Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്തപുരിയുടെ സഹോദരി

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
colonial-style-buildings-galveston ഗാൽവസ്റ്റനിലെ കൊളോണിയല്‍ ശൈലിയിലുള്ള കെട്ടിടങ്ങള്‍

ഏഴുകടലുകള്‍ക്കപ്പുറം തിരുവനന്തപുരത്തിന് ഒരു സഹോദരിയുണ്ട്. പസഫിക് സമുദ്രത്തെ തൊട്ടുരുമ്മുന്ന ഗാല്‍വസ്റ്റന്‍ എന്ന അമേരിക്കന്‍ സിറ്റി. അനന്തപുരിക്കൊത്ത പാരമ്പര്യമില്ലെങ്കിലും ചരിത്രവും സംസ്കാരവുമുള്ള അമേരിക്കന്‍ നഗരങ്ങളിലൊന്നാണ് ഗാല്‍വസ്റ്റന്‍. അവിടെ ചെന്നെത്തിയതോ തികച്ചും യാദൃശ്ചികമായി ഒരു അമേരിക്കന്‍ യാത്രയുടെ ഇടവേളയില്‍. വഴി തെറ്റിയെത്തിയതല്ല, ഒരു സുഹൃത്ത് വഴിതെളിച്ചതു കൊണ്ട് എത്താനായി.

വെളുപ്പിന് ന്യൂയോര്‍ക്കില്‍ നിന്നു പ്ളെയിന്‍ പിടിച്ച് ഡാളസിലെത്തിയതാണ്. സ്പിരിറ്റ് എയര്‍വേയ്സ്. പേരു സൂചിപ്പിക്കുന്നതുപോലെ നല്ല സ്പിരിറ്റുള്ള എയര്‍ലൈന്‍. സ്പിരിറ്റ് സെര്‍വ് ചെയ്യുന്നില്ലെങ്കിലും കളര്‍ഫുള്ളാണ് സ്പിരിറ്റ് എയര്‍. വിമാനത്തിന്റെ നിറവും എയര്‍ഹോസ്റ്റസിന്റെ വസ്ത്രങ്ങളും വൈബ്രന്‍റ്. അതുപോലെ ചടുല ചലനങ്ങളുമായി പാറി നടക്കുന്ന ആകാശസുന്ദരിമാര്‍.

സാധാരണ അമേരിക്കന്‍ എയര്‍ലൈനറുകളില്‍ പലതിലും 70 കഴിഞ്ഞ സുന്ദരികളായിരിക്കും എയര്‍ഹോസ്റ്റസുമാരെങ്കില്‍ സ്പിരിറ്റില്‍ യുവരക്തം തിളയ്ക്കുന്നു. ഇക്കാര്യങ്ങളൊക്കെ യുണൈറ്റഡ് എയര്‍വേയ്സിലുള്ള ഒരു സുഹൃത്തിനോടു പറഞ്ഞപ്പോള്‍കിട്ടിയ മറുപടി തെല്ലു ഞെട്ടിക്കുന്നതായിരുന്നു. ബജറ്റ് എയര്‍ലൈന്‍സായ സ്പിരിറ്റിന് പുറംമോടിയേയുള്ളൂ. പഴയ എയര്‍ക്രാഫ്റ്റ് പെയിന്‍റടിച്ചു തിളക്കി പുതിയ സീറ്റും ഇന്‍റീരിയറുമൊക്കെ വച്ചുള്ള കളി. മെയ്ന്‍റനന്‍സ് കണക്കാണത്രേ. ദൈവമേ... മടക്കയാത്രയുടെ ത്രില്‍ കളഞ്ഞല്ലോ. ന്യൂയോര്‍ക്കിലേക്കുള്ള മടക്ക ടിക്കറ്റ് സ്പിരിറ്റില്‍ തന്നെയാണ്.

ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടില്‍ വിമാനത്തിനു പുറത്തിറങ്ങും മുമ്പേ വിളി വന്നു. ഡാളസിലെ സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ അറിയപ്പെടുന്ന പേരായ ബിനോയ് സെബാസ്റ്റ്യന്‍. മലയാളവേദി എന്ന സാഹിത്യസംഘടനയുടെ സ്ഥാപകന്‍. സഹൃദയന്‍, എഴുത്തുകാരന്‍, സര്‍വോപരി ഗായകന്‍. നേരത്തെ വിളിച്ചു പറയാതെ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഹ്യുസ്റ്റനിലെ വീട്ടില്‍ എപ്പോഴും കയറിച്ചെല്ലാന്‍ ലൈസന്‍സുള്ള കക്ഷി. യേശുദാസിനു മുന്നില്‍ കവിത ചെല്ലാനുള്ള സ്പെഷല്‍ ലൈസന്‍സുമുണ്ട് ബിനോയ്ക്ക്.

