Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളാനകളുടെ നാട്ടിലൂടെ...

Thailand

തായ് ലാൻഡ് യാത്രയെപ്പറ്റി ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ഉറങ്ങാത്ത തെരുവുകളും, വല വീശി പിടക്കാന്‍ പാതയോരത്ത് ചിരിച്ചു നിൽക്കുന്ന സുന്ദരികളെയും, പാറ്റകളും പുഴുക്കളും വറത്തു തിന്നുവരും ഉള്ള ഒരു രാജ്യം എന്നായിരുന്നു. എന്നാൽ അവിടെ പോയപ്പോൾ  അതെല്ലാം മാറി. ബുദ്ധമത ഹിന്ദു മത ചരിത്ര കാലശേഷിപ്പുകൾ, സഫാരി പാർക്ക്, കോറൽ  ഐലന്ഡ്, എന്നുവേണ്ട ഒരുപാടു കാഴ്ചകളുടെ ഒരു കൂമ്പാരം തന്നെ അവിടെ കാണുവാന്‍ ഉണ്ട് .

അഞ്ചു ദിവസത്തെ ടൂർ പാക്കേജില്‍ ഞങ്ങള്‍ മുപ്പതു പേര്‍ ആണ് പോയത്. നെടുമ്പാശേരിയിൽ നിന്നു കോലാലംപൂർ വഴി ആയിരുന്നു യാത്ര. തായ് ലാൻഡിലെ രൂപക്ക് ബാത്ത് എന്നാണ് പറയുന്നത് .നമ്മുടെ 100 രൂപയ്ക്കു അവിടെ 50 ബാത്ത് കിട്ടും. ഇന്ത്യൻ സമയവുമായി ഒന്നര മണിക്കൂർ മുന്നിലാണ് തായ് ലാൻഡ്‌ സമയം. വിസ അവിടെ ചെന്നിട്ടാണ് എടുക്കേണ്ടത്. ഫ്ലൈറ്റിൽ കൂടുതലും ടൂറിസ്റ്റുകൾ  ആയിരുന്നു .

Thailand

1000  ബാത്ത്  കൊടുത്തു വിസ സ്റ്റാമ്പ്‌ ചെയ്തു എയർ പോർട്ടിനു  പുറത്തിറങ്ങിയപ്പോൾ തായ് ഭാക്ഷയിൽ “ സ്വതികാ.... ...(നമസ്ക്കാരം )”  എന്ന്  നീട്ടി പറഞ്ഞുകൊണ്ട് ഷാന്തി എന്നു പേരുള്ള സുന്ദരിയായ ഗൈഡ് വണ്ടിയുമായി ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സമയം മുന്നോട്ടു ആയതുകൊണ്ട് ഞങ്ങൾ  അവിടെ എത്തിയപ്പോൾ ഉച്ചകഴിഞ്ഞിരുന്നു .

പട്ടായയിലുള്ള ഹോട്ടലിലേക്ക് രണ്ടു മണിക്കൂറോളം  യാത്ര ഉണ്ടായിരുന്നു. പോകുന്ന വഴി ഗൈഡ് തായ് ലാൻഡ്‌ നെപ്പറ്റി ചെറിയ വിവരണവും തന്നു. ജനസംഖ്യ കുറവാണ് അവിടെ അതിൽ  55% സ്ത്രീകളും. 40 % പുരുഷന്മാരും 5% ഹിജഡകളും ആണ് . 95 ശതമാനം ബുദ്ധമതവിശ്വാസികളാണ്. ഒരുപാടു ടൂറിസ്റ്റുകൾ വന്നും പോയികൊണ്ടിരിക്കുന്ന അവിടെത്തെ ഭാഷ  തായ് ഭാഷ ആണ്. ഇംഗ്ലീഷ്  അറിയാവുന്നവരും ചുരുക്കം ആണ്. അവിടെ പ്രധാനമന്ത്രി ഉണ്ടെങ്കിലും രാജഭരണവും ഉണ്ട്. 83 വയസുള്ള  പ്രായമായ രാജാവിനു സുഖമില്ലാതെ ആശുപത്രിയിൽ ആയതുകൊണ്ട് ഓഫീസ് ആശുപത്രിയിൽ തന്നെ പ്രവർത്തിക്കുകയാണ്‌. വിവരണങ്ങൾ കേട്ടും കാഴ്ചകൾ കണ്ടും രാത്രിയിൽ ഉണരുന്ന നഗരമായ പട്ടായയിലൂടെ ഞങ്ങളുടെ ബസ്‌ യാത്ര തുടങ്ങി .

Thailand

നീലയും ചുവപ്പും കളറുള്ള ടാക്സി കാറുകൾ കൂടാതെ ടാക്സി സ്കൂട്ടറുകളും, ടുക്ക് ടുക്ക് എന്ന് പേരുള്ള നമ്മുടെ ഇവിടെത്തെ പെട്ടിവണ്ടിപോലെയുള്ള ഓട്ടോ റിക്ഷകളും ആണ്  അവിടെ കൂടുതലും ഉള്ളത്. ബസുകളും തീരെ കുറവാണ്. യാത്രക്കാരെ ഫ്രീ ആയി കൊണ്ടുപോകുന്ന ചില ബസുകളും ഉണ്ട് അവിടെ. ബൈക്കുകൾ തീരെ ഇല്ലെന്നു തന്നെ പറയാം. വണ്ടികൾ  ഹോണ്‍ അടിക്കാറില്ല. വൃത്തിയുള്ള റോഡിലൂടെ   നിയമങ്ങൾ പാലിച്ചു പോകുന്ന വണ്ടികളും കാണുവാൻ സാധിച്ചു. നമ്മുടെ നാട്ടിലെ വാഹനങ്ങളുടെ ചീറി പാച്ചലുകൾ അറിയാതെ ഓർത്തുപോയി.

