Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാൻറ് കാന്യൻ കാഴ്ചകൾ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
Grand Canyon ഗ്രാൻറ് കാന്യൻ കാഴ്ചകൾ

അമേരിക്കയിലെ ലാസ് വെഗാസിൻറെ പ്രാന്തപ്രദേശത്തുള്ള ബോൾഡർ സിറ്റി മുനിസിപ്പൽ എയർപോർട്ടിനെ അങ്ങനെ വിളിക്കുന്നുവെന്നേയുള്ളൂ. കണ്ടാലൊരു എയർപോർട്ടിൻറെ പകിട്ടൊന്നുമില്ല. വലിയൊരു എയർപോർട്ടുമല്ല ബോൾഡർ സിറ്റി. വലിയ വിമാനങ്ങൾ ഇവിടെ ഇറങ്ങാറില്ല. നെവാഡ മരുഭൂമിയിൽ നാലു ഫുട്ബോൾ കോർട്ടുകൾ ചേർത്തു വച്ചത്ര വലുപ്പം വന്നേക്കും. ചെറിയൊരു റൺവേ. കോൺക്രീറ്റ് ചെയ്ത തറയിൽ അങ്ങിങ്ങു പാർക്കു ചെയ്തിരിക്കുന്ന ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും. ദൂരെ മാറി എയർപോർട്ട് അതിർത്തിയിൽ ചെറിയ ഹാങ്ങറുകൾ. അതിനും പുറത്ത് മതിലു കെട്ടുന്ന മല നിരകൾ.

ടെർമിനൽ എന്നു പറയാനൊന്നുമില്ല. ചെറിയൊരു കെട്ടിടം. നമ്മുടെ ഇടത്തരം ബസ് സ്റ്റാൻഡിൻറെ വലുപ്പം. എന്നാൽ വലുപ്പം മാത്രമേ കുറവുള്ളു. സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. പാസഞ്ചർ ലോഞ്ചും ടിക്കറ്റ് കൗണ്ടറും അനൗൺസ്മെൻറ് ഡെസ്കുമൊക്കെ ചെറുതെങ്കിലും വൃത്തിയും വെടിപ്പുമുള്ളത്. ഒരു സോവനീർ ഷോപ്പും റിഫ്രഷ്മെൻറ് കൗണ്ടറും വരെ ഉള്ള സ്ഥലത്ത് ഒരുക്കിയിരിക്കുന്നു. ചെറുതെങ്കിലും അമേരിക്കയിലെ വമ്പൻ എയർപോർട്ടുകളിൽ നിന്നു ബോൾഡർ സിറ്റി എയർപോർട്ടിനെ വലുതാക്കുന്നത് ഒരേയൊരു ഘടകം. വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്താൽ നേരെയെത്തുന്നത് ഗ്രാൻഡ് കാന്യനു മുകളിൽ.

Grand Canyon ഗ്രാൻറ് കാന്യൻ കാഴ്ചകൾ

മൂന്ന് എയർലൈനുകൾ ഈ എയർപോർട്ടിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു. ഗ്രാൻറ് കാന്യൻ എയർവേയ്സ്, സീനിക് എയർലൈൻസ്, പാപിലിയോൺ ഹെലികോപ്റ്റർ സർവീസ്. മൂന്നു കൂട്ടരും സർവീസ് നടത്തുന്നത് ഒരേ ലക്ഷ്യത്തിലേക്ക്. ഗ്രാൻഡ് കാന്യൻ. യാത്രക്കാരെ കൊണ്ടു പോവുക. വട്ടം ചുറ്റിച്ച് തിരിച്ചിറക്കുക. ത്രിൽ ഹെലികോപ്റ്റർ റൈഡാണ്. കാരണം താഴ്ന്നു പറക്കും. ചില പാക്കേജുകളിൽ കാന്യനകത്തു ലാൻഡ് ചെയ്യും. ചെറുവിമാനമാണെങ്കിൽ ഉയരത്തിൽപ്പറന്ന് കൂടുതൽ സ്ഥലങ്ങൾ കാട്ടിത്തരുമെന്നതാണു പ്രത്യേകത. വിമാനയാത്രയെങ്കിൽ 150 ഡോളറിൽത്താഴെ മതി. ഹെലികോപ്റ്ററിനു വീണ്ടും കൊടുക്കണം 100 ഡോളർ. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരവും കൂടുതൽ കാഴ്ചയും നൽകുന്ന വിമാന യാത്ര തന്നെ തിരഞ്ഞെടുത്തു. ഡോളറും കുറവുണ്ട്. തീരുമാനം സ്വന്തമായിരുന്നില്ല. ലോസ് ആഞ്ചലസിൽ സ്ഥിരതാമസമാക്കിയ സുഹൃത്തും യുണൈറ്റഡ് എയർവേയ്സ് ഉദ്യോഗസ്ഥനുമായ ജയിംസ് വർഗീസിൻറെ ഉപദേശവുമുണ്ട് പിന്നിൽ. നെറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയത്ത് ജയിംസ്. പ്രിൻറ് ഒൗട്ട് എടുത്താൽ മതി.

