Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാറിന്റെ ഊട്ടിയിൽ

kakkayam കക്കയത്തു നിന്നുള്ള കാഴ്ച

കൂരാച്ചുണ്ടിലെ പള്ളിക്കുരിശിനു മുകളിലൂടെ ആകാശത്തേക്കു നോക്കുമ്പോൾ കാണുന്ന പച്ചമതിൽക്കെട്ടാണു കക്കയം. പച്ചയിൽ നിന്നു കടും നീലയിലേക്ക് ഭൂമിയും ആകാശവും പരിണയിച്ച് ഒന്നാകുന്നു അവിടെ. കക്കയത്തിന്റെ പേരിൽ രാഷ്ട്രീയ കേരളം നേരിട്ട അടിയന്തരാവസ്ഥകളാണ് ചരിത്ര ബോധമുള്ളവർ ആദ്യമോർമ്മിക്കുക.

മലയുടെ മടിത്തട്ടിൽ ഇന്നും അധികം പേരൊന്നും എത്തിപ്പെടാൻ കൂട്ടാക്കാത്ത ഈ സ്ഥലത്ത്, അടിയന്തരാവസ്ഥക്കാലത്ത് ഒരു പൊലീസ് ക്യാംപ് ഉണ്ടായിരുന്നു. പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുന്നതിന് എത്തിച്ചിരുന്ന സ്ഥലം. കാടിന്റെ നടുവിൽ അവരിൽ പലരുടെയും നിലവിളികൾ മുഴങ്ങിയില്ലാതായി. കക്കയം ക്യാംപിലേക്ക് പൊലീസുകാർ കൊണ്ടുവന്ന രാജൻ എന്ന വിദ്യാർഥി പിന്നീടു വീട്ടിലേക്ക് തിരിച്ചു ചെന്നില്ല. ഇപ്പോഴും അജ്ഞാതമായി തുടരുന്ന ആ അടിയന്തരാവസ്ഥക്കാലത്തിന്റെ കൊടും ചൂടിലല്ല ഇന്നത്തെ കക്കയം അറിയപ്പെടുന്നത്. ഇന്നു കക്കയം മലബാറിന്റെ ഊട്ടിയാണ്. ആ വിശേഷണം ആദ്യം കേട്ടപ്പോൾ ഞങ്ങൾക്കും ചിരിയാണു വന്നത്. പക്ഷേ മുൻവിധികളെ മൂടാൻ മാത്രം കോടമഞ്ഞ് മലപ്പൊക്കത്തിൽ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു

മലബാറിന്റെ ഊട്ടി
തലയാടിനുള്ള വഴിയിൽ അതിമനോഹരമായ ഒരു വ്യൂ പോയിന്റ് ഉണ്ടെന്നു പറഞ്ഞു തന്നത് നാട്ടുകാരിലൊരാളാണ്.. അവിടെനിന്നു നോക്കിയാൽ നീലാകാശം മുതൽ പച്ചക്കടൽ വരെ കാണാമത്രേ. അവിടെയെങ്ങും പക്ഷേ വ്യൂ പോയിന്റിന്റെ അടയാളമൊന്നും കാണാതിരുന്നതുകൊണ്ടാണു വഴിയരികിലെ ആ കൊച്ചു ചായക്കടയ്ക്കു മുന്നിൽ വണ്ടി നിർത്തിയത്. കടയുടമയായ വയോധികയോട് പ്രവീൺ ആ ചോദ്യമെറിഞ്ഞു.

ചേച്ചീ ഇവിടെ വ്യൂ പോയിന്റ് ഉണ്ടോ?
ചോദ്യം മനസിലാകാതെ അവർ പ്രവീണിനെ ശരിക്കും വ്യൂ പോയിന്റിൽ നിർത്തി. സജി ഇടപെട്ടു.ചേച്ചീ വ്യൂ പോയിന്റില്ലേ? വ്യൂ പോയിന്റ്? അതിന്റെ കാര്യമാണു ചോദിച്ചത് ഇത്തവണ അവർക്കു കാര്യം പിടികിട്ടി. ചില്ലലമാര തുറന്ന് പഴം പൊരി എടുത്തു നീട്ടുന്ന ലാഘവത്തോടെ അവർ മറുപടി പറഞ്ഞു.ഓ... കച്ചവടം കുറവായ കൊണ്ട് ആ പലഹാരം ഞങ്ങളിപ്പോൾ ഉണ്ടാക്കുന്നില്ല മോനേ...!!!വയറു നിറഞ്ഞു. ഇനി കക്കയത്ത് എത്താതെ വണ്ടി നിർത്തുന്ന പ്രശ്നമില്ല!

