Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തൻ എസ് യുവി ഇസുസു എംയു സെവനോടൊപ്പം

suv isuzu

രാമേശ്വരം, ജീവിതത്തിനു ശേഷമുള്ള ജീവൻ ഓർമിപ്പിക്കുന്നു; ധനുഷ്കോടി, മരണത്തിനുശേഷമുള്ള ജീവിതത്തെയും. തിരപോലെ ഓർമകൾ ഇരമ്പുന്ന ഈ തീരത്തെ ചൊരിമണലിൽ കഥകളും കദനങ്ങളും കാഴ്ചകളും കൂടിക്കുഴയുന്നു. ഒരോ കാലടിയിലുമുണ്ട് വേർപാടിന്റെ നീറ്റൽ; പ്രതീക്ഷയുടെ ഉയിർപ്പും. അൻപതു വർഷം മുൻപുണ്ടായ കാറ്റൂക്കിൽ കടപൂഴകിയ ജീവിതങ്ങളുടെ നൊമ്പരപ്പെടത്തലാകുന്നു ധനൂഷ്കോടി. പിതൃക്കളുടെ ആത്മാവിനു മോക്ഷം തേടി പിൻ തലമുറയണയുന്ന തീരമാകുന്നു രാമേശ്വരം.

സദാ കലഹിക്കുന്ന ഇന്ത്യൻ മഹാസമൂദ്രം ആൺകടൽ. ശാന്തമായ ബംഗാൾ ഉൾക്കടലിനെ പെൺകടൽ എന്നും ഇന്നാട്ടുകാർ വിളിക്കുന്നു. ആൺകടലും പെൺ കടലും കൂടിച്ചേരുന്നിടം ധനുഷ്കോടി. കോടിയെന്നാൽ മുനമ്പ്. ധനൂഷ് എന്നാൽ വില്ല്. ശ്രീരാമന്റെ വില്ലുമായി ബന്ധം. തീരത്തു നിന്നു മൂന്നു കിലോമീറ്റർ ദൂരം കടലിനു മുകളിലെ പാമ്പൻ പാലത്തിലൂടെയാത്ര ചെയ്താൽ രാമേശ്വരംദ്വീപ്. അവിടെ നിന്നു 18 കിലോമീറ്റർ അകലെ ധനൂഷ്കോടി. കണ്ണും മനസ്സും നിറയ്ക്കുന്ന ഈ യാത്രയിൽ ഒപ്പം ചേരുക. അവിടെക്കണ്ട വിശേഷങ്ങളിലേക്ക് ഒരു ഇസുസും എംയു സെവൻ എസ് യു വിയിൽ ഇരമ്പിപ്പായാം.

വെൽkkക്കം ടു പാമ്പൻപാലം

ആദ്യ കാഴചയിൽ അനുരാഗം പൂത്തു അടുത്തറിഞ്ഞപ്പോൾ തീവ്രപ്രണയമായി. വിട്ടുപിരിയുമ്പോൾ ഉള്ളിൽ വല്ലാത്തൊരു നീറ്റിപ്പിടിത്തം. പിന്നെ സ്വയം ശാസിച്ചു. ഇത്രയും സമ്പന്നരുമായുള്ള ബന്ധമൊന്നും നിനക്കു പറഞ്ഞിട്ടില്ല കുട്ടീ...

തെറ്റിദ്ധരിക്കേണ്ട, ഇസുസു എന്നു കമ്പനിയും നമ്മൾ സ്നേഹത്തോടെ ഇസുവെന്നും വിളിച്ചു പോകുന്ന എംയു സെവൻ എസ് യുവിയുടെ കാര്യമാണു പറഞ്ഞത്. കാറിനുള്ളിലേക്കു കയറിയപ്പോൾ എത്ര പെട്ടെന്നാണ് നമ്മൾ അഹങ്കാരിയായിപ്പോകുന്നത് അഭിമാനത്തിൽ നിന്നുള്ള അഹങ്കാരം. ധനുമാസപ്പുലർച്ചെ കോട്ടയത്തു നിന്നു യാത്ര. തുളച്ചു കയറുന്ന മഞ്ഞിനെ തടയാൻ തീച്ചുടിനു ചുറ്റും കുമളി കൈതിരുമ്മുന്നു. കമ്പം വഴിയോരത്തെ പെട്ടിക്കടിയിലെ ഇത്തിരി ഗ്ലാസിൽനിന്നു ചായയുടെ ചൂട് പാറുന്നു. മധുരമീനാക്ഷിക്കു പൂജയുടെ രണ്ടാം ഘട്ടം തുടങ്ങുന്നു. ആണ്ടിപ്പെട്ടി നിയോജകമണ്ഡലം ജയാരവത്തിന്റെ നേട്ടങ്ങൾ അനുഭവിച്ചു വരുന്നു.