. ഡാളസ്

Old Dallas City Hall പഴയ ഡാളസ് സിറ്റി ഹാൾ

എയര്‍പോര്‍ട്ടിനു പുറത്തിറങ്ങിയപ്പോള്‍ കറുത്ത ലെക്സ്സിനുള്ളില്‍ വലിയ ചിരിയുമായി ബിനോയ്. ബാഗകത്തിട്ടു ഡോറടച്ചപ്പോഴേ പാട്ടുയര്‍ന്നു. ഗന്ധര്‍വ സംഗീതം തന്നെ. ബിനോയിയുടെ സെലക്ട് ഗാനശേഖരത്തില്‍ നിന്നുള്ളവ. അമേരിക്കയുടെ സ്പാനിഷ് സംസ്കൃതിയിലൂടെ ദാസേട്ടന്റെ ഗാനാകമ്പടിയോടെ കാര്‍ കുതിച്ചു തുടങ്ങി.

എയര്‍പോര്‍ട്ട് വളപ്പു വിട്ട് ഹൈവേയിലേക്കു കടന്നതോടെ വിശാലമായ കൃഷിയിടങ്ങളും സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പഴയ തരം ഒായില്‍ വെല്ലുകളും കണ്ടു തുടങ്ങി. അമേരിക്കയിലെ 50 സ്റ്റേറ്റുകളില്‍ വലുപ്പം കൊണ്ടു രണ്ടാം സ്ഥാനമുള്ള ടെക്സാസ് പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്നതു പോലെ സൌഹൃദമോ സഖ്യമോ ഒക്കെയാണ്. കൂടുതലും വെളുമ്പര്‍, അതില്‍ത്തന്നെ സ്പാനിഷ് സംസാരിക്കുന്നവരുള്ള പ്രദേശത്ത് പൊതുവെ പ്രശ്നങ്ങള്‍ കുറവ്.

galveston2

ബിനോയ് ടെക്സാസ് യാത്രാപരിപാടികള്‍ വിവരിച്ചു. നേരേ വിട്ടിലെത്തി ഫ്രഷായ ശേഷം ചെറുതായി നഗരക്കാഴ്ചകള്‍. അതു കഴിഞ്ഞാല്‍ നഗരഹൃദയത്തിലെ ഹയാതില്‍ വൈകുന്നേരം ചെറിയൊരു സൌഹൃദസായാഹ്നം. അതിരാവിലെ ഹ്യൂസ്റ്റനിലേക്ക് ഡ്രൈവിങ്. പകലൊക്കെ നഗരക്കറക്കം. ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്തിന്റെ സഹോദരിയെക്കാണാം. ഹ്യൂസ്റ്റനില്‍ നിന്ന് ഒരു മണിക്കൂറോളം ഡ്രൈവുണ്ട്. ഇഷ്ടമുണ്ടെങ്കില്‍ മാത്രം. അല്ലെങ്കില്‍ ഒഴിവാക്കാം. കൌതുകമായി. തീരുമാനവും. ഒന്നും കണ്ടില്ലെങ്കിലും ഗാല്‍വസ്റ്റന്‍ കാണണം.

Texas Street an Evening view ടെക്സസിലെ ഒരു സായാഹ്ന ദൃശ്യം.

നഗരപ്രാന്തത്തിലുള്ള ബിനോയിയുടെ വീട്ടിലെത്തി. ന്യൂയോര്‍ക്കും ചിക്കാഗോയുമൊക്കെയായാണു താരതമ്യമെങ്കില്‍ പൊതുവെ വലിയ വീടുകളാണ് ടെക്സാസില്‍. നല്ലൊരു തടാകക്കരയിലാണ് ഈ നെയ്ബര്‍ഹുഡ്. തെല്ലു വിശ്രമം കഴിഞ്ഞു പുറത്തിറങ്ങി.