ഹോട്ടൽ ബാലീസ് ലാസ് വെഗാസിലെ എല്ലാ ഹോട്ടലുകളെയുംപോലെ വിശാലവും ആഡംബരം തികഞ്ഞതുമാണ്. ലാസ് വെഗാസ് ഹോട്ടലുകളുടെ പ്രത്യേകത അവയുടെ ലോബിയിൽ എത്തണമെങ്കിൽ ചൂതാട്ട മേശകൾ കടന്നെത്തണമെന്നതാണ്. സകല പ്രലോഭനങ്ങളും അവിടെ ഒരുക്കിയിരിക്കുന്നു. കളിക്കുന്നവർക്ക് ഫ്രീയായി ബീർ. വിളമ്പുന്നത് അർധനഗ്ന സുന്ദരികൾ. ഇടയ്ക്കൊക്കെ ഡാൻസ്ഫ്ളോറുകൾ. അവിടെ നർത്തകിമാർ ആടിത്തകർക്കുന്നു. ഹെവി മെറ്റൽ മ്യൂസിക്. മുട്ടിനു മുട്ടിനു ബാർ കൗണ്ടറുകൾ. ആകെപ്പാടെ പാട്ടും ബഹളവും. ഇതു കടന്ന് ചെക്കിൻ ചെയ്യുന്നവർക്ക് മുറിയിൽ ഇരിപ്പുറയ്ക്കില്ല. ഫ്ളോറിലേക്ക് മടങ്ങിയെത്തും. ഇന്ത്യയിലെ ഹോട്ടലുകളിൽ നിന്നു വിഭിന്നമായി ഉള്ളിൽത്തന്നെ ധാരാളം റസ്റ്റൊറൻറുകളും കടകളുമൊക്കെയുണ്ട് വെഗാസ് ഹോട്ടലുകളിൽ. വാടകയോ തുച്ഛം. രണ്ടു ഡബിൾ ബെഡുകളും ആവശ്യത്തിലുമധികം സ്ഥലസൗകര്യവുമുള്ള മുറിക്ക് വെറും 40 ഡോളർ. 2000 രൂപയിൽത്താഴെ. താമസം ബാലീസിലായിരുന്നു.

രാവിലെ 8.30 ന് ഹോട്ടലിൻറെ വെസ്റ്റേൺ ലോബിയിലെത്തണമെന്നാണ് ഗ്രാൻഡ് കാന്യൻ ടൂറുകാരുടെ നിർദ്ദേശം. ഇത് ഇവിടുത്തെ ഹോട്ടലുകളുടെ മറ്റൊരു പ്രത്യേകത. നാലു ചുറ്റും ലോബികളുണ്ട്. മിക്ക ഹോട്ടലുകളുടെയും ലോബികൾ തമ്മിൽ ബന്ധിപ്പിച്ചിട്ടുമുണ്ട്. ഹോട്ടലുകളിൽ നിന്നു ഹോട്ടലുകളിലേക്ക് ലോബികളിലൂടെ കാഴ്ചകളും ഷോകളും കണ്ടു നടക്കാം. പാരീസായും വെനീസായും അണിയിച്ചൊരുക്കിയ കൃത്രിമ ആകാശം വരെയുള്ള ലോബികളുമുണ്ട്.