ഉസലംപൊട്ടി പെൺകുട്ടിയുടെ കാര്യം ഓർമിപ്പിച്ച് ഇതാ ഇസുസു ഉസലംപെട്ടിയും കടക്കുന്നു. പാമ്പൻപാലത്തിലെ ടോൾ ബൂത്തിനു മുന്നിൽ ചവിട്ടിയപ്പോൾ ട്രിപ്പ് മീറ്റർ നോക്കി. 410 കിലോമീറ്റർ. പിന്നെ വാച്ചിലേക്കു നോക്കി. എട്ടു മണിക്കൂർ . ദൈവമേ ദേ പോയി, ദേ വന്നു എന്ന മട്ടിലായല്ലോ കാര്യങ്ങൾ. മലകളും ഹൈവേകളും നാട്ടുപാതകളും പിന്നിട്ട ആ യാത്രയെക്കുറിച്ചു പേർത്തും പേർത്തും ഓർത്തു. പിൻസീറ്റിന്റെ സുഖപ്പെരുമയിൽ ഉറക്കത്തിന്റെ രൂക്ഷതവ്യക്തമാക്കുന്ന ചില ശബ്ദങ്ങൾ. ഇൗർഷ്യ തോന്നിയില്ല. അവരുറങ്ങിയതു കൊണ്ട് ഇത്രയും ദൂരം ഇസുസു ഓടിക്കാൻ പറ്റി. ഇസൂസു ഒരു പുലിയാണെന്നുപറഞ്ഞാൽ പുലിക്കുപോലും അൽപ്പം ഗമ കൂടുമോ?

ഇതു പാമ്പൻപാലം

രാമേശ്വരത്തേക്കുള്ള ഏക പ്രവേശ മാർഗം; ഏക രക്ഷാമാർഗവും മൂന്നു കിലോമീറ്ററിൽ ആ വിസ്മയം നീണ്ടുനിവർന്നു കിടക്കുന്നു. കടലെടുത്തുപോയ ഒരു കാലത്തിന്റെ ഓർമ ഉള്ളിലെത്തുന്നു. 1964 ഡിസംബർ 23. അരദശകം. മുൻപത്തെ ഒരു രാത്രിയിൽ കടൽ അവരെ ചതിച്ചു. ചുഴലിക്കാറ്റിന്റെ രൂക്ഷതയിൽ കടലമ്മ രാക്ഷസിയായി. തകർത്തടിച്ചു തുത്തെറിഞ്ഞ് ഒരു വരവ് . ധനുഷ്കോടി നാമാവശേഷമായി. രാമേശ്വരത്തെ പാലവും റയിൽപ്പാലവും ഓർമയായി. എല്ലാബോഗികളിലും ശ്വാസം നിറഞ്ഞുതുളുമ്പിയ ഒരു തീവണ്ടിക്കു ക്രൂരക്കാറ്റിൽ ശ്വാസം നിലച്ചു. റയിൽപ്പാലത്തിന്റെ 124 സ്പാനുകൾ ഒലിച്ചു പോയി വെറും മൂന്നുമാസം കൊണ്ട്, മലയാളിയായ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതു പുനർനിർമിച്ചു റയിൽവേഅദ്ഭുതപ്രവ്യത്തി നടത്തി. ദശകങ്ങൾ പിന്നിട്ടു. കടലിനു കുറുകെ ശങ്കർ സിമന്റ് ഉറപ്പേകുന്ന പിൻബലത്തോടെ പാമ്പൻപാലം വന്നു.

