Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെൽക്കം ടു പുതുച്ചേരി

puducherry പ്രോമനേഡിലെ സായാഹ്നം

പ്രൊമനേഡ് ബീച്ചിൽ തിരയെ പുൽകാൻ കാത്തുനിൽക്കുന്ന വിദേശയുവതിയെ കണ്ടാണ് ഉറക്കം വിട്ടുണർന്നത്. വെയിൽ ചുവന്ന തട്ടമിട്ട ഈ സന്ധ്യാനേരത്ത് ആ പെൺകുട്ടി ആരെ കാത്തുനിൽക്കുകയാവും; കാമുകനെ?

ഇത്തരമൊരു പിടിവിട്ട ചിന്തയോടെയാണു പോണ്ടിച്ചേരിയുടെ , അല്ല പുതുച്ചേരിയുടെ മണ്ണിലേക്കു കാലുകുത്തിയത്. തെക്കേ ഇന്ത്യയിൽ രണ്ടു പാരിസ് ഉണ്ടത്രേ. ഒന്ന് , ചെന്നൈനഗരത്തിലെ പാരിസാണ്. രണ്ടാമത്തേത് , ഫ്ര—ഞ്ചുകാർ നിർമിച്ച ഇവിടം പോണ്ടിച്ചേരിയും പിന്നീടു പുതുച്ചേരിയുമായി പേരുമാറ്റിയ ഫ്രഞ്ചുപട്ടണം. പാരിസിലേക്കു വിമാനത്തിൽ പറക്കാനുള്ള കനം പോക്കറ്റിനില്ലാത്തവർക്ക് പുതുച്ചേരി പാവങ്ങളുടെ പാരിസാണ്. കാഴ്ചയിലും എടുപ്പിലുമെല്ലാം നല്ല ഒന്നാന്തരമൊരു ഫ്രഞ്ച് നഗരം.

കോട്ടയത്തുനിന്ന് പുലർച്ചെ മൂന്നരയ്ക്കു തുടങ്ങിയ യാത്ര പുതുച്ചേരിയിൽ അവസാനിച്ചപ്പോൾ സമയം വൈകിട്ട് അഞ്ചുമണി. തമിഴ്നാടിന്റെ വെയിൽപാടങ്ങൾക്കു നടുവിലൂടെയുള്ള യാത്രയിലെവിടെ വച്ചോപിടികൂടിയ ഉറക്കം വിട്ടുണർന്നപ്പോൾ കാഴ്ചകളുടെ കുടമാറ്റം മറ്റേതോ ദേശത്തു ചെന്നതുപോലെ.

പ്രൊമനേഡ് ബീച്ച് പോണ്ടിച്ചേരിയിലേക്കുള്ള യാത്ര ഇവിടെ അവസാനിക്കും. ഒരുവശത്ത് , തറയോടു പാകി മനോഹരമാക്കിയ കടൽപ്പാത . അതിനപ്പുറത്ത് ബംഗാൾ ഉൾക്കടൽ സഞ്ചാരികളെ തിരക്കൈകൊട്ടി വിളിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത്. റോഡിന് അപ്പുറം ചരിത്രത്തിലേക്കു വാതിൽ തുറക്കുന്നപഴഞ്ചൻ കെട്ടിട സമുച്ചയങ്ങൾ. പലതിലും കാലം അതിന്റെ പ്രായം അടയാളപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തിലും മുൻപിൽ ഫ്രഞ്ചിലും തമിഴിലുമെഴുതിയ വഴിയടയാളങ്ങൾ.

എവിടെ തുടങ്ങണം എന്നൊരു തിട്ടവുമില്ല. ആശങ്കകൾക്കുമേൽ തിരയടിച്ചു തുടങ്ങിയപ്പോഴേക്കും ഒരു ബോർഡ് കണ്ണിൽപ്പെട്ടു. പുതുച്ചേരി ടൂറിസം ഡവല്പമെന്റ് കോർപറേഷൻ ഓഫിസ്. ഹെൽപ് ഡസ്കിൽ രണ്ടു ചെറുപ്പക്കാർ . വന്നകാര്യം പറഞ്ഞു കൂട്ടത്തിലൊരു ഗുലാൻ വാച്ചിൽ നോക്കിയിട്ട് ഒട്ടും മര്യാദയില്ലാത്ത കൊടുന്തമിഴിൽ കാര്യം പറഞ്ഞു. സമയം കഴിഞ്ഞുമാഷേ, ഇനി അടുത്ത ദിവസം!

നാളെ രാവിലേ വരട്ടെ?