പോകുന്ന വഴി ടാക്സിക്കു വേണ്ടി ക്യൂ നിൽക്കുന്ന കുട്ടി ഉടുപ്പുകൾ ഇട്ട  തായ് സുന്ദരികളെ വഴിയിൽ കാണാമായിരുന്നു . മേക്കപ്പിന് ഒരുപാട്  മുൻഗണന  കൊടുക്കുന്ന അവരിൽ  ചിലർ  ക്യൂ  നിൽക്കുമ്പോഴും കണ്ണാടി നോക്കി ലിപ്സ്റ്റിക്ക് ഇടുന്നത് കാണാം. വഴിയോരത്ത് കാണുന്ന ഷോപ്പുകളിൽ എല്ലാം ജോലിക്കാരായി കൂടുതലും സുന്ദരികളായ സ്ത്രീകളെയാണ് കാണുവാൻ കഴിഞ്ഞത്. അവിടെ ഉള്ളവർക്ക് നല്ല നിറം ആണ്.നിറം എപ്പോഴും സൌന്ദര്യത്തിന്റെ കൂട്ടുകാരി തന്നെ ആണ്. വഴിയോര കാഴ്ചകളിൽ ഒരുപാടു മസാജ് സെന്ററുകൾ കണ്ടു. മസാജ് ചെയ്യുന്ന സുന്ദരികളെ ഷോപ്പിന്റെ   ഗ്ലാസിലൂടെ പുറത്തു കാണാമായിരുന്നു . കാഴ്ചകൾ കണ്ടു ഹോട്ടലിൽ എത്തിയത്  അറിഞ്ഞില്ല ഞങ്ങൾ.

ഹോട്ടലിൽ ചെന്നു ഫ്രഷ്‌ ആയി ഫുഡ്‌ കഴിച്ചു ആദ്യ യാത്ര  അൽക്കാസർ ഷോ (Alcazar show) കാണുവാൻ ആയിരുന്നു. ഷോ കണ്ടുകഴിയുമ്പോൾ ഒരു രഹസ്യം പറയാം എന്നു ഗൈഡ് ഞങ്ങളോടു പറഞ്ഞിരുന്നു. ആ രഹസ്യം അറിയുവാനുള്ള   ആകാംക്ഷയോടെ ഞങ്ങൾ ഷോ സെന്ററിൽ എത്തി. ദിവസവും അഞ്ചും ആറും ഷോകൾ ഉണ്ട് അവിടെ. ഞങ്ങൾ ചെന്നപ്പോൾ അടുത്ത ഷോ തുടങ്ങുവാനുള്ള തിരക്കുകൾ തുടങ്ങിയിരുന്നു. ഞങ്ങളും തിരക്കുകൾക്കിടയിലൂടെ അവർ നൽകിയ ജൂസുമായി ഹാളിനകത്തേയ്ക്ക് കയറി സീറ്റു പിടിച്ചു . കളർ ലൈറ്റ്കളാൽ അലങ്കൃതമായ സ്റ്റേജിൽ മിന്നിത്തിളങ്ങുന്ന വേഷങ്ങളുമായി സുന്ദരികൾ വന്നു നൃത്തം വച്ചു തുടങ്ങി . ഒരു മണിക്കൂറോളം പല ഗ്രൂപ്പുകളായി പല തരത്തിലുള്ള നൃത്തങ്ങളും അതിനിടക്ക് ചിലര് സ്റ്റേജിൽ നിന്നു ഇറങ്ങി കാണികളുമായി ചുവടുകളും  വയ്ക്കുന്നുണ്ടായിരുന്നു. നല്ലൊരു ഷോ ആയിരുന്നു അത്.

Thailand

ഷോ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അവിടെ ഡാൻസ്‌ കളിച്ച സുന്ദരികളും പുറത്തു വന്നു ടുറിസ്റ്റുകളുമായി ഫോട്ടോക്ക് പോസ് ചെയ്തു കാശു മേടിക്കുന്നത് കണ്ടു.  പിന്നിടാണ് ഗൈഡ് ആ രഹസ്യം പറഞ്ഞത്‌. ഷോ  നടത്തുന്ന അവിടെ ആകെ  മൂന്നു  സ്ത്രീകൾ മാത്രമേ ഉള്ളൂ. ടിക്കറ്റ്‌ കൊടുക്കുവാനും ക്ലീൻ ചെയ്യുവാനും വാച്ച്  വുമണ്‍ ആയിട്ടും, ബാക്കി എല്ലാവരും ഹിജഡകളാണെന്നു പറഞ്ഞത് കേട്ടപ്പോൾ വിശ്വസിക്കുവാൻ പറ്റിയില്ല. ഹോർമോണ്‍ ചികൽസ ചെയ്തു സുന്ദരികളായി മാറിയ അവരെ കണ്ടാൽ ആരും നോക്കി പോകും അത്രയ്ക്ക് സൗന്ദര്യം ഉണ്ട് അവർക്ക്.  ജീവിക്കാന്‍ വേണ്ടി സുന്ദരികളായ മാറിയ ഹിജഡകളുടെ നൃത്തവും കണ്ടു അന്നത്തെ യാത്ര മതിയാക്കി ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.

അടുത്ത ദിവസത്തെ യാത്ര കോറൽ ഐലന്റ് ലേക്കായിരുന്നു. കുറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹം ആയിരുന്നു കടലിനടിയിലൂടെ (sea walking) ഉള്ള യാത്ര. മിനുകളെ തൊട്ടു തലോടി നടക്കണം, പവിഴപുറ്റുകളിൽ  തൊടണം എന്നെല്ലാം ഉള്ള ആഗ്രഹം സാധിക്കുവനുള്ള സന്തോഷത്തിൽ ആയിരുന്നു ഞാന്‍. മനോഹരമായ  കടല്‍ തീരം. തൊപ്പിയും, ഡ്രെസ്സും, തായ് വിഭവങ്ങളുമായി ഒരുപാടു കച്ചവടക്കാര്‍ ഉണ്ടായിരുന്നു അവിടെ. കൂടുതല്‍ പേരും അല്‍പ്പ വസ്ത്ര ധാരണികള്‍ ആണെങ്കിലും തുറിച്ചുള്ള ഒരു നോട്ടമോ അശ്ലീലകമന്റുകളോ ഇല്ലാത്ത സഞ്ചാരസ്വാതന്ത്ര്യം ഉള്ള ഒരു തീരം. അവിടെത്തെ ബീച്ചുകള്‍ കിലോ മീറ്ററുകളോളം നീണ്ടു കിടക്കുന്നവയാണ്.