Chillis Restaurant ചിലീസ് റസ്റ്റൊറന്റ്

സ്പാനിഷ് സംസ്കാരം പ്രകടമായ ഡാളസില്‍ നല്ല മെക്സിക്കന്‍ ഭക്ഷണം കിട്ടും. പോകുന്ന വഴിക്ക് ചിലീസ് എന്ന വഴിയോര ഫൂഡ് ചെയിനില്‍ക്കയറി രണ്ടു ബീയറും പേരറിയാത്ത ഏതോ മെക്സിക്കന്‍ സാന്‍ഡ് വിച്ചും കഴിച്ചു. സോസുകളും മറ്റും ചേര്‍ത്താല്‍ നല്ല നാടന്‍ ഭക്ഷണത്തിനൊപ്പം നില്‍ക്കും. മുള്‍ച്ചെടിയില്‍ നിന്നു വാറ്റിയെടുക്കുന്ന ടക്വീല കഴിക്കണമെന്നുണ്ടായിരുന്നു. വൈകിട്ടാക്കുന്നതാണു ബുദ്ധിയെന്ന ബിനോയിയുടെ ഉപദേശം ശിരസ്സാവഹിച്ചു.

Cotton Bowl Stadium കോട്ടന്‍ ബൌള്‍ സ്റ്റേഡിയം

പ്രശസ്തമായ കോട്ടന്‍ ബൌള്‍ സ്റ്റേഡിയം പോകും വഴിയാണ്. അതൊന്നു കണ്ടേക്കാമെന്നു കരുതി. 1930 ല്‍ തടിയില്‍ തീര്‍ത്ത് പിന്നീട് പല പുരോഗമനങ്ങള്‍ക്കും വിധേയമായ സ്റ്റേഡിയം കാഴ്ചയിലെ ഗാംഭീര്യം കൊണ്ടു മനം നിറയ്ക്കും. മ്യൂസിയം ഒാഫ് ആര്‍ട്ട് കാണണമെന്നുണ്ടായിരുന്നു സമയമില്ല. സൂ, അക്വേറിയം തുടങ്ങിയവയില്‍ കമ്പമില്ലാത്തതു കൊണ്ടു വിട്ടു. കുട്ടികളുമായുള്ള സന്ദര്‍ശനങ്ങളില്‍ ഈ രണ്ടു സ്ഥലത്തു ദിവസം മുഴുവന്‍ ചെലവിടാമെന്നു ബിനോയ് പറഞ്ഞു. പിന്നൊരിക്കലാകാം.

Reunion Tower റീ യൂണിയന്‍ ടവര്‍

താമസിക്കുന്ന ഹോട്ടലിനടുത്തായതിനാല്‍ റീ യൂണിയന്‍ ടവര്‍ ഒരു നോക്കു കണ്ടു. 1978 മുതല്‍ ഡാളസിന്റെ ലാന്‍ഡ് മാര്‍ക്കാണ് ഈ ഗോപുരം. മുകളിലൊരു റസ്റ്റൊറന്‍റുമുണ്ട്. ആധുനിക ഡാളസിന്റെ മുഖമുദ്രയായ, 2010-ൽ പൂര്‍ത്തിയായ മാര്‍ഗരറ്റ് ഹണ്ട് ഹില്‍ ബ്രിഡ്ജ് മുതല്‍ 1931 മുതല്‍ ഇന്നു വരെ ഹോളിവുഡ് ചിത്രങ്ങളെക്കാളധികം സ്പാനിഷ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ ടെക്സാസ് തിയേറ്റര്‍ വരെ ഒാട്ട പ്രദക്ഷിണം വച്ചു തിരിച്ചു ഹയാതിലെത്തി.

margaret hunt hill bridge night view മാര്‍ഗരറ്റ് ഹണ്ട് ഹില്‍ ബ്രിഡ്ജ്

കാര്‍ഡ് കീ നേരത്തേ വാങ്ങിയിരുന്നതിനാല്‍ ചെക്കിന്‍ പോലെയുള്ള ഫോര്‍മാലിറ്റിയില്ല. പാര്‍ക്കിങ് ലോട്ടില്‍ നിന്നു കാര്‍ഡ് സ്വൈപ് ചെയ്ത് കോറിഡോറിലെത്തി. റിസപ്ഷനിലൊന്നും പോയില്ല, നേരെ റൂമിലേക്കു കടന്നു. വലിയ സ്വീറ്റ് റൂം. ലിവിങ്, ഡൈനിങ്, ഡ്രസിങ് ഏരിയകളും വോക്ക് ഇന്‍ ക്ളോസറ്റും (വാര്‍ഡ്റോബ്) കിച്ചനും ഒക്കെയുള്ള വലിയ മുറിക്ക് 100 ഡോളറില്‍ത്താഴെയാണു വാടകയെന്നു ബിനോയ് പറഞ്ഞപ്പോള്‍ ഞെട്ടി. നാട്ടിലാണെങ്കില്‍ കുറഞ്ഞത് 20000 രൂപ പിടുങ്ങിയേനേ.