നാളെ സ്വാതന്ത്യ്രദിനമാണ്. അവധി മറ്റന്നാൾ വന്നാൽ പറഞ്ഞു തരാം. ടൂറിസിറ്റ് ഡെസ്റ്റിനേഷൻസ് ഏതൊക്കെ എന്നു പറഞ്ഞാൽ മാത്രം മതി. അന്വേഷിച്ചു കണ്ടുപിടിച്ചു കൊള്ളാമെന്ന് ഒരു ചൂണ്ടയെറിഞ്ഞു നോക്കി. ഇല്ല, കൊത്തിയില്ല, വാച്ചിൽനിന്നു കണ്ണെടുക്കാതെ കക്ഷി സ്ഥലം വിട്ടു!

തൊട്ടപ്പുറത്തെ മുറയിലേക്ക് കൈ ചൂണ്ടുന്ന ഒരു ബോർഡ് കണ്ണിൽപ്പെട്ടത് അപ്പോഴാണ് വൈയാപുരി മണികണ്ഠൻ , ബിബിഎ, പിടിഡിസി ചെയർമാൻ . മുറിയിലേക്കു കയറിയതും ചെയർമാന്റെ കസേരയിൽ ഇരുന്ന ഒരു വലിയ മനുഷ്യൻ എഴുന്നേറ്റു കൈകൂപ്പി വണക്കം പറഞ്ഞു. ഹെൽപ് ഡെസ്കിലെ സമയനിഷ്ഠക്കാരനെ ഉടൻ പിരിച്ചുവിടണമെന്നു പറയാനൊരുങ്ങിയത് ആ കൂപ്പുകയ്യിൽ ആവിയായിപ്പോയി. പകരം വന്ന കാര്യം പറഞ്ഞു.

puducherry വാർ മെമ്മോറിയൽ

ഉടൻ മുറിയിൽ രണ്ടുപേരെ വിളിച്ചു വരുത്തി അവരോട് ആവശ്യങ്ങൾ പറഞ്ഞു. ഇവിടം ചുറ്റിക്കാണാൻ രാവിലെ ഒരു ഗൈഡിനെ വേണം. അവധിയാണെങ്കിലും ആളെ സംഘടിപ്പിക്കാമെന്ന് അവർ. ഇതിനിടെ കുടിക്കാൻ ചായ.

നാളെ രാവിലെ യാത്ര തുടങ്ങിയാൽ മതി ഇന്നു വൈകിട്ടും രാത്രിയും കാണാനുള്ളത് ഇവിടെ നടപ്പുദൂരത്തിലുണ്ട്. ഇറങ്ങാൻ നേരം ഓഫിസിലെ ഉദ്യോഗസ്ഥനായ രാജേശ്വരൻ പറഞ്ഞു. പ്രൊമനേഡ് ബീച്ചിന്റെ ഒരറ്റത്തുനിന്ന് അപ്പുറം വരെ ചരിത്രം നീണ്ടുനിവർന്നു കിടപ്പുണ്ടത്രേ. ഓരോ ചുവടും വച്ചതിനു ശേഷം തല ഇടത്തേക്കും വലത്തേക്കും തിരിച്ചു നോക്കുക. പുതിയ ഓരോ അടയാളങ്ങളും സ്മാരകങ്ങളും അവിടൊക്കെ കാണും. രാജശേഖരൻ പറഞ്ഞു. രാജശേഖരന്റെ ഭാര്യ മലയാളിയാണ്. പുനലൂർ സ്വദേശിനി . 20 വർഷമായി രാജശേഖരൻ ടൂറിസം ഓഫിസിൽ ജോലി ചെയ്യുന്നു.

സൂര്യൻ തട്ടത്തിനു മറഞ്ഞുകഴിഞ്ഞു. പിച്ചുവീഴുന്ന ചെമന്ന വെളിച്ചത്തിൽ പ്രൊമനേഡ് ബീച്ച് ഒരു ഫ്രഞ്ച് റസ്റ്ററന്റിന്റെ ഇന്റീരിയർപോലെ വൈകിട്ട് ആറുമുതൽ രാവിലെ ഏഴുവരെ ബീച്ചിന്റെ ഓരം ചേർന്നുള്ള വഴിയിൽ വാഹനസഞ്ചാരം അനുവദിക്കില്ല. സൈക്കിൾ പോലും ഈ സമയത്തു പ്രവേശിക്കാൻ അനുമതിയില്ല. കാൽനടക്കാർക്കു മാത്രമായി ബീച്ച്് വഴിമാറുന്നു. കച്ചവടക്കാരുടെ സംഘത്തിൽ ഉത്തരേന്ത്യക്കാരായ ദമ്പതികളെ കണ്ടത് അപ്പോഴാണ്. കരകൗശല നിർമിതിയായ പ്രത്യേകതരം കീ ചെയിനുകളാണ് വിൽക്കുന്നത്. ഓരോരുത്തവർക്കും സ്വന്തം പേരിലുള്ള കീചെയിനുകൾ, പേര് എഴുതിക്കൊടുത്താൽ അഞ്ചുമിനിറ്റിനകം റെഡി. പ്രിയപ്പെട്ടവർക്കു സമ്മാനം നൽകാൻ പറ്റിയ സംഗതി അപ്പോൾ പ്രവീണിന്റെ കമന്റ്.