Thailand

ഉയർന്നു പൊങ്ങുന്ന തിരമാലകളെ കീറിമുറിച്ചു കൊണ്ടുള്ള ഏഴു കിലോ മീറ്റര്‍ കടലിന്റെ ഉള്ളിലേക്ക് ബോട്ട് യാത്ര ചെയ്‌താല്‍ മാത്രമെ പാരഗ്ലൈഡിങ്ങിനും കടലിനുള്ളിലൂടെ ഉള്ള നടത്തം(sea walking ) ഉൾപ്പടെയുള്ള  രസകരമായ വിനോദങ്ങളില്‍ പങ്കെടുക്കുവാനും സാധിക്കുകയുള്ളൂ. തുറന്ന ബോട്ടിൽ യാത്ര അല്പം സാഹസികമായിരുന്നു. കടലില്‍ ഹമ്പും ഗട്ടറും ഉള്ളപോലെ അത്രക്കു ചാട്ടം ആയിരുന്നു ബോട്ട്. തിരമാലകള്‍ അടിച്ചു എല്ലാവരും നനഞ്ഞു കുളിച്ചു.

കടലിനുള്ളിലേക്ക് ചെന്നപ്പോള്‍ അവിടവിടെയായി കടലില്‍ കുറെ ഫ്ലാറ്ഫോമുകള്‍ കണ്ടു. ചില ഫ്ലാറ്ഫോമുകളില്‍ നിന്നു പാരച്യൂട്ടില്‍ സഞ്ചാരികള്‍ ആകാശത്ത് പറക്കുന്നതു കണ്ടു. ഞങ്ങള്‍ ചെന്ന് ഇറങ്ങിയ ഫ്ലാറ്ഫോമിൽ പാരഗ്ലൈഡിങ്ങുനു പോകാനുള്ള സഞ്ചാരികളുടെ തിരക്കായിരുന്നു. വലിയ ക്യൂ ആയതുകൊണ്ട് ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നു മൂന്നു പേര് മാത്രമാണ് കയറിയത്. പാരചൂട്ടിലെ സഞ്ചാരികളുടെ കറക്കം കണ്ടപ്പോൾ എനിക്കും കയറണമെന്നുണ്ടായിരുന്നു. പക്ഷെ വലിയ ക്യൂ ആയതുകൊണ്ടും സമയകുറവും കൊണ്ടും ആ ആഗ്രഹം വേണ്ടെന്നു വച്ചു.

Thailand

അവിടെന്നു ബോട്ടിൽ വീണ്ടും കടലിലേക്ക്‌ യാത്ര ആയി. ഞങ്ങളുടെ ബോട്ട് പിന്നെ ചെന്ന് നിന്നതു വേറെരു ഫ്ലാറ്റ് ഫോമിന്റെ അടുത്തായിരുന്നു. അവിടെ കടലിനിടിയിലേക്ക് പോകുവാൻ മാത്രം ഉള്ളവർ ഇറങ്ങണം. ഞാൻ ഉൾപ്പടെ 4 പേർ മാത്രമാണ് അവിടെ ഇറങ്ങിയത്. ഞങ്ങളെ അവിടെ ഇറക്കി ബോട്ട് ബാക്കിയുള്ളവരേയും കൊണ്ട് അടുത്ത ബീച്ചിലേക്കു പോയി. കടലിനടിയിലേക്ക്‌ പോകുവാൻ പലർക്കും പേടി ഉള്ളതുകൊണ്ട് അവിടെ വലിയ തിരക്കുകൾ ഇല്ലായിരുന്നു. അവിടെ കുറച്ചു വലിയ ഹെൽമറ്റ് കൾ ഇരിക്കുന്നതു കണ്ടു. 35 കിലോളം ഭാരമുള്ള അതാണ് ഒക്സിജൻ കിട്ടുന്നതിനു വേണ്ടി തലയിൽ വയ്ക്കുന്നത്. അതിന്റെ മുകളിൽ ഉള്ള ട്യൂബ് വഴി ആണ് ഓക്സിജൻ കിട്ടുന്നത്. ഫ്ലാറ്ഫോമിന്റെ അടുത്തായി പലയിടത്തു ഈ ട്യൂബുകൾ പൊങ്ങി കിടക്കുന്നത് കണ്ടു. അതിനടിയിൽ എല്ലാം കടലിൽ സഞ്ചാരികൾ ഉണ്ടെന്നു അപ്പോഴാണ്‌ മനസിലായത്.

ഒരു പാട് താഴ്ചയുള്ള കടലിൽ ഈ ഹെൽമറ്റു വച്ച് കടലിനടിയിലൂടെ നടക്കുമ്പോൾ നേരെ നോക്കി നടക്കണം, ചരിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നോക്കരുത് എന്നു മറ്റും ഗൈഡ് ക്ലാസ്സ്‌ എടുക്കന്നത് കേട്ടുപ്പോൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു പ്രായം ഉള്ള ആൾ യാത്ര വേണ്ടെന്നു വച്ചു. 35 കിലോ ഉള്ള ഹെൽമറ്റു തലയിൽ വയ്ക്കുമ്പോൾ താനെ കടലിലേക്ക്‌ മുങ്ങിപോകും. ഗൈഡ് കൂടെ കാണും. കടലിനടിയിൽ മണ്ണിൽ നിന്നിട്ട് ഗൈഡ് റ്റെ കൂടെ ഞങ്ങൾ കൈ പിടിച്ചു പതുക്കെ നടന്നു . എന്താപറയുക........ കടലിനടിയിലൂടെ ഉള്ള യാത്ര പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയ്ക്ക് മനോഹരമായ കാഴ്ചകൾ ആണ് അവിടെ കണ്ടത്.