മലബാറിന്റെ ഊട്ടിയെന്ന് കക്കയത്തിന്റെ ഇരട്ടപ്പേരായി ആരും പറയില്ല. അവഗണയുടെ കയത്തിലാണെങ്കിലും കക്കയം തരുന്നത് കാഴ്ചകളുടെ നിലയില്ലാക്കയമാണ്. കാറ്റിന്റെ ശീതവും സംഗീതവും പകരുന്ന കുളിർമയാണ് അവിടത്തെ പ്രത്യേകതകളിലൊന്ന്. തൊട്ടരുകിൽ കുറ്റ്യാടി വൈദ്യുതോൽപാദന പദ്ധതി. വനത്തിനു നടുവിലൂടെ മലകയറി മുകളിലെത്തിയാൽ കക്കയം ഡാം.

ഡാമിന് ഏറെ അകലെയല്ലാതെ വനത്തിൽ ആഴങ്ങളിലേക്കു സംഗീതമായി പതിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ടം. പിന്നെയും കാട്, കണ്ടാലും മതി വരാത്ത അനുഭവങ്ങളിലേക്കു നയിക്കുന്ന കാടിന്റെ അടുത്തെത്തിയാൽ പിന്നെ നിശബ്ദരാവുക. കാടിന്റെ സ്വന്തം ശബ്ദ വിന്യാസങ്ങൾക്കു ചെവി കൊടുക്കുക. കക്കയം ജലാശയത്തിന്റെ മറുകരയിൽ ദാഹമകറ്റാൻ കാടിറങ്ങിയെത്തുന്ന മൃഗങ്ങളെ കാണുക.

ദൈവത്തിന്റെ സ്വന്തം നാടെന്ന സൂചികകളോ സഞ്ചാരികളെ മാടി വിളിക്കാൻ കോൺക്രീറ്റിൽ പണിത ഹെറിറ്റേജ് സമുച്ചയങ്ങളോ ഇവിടെയില്ല. ഉള്ളത് അതിരാവിലെ എല്ലു തുളയ്ക്കുന്ന കുളിര്. ഉച്ചയ്ക്ക് ഉരുക്കുന്ന വെയിലിന്റെ ചൂടിനെ തോൽപ്പിക്കാൻ തണുത്ത കാറ്റിന്റെ വിശറി, കണ്ണിനു വിരുന്നാകാൻ കാനനപ്പച്ച, വൻ മരങ്ങളുടെ തണൽ, കാട്ടു ചീവീടിന്റെ ചൂളം വിളി.

kakkayam കക്കയത്തുള്ള തടാകം

ഐ10 അല്ല ഐ15!!
പുലർച്ചെ കോട്ടയത്തു നിന്ന് പുറപ്പെടുമ്പോൾ യാത്ര ഇത്ര ഗ്രാൻഡ് ആവുമെന്നു കരുതിയതല്ല. കോട്ടയം മുതൽകോഴിക്കോട് വരെ ഓടാൻ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 എന്ന ചെറിയ വണ്ടിയാണല്ലോ എന്ന് ഓർത്തു യാത്ര അൽപം നേരത്തേയാക്കി, പക്ഷേ ഗീയർ ഷിഫ്റ്റ് പൂർണമായപ്പോഴേയ്ക്കും കഥ മാറി . ഐ10 എന്നതു പേരുമാത്രം. കുറഞ്ഞത് ഐ15 എന്നെങ്കിലും പേരിടേണ്ട കാർ. പുറത്തു നിന്നു നോക്കുമ്പോൾ കാണുന്നതല്ല ഗ്രാൻഡ് ഐ10 ഉള്ളിൽ ഐട്വന്റിയുടെ വിശാലത. സാധാരണ ഹാച്ച്ബായ്ക്ക് കാറുകൾക്കുള്ളിൽ ഞെരുങ്ങിയിരിക്കണം.