ഫോമ പ്രവര്‍ത്തകനായ രാജു ചാമത്തില്‍, ലോസണ്‍ ട്രാവല്‍ ഏജന്‍സിയുടെ ബിജു എന്നിവരടങ്ങുന്ന സൌഹൃദസദസ്സ് പാട്ടും കവിതയും സാഹിത്യവും സംഘടനാ പരദൂഷണങ്ങളുമായി ഏറെ നീണ്ടു. കിടക്കയിലെത്തിയപ്പോള്‍ ബിനോയിയുടെ മുന്നറിയിപ്പ്. മൂന്നിന് എഴുന്നേല്‍ക്കണം. നാലിനു പുറപ്പെടണം. നാലു മണിക്കൂര്‍ ഡ്രൈവുണ്ട് ഹ്യുസ്റ്റനിലേക്ക്. ചിരി വന്നു. മൂന്നിന് എഴുന്നേല്‍ക്കണമെങ്കില്‍ ഇനി ഉറങ്ങാന്‍ രണ്ടു മണിക്കൂര്‍ തികച്ചില്ല.

Stewart building galveston

എന്തായാലും കണക്കു തെറ്റിയില്ല. നാലു മണിക്ക് നാലു മിനിറ്റു മുമ്പെങ്കിലും ലെക്സസ് ഹയാത് പരിസരം വിട്ട് ഹ്യൂസ്റ്റനിലേക്കുള്ള ഇന്‍റര്‍സ്റ്റേറ്റ് 45 ല്‍ പ്രവേശിച്ചു. 250 മൈലിലധികം കുഴപ്പങ്ങളില്ലെങ്കില്‍ നാലു മണിക്കൂറില്‍ത്താഴെ താണ്ടും. വണ്ടി സ്റ്റെഡിയായി കുതിപ്പു തുടങ്ങി. ഉറക്കം വരാതിരിക്കാന്‍ പൊട്ടക്കഥകളും നിലവാരമില്ലാത്ത തമാശകളും വേണ്ടിവന്നു. ഒപ്പം കാണുന്നതൊക്കെ കാഴ്ചയായ എനിക്കുള്ള വിവരണങ്ങളുമായി ബിനോയ് നേരം കൊല്ലുകയും വളയം പിടിക്കയും ചെയ്തു. വീടുകള്‍ മൊത്തത്തില്‍ ട്രക്കുകളില്‍ കയറ്റിക്കൊണ്ടുപോകുന്ന കച്ചവടം മുതല്‍ കൃഷി രീതികളും ടെക്സാസ് ജയിലുകളില്‍ക്കിടന്നു നരകിച്ചു മരിച്ച മലയാളികള്‍ വരെ ഉറക്കമകറ്റാന്‍ തുണയായി.

.ഗാല്‍വസ്റ്റന്‍

galveston1 ബിഷപ് ഹൗസ്

ഹ്യൂസ്്റ്റനില്‍ കടക്കും മുമ്പ് നേരേ ഗാല്‍വസ്റ്റനിലേക്കുള്ള വഴി പിടിച്ചു. തിരുവനന്തപുരത്തിന് ഇങ്ങനെ അധികമറിയാത്തൊരു നഗര സഹോദരിയോ, ഒന്നു കണ്ടു കളയാം എന്ന കൗതുകം തന്നെ തിടുക്കത്തിനു പിന്നില്‍. കടലിലേക്കു മുഖം നോക്കുന്ന ചരിത്രപ്രസിദ്ധമായ ഹോട്ടലുകള്‍ കൊണ്ടും അനന്തമായി നീളുന്ന ബീച്ചുകള്‍ കൊണ്ടും കൊളോണിയല്‍ ശൈലിയിലുള്ള കെട്ടിടങ്ങള്‍ കൊണ്ടും സംപുഷ്ടമായ നല്ലൊരു നഗരം. കൊള്ളാമല്ലോ അനന്തപുരിയുടെ സഹോദരി എന്നു തോന്നി. എന്നാല്‍ കടല്‍ക്കൊള്ളക്കാരുടെ ചോരക്കറയുണ്ട് ഇപ്പോള്‍ സുന്ദരിയും ശാന്തയുമായ ഈ നഗരത്തിന്‍െറ ചരിത്രത്തില്‍.

galveston 4

സ്പാനിഷ് സഞ്ചാരി കബേസാ ഡാ വക്കാ 1528 ല്‍ കപ്പല്‍ച്ഛേതം വന്നു കരയ്ക്കടിഞ്ഞതോടയാണ് ആധുനിക ഗാല്‍വസ്റ്റന്‍െറ ചരിത്രം തുടങ്ങുന്നത്. മെക്സിക്കന്‍ ഗള്‍ഫില്‍ പലകാലത്തായി പിന്നീടു പല സഞ്ചാരികളും വന്നു പോയെങ്കിലും കടല്‍ക്കൊള്ളക്കാരനായ ലൂയി മൈക്കല്‍ ഔറിയാണ് 1816 ല്‍ ഗാല്‍വസ്റ്റനിലെ പ്രഥമ യൂറോപ്യന്‍ കോളനി തീര്‍ത്തത്. മെക്സിക്കോയില്‍ സ്പെയിനെതിരേയുള്ള കലാപത്തില്‍ വിമതരെ സഹായിക്കയായിരുന്ന ഔറിയുടെ ലക്ഷ്യം വിജയിച്ചില്ല.