Thailand

അടുത്തുകൂടി മീനുകൾ അങ്ങോട്ടും ഇങ്ങോട്ടും സ്പീഡിൽ പൊയ്കൊണ്ടിരിക്കുന്നു . കൈ നീട്ടി മീനുകളെ തൊടുവാന്‍ ശ്രമിച്ചു ഞാൻ. നമ്മുടെ ശരീരത്തു തട്ടി മീനുകൾ അതൊന്നും ഗൌനിക്കാതെ സ്പീഡിൽ പോയികൊണ്ടിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾ പവിഴ പുറ്റുകൾ കണ്ടു തുടങ്ങി. കാലു ശരിക്കു ഉറക്കാത്തതു കൊണ്ട് പതുക്കയെ നടക്കുവാൻ സാധിച്ചിരുന്നൊള്ളൂ. മീനുകളുടെ ഇടയിൽ കൂടി ഞങ്ങളും മുന്നോട്ടു നടന്നു. പവിഴപുറ്റുകളില്‍ പറ്റിയിരിക്കുന്ന ചെറു കടല്‍ ജീവികളെ ഗൈഡ് എടുത്തു ഞങ്ങളുടെ കയ്യിൽ വച്ചു തന്നു. അത് പതുക്കെ ഞങ്ങളുടെ കൈയിലൂടെ മിന്തി മിന്തി നടന്നു. നാലു പവിഴപുറ്റുകളുടെ അടുത്ത് ഞങ്ങളെ കൊണ്ടുപോയി .ചെറു ജീവികളെ എടുത്തും തലോടിയും അര മണിക്കൂറോളം കടലിനടിയിയില്‍ ചിലവഴിച്ചു. പവിഴപുറ്റിലെ ജീവികളെ കണ്ടപ്പോൾ പല സംശയങ്ങളും ഗൈഡ് നോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വെള്ളത്തിനടിയിലതുകൊണ്ട് ഒന്നും പറ്റിയില്ല. ചിലപ്പോൾ ചില വലിയ മീനുകൾ തട്ടി പോകുന്നത് ശരിക്കും നമുക്ക് അറിയുവാൻ സാധിക്കും. തൊടുവാൻ കൈ നീട്ടുമ്പോൾ അവർ ദൂരെ ആയി കാണും. പവിഴപൂറ്റിൽ ചേർന്നു നിന്നും കാഴ്ചകൾ കണ്ടു നടന്നും കടലില്‍ നിന്നു  മുകളിലെത്തിപ്പോൾ, ഞങ്ങൾക്കു പോകുവാനുള്ള ബോട്ട് എത്തിയിരുന്നു. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം ആയിരുന്നു കടലിനടിയിലൂടെ ഉള്ള യാത്ര.

അവിടെന്നു അടുത്ത ബീച്ചിലെക്കായിരുന്നു യാത്ര. അവിടെ ചെന്നപ്പോൾ കൂടെ വന്നവർ ബീച്ചിൽ കുളിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവരോടൊപ്പം കൂടി .വാട്ടർ സ്പോർട്സ്  ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിവിടം. വാട്ടർ ബൈക്ക്, സ്കൂബ ഡൈവിങ്ങ്, സ്വിമ്മിംഗ്,സണ്‍ബാതിങ്ങ്, അങ്ങനെ പലതും അവിടെ ഉണ്ട്. രണ്ടുമൂന്നു മണിക്കൂറോളം അവിടെ ചിലവഴിച്ചു ഞങ്ങൾ.

Thailand

ഉച്ച കഴിഞ്ഞു ഫ്ലോട്ടിംഗ് മാർക്കറ്റിലെക്കയിരുന്നു അടുത്ത യാത്ര. ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഉള്ള സ്ഥലത്ത് ഉറപ്പിച്ച തൂണുകൾക്ക് മുകളിലായി തടികൾ പാകി കച്ചവടമുറികളും നടപ്പാതകളും മറ്റും ഒരുക്കിയിത്തിരിക്കുന്ന. ഒഴുകും ചന്തയിൽ കൊച്ചുവഞ്ചികളിലെത്തുന്ന  കച്ചവക്കാർക്കായി ജല പാതയും ഒരുക്കിയിട്ടുണ്ട്. നൂറു കണക്കിന് കച്ചവട മുറികളുള്ള ഇവിടെ എല്ലാ കച്ചവടവും ഉണ്ട്. കരകൗശല വസ്തുക്കൾ, ഡ്രസ്സുകൾ, മസാജിഗ് സെന്ററുകൾ, ഭക്ഷണ ശാലകൾ മാർക്കറ്റിനെ ചുറ്റിയുള്ള ബോട്ടിംഗ്, കൊച്ചു വഞ്ചിയിൽ കലാപരിപാടികൾ എല്ലാം അവിടെ ഒരുക്കിയിട്ടുണ്ട്. മാർക്കറ്റിലേക്ക്  കയറുമ്പോൾ തന്നെ പ്രതിമ പോലെ ഒരാൾ നിൽക്കുന്നുണ്ട്. നമ്മൾ ഫോട്ടോ എടുക്കുക ആണെങ്കിൽ  താഴെ പൈസ ഇടുവാൻ വച്ചിരിക്കുന്ന ബക്കറ്റ്‌ ലേക്ക് ചൂണ്ടി കൈ വിരൽ മാത്രം അനക്കും. ജീവിക്കാന്‍ വേണ്ടി പല വേഷങ്ങള്‍ കെട്ടുന്നവരെ അവിടെ കണ്ടു.. ചില കടകളിൽ വറുത്തു വച്ചിരിക്കുന്ന പ്രാണികളെയും വണ്ടുകളെയും ,പുഴുക്കളെയും അലങ്കരിച്ചു വച്ചിരിക്കുന്നത് കാണാം. ചെറു വഞ്ചികളില്‍ തായ് വിഭവങ്ങളുമായി തായ് വനിതകൾ അവിടെയെല്ലാം കറങ്ങി നടക്കുന്നുണ്ടായിരുന്നു. എല്ലായിടവും ചുറ്റി കറങ്ങി കണ്ടു.