ഗ്രാൻഡ് ഐ 10ൽ അഞ്ചു പേർക്ക് സുഖമായി യാത്ര ചെയ്യാം. ഒരു പക്ഷേ ഇന്നു നിരത്തിലുള്ള പല സെഡാൻ കാറുകളെക്കാളും സ്ഥലസൗകര്യമുണ്ട് ഉള്ളിൽ കോട്ടയത്തു നിന്നു തൃശൂരും കുന്നുംകുളവും കടന്ന് ചങ്ങരംകുളം വരെ എത്തിയതു പിൻസീറ്റിലിരുന്നവർ അറിഞ്ഞതേയില്ല ഈ സെഗ്മെന്റിലെ കാറുകളിൽ ഇതുവരെയില്ലാത്ത റിയൽ വെന്റ് എസി പകരുന്ന സുഖശീതളിമയിൽ, സ്വപ്നത്തിൽ കക്കയം കാടിലെന്ന വിചാരത്തിൽ അവർ നല്ല ഉറക്കത്തിലായിരുന്നു

കക്കയം അങ്ങാടിയിൽ
വനസംരക്ഷണ സമിതി പ്രസിഡന്റ് ആൻഡ്രൂസ് കട്ടിക്കാന ഞങ്ങളെയും കാത്ത് അങ്ങാടിയിലുണ്ടായിരുന്നു കക്കയം ഡാം സൈറ്റിലേക്ക് അവിടെനിന്ന് 14 കിലോമീറ്റർ യാത്രയുണ്ട്. വനത്തിനു നടുവിലൂടെയുള്ള വഴിയിൽ ഇടയ്ക്കു വിശന്നാൽ കഴിക്കാൻ ഒന്നും കിട്ടില്ല. അതുകൊണ്ട് ആവശ്യത്തിനു പഴങ്ങളും വെള്ളവുമെല്ലാം സംഘടിപ്പിച്ചു കൊള്ളാൻ മുന്നറിയിപ്പ്.

ആരും തിരിഞ്ഞു നോക്കാതെ കിടന്ന കക്കയത്തിന്റെ ടൂറിസം സാധ്യതകൾ മനസിലാക്കി വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് വിളിച്ചു കൊണ്ടു വന്നത് കക്കയത്തെ വനസംരക്ഷണ സമിതിയാണ്. സാധാരണ ഗതിയിൽ ടൂറിസ്റ്റുകൾ എത്തുന്നതോടെ വനം നശിച്ചു തുടങ്ങും എന്നാൽ ഇവിടെ വനത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാതെ ടൂറിസം വികസത്തിനുള്ള മാസ്റ്റർ പ്ലാൻ ആണ് സമിതിയുടെ ആലോചനയിലുള്ളത്.

ഗ്രാൻഡ് ഐ10 മലകയറിത്തുടങ്ങി. പണ്ടൊക്കെ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ മാത്രം പോയിരുന്ന വഴിയാണ്. കെഎസ് ബി യുടെ അധീനതയിലായിരുന്ന വഴി പിന്നീടു ടാർ ചെയ്തു. ഒരു വാഹനത്തിനു പോകാനുള്ള വീതി മാത്രമേ ചിലയിടങ്ങളിലുള്ളൂ. ഉയരങ്ങളിലേക്ക് കയറുന്തോറും കാടിന്റെ കനം കൂടി വന്നു. ഉച്ചകഴിഞ്ഞു മൂന്നു മണിയായപ്പോഴേക്കും നേരം ഇരുട്ടിയ പ്രതീതി.

ഒരു വളവു തിരിഞ്ഞപ്പോൾ ആൻഡ്രൂസ് സ്റ്റോപ്പ് പറഞ്ഞു. ഈ യാത്രയിലെ ആദ്യത്തെ വ്യൂ പോയിന്റ്, കക്കയം വാലി വ്യൂ പോയിന്റ് എന്നാണു പേര്. കുറച്ചു കൂടി മുകളിൽ പനോരമ വ്യൂ പോയിന്റുമുണ്ട്. ഹിൽ സ്റ്റേഷനുകളിൽ ഇത്തരം കാഴ്ചാ വേദികൾക്ക് പണ്ടു കാലത്തു സായിപ്പന്മാരാണ് പേരിടുക. പക്ഷേ കക്കയത്തേക്കു പണ്ടൊരു സായിപ്പും മലകയറി വന്നിട്ടില്ല. പിന്നെ എങ്ങനെ ഈ ഇംഗ്ലീഷ് പേരുകൾ വന്നു.

