Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യ, സഞ്ചാരികളുടെ സ്വർഗം!

Kuala-Lumpur വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന സ്വപ്നസ്വർഗം - ക്വാലാലംപൂർ നഗരം

ഏഷ്യയിലെ ചെറിയൊരു സ്വർഗം എന്നുതന്നെയാണ് മലേഷ്യയെ മലേഷ്യക്കാർ പരിചയപ്പെടുത്തുന്നത്. മലേഷ്യയിലുടെ യാത്രചെയ്താൽ അത് അവഗണിക്കാനാകാത്ത ഒരു സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്യും. ലോകത്തെ ഏത് വൻനഗരത്തോടും കിടപിടിച്ച് നിൽക്കുന്ന ക്വാലാലംപൂർ നഗരം സ്വപ്നസ്വർഗം തന്നെയാണ്.

തലസ്ഥാന നഗരമായ ക്വാലാലംപൂരിൽ വിമാനമിറങ്ങുമ്പോൾ മുതൽ മനസിലാകുന്നൊരു കാര്യമുണ്ട്.ഓരോ നഗരവവും എത്ര ആസൂത്രിതമായാണ് മലേഷ്യയിൽ നിർമിച്ചിരിക്കുന്നതെന്ന്. എല്ലാം കൃത്യമായ കണക്കിൽ, സൗകര്യത്തിലും യാത്രാസംവിധാനങ്ങളിലും കാഴ്ചയിലുമൊക്കെ കൃത്യത.

പട്രോണസ് ട്വിൻ ടവർ

ആകാശം തൊട്ട് നിൽക്കുന്ന ഇൗ ഇരട്ടകെട്ടിടങ്ങളാണ് ഇന്നു ലോകത്തു തന്നെ ഏറ്റവും ഉയർന്ന കെട്ടിടം. ഇവയിൽ നിറയെ ഷോപ്പിങ് കോംപ്ലക്സുകൾ. 451.9 മീറ്റർ ഉയരമാണീ ഇൗ ഇരട്ടകൾക്ക്. 88 നിലകൾ. ഗ്ലാസിന്റെയും സ്റ്റീലിന്റെയും പുറംതോടിൽ രാത്രിയിൽ ട്വിൻടവറുകൾ ലോകത്തെ ഏറ്റവും അപൂർവകാഴ്ചയാണ്. രാജ്യത്തിന്റെ അഭിമാനമായി ഇതിനെ സംരക്ഷിക്കുന്ന മലേഷ്യയിലെ ജനങ്ങൾ തങ്ങളുടെ വളർച്ച ആകാശം മുട്ടുമെന്നു പറയുന്നത് ഇൗ ട്വിൻ ടവറുകളെ ചൂണ്ടിക്കാണിച്ചാണ്.

മെലേകാ.— കാണേണ്ടനഗരം

മലേഷ്യൻ യാത്രയിൽ ആദ്യം നുകരേണ്ട സൗന്ദര്യമാണ് മെലേകാ നഗരം. ‘സൗന്ദര്യത്തിന്റെ കൂട്ട്ആണ് ഇൗ നഗരമെന്നുപറയാം. ഹെറിറ്റേജ് സിറ്റിയെന്ന് ലോകം അറിയപ്പെടുന്ന മെലേകായും രണ്ടു പ്രത്യേകതകൾ ആദ്യം പറയാം. ഇൗ നഗരത്തിൽ ഒരു വാഹനവും ഹോൺ മുഴക്കില്ല. ഇവിടെയാരും സിഗരറ്റ് വലിക്കില്ല. ഇതു രണ്ടും സ്നേഹപൂർവം നിരോധിച്ചിരിക്കുന്നതിനാൽ ആരും അതിന് തുനിയാറുമില്ല. അതുകൊണ്ടു തന്നെ ഇൗ ഇൗ നഗരം അത്രയും ശാന്തമാണ്. കാഴ്ചകൾ നുകരുമ്പോൾ ഒരു അപശബ്ദം പോലും നമ്മളെ ശല്യപ്പെടുത്താൻ വരില്ല. ഇൗ നഗരത്തിന്റൈ പ്രത്യേകത മറ്റൊന്നുകൂടിയുണ്ട്. ഇന്ത്യൻ നഗരത്തിലൊന്നുമില്ലാത്തത്. ഇൗ മഹാനഗരത്തിൽ രണ്ടുമാസത്തിനിടെയുണ്ടായത് ഒരു ക്രിമിനൽ കേസ് മാത്രം. അത്രയ്ക്ക് കൂൾ...