പഠിക്കുന്ന കാലത്തായിരുന്നെങ്കിൽ, പൊന്നു, ചക്കര എന്നു തുടങ്ങി പല പേരിൽ കീചെയിൻ വാങ്ങാമായിരുന്നു. ആവശ്യക്കാർക്ക് ആർക്കു വേണമെങ്കിലും നൽകാം. പേര് ഒരു പ്രശ്നമാവില്ലല്ലോ..!!

തിരയടിക്കുന്ന ചരിത്രം

തമിഴ്നാട് സംസ്ഥാനത്തോടു ചേർന്നു കിടക്കുന്ന പുതുച്ചേരി കുറച്ചുകാലം മുൻപുവരെ കേന്ദ്രഭരണപ്രദേശമായിരുന്നു. ഫ്രഞ്ചുകാരും ഇംഗ്ലിഷ്കാരും ഡച്ചുകാരും മാറിമാറി ഭരിച്ച ഈ മണ്ണിനു പോരാട്ടങ്ങളുടെ കുറെ കഥകൾ പറയാനുണ്ട്. ഫ്രഞ്ച് അധിനിവേശം ആരംഭിച്ചതും അവസാനിച്ചതും ഇവിടെയാണ്. ബ്രിട്ടിഷുകാർ ഇന്ത്യവിട്ടു പോയിക്കഴിഞ്ഞും കുറേക്കാലം ഇവിടം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു. പിന്നീട് ഇവിടവും സ്വതന്ത്ര ഇന്ത്യയോടു ലയിച്ചു. പുതുച്ചേരി ഇന്നിപ്പോൾ സംസ്ഥാനമാണ്.

തമിഴ്നാട്ടിലെ പുതുച്ചേരി , കാരയ്ക്കൽ ,കേരളത്തിലെ മാഹി, ആന്ധ്രയിലെ യാനം എന്നിവ കൂടിച്ചേർന്നു പലയിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംസ്കാരങ്ങളുടെ സംഗമഭൂമി. തമിഴ്, തെലുങ്ക്, മലയാളം, ഫ്രഞ്ച് എന്നിവ ഔദ്യോഗികഭാഷകൾ. ഈ ഭാഷകളോടു ചേർന്നു നിൽക്കുന്ന സംസ്ക്കാരങ്ങൾ , ജീവിതശൈലികൾ. 1673ൽ ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി പാർപ്പിട കേന്ദ്രം സ്ഥാപിച്ചിടത്താണു പുതുച്ചേരിയുടെ ചരിത്രം തുടങ്ങുന്നത് . 1693ൽ ഡച്ചുകാർ ഈ പ്രദേശത്തിന്റെ അധിപരായി. ആറുവർഷം കഴിഞ്ഞ് ഫ്രഞ്ചുകാർക്ക് ഇവിടം തിരികെ കിട്ടി. 1954ൽ ഇവിടം സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കുന്നിടംവരെ ചരിത്രത്തിന്റെ ആദ്യപകുതി തുടർന്നിങ്ങോട്ട് കേന്ദ്രഭരണ പ്രദേശമായും പിന്നീട് സംസ്ഥാനമായും മാറിയ പുതുച്ചേരിയുടെ പുതിയ ചരിത്രത്തന്റെ രണ്ടാം പകുതി.

കാലത്തിന്റെ രണ്ടാംഖണ്ഡത്തിലാണു കാലുറപ്പിച്ചു നിൽക്കുന്നതെങ്കിലും പഴമയിലേക്കു മടങ്ങിപ്പോകാൻ ഒട്ടേറെ പിടിവള്ളികൾ പുതുച്ചേരി ബാക്കിവച്ചിട്ടുണ്ട്. അപരിഷ്കൃതമായ ഒരു മുക്കുവഗ്രാമത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ടൗൺ പ്ലാനിങ് കൊണ്ട് വിദേശികൾ പുതുച്ചേരിയാക്കിയെടുത്തു. ചരിത്രാന്വേഷികൾക്കും സഞ്ചാരികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അനേകം വിഭവങ്ങൾ നിരത്തിയ ഒരു ഭക്ഷണമേശ പോലെയാണിപ്പോൾ പുതുച്ചേരി. മണൽപ്പരപ്പിന്റെ പോലും അകലമില്ലാതെ , കടൽ തൊട്ടടുത്തുനിന്നുകാണാൻ പറ്റുന്ന ഇന്ത്യയിലെ വളരെക്കുറിച്ചു ബീച്ചുകളിലൊന്നാണ് പ്രൊമനേഡ്.