ആൻഡ്രൂസ് ചെറിയൊരു ചിരിയോടെ മറുപടി പറഞ്ഞു. അടുത്ത കാലത്ത് ഞങ്ങളാണ് ഇതിനൊക്കെ പേരിട്ടത്. ഭാവിയിൽ ഇവിടെ കാഴ്ച കാണാൻ ഒരു ടവർ നിർമിക്കാൻ സർക്കാർ തയാറാകുമായിരിക്കും!

വ്യൂ പോയിന്റിൽ നിന്നു താഴേക്കു നോക്കുമ്പോൾ അകലെ കൂരാച്ചുണ്ടും തലയാടും മുതൽ ദൂരേക്കുള്ള കാഴ്ചകൾ കാണാം. ചെറുതും വലുതുമായ മലകൾക്കിടയിലൂടെ ദാവണി അഴിച്ചിട്ടതു പോലെ ഒരു വെള്ളിരേഖ.

താഴെയുള്ള പെരുവണ്ണാമൂഴി ഡാമിന്റെ ജലാശയമാണത്. മലകൾക്കിടയിൽ വെള്ള നിറത്തിൽ വളഞ്ഞു പുളഞ്ഞു കിടക്കുകയാണ് ജലാശയം.

അകലെ മലയിൽ മഴ പെയ്യുന്നു. ഇക്കരെ നിന്നാൽ മഴമേഘങ്ങൾ കണ്ണീർ പൊഴിക്കുന്നതു വ്യക്തമായി കാണാം. വളവുകൾ തിരിഞ്ഞു ഗ്രാൻഡ് ഐ10 ഡാംസൈറ്റിലേക്കു കുതിപ്പു തുടങ്ങി കുറെ ദൂരം കൂടി പിന്നിട്ടപ്പോൾ പിന്നിലിരുന്നു ഫോട്ടോഗ്രാഫർ സജി അലറി. വണ്ടി നിർത്തണം ഈ പടമെടുക്കാതെ മുൻപോട്ടു പോകാൻ പറ്റില്ല.

ഏതു പടം എന്നറിയാതെ ആകാംക്ഷയോടെ പുറത്തേക്കു നോക്കി. അപ്പുറത്തെ മലയിൽ നിന്ന് ഒരു സംഘം മഴ മേഘങ്ങൾ കക്കയം മലനിരകളിലേക്കു പാഞ്ഞുവരികയാണ്. ജീവിതത്തിൽ ഇന്നുവരെ കാണാത്ത ആ കാഴ്ച കാണാൻ എല്ലാവരും കാറിൽ നിന്നു പുറത്തിറങ്ങി. മഴയ്ക്കു മുൻപേ ആദ്യമെത്തിയത് കോടമഞ്ഞാണ്. കോടമഞ്ഞു ഞങ്ങളെ വാരിപ്പുണർന്നു. തൊട്ടു പിന്നാലെ തണുത്ത ഒരു കാറ്റുവീശി. ആ കാറ്റിൽ വഴിയരികിലെ പുൽക്കാടുകൾ ഈണത്തോടെ നൃത്തം ചെയ്തു. കാഴ്ചകളുടെ മലമുകളിൽ ഞങ്ങൾ സ്തബ്ധരായി നിന്നു. മലബാറിന്റെ ഊട്ടി എന്ന വിശേഷണം ടൂറിസ്റ്റുകളെ തെറ്റിദ്ധരിപ്പിക്കാൻ എഴുതിച്ചേർത്തതാവുമെന്ന മുൻവിധികളെല്ലാം അവിടെ വീശിയ കാറ്റിൽ പാറിപ്പറന്നു വൈകാതെ മഴയെത്തി ഇടിവെട്ടിപ്പെയ്യുന്ന തുലാവർഷം തുള്ളിക്കൊരു കുടം.