മെലേകായുടെ വീഥികൾ മിക്കതും പൗരാണികത തുളുമ്പുന്നവ. ആധുനികതയെ അവർ സ്വീകരിച്ചിരിക്കുന്നത് തന്നെ അടുക്കും ചിട്ടയോടെയാണ്. റോഡുകൾ വിശാലവും ഒപ്പം സൗന്ദര്യമുള്ളവയും. അത്യാധുനിക ആശുപത്രികൾ മെലേകയുടെ സമ്പാദ്യം. മെഡിക്കൽ ടൂറിസത്തിന്റെ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് വിദേശികൾ.

മെലേകാ നദീ യാത്ര

മെലേകയുടെ സൗന്ദര്യം കാണാനും ചരിത്രം മനസിലാക്കാനും ഈ നദീയാത്ര നടത്തണം. ഇരുകരകളിലുമായി പഴയ ഗോഡൗണുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയും നദിക്കുകുറുകെയുളള പഴയകാല പാലങ്ങളും ആകർഷകങ്ങളാണ്. കംപങ് മോർട്ടൻ എന്ന മലയ ഗ്രാമവും ഈ യാത്രയിൽ കാണാം.പുരാതന ആചാരാനുഷ്ഠാനങ്ങൾ ഇന്നും പാലിച്ചുപോരുന്ന മലയ ഗ്രാമമാണ് കംപങ് മോർട്ടൻ

മെലേക സുൽത്താനേറ്റ് കൊട്ടാരത്തിന്റെ മാതൃക (കൾച്ചറൽ മ്യൂസിയം)- മെലേക ടെൻഗാ

15-ാം നൂറ്റാണ്ടിലുണ്ടായിരുന്ന മെലേക കൊട്ടാരത്തിന്റെ അതേ അനുപാതങ്ങളിൽ പണിതീർത്തിട്ടുളളതാണ് ഈ കൾച്ചറൽ മ്യൂസിയം. സുൽത്താന്റെ സഭയുടെ മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ലാങ്കാവി

കെദായുടെ രത്നം എന്നറിയപ്പെടുന്ന ലാങ്കാവി 99 ചെറുദ്വീപുകളുടെ ഒരു സമൂഹമാണ്. രാജ്യത്തെ ഏറ്റുവം പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. തെളിഞ്ഞ മണൽപ്പരപ്പും തീരങ്ങളും പ്രകൃതിസൗന്ദര്യവും ലാങ്കാവിക്ക് 2007ൽ യുനെസ്കോയുടെ ഗ്ളാബൽ ജിയോപാർക്ക് ബഹുമതി നേടിക്കൊടുത്തു. ദ്വീപുകളെക്കുറിച്ചുളള മിത്തുകളം കഥകളും സഞ്ചാരികളെ വിസ്മയിപ്പിക്കും.

ബുജാങ് വാലി ആർക്കിയോളജിക്കൽ മ്യൂസിയം-മെർബോക്

ദക്ഷിണപൂർവേഷ്യയിലെ (സൗത്ത് ഈസ്റ്റ്) ഏറ്റവും പഴക്കം ചെന്ന സംസ്കാരം നിലനിന്നിരുന്ന ഇടമാണ് ബുജാങ് താഴ് വാരം. ഇവിടത്തെ പുരാതന സംസാകാരത്തിന് ഏതാണ്ട് 2000 വർഷത്തെ പഴക്കം കണക്കാക്കുന്നു. കാൻഡി എന്നറിയപ്പെടുന്ന അമ്പതിലധികം പുരാതന നിർമിതികളും ആയിരത്തിലധികം മറ്റ് അവശിഷ്ടങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്.