പാലത്തിൽ കാഴ്ചക്കാരുടെ തിരക്കുണ്ട്. വണ്ടി നിർത്തിയിട്ട്് കടൽക്കാഴ്ചകളിലേക്കു കണ്ണെറിഞ്ഞു സഞ്ചാരികൾ. അസാമാന്യമായ ആസ്വാദനത്തിന്റെ ആവേശം ളള്ളിൽ നിറയ്ക്കുന്നു ഈ നിൽപ്പ്. കടലിനുമുകളിൽ ഏറെ ഉയരത്തിലാണ് പാലം. വശ്യസുന്ദരമായ ദൃശൃങ്ങളാണു ചുറ്റും.

രാമേശ്വരം കാഴ്ചകൾ

രാമേശ്വരം ക്ഷേത്രസമീപത്തു കടലിനെ തൊട്ട് തമിഴ്നാട് ടൂറിസം ഡവലമെന്റ് കോർപറേഷന്റെ ഹോട്ടൽ തമിഴ്നാട്.മുറിയന്വേഷിച്ചു. തീർന്നു പോയിരിക്കുന്നു. ഏക്കർ കണക്കിനു സ്ഥലം. നല്ലവൃത്തി. സന്ദർശകർ ഓർക്കുക. ആദ്യം ഇവിടെ മുറിന്വേഷിച്ചിട്ടേ മറ്റിടങ്ങൾ തേടാവൂ. രാമേശ്വരത്ത് മനസ്സറിഞ്ഞു താമസിക്കാൻ ഇതാണു പറ്റിയയിടം.

തൊട്ടടുത്തു മറ്റൊരു ഹോട്ടലിൽ മുറിയൊത്തു. നാളെയാകാം ധനുഷ്കോടിയിലേക്കു. രാമേശ്വരം കാഴ്ചകളിലേക്ക് ഞങ്ങൾ കാറെടുത്തുവച്ചു. കൂട്ടിന് ഗൈഡ് നാഗരാജൻ. 400 രൂപ ഫീസ്. പിന്നെ സന്തോഷമായിട്ട് വലതും കൂട്ടിക്കൊടുത്താൽ അതും സ്വീകരിക്കും.

ഗന്ധമാദന പർവതത്തിലേക്ക് ആദ്യം. പർവതമെന്നും കേട്ടുവണ്ടറടിക്കരുത്. ഒരു മൺകൂന അത്രയേയുള്ളൂ. ക്ഷേത്രത്തിലെ കല്ലിൽ രാമന്റെ കാൽപ്പാദം. പൂജാരി അനുഗ്രഹ പ്രതീക്ഷയോടെ നമ്മെ നോക്കുന്നു. പൂജാരിയുടെനീട്ടിയ കയ്യാണ് ഭണ്ഡാരപ്പെട്ടി. അതു നിറഞ്ഞാൽ പൂജാരി സംപ്രീതനാവും. മുഖത്ത് പുഷ്പാലംകൃത ആഹ്ലാദം വിരിയും രാമേശ്വരത്തെ ഏറ്റവും ഉയരമുള്ള പ്രദേശമാണിത്. തെളിഞ്ഞ ആകാശമാണെങ്കിൽ തുരുത്ത് മുഴുവനായി കാണാം.

ഇനി കോതണ്ഡരാമക്ഷേത്രം. കടലിൽ നിന്നു വെള്ളം തള്ളിക്കിടക്കുന്നിടത്തു വെള്ളക്കെട്ടിനു നടുവിലൂടെ ഒരു കിലോമീറ്റർ നേർവേഴിയാണ് ക്ഷേത്രത്തിലേക്ക്. വിഭീഷണൻ ശ്രീരാമന് കീഴ്പെട്ടതും വീഭീഷണനെ ലങ്കയുടെ അധിപനായി വാഴിച്ചതുംഇവിടെയാണത്ര. കഥകളുടെ ഗരിമയുണ്ട്. കാഴ്ചകളുടെ ഗമയില്ല എങ്കിലും രാമായണ കഥയുടെ വീര്യമുള്ളിൽ നിറഞ്ഞവർക്കു വീരാരാധനയോടെ കണ്ടുനിൽക്കാം ഇവിടങ്ങൾ.