മഴത്തണുപ്പ്
മഴ സ്നേഹം കൊണ്ടു മൂടി. യാത്ര തുടരുകയാണ്. ഡാം സൈറ്റിനു മുൻപുള്ള ചെറിയ മൈതാനത്ത് വാഹനങ്ങളുടെ പാർക്കിങ് ഉണ്ട്. അവിടെ നിന്നു ഡാമിലേക്കു നടക്കണം. മഴ ശക്തമായി തുടരുന്നു. വനംവകുപ്പ് ജീവനക്കാരൻ സലോമി തോമസ് കുടയുമായി വന്നു. താഴെ കക്കയം അങ്ങാടിയിലെ പവർഹൗസിലേക്കാണ് ഈ ഡാമിലെ വെള്ളം കൊണ്ടു പോകുന്നത്. രണ്ടു പവർഹൗസുകൾ താഴെയുണ്ട്. ഇവിടേക്കുള്ള വഴിയിലെ കാഴ്ചകളുടെ ഒപ്പമില്ല ഡാം സൈറ്റിലെന്നു കരുതിയപ്പോഴാണ് സലോമി ഉരക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ചു പറഞ്ഞത്. ഡാമിൽ നിന്നു വീണ്ടും ഒരു കിലോമീറ്ററോളം കാട്ടിലൂടെ മുൻപോട്ടു നടക്കണം. ഉയരത്തിൽ നിന്നു വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്നയർഥത്തിലാണു വെള്ളച്ചാട്ടത്തിന് ഉരക്കുഴി എന്നു പേരുവന്നതത്രേ!

ഇടത്തരം വലുപ്പമുള്ള അണക്കെട്ടാണ് കക്കയത്തേത്. അവിടെ ഫോട്ടോഗ്രാഫ് നിരോധിച്ചിരിക്കുന്ന വിവരം ഒരു പൊലീസുകാരൻ വന്നു സ്നേഹപൂർവം ഓർമപ്പെടുത്തി. ഉരക്കുഴിയിലേക്കുള്ള നടപ്പ് ഉൾക്കാട്ടിലേക്കുള്ള നടപ്പുകൂടിയാണ്. സകല കാട്ടു ജീവികളും വേനൽക്കാലത്ത് ഈ വഴിയിൽ കാത്തു നിൽക്കും.

വഴിയിൽ പലയിടത്തും കാടിന് ആകാശമില്ല. വൻ മരങ്ങൾ ആകാശത്തെ മറച്ചുപിടിക്കുന്നു. വഴിയിൽ ആനയുടെ കാൽപ്പാടുകൾ ചതഞ്ഞ ഈറ്റക്കാടുകൾ. ആനയുടെ സ്ഥിരം നടവഴി കണ്ടു. അതു മുറിച്ചു കടന്നുവേണം പോകാൻ. കുത്തനെയുള്ള ഇറക്കത്തിൽ കരിങ്കല്ലുകൾ പാകിയിട്ടുള്ളതിനാൽ നടപ്പ് എളുപ്പമാണ്. തണുപ്പിനെ വകഞ്ഞുമാറ്റി വെള്ളച്ചാട്ടത്തിനരികിൽ എത്തുമ്പോൾ നട്ടുച്ചയ്ക്കു പോലും ഇരുട്ടിന്റെ മറ. രണ്ട് അരുവികൾ കുതിച്ചു പാഞ്ഞെത്തി ഒന്നിച്ച് അഗാധമായ താഴ്ചയിലേക്കു പതിക്കുകയാണ്.

kakkayam കക്കയത്തുള്ള തടാകം

വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നുള്ള ആ കാഴ്ച ശരിക്കും ഉൾക്കിടിലമുണ്ടാക്കുന്നു. അകമ്പടിയായി മഴയുടെയും കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തിന്റെയും ജലപാതത്തിന്റെയും മുഴക്കമുള്ള ശബ്ദവും അരുവിക്കു കുറുകെയുള്ള തൂക്കു പാലത്തിനു നടുവിലെത്തിയാൽ താഴെ അഗാധതയിലേക്കു വെള്ളം പതഞ്ഞൊഴുകുന്ന ദൃശ്യം തൊട്ടടുത്തു കാണാം. സ്പിൽബർഗിന്റെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ലൊക്കേഷൻ പോലെ എന്നു പറഞ്ഞ് സജിയും പ്രവീണും അഗാധതയിലേക്കു ക്യാമറ സൂം ചെയ്യുന്നു.