puducherry ആയി മണ്ഡപം

കാഴ്ചയുടെ ലഹരി

യൗവ്വനയുക്തയായ രാത്രി. കടൽക്കാറ്റിനും അതേപ്രായം . വെളിച്ചവിന്യാസം ഒരു ഫ്രഞ്ച് നഗരത്തിന്റെ എടുപ്പുകളെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. പ്രൊമനേഡ് ബീച്ചിന്റെ ഒരറ്റത്തുനിന്നു കാൽനട യാത്ര തുടങ്ങി. വലിയൊരു ചത്വരത്തിന്റെ മുകളിൽ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ പ്രതിമ. ഗാന്ധി സ്റ്റാച്യു എന്ന് ഇംഗ്ലിഷിലും തമിഴിലും ഫ്രഞ്ചിലും എഴുതിവച്ചിട്ടുണ്ട്. പക്ഷേ ഇംഗ്ലീഷിലുള്ള അടിക്കുറിപ്പ് വായിച്ചു മുഖം ചുളിഞ്ഞു. ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ നേതാവ് ആയിരുന്നത്രേ ഗാന്ധിജി. രാഷ്ട്രപിതാവ് എന്നൊരു വാക്ക് പ്രതിക്ഷീച്ചതു തെറ്റാണോ?

തൊട്ടരികിൽ ഫ്രഞ്ച് വാർ മെമ്മോറിയൽ. നാലു വലിയ സ്തൂപങ്ങൾക്കു നടുവിൽ സ്മാരകനിർമിതി,. ഒന്നാം ലോകമഹായുദ്ധകാലത്തു രക്തം ചിന്തിയ സൈനികരുടെ ഓർമയ്ക്ക്. എല്ലാ വർഷവും ജൂലൈ 14 ന് യുദ്ധസ്മാരകം വെളിച്ചംകൊണ്ട് അലങ്കരിക്കും ഓർമ പുതുക്കും.

തൊട്ടരികിൽത്തന്നെയുള്ള കെട്ടിടം ഫ്രഞ്ച് കോൺസുലേറ്റിന്റേതാണ്. പോണ്ടിച്ചേരിയിൽ ഇപ്പോഴുമുണ്ട് ഫ്രഞ്ച് പൗരന്മാർ. വിദേശാധിപത്യം അവസാനിച്ചിട്ടും ഇവിടം വിട്ടുപോകാൻ ഇഷ്ടമില്ലാത്ത ഫ്രഞ്ചുകാരിൽ ചിലരെ ബീച്ചിലും കണ്ടു. പുറത്തേക്കുള്ള വഴിയിൽ ആയി മണ്ഡപം എന്നൊരു ബോർഡ് കണ്ടു.വലിയൊരു പാർക്കിനു നടുവിലാണു കെട്ടിടനിർമാണവിരുതിന്റെ മഹിമ ഒറ്റനോട്ടത്തിൽ വ്യക്തമാവുന്ന ആയി മണ്ഡപം. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ മൂന്നാമന്റെ കാലത്ത് നിർമിച്ചതാണിതെന്ന് ശിലാഫലകം പറയുന്നു. 16 —ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതിസുന്ദരിയായ ഒരു യുവതിയുടെ പേരായിരുന്നു ആയി. ഒരു തിരിവെളിച്ചം മാത്രമുണ്ടായിരുന്ന ആയിയുടെ വീട് കണ്ട് ദേവാലയമാണെന്നു തെറ്റിദ്ധരിച്ച രാജാവിന്റെ ദേഷ്യം ശമിപ്പിക്കാൻ ആയി തന്റെ വീട് തകർത്ത് ഒരു തടാകം നിർമിച്ചത്രേ. പിൽക്കാലത്ത് ഇവിടെയെത്തിയ നെപ്പോളിയന്റെ ഭടന്മാർ ദാഹം ശമിപ്പിച്ചത് ഈ തടാകത്തിലെ ജലം കുടിച്ചാണ്. ഭടന്മാരിൽനിന്ന് ഈ കഥ കേട്ട നെപ്പോളിയൻ ചക്രവർത്തി ഇവിടെ ആയി മണ്പം നിർമിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തൊട്ടരികിൽ ജവഹർലാർ നെഹ്റുവിന്റെ പ്രതിമ . ഈശ്വരൻ ധർമരാജാ സ്ട്രീറ്റിൽ തമിഴ് കവി ഭാരതിയാറിന്റെ പേരിലുള്ള മ്യൂസിയം ബ്രീട്ടിഷുകാർ നാടുകടത്തിയ സുബ്രഹ്മണ്യ ഭാരതി എന്ന ഭാരതിയാർ വന്നുപെട്ടത് ഇവിടെയായിരുന്നു. ഫ്രഞ്ചുകാർ അദേഹത്തിന് അഭയം നൽകി. അദേഹത്തിന്റെ ഏറ്റവും മികച്ച കൃതികളിൽ ചിലത് ഇവിടെനിന്നാണുദിച്ചുയർന്നത്.