Carnival Gorry Anchored at Harbour ഗാൽവസ്റ്റൻ തുറമുഖം

ഔറി മടങ്ങിയതോടെ ഴോണ്‍ ലാഫിറ്റെ എന്ന കടല്‍ക്കൊള്ളക്കാരന്‍െറ കൈപ്പിടിയിലായി ഗാല്‍വസ്റ്റന്‍. സ്വയം ഗവര്‍ണറായി പ്രഖ്യാപിച്ച് ലാഫിറ്റെ കുറെനാള്‍ ഗാല്‍വസ്റ്റന്‍ ഭരിച്ചു. പക്ഷെ അധികനാള്‍ നീണ്ടില്ല ഈ ഭരണം. 1821 ല്‍ യു എസ് നേവി ലാഫിറ്റെയെ തുരത്തി. 1825 മുതല്‍ തുറമുഖത്തിന്റെ നിയന്ത്രണമേറ്റു ഭരണവുമാരംഭിച്ചു. ഇന്ന് അമേരിക്കയിലെ പ്രമുഖ തുറമുഖങ്ങളിലൊന്നും അറിയപ്പെടുന്ന ടൂറിസം മേഖലയുമാണ് ഗാല്‍വസ്റ്റന്‍. ഈ തുറമുഖമാണ് ലോകപ്രശ്തമായ കാര്‍ണിവല്‍ ക്രൂസ് കപ്പലുകളുടെ മാതൃതുറമുഖം. യാദൃശ്ചികമാകാം, പിന്നീടൊരിക്കല്‍ കയറാനവസരമൊത്ത കാര്‍ണിവല്‍ ഗോറി അന്നവിടെ നങ്കൂരമിട്ടു കിടക്കുന്നുണ്ട്. തൊട്ടരികെ കോണ്‍ക്വസ്റ്റ്, ടെംപസ്റ്റ് എന്നീ വമ്പന്‍ കാര്‍ണിവല്‍ ക്രൂസ് കപ്പലുകളും.

വീതിയുള്ള ബീച്ച് റോഡിലുടെ വണ്ടിയോടുന്നു. മുംബൈയിലെ മറൈന്‍ ഡ്രൈവ് പോലെ ഒരു വശത്ത് ബീച്ചും മറുവശത്ത് കടലും. കൊച്ചിയില്‍ മാത്രമായിരിക്കും രണ്ടു വശത്തും കെട്ടിടങ്ങളുള്ള മറൈന്‍ ഡ്രൈവ്. ഭംഗിയുള്ള കൊളോണിയല്‍ കെട്ടിടങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തിന്‍െറ ബാക്കി പത്രങ്ങളാണ്. എഴുപതോളം ഇത്തരം കെട്ടിടങ്ങള്‍ ചരിത്രസ്മാരകമായി വേര്‍തിരിച്ചു സംരക്ഷിക്കുന്നു. എല്ലാം സാധാരണ വീടുകള്‍. ഇടയ്ക്ക് പ്രശസ്തമായ ഹോട്ടല്‍ ഗാല്‍വെസ്. 1898 മുതല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനു മുമ്പ് അത്ര തന്നെ വലുപ്പമുള്ള മറ്റൊരു ഹോട്ടലുണ്ടായിരുന്നു. തീപ്പിടുത്തത്തില്‍ നശിച്ചതാണ്. സഞ്ചാരികള്‍ക്കു കാഴ്ചയാണ് ഈ ഹോട്ടല്‍.