അലോർ സെറ്റാർ ടവർ-അലോർ സെറ്റാർ

നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് ആലോർ സെറ്റാർ ടവർ. 165.5 മീറ്റർ നീളമുളള ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാർത്താവിനിമയ ടവറുകളിൽ 19-ാം സ്ഥാനത്താണ്. കറങ്ങുന്ന ഒരു റസ്റ്ററന്റും ദൂരക്കാഴ്ചകൾ കാണാൻ ഒരു ഒബ്സർവേഷൻ ഡെക്കുംക്രമീകരിച്ചിട്ടുണ്ട്.

പാഡി(നെല്ല്) മ്യൂസിയം-കോട്ട സെറ്റാർ

ഗുണാങ് കെരിയാങ്ങിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം നെൽകൃഷിയുടെയും വിളവെടുപ്പിന്റെയും വിവിധ വശങ്ങളെക്കുറിച്ച് അറിവുനൽകുന്നു. കറങ്ങുന്ന ഒരു പ്ളാറ്റ്ഫോമിൽ നിന്നാൽ നെൽപ്പാടങ്ങളും വിളവെടുപ്പും കാണാനാവുന്ന ഒരു മ്യൂറലും സജ്ജീകരിച്ചിട്ടുണ്ട്.

ട്രീ ടോപ്പ് വോക്ക്കുലിം

സെഡിംറിവർ റിക്രിയേഷൻ പാർക്കിലാണ് 950 മീറ്റർ നീളം വരുന്ന ട്രീ ടോപ്പ് വോക്ക്. ലോകത്തിലെ ഏറ്റവും നീളമേറിയ കനോപ്പി വോക്ക് വേയാണിത്. താഴെ പച്ചപ്പുനിറഞ്ഞ വനവും വന്യമൃഗങ്ങളും പക്ഷികളും ട്രീ ടോപ്പ് വോക്കിലെ കാഴ്ചകളാണ്.സെഡിം നദി റാഫ്റ്റിഗും കയാക്കിംഗും ആസ്വദിക്കാൻ പറ്റിയ ഇടം തന്നെ.

ലെഗോലാന്റ്മായാനഗരം

ജോഹറിലെ നുസാജയയിലുളള ലെഗോ ലാന്റ് മലേഷ്യ തീം പാർക്ക് ഏഷ്യയിൽ ആദ്യത്തേതും ലോകത്തിലെ ആറാമത്തേതുമാണ്. 76 ഏക്കറിലായാണ് ഇതു സ്ഥിതിചെയ്യുന്നത്. നാൽപ്പതിലധികം ഇന്ററാക്ടീവ് റൈഡുകളും ഷോകളും ഇവിടെയുണ്ട്. മിനിലാന്റ് എന്നറിയപ്പെടുന്ന മേഖല തീം പാർക്കിന്റെ പ്രത്യേകതയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള പ്രശസ്ത നിർമിതികൾ 30 ദശലക്ഷത്തിലധികം (മില്യൺ) ലെഗോ കട്ടകൾ (ബ്രിക്സ്) ഉപോയിച്ച് ഇവിടെ പുനർനിർമിച്ചിരിക്കുന്നു. പെട്രോണാസിലെ ഇരട്ട ഗോപുരങ്ങൾ, മെർലിയോൺ സ്റ്റാച്യു, താജ് മഹൽ എല്ലാം ഇവിടെയുണ്ട്. 1:20 എന്ന അനുപാതത്തിലാണ് ഇവ പണിതീർത്തിരിക്കുന്നത്. ലെഗോ സിറ്റി, ലാന്റ് ഓഫ് അഡ്വഞ്ചർ, ഇമാജിനേഷൻ, ലെഗോ കിങ്ഡം, ലെഗോ ടെക്നിക് എന്നിങ്ങനെ നിരവധി കാഴ്ചകളുളള ലെഗോലാന്റ് ഒരു മാന്ത്രിക നഗരം തന്നെയാണ്.

