ട്. നേരേ ഓഡിറ്റോറിയത്തിലേക്ക്. ചെറിയ ഓഡിറ്റോറിയമൊന്നുമല്ല. നാലു നിലയുടെ ഉയരവും നാലു നിലയിൽ ബാൽക്കണി സീറ്റിങ്ങുമുണ്ട്. വലിയൊരു ടൗൺ ഹാൾ ഇതിനുള്ളിലെടുത്തുവയ്ക്കാം. ഇതാണ് ഏറ്റവും വലിയ ഓഡിറ്റോറിയം. ഇവിടെയാണ് പ്രധാന കലാപരിപാടികളും ഡെയ്ലി ഷോകളും അരങ്ങേറുക. ചെറുതും വലുതുമായി അമ്പതോളം ഹോളുകൾ വേറെയുണ്ട്.

നാലു മണി. കൃത്യസമയത്തു ചടങ്ങു കഴിഞ്ഞു. സംഘാടകരുടെ മിടുക്കല്ല. സമയത്തിനു പരിപാടി തീർത്തില്ലെങ്കിൽ യാതൊരു ദാക്ഷിണ്യവുമില്ല, മൈക് ഓഫ് ചെയ്യും. ലൈറ്റും അണയ്ക്കും. അഞ്ചു ദിവസത്തെ യാത്രയിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു ഇത്. മൈക്കു കണ്ടാൽ പരിസരം മറക്കുന്നവരും സമയം പാലിച്ചില്ലെങ്കിൽ മാനം പോകുമെന്നോർത്തു രണ്ടു മിനിറ്റു മുമ്പേ നിർത്തി. ഹോൾ ഇൻ ചാർജ് മദാമ്മ ഏതു ദൈവം തമ്പുരാനാണെങ്കിലും സമയം കഴിഞ്ഞാൽ പിടിച്ചിറക്കി വിടും.

തിരികെ റൂമിലെത്തി. കപ്പൽ ഇനിയും പുറപ്പെടാറായിട്ടില്ല. അഞ്ചു മണിക്ക് സുരക്ഷാ ഡ്രില്ലുണ്ട്. സയറൻ മുഴങ്ങുമ്പോൾ അഞ്ചാം ഡെക്കിലേക്ക് ചെല്ലണം. സയറൻ കൃത്യം. സ്റ്റെപ് ഇറങ്ങി ഡെക്കിലെത്തി. ഒരോ ഗ്രൂപ് മുറികൾക്കും സോണുകളുണ്ട്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലെ എച്ച് സോണിലാണ് ഞാൻ. മൂന്നു വരിയായി ആളുകൾ ഡെക്കിന് ഇരു വശത്തും നിന്നു. പിന്നിലെ നിരയിൽ മുന്നു വിശിഷ്ടാതിഥികൾ. മുൻ യു എൻ അംബാസഡർ ടി പി ശ്രീനിവാസൻ, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ ബാബു പോൾ, മാവേലിക്കര മുൻ എം എൽ എ എം മുരളി. മൂവരും അച്ചടക്കത്തോടെ നിൽക്കുന്നു. കാനഡ വിസയെടുക്കാതെ വന്നപ്പോൾ ഇങ്ങനെ ക്യൂ നിൽക്കേണ്ടിവന്ന കഥ ഡോ ബാബു പോളും ടി പി ശ്രീനിവാസനും പറഞ്ഞു. ഇത്ര നാളും ബ്യൂറോക്രസിയുടെ കൊടുമുടിയിലിരുന്നിട്ട് എംബസിക്കുമുന്നിലെ ഗാർഡുമാരുടെ മോശം വർത്തമാനം കേട്ടു ക്യൂ നിന്നു വിസയടിപ്പിച്ച കഥ. എനിക്കും നേരേ മുന്നിലാണ് ലൈഫ് ബോട്ടുകൾ. ലൈഫ് ബോട്ട് എന്നാൽ നമ്മുടെ നാട്ടിലെ വലിയൊരു ഹൗസ് ബോട്ടിൻറത്ര വരും. കവചിതമാണ്. എൻജിനുമുണ്ട്. അപകടാവസ്ഥയിൽ എങ്ങനെ അച്ചടക്കത്തോടെ പെരുമാറണമെന്നും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ക്രൂ കാട്ടിത്തന്നു കൊണ്ടിരുന്നപ്പോൾ സെലിൻ ഡിയോണിൻറെ ബാക്ക് ഗ്രൗണ്ട് സ്കോറോടെ ടൈറ്റാനിക് രംഗങ്ങൾ തെല്ലു ഞെട്ടിക്കുന്ന ഓർമയായി.