Mexico gulf in galveston Beach ഗാൽവസ്റ്റൻ ബീച്ച്

നട്ടുച്ചയ്ക്കു മുമ്പുള്ള സമയമായതിനാലാവാം ബിച്ച് പൊതുവെ ശാന്തമാണ്. വൈകുന്നേരമാകണം അരങ്ങു കൊഴുക്കാന്‍. അനന്തപുരിയുമായി ബന്ധമുണ്ടെന്ന തോന്നലുള്ളതിനാലാവാം ശംഖുമുഖവുമായി ചെറിയൊരു സാമ്യമുണ്ട് ഈ ബീച്ചിനെന്നു തോന്നി. ഈ ചെറു നഗരത്തില്‍ ഇനി അധികമൊന്നും കാണാനില്ല. മൃഗശാലയും ബീച്ചും അമ്യൂസ്മെന്‍റ് പാര്‍ക്കുമൊക്കെയുള്ള മൂഡി ഗാര്‍ഡന്‍സ് എന്ന വന്‍ പിരമിഡ് കുട്ടികള്‍ക്കു ഹരമാണ്. പിരമിഡിനെ അനുസ്മരിപ്പിക്കുന്ന ഈ തോട്ടം ബാബിലോണിലെ ഹാങ്ങിങ് ഗാര്‍ഡന്‍സിന്‍െറ രീതിയില്‍ നിര്‍മിച്ചതാണത്രെ. എന്തായാലും പുറം കാഴ്ചയില്‍ ഗാംഭീര്യമാണ് മൂഡി ഗാര്‍ഡന്‍സ്.

Moody Garden Pyramid മൂഡി ഗാര്‍ഡന്‍സ് പിരമിഡ്.

മടങ്ങുക തന്നെ. അതിനു മുമ്പ് ആ ചോദ്യത്തിന് ഉത്തരം. എങ്ങനെയാണ് തിരുവനന്തപുരം ഗാല്‍വസ്റ്റനു സഹോദരിയാകുന്നത്? സിസ്റ്റര്‍ സിറ്റിസ് ഇന്‍റര്‍നാഷനല്‍ എന്നൊരു സംഘടനയുണ്ട്. യു എസ് പ്രസിഡന്‍റ് ഐസന്‍ഹോവര്‍ സ്ഥാപിച്ച സംഘടന. ലോകത്തിലെ നഗരങ്ങള്‍ തമ്മില്‍ സൌഹൃദം തീര്‍ക്കാനും പരസ്പരം സഹകരിക്കാനുമായുണ്ടാക്കിയതാണ് ഈ സങ്കല്‍പം. ടി എം ജേക്കബ് സാംസ്കാരിക മന്ത്രിയായിരിക്കെയാണ് ഈ പ്രഖ്യാപനമുണ്ടായത്. തിരുവനന്തപുരത്തിന് ഒരു സഹോദരി കൂടിയുണ്ട്. സ്പെയിനിലെ ബാഴ്സിലോന.

. ഹ്യൂസ്റ്റന്‍

ടെക്സാസ് റിപ്പബ്ളിക്കിന്റെ പ്രസിഡന്‍റും യു എസ് ആര്‍മി ജനറലുമായിരുന്ന സാം ഹ്യുസ്റ്റന്റെ (1793-1863) പേരുള്ള നഗരം അമേരിക്കയിലെ ഏറ്റവും വലിയ നാലാമതു പട്ടണമാണ്. ഡാളസില്‍ നിന്നു ഡ്രൈവ് ചെയ്തു വരുംവഴി ഇന്‍റര്‍സ്റ്റേറ്റ് 45 ന് അരികിലുള്ള സാം ഹ്യൂസ്റ്റന്റെ ഭീമാകാര പ്രതിമയ്ക്കു മുന്നില്‍ നിര്‍ത്തി വണങ്ങി. ആധുനിക ടെക്സാസിന്റെ പിതാവ് 10 അടി ഉയരമുള്ള പീഠത്തില്‍ 67 അടി ഉയരത്തില്‍ വഴിയോരത്തങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. എ ട്രിബ്യൂട്ട് ടു കറേജ് എന്നാണ് മരങ്ങളുടെ പച്ചപ്പിനെ ബാക്ക് ഗ്രൌണ്ടാക്കി നില്‍ക്കുന്ന പ്രതിമയ്ക്കു താഴെയുള്ള പീഠത്തിലെ ലിഖിതം. സ്റ്റീലിലും കോണ്‍ക്രീറ്റിലുമായി 1994 ല്‍ പണി തീര്‍ത്ത സാം ഹ്യൂസ്റ്റന്‍ പ്രതിമ ടെക്സാസുകാര്‍ക്ക് സ്റ്റാച്യൂ ഒാഫ് ലിബര്‍ട്ടിക്കു സമമാണ്.