പറഞ്ഞ സമയത്തിന് അര മണിക്കൂർ മുമ്പേ വെസ്റ്റേൺ ലോബിയിലെത്തി. കൃത്യനിഷ്ഠ കൂടിയിട്ടൊന്നുമല്ല. അമേരിക്കയിലെത്തി ആഴ്ച ഒന്നായെങ്കിലും രാവും പകലും അഡ്ജസ്റ്റു ചെയ്തു വരുന്നതേയുള്ളൂ. ഉറക്കം വഴങ്ങുന്നില്ല. ലോബിയിൽ നിന്നാൽ കാഴ്ചകൾ കാണാമല്ലോ. കുറെ പ്രായമായ സായിപ്പന്മാരും മദാമ്മമാരും പിക്ക് പ്രതീക്ഷിച്ചു നിൽക്കുന്നു. ഇന്ത്യക്കാരെ ആരെയും കണ്ടില്ല. ഇടയ്ക്കിടെ വണ്ടികളെത്തുന്നു. ആളുകളെ പിക്കു ചെയ്യുന്നു. നമ്മുടെ വണ്ടി മാത്രം കണ്ടില്ല. കൃത്യം 8.30 ആയപ്പോൾ എത്തി കറുത്ത ഒരു വാൻ. ഇവിടുത്തെ വണ്ടികൾ അങ്ങനെയാണ്. ലിമോസനായാലും വാനായാലും ബസായാലും കറുത്ത ഗ്ലാസാണ് നാലു ചുറ്റും. നിറവും കറുപ്പ്. ഉൾവശത്ത് എന്തു നടക്കുന്നുവെന്ന് ഒരു പിടിയും കിട്ടില്ല. ഡ്രൈവർഡോർ തുറന്ന് ഒരു മദാമ്മ ഇറങ്ങി. പ്രിൻറ് ഔട്ട് ചെക്കു ചെയ്ത് ഉള്ളിൽക്കയറ്റി. ഞങ്ങൾ ആറു പേർ. വണ്ടി ഓടിത്തുടങ്ങി.

Grand Canyon ഗ്രാൻറ് കാന്യൻ കാഴ്ചകൾ

ലാസ് വെഗാസ് ഒരു ചെറിയ നഗരമാണ്. സ്ട്രിപ് എന്നു വിളിക്കുന്ന ഏതാനും കിലോമീറ്ററുകൾ നീളുന്ന റോഡാണ് മുഖ്യ ആകർഷണം. പിന്നെ ആ റോഡിൻറെ ബൈ ലൈനുകളും. ഇത്രയേയുള്ളൂ നഗരം. നഗരത്തിനുള്ളിൽത്തന്നെ വണ്ടി പോയി നിന്നത് ഫെയറി ടെയിലുകളിൽ മാത്രം കണ്ടിട്ടുള്ളതു പോലെയൊരു സ്ഥലത്ത്. ഇതാണോ എയർപോർട്ട്. നോക്കിയിട്ട് അത്തരമൊരു ലക്ഷണം കണ്ടില്ല. അപ്പോഴതാ മദാമ്മ മറ്റൊരു വലിയ ബസ് ചൂണ്ടിക്കാട്ടി അതിലേക്കു ക്ഷണിച്ചു. ബസിൽ കുറെയധികം യാത്രികരുണ്ട്. അവർക്കൊപ്പം ചേർന്നു. നഗരാതിർത്തി വിട്ട് ബസ് കുതിച്ചു. 45 മിനിറ്റുകൊണ്ട് എത്തിയത് ബോൾഡർ സിറ്റി എയർ പോർട്ടിൻറെ പോർച്ചിൽ.