ഫ്ലോട്ടിംഗ് മാർക്കറ്റിലെ യാത്ര കഴിഞ്ഞു വൈകുന്നേരം ഹോട്ട് സ്പോട്ട് ആയ വാൾകിംഗ് സ്ട്രീറ്റ് (walking street) കാണുവാൻ പോയി. ഈ തെരുവിനെ പറ്റി ഒരുപാടു കേട്ടിട്ടുണ്ട്. പക്ഷെ നേരിട്ട്  കണ്ടപ്പോൾ പറഞ്ഞത്രയും ഉള്ളതായി എനിക്കു തോന്നിയില്ല. നിയമാനുസൃതമായി പലതരം കച്ചവടങ്ങൾ നടക്കുന്ന ഒരു തെരുവ്.

റെസ്റ്റോറന്റുകളും, ബാറുകളും, നൃത്തശാലകളും, ഷോപ്പിംഗ് സെന്ററുകളും, മസാജ് പാർലറുകളും,നിശാസുന്ദരികളും ചേർന്ന് രാത്രിയെ പകാലാക്കുന്ന  സ്ട്രീറ്റ്   രണ്ടു കിലോമീറ്ററോളം ഉണ്ട്. ഞങ്ങൾ സന്ധ്യയോടെ ആണ് അവിടെ എത്തിയത്. തിരക്കുകൾ തുടങ്ങുന്നെ ഉണ്ടായിരുന്നൊള്ളൂ. ഒന്നു കണ്ടിരിക്കണം അത്രെ ഉണ്ടായിരുന്നൊള്ളൂ. അതുകൊണ്ട് ഞങ്ങൾ കുറച്ചു ദൂരം മാത്രമെ പോയോള്ളൂ. എനിക്ക് ഈ സ്ട്രീറ്റ് കണ്ടപ്പോൾ തിരക്കുള്ള ആലുവ ശിവരാത്രി മണപ്പുറം പോലെ തോന്നി. പലതരം കച്ചവടം നടക്കുന്ന മണപ്പുറത്ത് ഇടയ്ക്കിടയ്ക്ക് പല നിറത്തിലുള്ള അലുവ കച്ചവടക്കാരെ പോലെ നിശാ സുന്ദരികൾ കയ്യിൽ പ്ലേ കാർഡ്‌മായി   നിൽക്കുന്നുണ്ടായിരുന്നു. അവരുടെ ഏജന്റ് മാരായ ആണുങ്ങളെയും   അവിടെ കാണാം. നിയമ പരമായി നടത്തുന്ന ഒരു തൊഴിൽ. അവിടെ ട്യൂട്ടിക്ക് പോലീസുകാരെയും കണ്ടു. നമ്മുടെ നാട്ടിൽ ഒളിച്ചും പതുങ്ങിയും നടക്കുന്ന കാര്യങ്ങൾ തന്നെ അവിടെ ഓപ്പണ്‍ ആയി നടക്കുന്നു. അന്നത്തെ യാത്ര അതോടെ കഴിഞ്ഞു.

Thailand

അടുത്ത ദിവസം പട്ടായയോടു യാത്ര പറഞ്ഞു തലസ്ഥാന നഗരമായ ബാങ്കോക്കിലായി യാത്ര. തായ്‌ലന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്‌ ബാങ്കോക്ക്. ഏകദേശം 7 മില്യനോളം ജനങ്ങൾ വസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലിയ 22–മത്തെ നഗരവുമാണ്. ബാങ്കോക്കിനെ അവിടത്തെ ജനങ്ങൾ വിളിക്കുന്നത് ‘മാലാഖമാരുടെ നഗരം’ എന്നാണ്. പ്രകൃത്യാ സുന്ദരമായ ഈ പ്രദേശത്തിനു അവിടത്തെ മനോഹരമായ നിരത്തുകളും  കമ്പോളങ്ങളും സൗവർണ്ണ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഒന്നുകൂടി മാറ്റുകൂട്ടുന്നു. ബാങ്കോക്കിന് ക്രുംഗ് തെപ് എന്നും പേര് ഉണ്ട്. ചക്രിരാജ വംശത്തിന്റെ സ്ഥാപകനായ രാമ ഒന്നാമൻ രാജാവാണ് 1782ൽ ബാങ്കോക്ക് നഗരം നിർമ്മിച്ചത്. ഈ നഗരത്തിൽ വരുന്ന സഞ്ചാരികളെ മനോഹരമായ ഷോപ്പിംഗ് മാളുകളും ആകർഷിക്കുന്നവയാണ്.

പോകുന്ന വഴി ചില  ബസ്‌ സ്റൊപ്പുകളിൽ  സന്യാസിമാർ ഇരിക്കുന്നുണ്ട്‌. പൂജ സാധനവും  വാങ്ങി ബസ്‌ സ്റ്റോപ്പിൽ സന്യാസിയുടെ അടുത്ത് മുട്ട് കുത്തി നിന്നു പൂജ നടത്തുന്ന യാത്രക്കാരായ തായ് വനിതളെയും കണ്ടു. ക്ഷേത്രങ്ങളിൽ പോകാൻ സമയം ഇല്ലാത്തവർക്കു വേണ്ടി പൂജാരിയും ദൈവവും അവരെ തടി വരുന്ന കാഴ്ച പുതുമയായി തോന്നി. പോകുന്ന വഴി സുവര്‍ണ്ണഗിരി എയര്‍ പോർട്ടും. കാറുകൾക്കു മാത്രം പാര്‍ക്ക് ചെയ്യുവാനുള്ള നാലും അഞ്ചും നിലയുള്ള കെട്ടിടങ്ങളും ഗൈഡ്  കാണിച്ചു തന്നു. കാഴ്ചകൾ കണ്ടും പാട്ടുകൾ പാടിയും ഞങ്ങൾ യാത്ര തുടർന്നു. രണ്ടു മണിക്കൂറിൽ കൂടുതൽ യാത്ര ഉണ്ട്.