carnival glory state room കാർണിവൽ ഗ്ലോറിയിലെ സ്റ്റേറ്റ് റൂം

തിരിച്ചു നേരേ മുറിയിലെത്തി. മുരളി എം എൽ എയും ചേർന്നു. രണ്ടാളും കൂടി സിറ്റ് ഒൗട്ടിലെത്തിയപ്പോൾ കപ്പൽ ചലിച്ചു തുടങ്ങി. സമയം വൈകീട്ട് ആറ്. സൂര്യൻ താഴാൻ തുടങ്ങുന്നു. തങ്കപ്രഭയിൽ മൻഹട്ടൻ കെട്ടിടങ്ങൾ തിളങ്ങി നിന്നു. ഫെറി ബോട്ടുകൾക്കും മറ്റനേകം നൗകകൾക്കും ഇടയിലൂടെ കാർണിവൽ ഗ്ലോറി നീങ്ങുമ്പോൾ ഈ എട്ടാം നിലയിലെ ബാൽക്കണിയിൽ വെറുതെ നോക്കി നിൽക്കുക രസമാണ്. പ്രശസ്തമായ മൻഹട്ടൻ സ്കൈലൈൻ. എത്ര നാളത്തെ മനുഷ്യൻറെ പരിശ്രമങ്ങളാവാം ഇത്രയും അംബരചുംബികളായി പരിണമിച്ചത്. അതിനിടയിലൂടെ ഇങ്ങനെയൊരു കാർണിവൽ ഗ്ലോറി.

കാർണിവൽ ക്രൂസിങ് കപ്പലുകളുടെ ശ്രേണിയിലെ ഒരു കപ്പൽ മാത്രമാണ് ഗ്ലോറി. ഇത്തരം 21 കപ്പലുകൾ കാർണിവൽ ഫ്ളീറ്റിലുണ്ട്. എല്ലാത്തിൻറെയും പേരു തുടങ്ങുന്നത് കാർണിവൽ എന്ന വാക്കിലാണ്. കാർണിവൽ ബ്രീസ്, കാർണിവൽ സൺഷൈൻ എന്നിങ്ങനെ. എല്ലാ കപ്പലുകളും പനാമയിൽ റജിസ്റ്റർ ചെയ്ത് യൂ എസ് കേന്ദ്രീകരിച്ച് ഓടുന്നവയാണ്. ക്രൂ അംഗങ്ങളിൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. നാവിഗേഷൻ ക്രൂ പൊതുവെ ഇറ്റലിക്കാരാണ്. ഗ്ലോറിയിൽ മാത്രം കപ്പലോട്ടുന്ന നാവിഗേഷൻ ക്രൂവിൽ ഇറ്റലിക്കാർക്കു പുറമെ ക്രൊയേഷ്യക്കാരുമുണ്ട്. സാധാരണ എക്സ്ക്ലൂസിവ് ഇറ്റാലിയൻ ക്രൂവാണ് കാർണിവൽ കപ്പലുകളുടെ ബ്രിഡ്ജിൽ ഉണ്ടാവുക.

2003 ജൂലൈയിൽ കടലിറങ്ങിയ കാർണിവൽ ഗ്ലോറി, കമ്പനിയുടെ വലിയ കപ്പലുകളിൽ ഒന്നാണ്. 952 അടി നീളം 116 അടി വീതി. 3710 യാത്രക്കാരെയും 1160 ജോലിക്കാരെയും ഉൾക്കൊള്ളാം. ആറു ഡീസൽ എൻജിനുകൾ 22.5 നോട്ട് എന്ന പരമാവധി വേഗത്തിൽ കപ്പലിനെ പായിക്കും. രണ്ടു പ്രൊപ്പല്ലറുകളാണുള്ളത്. പൈലറ്റ് ബോട്ടിൻറെ സഹായമില്ലാതെ ബർത് ചെയ്യാനും യാത്ര തുടങ്ങാനും വേണ്ട സംവിധാനങ്ങൾ ഗ്ലോറിക്കുണ്ട്. 13 നിലയിൽ മുകളിൽ അമ്യൂസ് മെൻറ് പാർക്ക്, സ്വിമ്മിങ് പൂൾ, ജോഗിങ് ട്രാക്ക്, ബാസ്കറ്റ്ബോൾ കോർട്ട് എന്നിവയാണ്.

ഗ്ലോറിയസായി ഗ്ലോറി നടുക്കടൽ ലക്ഷ്യമാക്കി നിങ്ങുകയാണ്. വശങ്ങളിലെ ന്യൂയോർക്ക് കാഴ്ചകൾ ഒരു മഹാനഗരത്തിലൂടെ ഒഴുകി നീങ്ങുന്ന പ്രതീതിയാണു നൽകുന്നത്. കപ്പൽ വെരസാനോ ബ്രിഡ്ജിനു സമീപമെത്തി. പാലത്തിനടിയിലൂടെ വേണം കടലിലെത്താൻ. പേടിക്കേണ്ട, ഗ്ലോറിയെക്കാൾ വലുപ്പമുള്ള ക്യൂൻ മേരി ടു പോലും സ്മൂത്തായി പാലത്തിനടിയിലൂടെ കടന്നുപോകും. 1964 ൽ നിർമിച്ച തൂക്കുപാലം ഇറ്റാലിയൻ പര്യവേഷകൻറെ പേരും പേറി പെരുമയോടെ രണ്ടു നിലയിൽ നിൽക്കുന്നു. പണിത കാലത്ത് ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലമായിരുന്നു. ഇപ്പോഴും ലോകത്തിലെ ഏറ്റവും മനോഹരമായ പാലങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു. പാലത്തിൽ 14 ലെയ്ൻ റോഡുകളുണ്ട്. എട്ടെണ്ണം അപ്പർ ബെർത്തിലും ആറെണ്ണം ലോവർ ബെർത്തിലും.