എയർപോർട്ട് ടെർമിനലിൽ തെല്ലു കാത്തു നിൽപു വേണ്ടി വന്നു. 10.30 നാണ് ഫ്ളൈറ്റ്. അര മണിക്കൂറോളം ബാക്കി നിൽക്കുന്നു. ടെർമിനനിൽ ഒരു വിസിറ്റേഴ്സ് കമൻറ്സ് ബുക്കുണ്ട്. തിരിച്ചു വരുമ്പോൾ എന്തെങ്കിലും എഴുതാമെന്നുറച്ചു. ഫ്ളൈറ്റ് അനൗൺസ് ചെയ്തപ്പോൾ ചെക്കിൻ കൗണ്ടറിൽ ചെന്ന് ബോർഡിങ് പാസ് വാങ്ങി. എല്ലാം ചിട്ടപ്പടി. പത്തു മിനിറ്റ് മുമ്പ് ഡോർ തുറന്ന് ഞങ്ങളെ ബസിലേക്കാനയിച്ചു. അധികം യാത്രക്കാരൊന്നുമില്ല. ആറു പേർ കാണും. ഡ്രൈവർ തന്നെ പാസുകളെല്ലാം പരിശോധിച്ച് ബസിൽക്കയറ്റി. ബസ് ടർമാക്കിൽ കാത്തു കിടക്കുന്ന വിസ്താ ലൈനർ വിമാനത്തിലേക്ക്.

അടുത്തെത്തിയപ്പോൾ തെല്ലു പേടിയായി. ഇത്ര ചെറിയ വിമാനത്തിൽ ഇതു വരെ കയറിയിട്ടില്ല. കണ്ടിട്ട് പഴഞ്ചൻ പോലെയുണ്ട്. പെയിൻറ് ചെയ്ത് വൃത്തിയാക്കിയിട്ടുണ്ടെന്നു മാത്രം. 19 പേർക്ക് യാത്ര ചെയ്യാവുന്ന വിസ്താ ലൈനറിന് രണ്ട് എൻജിനും രണ്ട് പൈലറ്റുമാരുമാണ്. സൈറ്റ് സീയിങ്ങിനായി പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്നതിനാൽ കാഴ്ച തടസ്സപ്പെടുത്താത്ത വലിയ വിൻഡോകൾ. എ സി ക്യാബിൻ. ഡോർ മറിച്ചിടുന്ന സ്റ്റെപ്പുകൾ കയറി ചെറിയ ക്യാബിനുള്ളിലെത്തി. മണ്ണെണ്ണയുടെ ഗന്ധം. ഏവിയേഷൻ ഫ്യൂവലിന് മണ്ണെണ്ണയുമായാണു കൂടുതൽ ബന്ധമെന്നത് എത്ര ശരി. ഹെഡ് റെസ്റ്റില്ലാത്ത സീറ്റുകൾ ബസ് സീറ്റുകൾപ്പോലെയുണ്ട്. എല്ലാം വിൻഡോ സീറ്റുകൾ. ബെൽറ്റിട്ടു.

താഴെ ടർമാക്കിൽ മുട്ടോളമെത്തുന്ന ഷോർട് പാൻറ്സിട്ട പൈലറ്റുമാർ വിമാനത്തിൻറെ ബാക്ക്ഗ്രൗണ്ടിൽ യാത്രികർക്കൊപ്പം നിന്നു പോസു ചെയ്യുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ സോവനീറായി ഫ്രേം ചെയ്ത പടം കിട്ടും. പണമുണ്ടാക്കാൻ എന്തൊക്കെ വഴികൾ.

പോസിങ് കഴിഞ്ഞ് യാത്രികരും പിറകെ പൈലറ്റുമാരും വിമാനത്തിൽ കയറി. ഒരോരുത്തരും കയറുമ്പോൾ വിമാനം ഒന്നു കുലുങ്ങും. കോ പൈലറ്റ് തന്നെ ഡോറടച്ചു. ക്യാബിനിൽ കയറിയിരുന്നിട്ട് തിരിഞ്ഞിരുന്ന് അദ്ദേഹം തന്നെ സുരക്ഷാ അറിയിപ്പും നൽകി. സ്മിത് എന്നാണ് കോ പൈലറ്റ് സ്വയം പരിചയപ്പെടുത്തിയത്. അപ്പോഴേക്കും ക്യാപ്റ്റൻ എൻജിൻ സ്റ്റാർട്ടിക്കഴിഞ്ഞു. രണ്ട് എൻജിനുകളും ശക്തമായി മുരണ്ടു തുടങ്ങിയപ്പോൾ മണ്ണെണ്ണ മണം കൂടി. പങ്കകൾ കറങ്ങി ശക്തി പ്രാപിച്ചപ്പോൾ വിമാനം മൊത്തത്തിൽ ശക്തമായി കുലുങ്ങാൻ തുടങ്ങി. ദൈവമേ വിനയായോ? ഇനിയിപ്പോൾ ഇറങ്ങിപ്പോകാനും പറ്റില്ല.