ദെസാറു ഫ്രൂട്ട് ഫാമിലേക്ക്

രാജ്യത്തെ ട്രോപ്പിക്കിൽ കാലാവസ്ഥയിൽ വളരുന്ന ഫലവർഗങ്ങളെക്കുറിച്ചറിയാൻ നൂറേക്കറിൽ പരന്നുകിടക്കുന്ന ദെസാറു ഫ്രൂട്ട് ഫാമിലെത്തിയാൽ മതി. ഫലവൃക്ഷങ്ങളുടെ നൂറിലധികം ഇനങ്ങളാണ് ഇവിടെ നട്ടുവളർത്തിയിരിക്കുന്നത്. കൂടാതെ പല തരത്തിലുളള ചെടികൾ,പെറ്റിങ് സൂ,കോയ് ഫിഷിങ് പോണ്ട് എന്നിവ ദെസാറുവിനെ കുടുംബങ്ങളുടെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രമാക്കുന്നു.

ചക്ക, ഹണി ഓറഞ്ച്, പേരക്ക, സോർസോപ്പ്, പഴങ്ങളുടെ രാജാവായ ഡൂറിയാൻ തുടങ്ങി വിവിധയിനം പഴങ്ങൾ കാണാനും പരിചയപ്പെടാനും വാങ്ങാനും സഞ്ചാരികൾക്ക് അവസരമുണ്ട്. മികച്ച പഴങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് മനസിലാക്കാനുളള അവസരവും സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച ആഗ്രോ ടൂറിസം കേന്ദ്രമായി മലേഷ്യ അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ ആൻഡ് ആഗ്രോ ടൂറിസം 2006ൽ ദെസാറു ഫാമിനെ തിരഞ്ഞെടുത്തു. രാവിലെ എട്ടുമുതൽ ആറുവരെ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്ന ഫാം വിദേശികളുൾപ്പെടെുളള സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.

തൻജുങ് ബെലാവു ഫിഷർമെൻ മ്യൂസിയം

കിഴക്കൻ തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ മീൻപിടിത്തിത്തിനുപയോഗിച്ചിരുന്ന തനതു രീതികൾളെ പരിചയപ്പെടുത്തുന്നതാണ് ദെസാറുവിനു വടക്കായി സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം. ആകാശവും ചന്ദ്രക്കലയും നോക്കി മീൻപിടിത്തത്തിനിറങ്ങിയിരുന്ന പഴയ തലമുറയുടെ ആചരങ്ങളും വിശ്വാസങ്ങളും പരിചയപ്പെടാനും മത്സ്യബന്ധന രീതികളെക്കുറിച്ചു മനസിലാക്കാനും ഇവിടെയെത്തിയാൽ മതി.

തൻജുങ് ബലാവുവിലെ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായിസൗത്ത് ജൊഹർ ഡെവലപ്മെന്റ് അതോരിറ്റി വികസപ്പിച്ചതാണ് മ്യൂസിയം. മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും വളളങ്ങളുമുൾപ്പെടെ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

പോർട്ട ഡി സാന്റിയാഗോ-മെലാക ടെൻഗാ

മെലാകയിലെ ഏറ്റവും പ്രസിദ്ധമായ സ്ഥലങ്ങളിലൊന്നായ പോർട്ടാ ഡി സാന്റിയാഗോ അൽഫോൻസോ ഡി ആർബുക്കർക്ക് എന്ന പോർച്ചുഗീസ് അഡ്മിറൽ 1511 ൽ പണികഴിപ്പിച്ചു. അ ഫമോസാ കോട്ടയിലേക്കുളള നാലു പ്രധാന കവാടങ്ങളിലൊന്നാണിത്. 1641 ഡച്ച് അധിനിവേശത്തിൽ കോട്ടയുടെ പല ഭാഗങ്ങളും തകർന്നെങ്കിലും കവാടം ഇപ്പോഴും തലയുയർത്തിത്തന്നെ നിൽക്കുന്നു.