ചരിത്രസ്മാരകങ്ങൾക്കു മുന്നിലൂടെയുള്ള യാത്ര നഗരത്തിരക്കിലേക്കാണ് അവസാനിച്ചത്, ഫ്രഞ്ച്, ഇറ്റാലിയൻ റസ്റ്ററന്റുകളുടെ നീണ്ടനിര തന്നെയുണ്ട് പ്രൊമനേഡ് ബീച്ചിന്റെ പരിസരത്ത് എല്ലായിടത്തും വിദേശികളാണധികവും . തൊട്ടപ്പുറത്ത് വിദേശമദ്യങ്ങൾ വിൽക്കുന്ന ഏതാനും കടകൾ. ഒരിടത്ത് ചെറുപ്പക്കാരുടെ കൂട്ടയിടി.

കൂട്ടത്തിൽ ഒരാൾ അൽപം തിരക്കിലാണ്. ഫ്രീസറിൽ കയ്യിട്ടു വിവിധബ്രാൻഡുകളിൽപ്പെട്ട ബീയർ കാനുകൾ വാരിവലിച്ച് ബാഗിലേക്ക് ഇടുകയാണു കക്ഷി. മതിയെന്നു തോന്നുമ്പോൾ ബില്ലടിക്കാൻ കൗണ്ടറിലേക്കു നീങ്ങും . കാഷ്യർ ബിൽകൂട്ടിത്തുടങ്ങുമ്പോൾ കക്ഷിക്ക് വീണ്ടുമൊരാലോചന. വേറെ രണ്ടു ബ്രാൻഡ് കൂടി. കാഷ്യർ വീണ്ടും കണക്കെഴുത്ത് ഒന്നിൽനിന്നു തുടങ്ങും . അപ്പോൾ വീണ്ടും പുനരാലോചന . കാഷ്യർ കണക്കെഴുത്തു നിർത്തും. വീണ്ടും തുടങ്ങും. അഞ്ചുമിനിറ്റ് ഈ കാഴ്ച കണ്ടുനിന്നു.

ഇവൻ എവിടുന്നു വന്നു എന്നറിയാൻ പതിയെ ചെവിയോർത്തു. ഫോണിൽ ആരോടോ ആവേശപൂർവം സംസാരിക്കുന്നുണ്ട് കക്ഷി. ഇല്ല, തെറ്റിയില്ല. പുറത്തേക്കു വരുന്നത് നല്ല ശുദ്ധമലയാളം !!!

വൈറ്റ് ടൗൺ, ബ്ലാക്ക് ടൗൺ

രാവിലെ തിരകളാണു വിളിച്ചുണർത്തിയത്. എന്നു കരുതി തലേന്നു കിടന്നുറങ്ങിയതു കടൽത്തീരത്താണെന്നല്ല അർഥം. കടൽത്തീരത്തോടു ചേർന്നുള്ള ഹോട്ടലിലേക്കു പുലർച്ചേ തിരയടി ശബ്ദം ജനാല പിന്നിട്ടുമെത്തും. പിടിഡിസി ചെയർമാൻ നിർദേശിച്ചതനുസരിച്ച് രാവിലെ ഒൻപതു മണിക്കു ഗൈഡ് ഹോട്ടലിൽ എത്തി. സോമരാജ് സോമു എന്നു വിളിക്കും. എംബിഎ ബിരുദധാരിയാണ്. പത്തുവർഷത്തിലേറെയായി ഗൈഡ് ആയി പ്രവർത്തിക്കുന്നു. യാത്ര തുടങ്ങുമ്പോൾ , നഗരത്തെ രണ്ടായി പകുത്തു കടന്നുപോകുന്ന കനാൽ ചൂണ്ടിക്കാട്ടി സോമു പറഞ്ഞു.

puducherry മാതൃ മന്ദിർ

പണ്ട് ഫ്രഞ്ചുകാർ ഭരിച്ചിരുന്ന കാലത്ത് വെളുത്തവരുടേയും കറുത്തവരുടേയും നഗരങ്ങളെ തമ്മിൽ വേർതിരിച്ചിരുന്നത് ഈ കനാലാണ്. കനാലിന് അപ്പുറം കടലിനോടു ചേർന്നുള്ള ഭാഗം വൈറ്റ് ടൗൺ. വെള്ളക്കാർ മാത്രം താമസിക്കുന്ന മേഖല. കനാലിന് ഇപ്പുറം ബ്ലാക്ക് ടൗൺ. നാട്ടുകാരുടെ ഭൂമി. കനാലിനു മുകളിലൂടെ രണ്ടു സ്ഥലത്തു മാത്രമേ പാലം നിർമിച്ചിട്ടുള്ളൂ. വെള്ളക്കാരുടെ താമസസ്ഥലത്തേക്ക് മറ്റുള്ള—വർ കടന്നുചെല്ലുന്നതു നിയന്ത്രിക്കാൻ വേണ്ടിയായിരുന്നു ഇത്. ഭരണ സൗകാര്യാർഥം പുതുച്ചേരിയിലെ വിവിധമേഖലകളെ വെള്ളക്കാർ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു. അങ്ങനെ, ഹിന്ദു ടൗൺ, മുസ്ലിം ടൗൺ, ക്രിസ്റ്റിൻ ടൗൺ എന്നിവയുണ്ടായി.