തിരിച്ചു നേർവഴിയിൽ ഇസുസുവിനെ മെല്ലെയൊന്നു പ്രകോപിപ്പിച്ചു. 100, 110, 120..... 160ൽ എത്തിയപ്പോൾ ഇടതുവശത്തെ സീറ്റിൽ നിന്ന് ഒരു നിലവിളി. ഗൈഡ്നാഗരാജൻ സീറ്റിൽ രണ്ടു കാലും ഉയർത്തിവച്ച് ഇരു കൈകളും പിണച്ച് ഭയന്നു വിറയ്ക്കുന്നു! ബ്രേക്ക് ചവിട്ടി. മൂക്കു കയറിനു പിടി വീണ കാളക്കൂറ്റനെപ്പോലെ ഇസുസു ശാന്തനായി. ബ്രേക്ക് ചവിട്ടിയെന്ന് ഉള്ളിലാരും അറിഞ്ഞില്ല. നാഗരാജൻ കാലുകൾ താഴേക്കിട്ടു. സീറ്റിൽ അമർന്നിരുന്നു. പിന്നെ ഇരു കയ്യും കൂപ്പി പറഞ്ഞു സർ, ഇന്തമാതിരി സ്പീഡ് വേണ്ട.

രാമനും വിഭീഷണനും കഴിഞ്ഞും ഇനി ഹനുമാൻ. അതും ക്ഷേത്രം തന്നെ. ഹനുമാന്റെ നേതൃത്വത്തിൽ വാനരപട ലങ്കയിലേക്കു പാലം നിർമിച്ചത് പവിഴപ്പുറ്റു കൊണ്ടായിരുന്നത്രെഅതിലൊരെണ്ണമാണെന്ന മട്ടിൽ ചെറിയ ടാങ്കിൽ നിക്ഷേപിച്ചിരിക്കുന്നു. വലിയ ഒരു പായ്ക്കറ്റ് എണ്ണയാണ് വഴിപാട്. പൂജാരിയാണ് ബിസ്നസ്സുകാരൻ. ആ കല്ലുകാട്ടി തട്ടിപ്പിന്റെ പാലം പണിയുകയാണ് അയാൾ. അണ്ണാൻ കുഞ്ഞും തന്നാലായത് എന്നമട്ടിൽ ഒരു രൂപ ദിവ്യക്കല്ലിൽ സമർപ്പിച്ചു. പൂജാരി ശപിച്ചോ എന്തോ? അതൊരു സ്വകാര്യ ഏർപ്പാടാണ്. കമ്മിഷനടിക്കാൻ നാഗരാജന്റെ വേല. വേലായുധന്മാരോടാണോടാ കളി!

കലാം പലരുണ്ടിവിടെ

മുൻ പ്രസിഡന്റ് ഡോ. എ. പി. ജെ അബ്ദുൽകലാമിന്റെ വീടിവിടെയുണ്ട്. അഞ്ചുനിലക്കെട്ടിടമാണ് നാഗരാജൻ ചൂണ്ടിക്കാട്ടിയത്. അതൊരുകടയാണ്. കലാമിന്റെ പേരാണു കടയ്ക്ക്. കടൽ വസ്തുക്കളുടെ വിൽപ്പനകേന്ദ്രം. തിരക്കോടു തിരക്ക്. കടയുടെ പിന്നിലൂടെ വഴിയെത്തുന്നത് കലാം ഹൗസിലേക്ക്. മുൻപുണ്ടായിരുന്ന ഓലപ്പുര മാറിയിരിക്കുന്നു. മൂന്നു നില കെട്ടിടം. താഴെത്തെ നിലയിൽ കലാമിന്റെ ജ്യേഷ്ഠൻ താമസിക്കുന്നു. ഒന്നാം നിലയിൽ മ്യൂസിയം. അതിനു മുകളിൽ കലാംഷോപ്പ്. അപ്പോൾ തൊട്ടടുത്ത അഞ്ചുനിലക്കെട്ടിടമോ? മറുപടി നൽകിയത് മ്യൂസിയത്തിന്റെ വാതിൽക്കൽ നിന്നയാൾ അതും വെറും തട്ടിപ്പ്. അതിന്റെ ഉടമസ്ഥനും അബ്ദുൽകലാമാണ്. തിരിച്ചുവഴിയിലെത്തി ചുറ്റുപാടും നോക്കി. വേറെയും അബ്ദുൽകലാം കടകൾ. ദൈവമേ, നാട്ടിൽ ലഭ്യമായ അബ്ദുൽകലാം നാമധാരികളെല്ലാം കലമാനെപ്പോലെ തുള്ളിച്ചാടി രാമേശ്വരത്തേക്കുപോന്നോ!