Thailand

പോകുന്ന വഴി ആദ്യം ജെം ഫാക്ടറി കാണുവാൻ പോയി. 10 പേർക്ക് ഇരിക്കാവുന്ന തുറന്ന കുട്ടി തീവണ്ടിയിലൂടെ ഇരുട്ടുള്ള തുരങ്കത്തിനുള്ളിലൂടെ പോകുമ്പോൾ രണ്ടു സൈഡിലുമായി ജെം കുഴിച്ചെടുക്കുന്നതു തൊട്ടു ഫാക്ടറിയിൽ അത് തിളങ്ങുന്ന ആഭരണങ്ങൾ ആയി മാറുന്നതുവരെയുള്ള കാര്യങ്ങൾ കാണിച്ചു കൊണ്ടിരുന്നു . നല്ലൊരു ഷോ ആയിരുന്നു അത് .അത് കഴിഞ്ഞു അവർ നൽകിയ കാപ്പിയും കുടിച്ചു അവരുടെ ആഭരണ ഷോ റൂമിലെക്കയിരുന്നു പിന്നിട് പോയത്. പല വലിപ്പത്തിലുള്ള കല്ലുകൾ വച്ച മാലയും, വളയും, മോതിരവും എല്ലാം നിരത്തി വച്ചിട്ടുണ്ടായിരുന്നു. നല്ല വിലയും ആയിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നു രണ്ടോ മൂന്നോ പേർ അവിടെന്നു ആഭരണങ്ങള്‍ മേടിച്ചു.

പിന്നിട് ഞങ്ങളുടെ യാത്ര വായനയിലൂടെ മാത്രം അറിഞ്ഞിട്ടുള്ള സുവർണ്ണ ബുദ്ധനെകാണുവാനായിരുന്നു. പോകുന്ന വഴി നമ്മുടെ ഇവിടെ സിനിമ  പോസ്റ്റുകൾ കാണുന്നതുപോലെ രാജാവിന്റെയും മകളുടെയും വലിയ ഫോട്ടോകൾ റോഡിന്റെ സൈഡിൽ ഇടയ്ക്കിടയ്ക്ക് കണ്ടു. അവിടെയെങ്ങും സിനിമ പോസ്റ്റുകൾ മാത്രം കണ്ടില്ല. സന്തോഷിക്കാൻ വേറെ പലതും ഉള്ളതുകൊണ്ട് സിനിമക്ക് അത്ര പ്രാധന്യം ഇല്ലെന്നു തോന്നുന്നു.

Thailand

ബാങ്കോങ്ങിൽ എത്തിയപ്പോൾ ആദ്യം പോയത്  പ്രശസ്തമായ ബുദ്ധ ക്ഷേത്രത്തിലെക്കായിരുന്നു 5.5 ടണ്‍(5500കിലോഗ്രാം)സ്വർണ്ണത്തിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ  പ്രതിമ ആണ് അവിടെ കണ്ടത് .1300-1400കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണമെന്ന് പറയപ്പെടുന്നു. അത്ഭുതകരമായ ഒരു കാഴ്ച ആയിരുന്നു അത്. ധ്യാനനിരതനായി കൈകൾ കെട്ടിയിരിക്കുന്ന കൂറ്റൻ ബുദ്ധ പ്രതിമ.

ഈ ബുദ്ധ പ്രതിമയെപ്പറ്റിയുള്ള കഥ ഗൈഡ് ഷാന്തി വിവരിച്ചു തന്നു. ബർമ്മീസ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒരുകാലത്ത് പ്രതിമ മുഴുവനായി മറ്റൊരു ആവരണത്താൽ മൂടിയിരുന്നു. 1700 കളിൽ രാജ്യം ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നടിഞ്ഞപ്പോഴും സുവർണ്ണബുദ്ധൻതകരാതെ നിന്നു. 1800- കളോടുകൂടി തായ് രാജവംശം വീണ്ടും അധികാരത്തിൽ  വന്നെങ്കിലും അവർക്കും സുവർണ്ണ ബുദ്ധ നെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

Thailand

1955- ൽ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കു ശേഷം തിരികെ സ്ഥാപിക്കുവാനായി ശ്രമിക്കുമ്പോൾ കയറു പൊട്ടിതറയിൽ വീണ പ്രതിമയുടെ ചില ഭാഗങ്ങളിലെ ആവരണം തകരുകയും ഉള്ളിലെ സുവർണ്ണ രൂപം ദൃശ്യമാകുകയുംചെയ്തു. ഏകദേശം 200വർഷങ്ങളോളം തിരിച്ചറിയപ്പെടാതിരുന്ന സ്വർണ്ണബുദ്ധൻ അങ്ങനെ ലോകത്തിനു മുൻപിൽ തെളിഞ്ഞു വന്നു. അടുത്ത് തന്നെ വേറെയും വലുതുംചെറുതുമായ ബുദ്ധ വിഗ്രഹങ്ങൾ ഉള്ള കെട്ടിടങ്ങൾ കാണാമായിരുന്നു. അവിടെ മുഴുവൻ ചുറ്റി കറങ്ങി കണ്ടപ്പോൾ ഒരു വലിയ ഹാൾ നിറയെ ബുദ്ധപ്രതിമകൾ നിരത്തി വച്ചിരിക്കുന്നതു  കണ്ടു.കേടു വന്നതും പഴകിയതുമായി പ്രതിമകൾ ആയിരുന്നു അത്.