ഇപ്പോഴും ഈ സ്ട്രീറ്റുകൾ അതേ പേരിൽത്തന്നെയുണ്ട്. പഴയ പോണ്ടിച്ചേരിയുടെ യഥാർഥ മുഖം വൈറ്റ് ടൗൺ എന്നുവിളിക്കുന്ന കടൽത്തീര നഗരമാണ്. അവിടെയാണ് പ്രൊമനേഡ് ബീച്ചും മറ്റു ചരിത്രസ്മാരകങ്ങളുമെല്ലാമുള്ളത്. ഇപ്പുറത്തെ നാട്ടുകാരുടെ നഗരത്തിൽ പല എടുപ്പുകളും പുതിയ കാലത്തെ കെട്ടിടനിർമാണ രീതികൾക്കു മുന്നിൽ പൊളിച്ചുമാറ്റപ്പെട്ടു. മിക്കവയിൽ നിന്നും ചരിത്രം തുടച്ചുനീക്കപ്പെടുകയും ചെയ്തു.

അരബിന്ദോ

ആദ്യയാത്ര മഹർഷി അരബിന്ദോയുടെ ആശ്രമത്തിലേക്കാണ്. വിപ്ലവം വിഫലമായപ്പോൾ ആധ്യാത്മികതയുടെ യോഗാസ്ഥലമായി കൊൽക്കത്തക്കാരൻ അരബിന്ദോ തിരഞ്ഞെടുത്തത് ഇവിടമാണ്. ഓഗസ്റ്റ് 15 അരബിന്ദോയുടെ ജന്മദിനമാണ്. രാവിലെ മുതൽ ശുഭ്രവസ്ത്രധാരികളായ അരബിന്ദോ അനുയായികളുടെ തിരക്ക് ആശ്രമത്തിൽ . അരബിന്ദോയുടെയും മദർ എന്നു വിളിക്കുന്ന യോഗിനിയുടെയും സമാധിസ്ഥലവും ഇവിടെയാണ്. എവിടെ നോക്കിയാലും വെള്ളവസ്ത്രം ധരിച്ചവർ മാത്രം.

രക്തരൂക്ഷിത വിപ്ലവത്തിന്റെ പ്രചാരകനായിരുന്ന്, ജീവിതത്തിന്റെ ആദ്യപകുതിക്കുശേഷം ആത്മീയതയുടെ തീരത്തടിഞ്ഞ ചരിത്രമാണ് ബഹുഭാഷാ പണ്ഡിതൻകൂടിയായ അരബിന്ദോയുടേത്. എഴുത്തുകാരനും രാഷ്ട്രീയനേതാവുമായി ആരംഭിച്ച ജീവിതം കവിയും സന്ന്യാസിയുമായി അരബിന്ദോ മാറ്റിയെഴുതി. പുതുച്ചേരിയിൽ ആശ്രമം സ്ഥാപിച്ചു . വിപ്ലവാഭിമുഖ്യത്തെ തപസ്യയുടെ ശാന്തതയിലേക്ക് വഴിമാറ്റിവിട്ട അദേഹത്തിന്റെ ആത്മാവിനെ ഈ ആശ്രമവളപ്പിൽ തൊട്ടറിയാം. അറബിന്ദോയുടെ ശിഷ്യയായിരുന്ന ഫ്രഞ്ച് വനിതയാണ് പിന്നിടു മദർ എന്നറിയപ്പെട്ടത്. അരബിന്ദോയുടെയും മദറിന്റെയും ശവകുടീരം ഒരിടത്താണ്. ഉള്ളിൽ ഫൊട്ടോഗ്രഫി നിഷേധിച്ചിരിക്കുന്നു.

ഒളിരും നഗരം

ചെന്നൈ റൂട്ടിൽ പത്തു കിലോമീറ്റർ ദൂരെയുള്ള ഔറോവിൽ ഇന്റർനാഷനൽ ടൗൺഷിപ്പിലേക്കു യാത്ര തുടങ്ങിയപ്പോൾ മുതൽ സോമു വാചാലനാണ്. അരബിന്ദോയുടെ ശിഷ്യ മദർ സ്ഥാപിച്ചതാണ് ഒറോവിൽ . അരബിന്ദോ അനുയായികളായ വിവിധ രാജ്യക്കാർ ഒരുമിച്ചു ജീവിക്കുന്ന സ്ഥലം പുതുച്ചേരിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണിവിടം.