രാമേശ്വരം ക്ഷേത്രത്തിലേക്ക്

ശ്രീരാമ കഥകളുറങ്ങുന്നു ഈ ക്ഷേത്രത്തിൽ. ശ്രീരാമന്റെ ലങ്കായാത്രയുടെ സ്മാരകതുല്യമാണിത്. രാവണനെവധിച്ചു ശ്രീരാമൻ സീതാദേവിയുമായി രാമേശ്വരത്തു തിരിച്ചെത്തി. ബ്രഹ്മഹത്യയ്ക്കു പ്രായച്ഛിത്തമായി ഋഷിവര്യന്മാരുടെ നിർദേശപ്രകാരം ശിവലിംഗ പ്രതിഷ്ഠ നടത്താൻ ശ്രീരാമൻ തീരുമാനിച്ചു. ശിവ ലിംഗം കൊണ്ടു വരാൻ ഹനുമാനെ ഹിമാലയത്തിലേക്കു പറപ്പിച്ചു. ഹനുമാൻ തിരിച്ചെത്താൻ ലേറ്റായി. സീതാദേവി പൂഴിക്കൊണ്ട് ശിവലിംഗം ഉണ്ടാക്കി പ്രതിഷ്ഠിച്ചു. തിരിച്ചെത്തിയ ഹനുമാൻ പ്രകോപിതനായി. ആശ്വസിപ്പിക്കാൻ ശ്രീരാമൻ ഇടപ്പെട്ടു ഹനുമാൻ കൊണ്ടു വന്ന വിഗ്രഹവും പ്രതിഷ്ഠിക്കാനും അത് ആദ്യം പൂജിക്കാനും നിർദേശിച്ചു. ഇന്നും അത് പാലിക്കപ്പെടുന്നു.

13,224 ഏക്കറുള്ള രാമേശ്വരംദ്വീപിനു നടുവിൽ 15 ഏക്കറിലാണ് ക്ഷേത്രം. ബദരീനാഥിനും പുരിക്കും ദ്വാരകയ്ക്കുമൊപ്പം മഹാക്ഷേത്രമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. രാമന്റെ കാലം മുതൽ ഓലക്കുടിൽ ആയിരുന്നു ക്ഷേത്രം12—ാം നൂറ്റാണ്ടിൽ ലങ്കയിലെ പരാക്രമബാഹുവെന്ന ചക്രവർത്തിയാണ് പുതുക്കിപ്പണിതത്.പിന്നീട് രാമനാഥപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന സേതുപതിമാരുടെ കാലത്തു വിശാലമാക്കി.

ക്ഷേത്രത്തിൽ തിരക്കാണെപ്പോഴും. ക്ഷേത്രത്തിനു നൂറുമീറ്റർ മുന്നിലുള്ള കടൽ ശാന്തമാണ്. ഇത് അഗ്നിതീർഥം. പിതൃബലി ഇവിടെയാണു നടക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ 22 തീർഥങ്ങളുണ്ട്. 50 രൂപ ടിക്കറ്റെടുത്താൽ എല്ലായിടത്തും സ്നാനം. പുണ്യം പൂർണമാകണമെങ്കിൽ ഈ കുളി അനിവാര്യം. ക്ഷേത്രത്തിന്റെ ഇടനാഴി 1220 മീറ്റർ നീളത്തിൽ 1200ൽപ്പരം കരിങ്കൽത്തൂണുകളിൽ നിർമിക്കപെട്ടതാണ.് വലുപ്പത്തിൽ ലോകത്തിലെ മൂന്നാമത്തെയും ഏഷ്യയിൽ ഒന്നാമത്തെയും ഇടനാഴി. ഈ ഇടനാഴിയിൽ നിന്നാണ് 22 തീർഥക്കുളങ്ങളിലേക്കുമുള്ള വഴികൾ.

കനത്ത സുരക്ഷാ വലയത്തിലാണു ക്ഷേത്രം. ഉള്ളിൽ കടക്കണമെങ്കിൽ മെറ്റിൽ ഡിറ്റക്ടർ അടക്കമുള്ള പരിശോധനകൾ കടക്കണം. സന്ദർശനത്തിനെത്തുന്നവർ ഒരു കാര്യം ഓർക്കുക: മൊബൈൽ ഫോൺഉൾപ്പെടെ ഹോട്ടൽ റൂമിൽ വയ്ക്കുക. സായരക്ഷാ പൂജാവേളയിൽ നിറഞ്ഞുകത്തുന്ന ദീപങ്ങൾക്കു നടുവിൽ ശിവപ്രീതിക്കായി കൈകൂപ്പി നിൽക്കുന്നവരെ കണ്ടു.