sam houston statue galveston സാം ഹ്യൂസ്റ്റന്‍ പ്രതിമ

ഹൈവേയില്‍ നിന്നിറങ്ങി സൈഡ് റോഡിലുടെ പ്രതിമയ്ക്കടുത്തെത്തിയാല്‍ ചെറിയൊരു ഗിഫ്റ്റ് ഷോപ് കാണാം. നേരം പരപരാവെളുക്കുന്ന നേരത്തായിരുന്നതിനാല്‍ അടച്ചു കിടക്കുന്നു. അല്ലായിരുന്നെങ്കില്‍ ഒര്‍മക്കായി ഒരു മിനിയെച്ചര്‍ സാം ഹ്യൂസ്റ്റനെ വാങ്ങാമായിരുന്നു. 1836 ല്‍ ന്യൂയോര്‍ക്കുകാരായ രണ്ടു റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാരാണ് ഹ്യുസ്റ്റന്‍ വികസിപ്പിച്ചെടുത്തത്. സഹോദരന്മാരായ അഗസ്റ്റസും ജോണും ഏഴായിരത്തോളം ഏക്കര്‍ വിലയ്ക്കു വാങ്ങി തുടക്കമിട്ട നഗരം. ഇവരാണ് സാം ഹ്യൂസ്റ്റന്‍റെ നാമം നഗരത്തിനിട്ടത്. തൊട്ടടുത്ത കൊല്ലം സാം ഹ്യൂസ്റ്റന്‍ നഗരത്തിന്റെ പ്രഥമ മേയറായി. സ്വന്തം പേരിലുള്ള നഗരത്തില്‍ മേയര്‍. ശരിയായ നഗരപിതാവ്.

Texas oil well at sunrise ടെക്സസിലെ എണ്ണക്കിണറുകൾ

പരുത്തി പാടങ്ങളാണ് ഹ്യൂസ്റ്റന് സാമ്പത്തിക അടിത്തറയിട്ടത്. അതിനെ അടിസ്ഥാനമാക്കിയൊരു റയില്‍ ഹബ് ഉടലെടുത്തു. ആദ്യകാലത്ത് ഗാല്‍വസ്റ്റന്‍ അധിഷ്ഠിതമാക്കിയായിരുന്നു കയറ്റുമതി. ഏറെ വൈകാതെ എണ്ണ കണ്ടെത്തിയതോടെ ഹ്യൂസ്റ്റന്‍ പടര്‍ന്നു പന്തലിക്കുന്ന ഒരു വ്യവസായ നഗരമായി. രണ്ടാം ലോകയുദ്ധകാലത്ത് കപ്പല്‍ നിര്‍മാണകേന്ദ്രമായും അറുപതുകളില്‍ നാസയുടെ സ്പേസ് സെന്‍ററായുമൊക്കെ ഹ്യൂസ്റ്റന്‍ ശ്രദ്ധേയമായി.

Buildings along Texas street ടെക്സസ് കാഴ്ച

വന്‍ നഗരത്തിന്റെ തിരക്കിലേക്കു കടക്കും മുമ്പ് ഇന്‍റര്‍ സ്േറ്ററ്റ് ഹൈവേയിലുള്ള ഒരു ഡേയ്സ് ഇന്നിലാണ് താമസം. ഒരു മലയാളി ഫ്രാഞ്ചൈസിയെടുത്തു നടത്തുന്ന സ്ഥാപനം. ഇത്തരം മൂന്നോ നാലോ സ്ഥാപനങ്ങളുണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്. ഒരൊറ്റ റിസപ്ഷനിസ്്റ്റ് മാത്രം സ്റ്റാഫായുള്ള ഇത്തരം ഹോട്ടല്‍ ശൃംഖലകള്‍ അമേരിക്കയില്‍ ധാരാളമുണ്ട്. 50-70 ഡോളറിന് ഒന്നാന്തരം ഡബിള്‍ റൂം കിട്ടും. സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങള്‍. ബാഗ് പൊക്കി നടക്കാനും ബെല്ലടിച്ചാല്‍ വരാനും ടിപ്പിനായി കൈ നീട്ടാനും വെയ്റ്ററില്ലെന്ന കുറവു മാത്രം. ചെറിയൊരു റസ്റ്റൊറന്‍റ് ചിലേടത്തു കാണും. അല്ലാത്തയിടത്ത് കോഫി മേക്കറും ഡ്രിംഗ്സ് വെന്‍ഡിംഗ് മെഷീനുമുണ്ട്. വേണ്ടവര്‍ക്ക് പണം കൊടുത്തു വാങ്ങാം. ഏതാണ്ട് ബജറ്റ് എയര്‍ലൈനുകളുടെ നയം.