puducherry

ഒൗറോവിൽ എന്ന ഫ്രഞ്ച് പേരിന്റെ തമിഴ് തദ്സമമാണ് ഒളിരും നഗരം. ഇംഗ്ലീഷിൽ റെയ്സിങ് സിറ്റി എന്നർഥം. ഒൗറോവില്ലിലേക്കുള്ള യാത്രയ്ക്കിടെ കാഴ്ചകൾക്കു പെട്ടെന്നു രൂപാന്തരം . കേരളത്തിൽ എത്തിപ്പെട്ടതുപോലെ വഴിക്ക് ഇരുവശവും പച്ചപിടിച്ച ദൃശ്യങ്ങൾ . നാലായിരം ഏക്കറോളം വിസ്തൃതിയുള്ള ഔറോവിൽ ഭൂപ്രദേശത്തെ ഫലസസ്യങ്ങൾ മുഴുവൻ നട്ടുപിടിപ്പിച്ചതാണ്. ചെടികളൊന്നും വളരില്ലെന്നു തോന്നിപ്പിക്കുന്ന മണ്ണിൽ ഫലസമൃദ്ധിയുടെ വിളപ്പെടുപ്പ്.

ജാതിമത വർണ വർഗ വ്യത്യാസമില്ലാതെ വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഇവിടെ ആയിരത്തിലേറെ അംഗങ്ങളുണ്ട്. 45 രാജ്യങ്ങളിൽ നിന്നുള്ളവർ . ഡോക്ടർമാർ മുതൽ അധ്യാപകർ വരെ. ഔറോവിലിൽ കരകൗശലനിർമാണത്തിലും മറ്റും ഏർപ്പെട്ട് അവർ ഉപജീവനം നയിക്കുന്നു. ചെമ്മൺപാതയിൽ എതിരെ ഇരുചക്ര വാഹനങ്ങളിൽ വരുന്നവരിൽഅധികവും വിദേശികൾ .

ഒൗറോവിലെ മാതൃമന്ദിർ എന്ന ധ്യാനമന്ദിരം ആണ് കാഴ്ചക്കാരെ ആകർഷിക്കുന്ന പ്രധാന സംഗതി. വിശാലമായ മൈതാനമധ്യത്തിൽ സ്വർണനിറമുള്ള ഒരു താഴികക്കുടം. പച്ചിലക്കാടിനു നടുവിലെ തുറസ്സായ സ്ഥലത്ത് ഇത്തരമൊരു നിർമിതി പെട്ടെന്ന് ആരെയും അതിശയിപ്പിക്കും. മാതൃമന്ദിറിലേക്ക് സന്ദർശകർക്കു നേരിട്ടു പ്രവേശനമില്ല. ആദ്യം വരുന്നവർ നേരിട്ടെത്തി ബുക്ക് ചെയ്താൽ രണ്ടു ദിവസം കഴിഞ്ഞ് പ്രവേശനാനുമതി ലഭിക്കും. പിന്നീട് ഫോൺബുക്കിങ് മതിയാവും ധ്യാനത്തിനും മാനത്തിനുമായി നിർമിച്ചതാണു മാതൃമന്ദിർ.

താഴികക്കുടത്തിന്റെ മുകൾ വശത്ത് സൂര്യപ്രകാശം കടന്നുവരാൻ പാകത്തിനു തുറന്ന ഭാഗമുണ്ട്. അവിടെ നിന്ന് എത്തുന്ന സൂര്യപ്രകാശം മാതൃമന്ദിറിന്റെ ഉൾവശത്തു നടുവിലായി സ്ഥാപിച്ചിരിക്കുന്ന വലിയൊരു സ്ഫടികത്തിലാണു പതിക്കുക. ഈ സ്ഫടികത്തിൽനിന്ന് പ്രകാശം ചുറ്റി—ലേക്കും പ്രസരിക്കുന്നു. ഒരേസമയം മൂന്നുറുപേർക്ക് ധ്യാനത്തിലിരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. മാതൃമന്ദിറിന്റെ 12 ദളങ്ങൾ പുറം കാഴ്ചയിൽ കാണാം. ഇതും ധ്യാനമുറികളാണ്. ഓരോ മുറിയുടെയും ഉൾവശത്തിന് ഓരോ നിറം. ധ്യാനത്തിന്റെ സ്വഭാവത്തിന് അനുസരിച്ചു വ്യത്യസ്ത നിറങ്ങളുള്ള മുറികൾ തിരഞ്ഞെടുക്കാം.