അതിൽ തമിഴരുണ്ട്, മലയാളികളുണ്ട്, ഉത്തരേന്ത്യക്കാരുണ്ട്. ശാന്തി തേടി അലയുന്ന സായിപ്പന്മാരുമുണ്ട്.

ധനുഷ്കോടിയിലേക്ക്

രാവിലെ തന്നെ ജീപ്പ് പോലെ ഒരു സാധനം ഹോട്ടലിനു മുന്നിലെത്തി. പേശിപ്പേശി 1300 രൂപയ്ക്കു സമ്മതിച്ചതാണ്. ധനൂഷ്കോടിയിലേക്കുള്ള കടൽയാത്രയിൽ ഉപ്പുവെള്ളം കയറി ജീപ്പിന്റെ ബോണറ്റ് രണ്ടായി കീറിത്തുടങ്ങി. എവിടെയും തുരുമ്പിന്റെ തിരുവിളയാടൽ. ഇന്ധനടാങ്ക് തുരുമ്പെടുത്തതുകൊണ്ട് മുൻസീറ്റുകൾക്കു നടുവിൽ വലിയൊരു കന്നാസിൽ ഡീസൽ നിറച്ചിരിക്കുന്നു. അതിൽനിന്ന് എൻജിനിലേക്കു രണ്ടു ട്യൂബുകൾ. ഉള്ളിലിരുന്നാൽ വലിയൊരുദ്വാരത്തിലൂടെ എൻജിൻ പ്രവർത്തനം മുഴുവൻ കാണാം. എന്നിട്ടും ഈ വണ്ടി ഓടുന്നുണ്ടല്ലോ മഹീന്ദ്രയെ സമ്മതിക്കണം!

ഡ്രൈവർ ശിവ. ഇന്നു രണ്ടാം ധനുഷ്കോടി യാത്രയാണ്. 150 രൂപ ഒരു ട്രിപ്പിന് മുതലാളി നൽകും. തിരക്കുള്ള ദിവസം അഞ്ചു യാത്ര. ഇവിടെ നിന്നു 12 കിലോമീറ്റർ ദൂരം സാധാരണ വഴി. അവിടെ നിന്നു ധനുഷ്കോടി തുടങ്ങുന്നു. ഏതു വാഹനവും അവിടം വരെ പോകും. അവിടെ നിന്നു മഹീന്ദ്രയുടെ മാക്സി ക്യാബ് ലഭിക്കും. ആൾക്ക് 150 രൂപ ചാർജ്. 22 പേരെങ്കിലും വണ്ടിക്കുള്ളിലുണ്ടാവും. ഫോർവീൽ ഡ്രൈവ് മാത്രമോ ധനുഷ്കോടിയിലേക്കു പോകൂ.

ഹരംപിടിപ്പിക്കന്നൊരു യാത്രയാണിത്. വേലയറിക്ക സമയത്ത് കടൽത്തീര മണൽപ്പുറത്തുകൂടി ആടിയുലഞ്ഞൊരുപോക്ക്.ഉൗഞ്ഞാലിൽ ആട്ടിവിട്ടതുപോലെ ചിലപ്പോൾ. അപ്രതീക്ഷിതമായി കുഴിയിലേക്കു വീഴുന്നതു പോലെ ചിലപ്പോൾ. മുകളിലെ കമ്പിയിൽ തൂങ്ങിയാടി ചിലപ്പോൾ. ഒരു നിമിഷം നമ്മൾ വെറുതെയിരിക്കുന്നില്ല. മണ്ണിൽ ആഴ്ന്നിറങ്ങിയ ടയർപ്പാടുകളിലൂടെത്തന്നെ ശിവ വണ്ടി വിട്ടു.