വെള്ളച്ചാട്ടത്തോടു ചേർന്നുള്ള നീരാട്ടു കയത്തിൽ മുൻപു കൊട്ടത്തോണി സർവീസുണ്ടായിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ തെന്നിത്തെറിച്ച് ഒരു സാഹസിക ജലയാത്ര. രാത്രി ആനകളും നീരാട്ടിനിറങ്ങുന്ന ഇടമാണ്. ഒരു രാത്രി ആനകളുടെ നീരാട്ട് കഴിഞ്ഞപ്പോൾ കൊട്ടത്തോണികൾ പീസ് പീസായി. അതോടെ ആ സാഹസികത തൽക്കാലത്തേക്കു നിർത്തി

ഒരേ കടൽ; ദൂരെ
മലയുടെ നെറുകയിലാണ് ഡാമിന്റെ സർജ് ഏരിയ. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 2,450 അടി ഉയരത്തിൽ. ഡാമിലേക്കുള്ള പെൻസ്റ്റോക്ക് പൈപ്പുകളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിനായി സ്ഥാപിച്ചതാണ് സർജ് ഏരിയ. കാട്ടിടവഴികൾ കടന്നു സർജിന്റെ മുന്നിലെത്തിയാൽ പിന്നെ നിരപ്പായ പ്രദേശം. സർജിന്റെ നെറുകയിൽ ചൂഴ്ന്നു നിൽക്കുന്ന മഞ്ഞിന്റെ മറ നീങ്ങുമ്പോഴൊക്കെ കിലോമീറ്ററുകൾ അകലെ കൊയിലാണ്ടിയിൽ കടൽ ഇരമ്പുന്ന കാഴ്ചയുണ്ടാവും. തണുപ്പിന്റെ പുതപ്പണിഞ്ഞ് അകലെ വേനലിൽ വെട്ടിത്തിളയ്ക്കുന്ന കടൽ കാണാനാവുന്ന അപൂർവ ഇടം. മലമുകളിൽ നിന്നാൽ വൈകിട്ടു സൂര്യൻ കടലിൽ താഴുന്നതും കാണാം.

വന്യജീവി സങ്കേതത്തിന്റെ അതിരുകൾ കൽപ്പറ്റയിലെ കുറിച്ച വനമേഖലയും പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും താമരശേരി റെയ്ഞ്ചിലെയും കോഴിക്കോട്ടെയും ചില വന മേഖലകളും ചേരുന്നതാണ്. ഇവിടെനിന്ന് 680 ഇനം സപുഷ്പികളും 39 ജാതി പുല്ലുകളും 22 ജാതി ഓർക്കിഡുകളും 28 ജാതി പന്നലുകളും കണ്ടെത്തിയിട്ടുണ്ട്. കടുവ, പുലി, കാട്ടുപോത്ത്, പല ജാതി കുരങ്ങുകൾ മലമാൻ, കേഴമാൻ, കാട്ടുനായ, കരടി, ചെങ്കീരി, കാട്ടുപന്നി, മുള്ളൻപന്നി, പശ്ചിമഘട്ടത്തിൽ മാത്രം ജീവിക്കുന്ന ഈഞ്ച അണ്ണാൻ ഉൾപ്പെടെയുള്ള അണ്ണാനുകൾ തുടങ്ങി പല വന്യജീവികളുടെയും സാന്നിധ്യത്താൽ ആകർഷകമാണ് ഇവിടെ. പശ്ചിമ ഘട്ടത്തിൽമാത്രം കാണപ്പെടുന്ന നീലഗിരി ചിലപ്പൻ, ചെഞ്ചിലപ്പൻ, കോഴിവേഴാമ്പൽ, മരപ്രാവ്, നീലക്കിളി, പാറ്റ പിടിയൻ എന്നിവ ഉൾപ്പെടെ ഏതാണ്ട് 180ൽ ധികം ജാതി പക്ഷികളെ ഇവിടെ കണ്ടെത്തി. ധാരാളം ഉഭയ ജീവികളും ഉരഗങ്ങളും ഇവിടെയുണ്ട്. റീഡ് ഫ്രോഗ് എന്നു വിളിക്കുന്ന തവള ഇന്ത്യയിൽ ഇവിടെ മാത്രമേ ഉള്ളൂ എന്നതാണ് പുതിയ കണ്ടെത്തെൽ.

മലബാറിന്റെ തേക്കടിയും!
മലയിറങ്ങി കക്കയം അങ്ങാടിയിലെത്തുമ്പോൾ മലബാറിലെ ഊട്ടിയെന്ന ബോർഡ് വീണ്ടും കണ്ടു. മലബാറിന്റെ ഊട്ടിമാത്രമല്ല, മലബാറിന്റെ തേക്കടിയും ഇവിടെയുണ്ട്. കരിയാത്തുംപാറ എന്ന സ്ഥലത്തെക്കുറിച്ചു കേട്ടിട്ടില്ലേ? ഒട്ടേറെ സിനിമകളുടെയും മറ്റും ഷൂട്ടിങ് നടക്കുന്ന സ്ഥലമാണ്.