പറുദീസ നഷ്ടം

മടക്കയാത്രയ്ക്കു നേരമായി പക്ഷേ സോമു വിടാൻ ഭാവമില്ല. പാരഡൈസ് എലെൻഡ് ബീച്ച് കൂടി സന്ദർശിച്ചതിനു ശേഷം പോയില്ലെങ്കിൽ ഈ യാത്ര പൂർണമാവില്ലെന്നു സോമു തീർത്തു പറയുന്നു. അങ്ങനെയാണ്, കടലൂർ റൂട്ടിൽ എട്ടുകിലോമീറ്റർ അകലെയുള്ള പാരഡൈസ് ബീച്ചിലേക്കു പോകാൻ തീരുമാനിച്ചത്. മൂന്നുകിലോമീറ്ററോളം നദിയിലൂടെ ബോട്ടിൽ യാത്രചെയ്തുവേണം ബീച്ചിൽ എത്താൻ. പോണ്ടിച്ചേരി ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ നേരിട്ടു നടത്തുന്നതാണ് ബീച്ച് .

ബീച്ചിലേക്കു യാത്ര പുറപ്പെടുന്ന സ്ഥലത്ത് എത്തിയപ്പോൾ സ്വീകരിക്കാൻ ഓടിയെത്തിയത് ഒരു മലയാളി. കൊച്ചി തമ്മനം സ്വദേശിയായ ഷാജിയാണ് ഇവിടുത്തെ ചുമതലക്കാരൻ . ബീച്ചിലേക്ക് യാത്രബോട്ടുകൾക്കു പുറമേ സ്പീഡ് ബോട്ടുകളും വേവ് റൈഡർ എന്നു വിളിക്കുന്ന വാട്ടർ സ്ക്കൂട്ടറുമുണ്ട്. വാട്ടർ സ്ക്കൂട്ടറിന്റെ വേഗം മണിക്കൂറിൽ എൺപതു കിലോമീറ്റർ. കണ്ണടച്ചു തുറക്കുന്ന നേരത്ത് മറുകരയെത്തി. ഒരു ദ്വീപ് ആണ് പാരഡൈസ് ബീച്ച്. ചുണ്ണംബർ നദിയും ബംഗാൾ ഉൾക്കടലും ചേരുന്നതിനിടയിൽ രൂപംകൊണ്ട ചെറിയൊരു ഭൂവിഭാഗം.

ശരിക്കുമൊരു പറുദീസ. വൃത്തിയും വെടിപ്പും ആദ്യകാഴ്ചയിലെ അനുഭവപ്പെട്ടു പല മലയാളം ചിത്രങ്ങൾക്കും ലൊക്കേഷനായിട്ടുണ്ട് പാരഡൈസ് ബീച്ച്. നാട്ടുകാരെക്കാൾ കൂടൂതലും വിദേശികളാണ്പാരഡൈസ് ബീച്ചിലേക്കു വരുന്നത്. പുറത്തുനിന്നുള്ള ശല്യമില്ലെന്നതു തന്നെ പ്രധാന കാരണം. ഭക്ഷണവും മറ്റെല്ലാ സംഗതികളും പാരഡൈസ് ബീച്ചിൽ സുലഭം. പിടിഡിസിയുടെ ബീയർ പാർലറും ഇവിടെ പ്രവർത്തിക്കുന്നു. വിദേശികളുടെ ഒരു സംഘത്തെകണ്ടപ്പോൾ പരിചയപ്പെടാൻ വേണ്ടി ഫൊട്ടോഗ്രാഫർ സജി ആ വഴിക്കു നീങ്ങി. കൊച്ചിക്കാരനാണെന്നു പറഞ്ഞപ്പോൾ മദാമ്മയ്ക്കു സംശയം.

puducherry പാരീസ് ദേശാടനക്കിളികൾ

വാട്ടീസ് കൊച്ചി?

കേരളമെന്നു കേട്ടിട്ടില്ലെന്നു പറഞ്ഞാൽ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ എന്നല്ലോ ആപ്തവാക്യം. സജി വാചാലനായി . കേരളത്തെക്കുറിച്ചു കേട്ടറിവുപോലുമില്ലാത്ത പാവം വിദേശികൾ എല്ലാം തലയാട്ടി കേട്ടുകൊണ്ടിരുന്നു. പുതുച്ചേരിയിൽ നിന്നു രാജസ്ഥാനിലെ കൊടുംചൂടിലേക്കു പോകാൻ തീരുമാനിച്ചിരുന്ന അവർ ഒടുവിൽ തീരുമാനം മാറ്റി. കൊച്ചി, ആലപ്പുഴ, മൂന്നാർ...കേരളം കണ്ടില്ലെങ്കിൽ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നു മുഖഭാവത്തോടെ നിൽക്കുന്ന അവരോടു യാത്ര പറഞ്ഞു വാട്ടർ സ്ക്കൂട്ടറിൽ തിരികെ പറക്കാനൊരുങ്ങുമ്പോൾ ആ കാഴ്ച വീണ്ടും.

കടൽത്തിരയ്ക്ക് അഭിമുഖമായി മറ്റാരെയും ശ്രദ്ധിക്കാതെ ചുവന്നു ഫ്രോക്കിട്ട ഒരു വിദേശയുവതി . അവൾ അവിടെ കാത്തു നിൽക്കുന്നത് ആരെയാവും?

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.