തകർന്നു പോയ റയിൽവേസ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ ശിവയുടെ കരിവണ്ടി നിന്നു. സജീവമായിരുന്ന കാലഘട്ടത്തിന്റെ പ്രധാന ശേഷിപ്പിലാണ് നിൽക്കുന്നത്. തൊട്ടടുത്തുകാണുന്നത് തീവണ്ടിയിൽ വെള്ളം നിറച്ചിരുന്ന ടാങ്ക്. ചുഴലിക്കാറ്റിൽ പാമ്പനിൽനിന്നു ധനുഷ്കോടിയിലേക്കു വന്ന ട്രെയിൻ അപ്പാടെ ഒലിച്ചു പോയിരുന്നു. ധനുഷ്കോടിയിലെ മഹാദുരന്തത്തിൽ എത്ര പേർ മരിച്ചുവെന്നതിനു കണക്കില്ല. 2,000 പേരെങ്കിലും എന്ന് ഉൗഹിക്കുന്നു. തൊട്ടകലെ ഉയരത്തിൽ കാണുന്നത് പള്ളിയുടെ അവിശിഷ്ടം. അതിനു ചേർന്ന് റയിൽവേ ക്വാർട്ടേഴ്സ്. ഒരു ക്ഷേത്രം, പോസ്റ്റ് ഓഫിസ്, ആശുപത്രി തുടങ്ങി അക്കാലത്തിന്റെ നീറ്റുന്ന ഓർമപ്പെടുത്തലുകൾ.

രാമേശ്വരം ക്ഷേത്ര വഴിപാടിനു മുൻപും പിൻപും ധനുഷ്കോടിയിലുള്ള സേതുതീർഥത്തിൽ നീരാടണമെന്നാണ് ആചാരം. ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ പുർണഫലം ലഭിക്കൂ എന്നും വിശ്വസിക്കപ്പെടുന്നു. വിശ്വാസം എന്തുമാകട്ടെ യാഥാർഥ്യം ഇനി പറയാം. ധനുഷ്കോടിയിൽ ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും അർധവ്യത്താകൃതിയിൽ സംഗമിക്കന്നിടത്ത് ഇന്ത്യ അവസാനിക്കുന്നു. ഇനി യാത്ര മുന്നോട്ടില്ല. ഓർമകളുടെ ആഴക്കടലിലൂടെ പിൻമടക്കമാണ്. മഴക്കാലത്തു മാനം കറുക്കുന്നു. വീണ്ടും ഓർമകൾ കുത്തിനോവിക്കുന്നു. ഇനിയെങ്ങാനും വരാനിടയുള്ള ചുഴലിക്കാറ്റും കടൽ ക്ഷോഭവും ഭയപ്പെടുത്തുന്നു.

ശിവാ, വണ്ടിവിട്...ശിവനേ, രക്ഷിക്കണേ....

ആ ഗമ ഒരു ഗമയായിരുന്നു. കണ്ണുപറിക്കാതെയുള്ളനോട്ടം. ചുറ്റിനടപ്പ്. ആരാധനയിറ്റുന്ന മുഖഭാവങ്ങൾ. രാമേശ്വരം യാത്രയ്ക്കിടെ ഇസുസു എംയു 7 നിർത്തിയിടത്തെല്ലാം കാഴ്ചക്കാർ. ഡ്രൈവർ സീറ്റിൽ അമർന്നിരുന്ന് ആസ്വദിച്ചു ഈ കാഴ്ചകൾ. നിരത്തിന്റെ തരംഗമായി മാറാൻ പോവുന്നതല്ലേയുള്ളൂ; അതുകൊണ്ടുതന്നെ ഇവൻയേത് എന്ന സംശയമായിരുന്നു അവർക്കു തുടക്കത്തിൽ പിന്നീട് ഇസുസു എന്ന ബാഡ്ജിൽ നോക്കി പറഞ്ഞു ഓ, ഇതു വിദേശിയാ!

അതൊക്കെ പണ്ട്. ഇപ്പോൾ ഇസുസു ഇതാ നമ്മുടെ സ്വന്തം നാട്ടിലും. അംബാസഡർ കാറിന്റെ തകർപ്പൻ എൻജിന്റെ പേരിലാണ് ഇസുസുആദ്യമായി ഇവിടെ പേരെടുത്തത്. പിന്നീട് ട്രക്കുകൾ രംഗപ്രവേശം ചെയ്തു, ഇന്ത്യ പോലെ വിശാലമായ വിപണി പയറ്റിത്തെളിയാൻ പറ്റിയസ്ഥലമാണെന്നു തോന്നിയതുകൊണ്ടാവാം കിടിലൻ എസ്യുവിയെയാണ് ഇസുസു രംഗത്തിറക്കിയിരിക്കുന്നത്. തായ്ലൻഡ്, ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിലെല്ലാം കരുത്തു തെളിയിച്ച ശേഷമാണ് ഇന്ത്യയിൽ ഈ വാഹനത്തിന്റെ അവതരണം.