കരിയാത്തുംപാറയിലേക്ക് ഗ്രാൻഡ് ഐ10 വച്ചു പിടിച്ചു. പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമാണു കരിയാത്തുംപാറ. തേക്കടി ജലാശയം പോലെ കരിയാത്തുംപാറയിലും ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമായൊക്കെയുണ്ട്. അതിമനോഹരമായ പുൽമേടുകൾ. കാഴ്ചയ്ക്കു ഭംഗി കൂട്ടുന്ന തരം മരങ്ങൾ വിദഗ്ധനായ ഒരു ശിൽപി ക്രമീകരിച്ചതു പോലെ പ്രകൃതി അവയുടെ ലേ ഔട്ട് അതിമനോഹരമായി നിർവഹിച്ചിരിക്കുന്നു.

ഗ്രാൻഡ് ഐ10 ഇറക്കിയിട്ട് ഒരു പടമെടുക്കാൻ വേണ്ടി വഴി കണ്ടുപിടിച്ചു. പല പോസുകളിലായി എത്ര ചിത്രങ്ങളെടുത്തിട്ടും മതി വരുന്നില്ല. ഇന്ത്യൻ റുപ്പി മുതൽ പിന്നോട്ട് ഒട്ടേറെ ചിത്രങ്ങളുടെ ലൊക്കേഷനായിട്ടുണ്ട് ഇവിടം. ധ്വനി, കാറ്റത്തെ കിളിക്കൂട്, തിടമ്പ്, ഏയ് ഓട്ടോ, കാക്കി, പിൻഗാമി, വ്യൂഹം സിനിമകളുടെ പേരു പറയാൻ നാട്ടുകാർ മൽസരിക്കുകയാണ്.

kakkayam കക്കയത്തു നിന്നുള്ള കാഴ്ച

കക്കയം സിനിമ—ആൽബം ചിത്രീകരണ മേഖലയാണീപ്പോൾ. കല്യാണ ആൽബം ചിത്രീകരിക്കാൻ ധാരാളം പേർ ഇവിടെയെത്തുന്നു. കിളികുടുക്കി, വദാംവളവ്, തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളാണു മറ്റു പ്രധാന ലൊക്കേഷനുകൾ.

കക്കയം എന്ന പേരുകേട്ട് ഒരു പ്രതീക്ഷയുമില്ലാതെയാണു വന്നത്. ഐ10ലെ യാത്ര ഇത്രയ്ക്കു ഗ്രാൻഡ് ആവുമെന്നും കരുതിയില്ല. എല്ലാ പ്രതീക്ഷകളെയും മുൻവിധികളെയും തകർത്തു കളഞ്ഞു ഈ യാത്ര!

അട്ടയല്ല രാജവെമ്പാല!
യാത്ര അവസാനിപ്പിച്ച് മടങ്ങാൻ ഒരുങ്ങുമ്പോഴാണു സ്ഥലകാല ബോധം വീണ്ടു കിട്ടിയത്. കാലിൽ നിറയെ അട്ടകൾ. ശരീരത്തിലെ ചീത്ത രക്തമാണു കുളയട്ടകൾ കുടിക്കുന്നതെന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാലും അട്ടകളുടെ മേളനം കണ്ടു തലപെരുത്തപ്പോൾ ആൻഡ്രൂസ് വക ആശ്വസിപ്പിക്കൽ. സാരമില്ല അട്ടയല്ലേ കടിച്ചുള്ളൂ. കാടിന് അകത്താണേൽ ഇഷ്ടം പോലെ രാജവെമ്പാലകളുണ്ട്.

ആരെങ്കിലും അതുകേട്ടു ഞെട്ടിയോ? ഞെട്ടാൻ കാറിനു പുറത്ത് ആരും ബാക്കിയുണ്ടായിരുന്നില്ല ആരും പേടിക്കേണ്ട. രാജവെമ്പാലകൾ ഇവിടെയല്ല. ഉൾക്കാട്ടിലാണ്. പേടിപ്പിക്കാൻ പറഞ്ഞതാണ് എന്നൊക്കെ ആൻഡ്രൂസ് ആവർത്തിച്ചുകൊണ്ടേയിരുന്നു. അതുകേൾക്കാൻ ഗ്രാൻഡ് ഐ10നു സമയമുണ്ടായിരുന്നില്ല!!

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.