ഭാഗ്യത്തിനു നീങ്ങിത്തുടങ്ങിയപ്പോൾ കുലുക്കവും വിറയലുമൊക്കെക്കുറഞ്ഞു. റൺവേയിലെത്തി. ടേക്ക് ഓഫ് വളരെ സ്മൂത്. പതിയെ പൊങ്ങിപ്പറക്കുന്ന പഞ്ഞിയായി മാറുന്ന അനുഭവം. മൂന്നു ഭാഷകളിൽ വിവരണമുണ്ട്. ഹെഡ് ഫോണെടുത്ത് ഇംഗ്ലീഷ് സെലക്ട് ചെയ്ത് ചെവിയിൽ വച്ചു. ഗ്രാൻഡ് കാന്യൻറെ ചരിത്രമടക്കം വിശദീകരണം തുടങ്ങുമ്പോൾ വിമാനം ഹൂവർ ഡാമിനു മുകളിലെത്തിയിരുന്നു.

കൊളറാഡോ നദി അരിസോണയിലെ ഭൂപ്രദേശം കാർന്നെടുത്തുണ്ടാക്കിയ വ്യത്യസ്തമായ പ്രകൃതിഭംഗിയാണ് ഗ്രാൻഡ് കാന്യൻ. 446 കിലോ മീറ്റർ നീളത്തിൽ 29 കിലോ മീറ്റർ വീതിയിൽ പരന്നു കിടക്കുന്ന ഈ വന്യമായ അനുഭൂതി അമേരിക്കയിലെ പ്രഖ്യാപിത നാഷനൽ പാർക്കാണിപ്പോൾ. പണ്ട് ഇവിടം ഒരു പീഠഭൂമിയായിരുന്നു. കൊളറാഡോ നദി ഈ പീഠഭൂമിയെ മലയിടുക്കാക്കി മാറ്റി.

Grand Canyon ഗ്രാൻറ് കാന്യൻ കാഴ്ചകൾ

ഒരു നദി ഒഴുകുമ്പോൾ ഭൂമി ഇത്രയ്ക്കു കുഴിഞ്ഞു പോകുമോ എന്ന് അമ്പരന്നുപോകും ഗ്രാൻഡ് കാന്യൻ കാണുമ്പോൾ. രണ്ടു കിലോമീറ്ററോളം ഉയരമുള്ള വലിയ മലയിടുക്കുപോലെ നിൽക്കുന്ന പ്രദേശങ്ങൾ ഉണ്ടാക്കിയത് അതിനു മധ്യത്തിൽ ഒഴുകുന്ന കൊളറാഡോ നദിയാണ്. വിമാനം താഴ്ന്നു പറക്കുമ്പോഴും ശാന്തയെന്നു തോന്നുന്ന നദിക്ക് ഭൂമി ഇത്രയ്ക്കു കുഴിച്ചെടുക്കാൻ എത്ര നാൾ വേണ്ടി വന്നെന്ന് അറിയുമോ? 650 ലക്ഷം വർഷങ്ങൾ.

വെറുമൊരു പ്രകൃതി ഭംഗിക്കുപരി അമേരിക്കൻ സംസ്കാരവുമായും വന്യജീവിവൈവിധ്യവുമായും ഈ പ്രദേശത്തിനു ബന്ധമുണ്ട്. റെഡ് ഇന്ത്യൻ സംസ്കാരം ഈ താഴ്വരകളിൽ പ്രബലമായിരുന്നു. കുറ്റിക്കാടുകളിൽ വളരുന്ന മൃഗങ്ങളും അപൂർവമായ ചെടികളും എന്നും ഗവേഷകർക്ക് വിരുന്നാണ്. ചിലതരം ആടുകൾ, പറവകൾ, മുയലുകളെപ്പോലെയുള്ള മൃഗങ്ങൾ, അനേകതരം ഫംഗസുകൾ എന്നിവയൊക്കെ. വിമാനത്തിലിരുന്ന് എന്തായാലും ഇതൊന്നും കാണാൻ പറ്റില്ല. ഹെലികോപ്റ്ററിലായിരുന്നെങ്കിൽ ഒരുപക്ഷെ പറ്റിയേനേ.