പിന്നിട് ബാങ്കോക്കിലെ  തന്നെ  മറ്റൊരു  പ്രശസ്തമായ ബുദ്ധപ്രതിമ കാണുവാൻ ആണ് പോയത് .80000 ചതുരശ്ര  മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്ര പറമ്പിനു 16 കവാടങ്ങളുണ്ട്‌ .ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ചൈനീസ് രാക്ഷസന്മാരുടെ കൂറ്റൻ ശിൽപ്പങ്ങൾ ഈ കാവടങ്ങളിൽ കാവലായി  കാണാം.  ഇരട്ട മതിലുള്ള ഈ ക്ഷേത്രത്തിനകത്ത് ആയിരത്തോളം ബുദ്ധ പ്രതിമകളുണ്ട് .ആകാശത്തിലേക്ക് കൂമ്പി നിൽക്കുന്ന  ശില്പ സുന്ദരമായ വർണ്ണ  ഗോപുരങ്ങൾ  ഉള്ള ക്ഷേത്രത്തിനകത്താണ്  തലയ്ക്കു കയ്യും കൊടുത്ത് നീണ്ടു  നിവർന്നു  കിടക്കുന്ന ഏറ്റവും വലിയ  ബുദ്ധ പ്രതിമഉള്ളത്. 160 അടി നീളവും 15 അടി ഉയരവുമുള്ള ഈ പ്രതിമ വലിപ്പം കൊണ്ട്  നമ്മളെ അതിശയിപ്പിക്കും.

Thailand

ബുദ്ധമത വിശ്വാസപ്രകാരം 'പരിനിർവ്വാണ’യിലേക്ക് പ്രവേശിക്കുന്ന  അവസ്ഥയാണ് റിക്ലൈനിംഗ് ബുദ്ധ. വലതുവശത്തേക്ക് തിരിഞ്ഞ്, വലതു കയ്യിൽ തല ചാരി പരിനിർവ്വാണാവസ്ഥയിൽ കിടക്കുന്ന ബുദ്ധപ്രതിമ .ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്ത ശയനം പോലെ ഉള്ള പ്രതിമ ആയിരുന്നു അത്.  ഈ ബുദ്ധ പ്രതിമയും ഒന്നിച്ചു ഫോട്ടോ എടുക്കാൻ പലരും നോക്കുന്നുണ്ടായിരുന്നു. തലയും കാല്പാദങ്ങളും ഒന്നിച്ചു ഫോട്ടോയിൽ കിട്ടുവാൻ ബുദ്ധി മുട്ടാണ്. പലരും മാറി മാറി ശ്രമിക്കുന്നുണ്ടായിരുന്നു . ക്ഷേത്രം ചുറ്റി നടന്നപ്പോൾ തൊട്ടടുത്തുള്ള തോട്ടത്തിൽ ഒരു ബോധി വൃക്ഷം നിൽക്കുന്ന  കണ്ടു .ഇത് ഇന്ത്യയിൽ നിന്നും ബുദ്ധനു ബോധോദയം ലഭിച്ച അതേ ബോധി വൃക്ഷത്തിൽനിന്നും കൊണ്ടു വന്നതാണെന്ന് പറയപ്പെടുന്നു . ഇവിടെ  ബുദ്ധസന്യാസി മഠവും തായ് മസ്സാജ് കേന്ദ്രവും ഉണ്ട്.

കോഴ്സ് കഴിയുമ്പോൾ  ഇവിടെ വന്നു അനുഗ്രഹം വാങ്ങിയിട്ട് മാത്രമെ  ജോലിക്ക് പോകുകയുള്ളൂ .അതിനായിട്ട്‌ തന്നെ അവിടെ പ്രത്യേക സ്ഥലം ഉണ്ട്. അവിടെ ചെരുപ്പുകൾ ഊരി സ്വന്തം കയ്യിൽ തന്നെ കരുതുവാൻ പ്രത്യേക സഞ്ചികൾ മുൻ വാതിലിൽ തന്നെ വച്ചിട്ടുണ്ട്. കാൽമുട്ടിനു താഴെ മറയ്ക്കാത്ത സ്ത്രീകൾക്ക്  പ്രത്യേക വസ്ത്രം കൊടുക്കുന്നതും  പുതുമയുള്ള കാഴ്ചയായി തോന്നി എനിക്ക്. 95% ശതമാനം ബുദ്ധമതവിശ്വാസികൾ ഉള്ളതു കൊണ്ട് കൂടുതലും ബുദ്ധ ക്ഷേത്രങ്ങളാണ്‌ ഇവിടെ ഉള്ളത്. ബുദ്ധ ക്ഷേത്രങ്ങൾ കണ്ടു കഴിഞ്ഞു വൈകുന്നേരം ഷോപ്പിംഗ്‌ ആയിരുന്നു . അവിടെ അടുത്തുള്ള ഇന്ദ്ര മാർക്കറ്റിലെക്കായിരുന്നു പോയത് . നമ്മുടെ  രൂപയും വച്ചു കണക്കു കൂട്ടുപ്പോൾ വില  കുറവായി തോന്നിയില്ല.

അടുത്ത ദിവസത്തെ യാത്ര സഫാരി വേൾഡിലേക്കായിരുന്നു. ബാങ്കോക്കിലെ പ്രശസ്തമായ മൃഗശാലയാണിത്.  ഒരാള്‍ക്ക് അവിടെ മുഴുവന്‍ കാണുന്നതിനു  ടിക്കറ്റ്‌ നു 1200  ബാത്ത് ( നമ്മുടെ 2400 രൂപ- ഇത് യാത്രയില്‍ ഉൾപ്പെട്ടതാണ്) ആണ് . മൃഗങ്ങൾ  പുറത്തും ഞങ്ങൾ വണ്ടികളുമായി  മൃഗശാലയിലൂടെ യാത്ര തുടങ്ങി. അകത്തേയ്ക്ക് പോകുന്ന വഴി പല സ്ഥലത്തും ഇലക്ട്രിക്‌ ഗേറ്റുകള്‍ കടന്നു വേണം പോകുവാന്‍ . റോഡിനു രണ്ടു വശത്തും  ഉള്ള കാട്ടില്‍  പല മൃഗങ്ങളെയും കാണുവാൻ സാധിച്ചു. ബാത്ത് ടാബിൽ  കിടക്കുന്ന പുലി യെയും, മരച്ചുവട്ടിൽ കുടുംബവും ആയി കിടക്കുന്ന സിംഹത്തെയും, കരടിയെയും  മരങ്ങളിൽ ചാടി ചാടി പോകുന്ന കുരങ്ങുകളും, മയിലുകളും ,പക്ഷികളും ,കൂട്ടമായി  നടന്നു നീങ്ങുന്ന മാനുകളും എന്നു വേണ്ട എല്ലാ മുഗങ്ങളെയും പക്ഷികളെയും അവിടെ കാണാമായിരുന്നു . ഏറ്റവും നീളം  കൂടിയ കൊമ്പുള്ള കാളയെ ഗൈഡ് കാണിച്ചു തന്നു.