സ്റ്റാഡ്തൂയ്സ് മെലാക തെങങ ടെൻഗാ

സാൽമൺ ചുവപ്പു നിറത്തിലുളള ഈ കെട്ടിടംെ ഡച്ച്ഗവർണർമാരുടെയും ഓഫിസർമാരുടെയും ഔദ്യോഗിക വസതിയായിരുന്നു. 1645 ൽ പണികഴിപ്പിക്കപ്പെട്ട കെട്ടിടം ഇന്ന് ഹിസ്റ്ററി ആൻഡ് എത്നോഗ്രാഫി മ്യൂസിയമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ഡച്ച് പളളിയും ഇതേ നിറത്തിൽത്തന്നെ മ്യൂസിയത്തിനു സമീപത്തായുണ്ട്.

ബാബ ന്യോന്യ ഹെറിറ്റേജ് മ്യൂസിയം-മെലാക ടെൻഗാ

ബാബ ന്യോന്യ കുടുംബത്തിന്റെ മൂന്നു തലമുറകൾ വസിച്ചിരുന്നത് ഇവിടെയാണ്. ഈ പുരാതന ചൈനീസ് കുടുംബത്തിന്റെ ജീവിത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം പകരുന്നതാണ് മ്യൂസിയം. നടുമുറ്റവും റോസ് വുഡ് ഫർണിച്ചറുകളും കെട്ടിടത്തിന്റെ ഗാംഭീര്യം കൂട്ടുന്നു.

മലേഷ്യയ്ക്ക് പോകാം; ചെലവുകുറച്ച്

നാൽപതാം വാർഷികം പ്രമാണിച്ച് മലേഷ്യ എയർലൈൻസ് 40 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു ഇന്ത്യയിലേക്കുള്ള സർവ്വീസിന്റെ 40 ാം വാർഷികം ആഘോഷിക്കുന്ന മലേഷ്യൻ എയർലൈൻസ് ഇതോടനുബന്ധിച്ച് 40 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് കൊച്ചി,ഡൽഹി,മുംബൈ,ഹൈദരാബാദ്,ബാംഗ്ളൂർ,ചെന്നൈ എന്നിവടങ്ങവിൽ നിന്നു മലേഷ്യ എയർലൈൻസ് സർവീസ് നടത്തുന്ന കേന്ദ്രങ്ങളിലേക്ക് ഡിസ്കൗണ്ടോടെ യാത്ര ചെയ്യാം.യാത്രകൾ നവംബർ 30 വരെ നടത്താം.ബുക്കിങ്ങ് ഈ മാസം 18 വരെ.ഡിസ്കൗണ്ട് നിരക്കിൽ എയർപോർട്ട് ടാക്സ്,സർച്ചാർജുകൾ,30 കിലോഗ്രാം ചെക്ക്ഇൻ ബാഗേജ് അലവൻസ് 7 കിലോഗ്രാം വരെയുള്ള ഒരു പീസ് ക്യാബിൻ ബാഗേജ് എന്നിവ ഉൾക്കൊള്ളുന്നു. വിവിധ കേന്ദ്രങ്ങളിലേക്കുള്ള എക്കണോമി നിരക്കുകൾ ഇപ്രകാരമാണ് ്്(ബിസിനസ് ക്ളാസ് നിരക്കുകൾ ബ്രാക്കറ്റിൽ) ക്വാലാലംപൂർ 13925(37763) ലങ്കാവി 17621(40190) സിംഗപ്പൂർ 17857(37151) ഡെൻവാസർ ബാലി 25621(45955) ഓസ്ട്രേലിയ 37648(90450) ഓക്ലാന്റ് 44610(97832)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.