മനുഷ്യ നിർമിതമായ ഏറ്റവും വലിയ അണക്കെട്ടായ ഹൂവർ ഡാമിനു വട്ടമിട്ടു പറന്ന ശേഷം വിമാനം സകൈ വാക്ക് എന്ന മറ്റൊരു അത്ഭുതത്തിനടുത്തു താണു പറന്നു. കുതിര ലാടത്തിൻറെ ആകൃതിയിൽ ഗ്രാൻഡ് കാന്യനു മുകളിലൂടെ നടക്കാനാവുന്ന ഒരു ഗ്ലാസ് അടിത്തട്ടുള്ള പ്ലാറ്റ്ഫോമാണിത്. ഹൂവർ ഡാം, ഗ്രാൻഡ് കാന്യൻ ബസ് ടൂറെടുത്താൽ ഇതൊക്കെ നടന്നു കാണാം. അല്ലെങ്കിൽ ആകാശ വിക്ഷണം മാത്രം.

പിന്നെ ഒരു മണിക്കൂറോളം ഗ്രാൻഡ് കാന്യൻ മടക്കുകൾക്കു മൂകളിലൂടെ വിമാനം പറന്നു. തവിട്ട്, പച്ച, നീല, വെള്ള ചായങ്ങൾ വാരിയൊഴിച്ച് അമൂർത്തമായ ഒരു ചിത്ര രചനപോലെ താഴെ ഗ്രാൻഡ് കാന്യൻ പരന്നു കിടക്കുന്നു. ചിലപ്പോഴൊക്കെ വിമാനം മലമടക്കുകളുടെ ഇടയിലേക്കു താണു പറന്നു. അപ്പോൾക്കാണാം കൊളറാഡോ നദിയുടെ യഥാർത്ഥ രൗദ്രരൂപം. കുത്തിയൊഴുകുകയാണ്, ഇനിയുമൊരായിരം അടി കൂടി ഭൂമി കുഴിച്ചടുക്കാമെന്ന ഭാവത്തിൽ.

ലോ പാസ് എന്നു പറയുന്ന താഴ്ന്നു പറക്കുന്ന ചില വേലകളും പൈലറ്റുമാർ കാട്ടി. ഇത്തരം താണു പറക്കലിൽ ഭാഗ്യമുണ്ടെങ്കിൽ ചാര നിറമുള്ള ബൈഗോൺ ആടുകളെ കാണാനാവുമത്രെ. എന്തായാലും മരുന്നിനു പോലും ഒന്നിനെ കാണാൻ ഭാഗ്യമുണ്ടായില്ല. വിമാനം തറയിൽക്കിടന്നപോലെ അത്ര കുഴപ്പക്കാരനായിരുന്നില്ല പറക്കലിൽ. അമേരിക്കൻ നിലവാരമല്ലേ, മോശമാകുമോ?

മടക്കയാത്ര തുടങ്ങി. വേറൊരു റൂട്ടിൽ വ്യത്യസ്തമായ കാഴ്ചകളുമായി ബോൾഡർ സിറ്റി എയർപോർട്ടിൽ മടങ്ങിയെത്തിയപ്പോൾ നട്ടുച്ച. ടേക്ക് ഓഫ് പോലെ സ്മൂത് ലാൻഡിംഗ്. ചെറിയൊരു ബോട്ടിൽ സോഡയും (കോക്കിനെ അമേരിക്കക്കാർ സോഡയെന്നാണു പറയുക) ലഘുഭക്ഷണവും കഴിച്ചങ്ങനെ നിൽക്കുമ്പോൾ ഹോണടി. തിരിച്ചു പോകാനുള്ള ബസ് വന്നു. മടങ്ങും വഴി സന്ദർശക ഡയറിയിൽ പേരും വിലാസവും രേഖപ്പെടുത്തി. ഒറ്റവാക്കിലൊരു കമൻറും. ഗ്രേറ്റ്... തിരികെ വണ്ടിയിൽക്കയറിയപ്പോൾ തോന്നി. വൺസ് ഇൻ എ ലൈഫ് ടൈം എക്സ്പീരിയൻസ് എന്നെഴുതാമായിരുന്നു.

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.