Thailand

ഒരു മണിക്കൂറോളം അവിടെ വണ്ടിയിൽ കറങ്ങി. അവിടവിടെ ആയി ഇവരെ നിയന്ത്രിക്കാൻ ജീപ്പിൽ ജോലിക്കാർ ഉണ്ടായിരുന്നു. മൃഗങ്ങൾ റോഡിലേക്ക് കടക്കുമ്പോള്‍ ഇവർ ജീപ്പുമായി വന്നു ഓടിച്ചു വിടുന്നതു കാണാമായിരുന്നു. റോഡിനു അപ്പുറത്തും  ഇപ്പറുത്തും ഉള്ള മൃഗങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുവാൻ ഉള്ള സൗകര്യത്തിനുവേണ്ടി  ജനകാ......(stop) എന്നു നീട്ട തായ് ഭാഷയില്‍  ഗൈഡ് ഡ്രൈവറോടു   ഇടയ്ക്കു പറയുന്നുണ്ടായിരുന്നു. വന്യ മൃഗങ്ങൾ വസിക്കുന്ന പാർക്കി ലൂടെയുള്ള  വാഹന യാത്ര ഒരു ജംഗിൾ സഫാരിയായി തോന്നുമെങ്കിലും, മൃഗങ്ങളുടെ മുഖത്തു ദൃശ്യമാ കുന്ന അസംതൃപ്തി, പ്രതികരിക്കാൻ  കഴിവില്ലാതെ കൂടുപോലെയുള്ള കാട്ടിലെ സ്വാതന്ത്ര്യമില്ലായ്മയുടെ പ്രതിഫലനമായി  എനിക്ക് തോന്നി.

ഒരു മണിക്കൂറോളം  വണ്ടിയിൽ കറക്കം കഴിഞ്ഞു മൃഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ കാണാൻ പിന്നെ എല്ലാവരും ഓട്ടം തന്നെ ആയിരുന്നു. പത്തു ഷോകൾ അവിടെയുണ്ട്.  എല്ലായിടവും ഒരു ദിവസം കൊണ്ടു  കാണുവാൻ സാധിക്കില്ല . ഒരു ഷോ കഴിയുമ്പോൾ അടുത്ത ഷോ തുടങ്ങുന്നടുത്തേയ്ക്ക്  പിന്നെ ഓട്ടം ആണ് സീറ്റു പിടിക്കാൻ. ചില ഷോകൾ ഒരേ സമയത്ത് ഉള്ളതുകൊണ്ട് കാണുവാൻ സാധിച്ചില്ല. എന്നാലും ഓടി നടന്നു അഞ്ചു ഷോകൾ കണ്ടു.

Thailand

ജീപ്പു ഓടിക്കലും, ബോക്സിങ്ങും, ഫാഷൻ ഷോയും എല്ലാം ഉൾപ്പെട്ട  ചിമ്പാൻസിയുടെ ഷോയും കടൽ സിംഹത്തിന്റെ (sea lion) വെള്ളത്തിലുള്ള അഭ്യാസങ്ങളും കാണാൻനല്ല രസമുണ്ടായിരുന്നു. അടുത്ത ഷോ ഫിലിമിലെ പോലെ  കൊള്ള കാരും കുതിരകളും വെടി വയ്പ്പും എല്ലാം ചേർന്നുള്ള ഒരു ഷോ ആയിരുന്നു. സിനിമയിലെ സ്റ്റാണ്ട് രംഗം നേരിട്ടു കണ്ടപോലെ തോന്നി. ഡോൾഫിൻ ഷോയും, കിളികളുടെ ഷോയും എല്ലാം കണ്ടു കഴിഞ്ഞപ്പോൾ  സമയം പോയതറിഞ്ഞില്ല. ഡോൾഫിൻ ഷോ കാണാൻ അവിടെത്തെ ഒരു സ്കൂളിലെ കുറെ കുട്ടികൾ ഉണ്ടായിരുന്നു. അവർ ഒന്നിച്ചു  പാട്ടുകൾ പാടി ആ ഷോ മനോഹരമാക്കിയിരുന്നു. ഷോ കഴിഞ്ഞു തിരിച്ചു വരുന്ന വഴി ജിറാഫുകളുടെ  ഒരു സമ്മേളന ഗ്രൌണ്ട് കാണുവാന്‍ സാധിച്ചു. എന്താ പറയുക. ഒരു കാതില്‍ കമ്മലിട്ടു തലയും നീട്ടി കൊണ്ട് കാണികളുടെ അടുത്തേയ്ക്ക്  കൂട്ടമായി വരുന്ന  ജിറാഫുകളുടെ കാഴ്ച കാണേണ്ടത് തന്നെ ആണ്. അതോടെ തായ് ലാൻഡ്‌  യാത്രയിലെ കാഴ്ചകൾ കഴിഞ്ഞിരുന്നു.

ത്രീ സ്റ്റാർ ഹോട്ടലിലെ താമസവും ഇന്ത്യൻ ഫുഡും ചൈനീസ് ഫുഡും എല്ലാം ആവശ്യം പോലെ ഉണ്ടായിരുന്നു. ആതിഥ്യ മര്യാദയിൽ ഒരു പിടി മുന്നിൽ നിൽക്കുന്ന തായ് നിവാസികളുടെ സുന്ദരമായ പുഞ്ചിരി മനസ്സിൽ സൂക്ഷിച്ചു കൊണ്ട് തായലണ്ടിനോട് തായ് ഭാഷയില്‍  ലഗോണ്‍.... (by by) പറഞ്ഞു നാട്ടിലേക്കു തിരിച്ചു . 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.