ഡ്രൈവിങ്ങും യാത്രയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന കരുത്തുറ്റ, ചേലൊത്തവണ്ടി രാമേശ്വരത്തേക്കു നടത്തിയ യാത്രയ്ക്കു ശേഷം എംയു 7 നെക്കുറിച്ചു നല്ലതേ പറയാനുള്ളൂ. മനസ്സെത്തുന്നിടത്തുവണ്ടി എന്നു മോഹിക്കില്ലേ, അതിന്റെ സാക്ഷാൽക്കാരമാണ് ഇസുസു സമ്മാനിക്കുന്നത്. 3,000 സിസി എൻജിനിൽനിന്ന് അസാമാന്യകരുത്ത്. നേരിയ കുലുക്കം പോലുമില്ലാതെ യാത്രയ്ക്കു പറ്റിയ സസ്പെൻഷൻ. ക്യാബിനുള്ളിലേക്ക് എൻജിൻ ശബ്ദം ഒട്ടും കടക്കുന്നില്ല. സുരക്ഷയ്ക്ക് എയർബാഗുകൾ. പിടിച്ചാൽ പിടിച്ചിടത്തു കിട്ടുന്ന ബ്രേക്കിങ് സംവിധാനം. കാഴ്ചയിൽ തന്നെ കരുത്തുവെളിപ്പെടുന്ന രൂപകൽപ്പന ആകെക്കൂടി ആനച്ചന്തമുണ്ട് എംയു 7ന്.

ഉൾസ്ഥലം ഏറ്റവും മികച്ചത്. ആദ്യ രണ്ടു നിരയിലും കാലുകൾ നീട്ടിവച്ച്സസുഖം യാത്ര ചെയ്യാം. റിവേഴ്സ് ക്യാമറ മോണിട്ടറായി പ്രവർത്തിക്കുന്ന ടച്ച് സ്ക്രീൻ മൾട്ടി മീഡിയ സിസ്റ്റം, ബ്ലൂടുത്ത്, യുഎസ്ബി, ഡിജിറ്റൽ ടിവി തുടങ്ങി ലഭ്യമായ ആധുനിക സൗകര്യങ്ങളെല്ലാം ഇസുസു ഒരുക്കിയിട്ടുണ്ട്. നാലു സിലിണ്ടർ മൂന്നു ലീറ്റർ കോമൺറയിൽ ഡീസൻ എൻജിനാണ് എംയു7ന്റെ ഹൃദയം. അഞ്ചു സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ. കൂടിയ പവർ 160 ബിഎച്ച്പി. ലീറ്ററിനു 10 കിലോ മീറ്റർ മൈലേജുമുണ്ട്.

ഈ വണ്ടിയെക്കുറിച്ച് എന്തെങ്കിലും കുറ്റം കേൾക്കണമെന്നു നിർബന്ധമുള്ളവർക്കുവേണ്ടി ഒരു കാര്യം പറയാം. മൂന്നാം നിരസീറ്റ് കുട്ടികൾക്കേ പറ്റൂ. മക്കൾക്കു മക്കളുണ്ടാകുമ്പോൾ കുറച്ചു സ്ഥലമുള്ള വണ്ടി നല്ലതല്ലേ എന്നു കരുതി 20 വർഷം മുൻകൂട്ടിക്കണ്ട് എസ്യുവി വാങ്ങുന്നവർക്ക് ഇതൊരു കുറവായി തോന്നാം. എന്നാൽ സീറ്റ് മടക്കിയിട്ടാൽ നീണ്ട യാത്രയ്ക്കു പറ്റിയ സാധനങ്ങളെല്ലാം ഉൾക്കൊള്ളിച്ചു മനസ്സമാധാനത്തോടെ പോയി വരാം എന്നു പോസിറ്റീവായി ചിന്തിക്കുന്നവർക്ക് ഇതൊരു കുറവല്ലതാനും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.