അമേരിക്കക്കാരൻറെ ദീർഘവീക്ഷണത്തിന് ഉദാഹരണം. ദശകങ്ങൾ മുമ്പേ 14 നിര ട്രാഫിക് വിഭാവനം ചെയ്ത എൻജിനിയർമാരുടെ മുന്നിൽ കേരള പി ഡബ്ല്യു ഡി എൻജിനിയർമാർ നമിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും രണ്ടു വണ്ടി ഒരുമിച്ചു പോകാനാവാത്ത പാലം കെട്ടുന്നതാണല്ലോ നമ്മുടെ എൻജിയറിങ്. പാലത്തിനടിയിലൂടെ ഗ്ലോറിയുടെ 13 നിലകൾ കടന്നിട്ടും പിന്നെയുമുണ്ടു സ്ഥലം ബാക്കി. എന്തൊരു പൊക്കം. നേരം ഇരുണ്ടു തുടങ്ങിയപ്പോൾ മെല്ലെ മുറിക്കുള്ളിലേക്കു നീങ്ങി. ഇനിയാണല്ലോ ഡിന്നറടക്കമുള്ള പരിപാടികൾക്കു തുടക്കം. മുരളി സ്വന്തം മുറിയിലേക്കു പോയി. ഞാൻ കുളിമുറിയിലേക്കും.

കുളിച്ചു പുത്തൻ വസ്ത്രമണിഞ്ഞ് ഫോർമൽ ജാക്കറ്റുമിട്ടു നീങ്ങിയത് ക്യാപ്റ്റൻസ് ഡിന്നറിലേക്കാണ്. അഞ്ചു ദിവസത്തിൽ രണ്ടു നാൾ ക്യാപ്റ്റൻസ് ഡിന്നറുണ്ട്. ഫോർമൽ വസ്ത്രങ്ങളണിഞ്ഞു വേണം ചെല്ലാൻ. പോകും വഴിയിൽ സാം നിൽക്കുന്നു. ഒരു മിനിറ്റ്. വേറൊരു സ്ഥലത്തു കൂടി പോകാനുണ്ട്. സാമിനു പിന്നാലെ പോയത് ചെറിയൊരു ഹോളിലേക്ക്. അവിടെയൊരു ചടങ്ങു നടക്കുന്നുണ്ട്. ഫോമയുടെ മുൻ ട്രഷറാർ ജോസഫ് ഒൗസോ വിവാഹിതനാകുന്നു. വധു സുജ. ഇരുവരും അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഒൗസോയുടെ വേഷം കണ്ടിട്ടു രാജാവിനെപ്പോലെയുണ്ട്. കിന്നരി തലപ്പാവും കൂർത്ത ചെരുപ്പും ചുവന്ന രാജാ വേഷവും. വധുവും മോശമായല്ല ഒരുങ്ങിയിരിക്കുന്നത്. ഫോമ പ്രസിഡൻറ് ബേബി ഊരാളിൽ, സെക്രട്ടറി ബിനോയ് തോമസ്, ട്രഷറാർ ഷാജി എഡ്വേഡ് എന്നിവരടക്കം ഏതാണ്ടെല്ലാ ഭാരവാഹികളും സന്നിഹിതർ. മുൻ പ്രസിഡൻറ് ടൈറ്റസും ഭാര്യ കുസുമവും ലീഡ് റോളിൽ നിൽക്കുന്നു. കപ്പലിലെ ഒരു ഓഫിസറുടെ കാർമികത്വത്തിൽ കല്യാണം നടന്നു. അതേ വേഷത്തിൽ ക്യാപ്റ്റൻസ് ഡിന്നറിന് നവദമ്പതികൾ നീങ്ങി. പിന്നാലെ ഞങ്ങളും.

അഞ്ചു കോഴ്സുണ്ട് ക്യാപ്റ്റൻസ് ഡിന്നറിന്. ഒരോരുത്തർക്കും കാർഡിൽ അനുവദിച്ചിട്ടുള്ള സീറ്റിലേ ഇരിക്കാനാവൂ. പേരെടുത്തു വിളിച്ചാണ് സെർവിങ്. മികച്ച സർവീസ്. ഡിന്നർ ഏതാണ്ടു തീരാറാവുമ്പോളൊരു തകർപ്പൻ ഗാനം. ഗാനം കൊഴുക്കുമ്പോൾ വെയ്റ്റർമാരും വെയ്റ്റ്രെസ്മാരും പ്രത്യേകം നിർമിച്ച പീഠത്തിൽക്കയറി ഒരു ഡാൻസ്. നമുക്കും കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിക്കാം. ഇതോടെ ഏതാണ്ട് ഡിന്നർ അവസാനിക്കയായി.

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.