ഹ്യൂസ്റ്റനില്‍ ചെറിയൊരു സമ്മേളനമുണ്ടായിരുന്നു. അവിടെ പത്രപ്രവര്‍ത്തനത്തിലെ ആധുനിക പ്രവണതകളെപ്പറ്റി ചെറിയൊരു പ്രഭാഷണവും. ഹ്യൂസ്റ്റനിലെ പ്രമുഖ മലയാളികള്‍ പങ്കെടുത്തു. രാത്രി സൌഹൃദ സദസ്സിനെ ധന്യമാക്കാന്‍ പഴയകാല റേഡിയോ കലാകാരനായ അനില്‍ ആറന്മുളയുടെ ഗാനമാധുര്യം. അമേരിക്കയിലെ പത്രപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായ ജോര്‍ജ് കാക്കനാട്ട് അടക്കമുള്ളവരുടെ കലാസന്ധ്യ.

Williams Tower വില്യംസ് ടവർ

ഹ്യൂസ്റ്റനില്‍ കാണാനേറെയുണ്ട്. നേരം വളരെ കുറവും. പൊതുവെ അംബരചുംബികളുടെ നഗരമാണ് ഹ്യൂസ്റ്റന്‍. ജെ പി മോര്‍ഗന്‍ ടവര്‍, വില്യംസ് ടവര്‍, ബാങ്ക് ഒാഫ് അമേരിക്ക, ചേസ് ടവര്‍... ഇങ്ങനെ നീളുന്നു അംബരചുംബികളുടെ പട്ടിക. വടക്കേ അമേരിക്കയിലെ നാലാമത് ഉയരമുള്ള സ്കൈലൈനാണ് ഹ്യൂസ്റ്റന്‍. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ടൊറന്‍റൊ എന്നീ നഗരങ്ങളാണ് ഹ്യൂസ്റ്റനു മുകളില്‍ നില്‍ക്കുന്ന ആകാശചുംബിനഗരങ്ങള്‍. ജനസംഖ്യയില്‍ 70 ശതമാനവും വെള്ളക്കാരാണ്. ഇക്കൂട്ടത്തില്‍ തെക്കെ അമേരിക്കയില്‍ നിന്നുള്ള വെളുത്തവരും ഉള്‍പ്പെടും. നാലു ലക്ഷത്തോളം മെക്സിക്കൊക്കാര്‍ അനധികൃതമായി ഹ്യൂസ്റ്റനില്‍ ജീവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇംഗീഷ് പറ്റിയില്ലെങ്കില്‍ പിന്നെ സ്പാനിഷില്‍ ആശയവിനിമയം നടക്കും.

Apollo mission Control room file image അപ്പോളോ മിഷൻ കൺട്രോൾ റൂം. (ഫയൽ ചിത്രം.)

നല്ലൊരു ഡേ ട്രിപ്പ് ബുക്ക് ചെയ്താല്‍ ഹ്യൂസ്റ്റന്‍ തിടുക്കത്തിലൊന്നു കണ്ടു മടങ്ങാം. പാര്‍ക്കുകള്‍, കാഴ്ചബംഗ്ലാവുകള്‍ എന്നിവയൊക്കെ പുറത്തു നിന്നും ചിലതൊക്കെ അകത്തു കയറിയും കണ്ടാസ്വദിക്കാം. സമയം അനുവദിച്ചാല്‍ തീര്‍ച്ചയായും കാണേണ്ടയിടമാണ് നാസയുടെ ലിന്‍ഡന്‍ ജോണ്‍സന്‍ സ്പേസ് സെന്‍റര്‍. ഹ്യുസ്റ്റന് സ്പേസ് സിറ്റി എന്ന പേരു കിട്ടിയതു തന്നെ 1967 മുതലുള്ള നാസ പ്രവര്‍ത്തനങ്ങള്‍ തന്നെ. 1620 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കേന്ദ്രത്തിലാണ് അമേരിക്കയുടെ ശൂന്യാകാശഗവേഷണവും പരീക്ഷണങ്ങളും പരിശീലനവും ഒക്കെ നടക്കുന്നത്. ജെമിനി, അപ്പോളോ, സ്കൈലാബ്, അപ്പോളോ സോയൂസ്, സ്പേസ് ഷട്ടില്‍ എന്നിവയുടെല്ലാം നിയന്ത്രണം നടത്തിയ മിഷന്‍ കണ്‍ട്രോള്‍ ഹ്യൂസ്റ്റനിലാണ്. ഈ കേന്ദ്രത്തിന്റെ മ്യൂസിയം ഭാഗത്തു മാത്രമാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം. അമേരിക്കയുടെ ശൂന്യാകാശ ഗവേഷണ ചരിത്രവും റഷ്യയുമായുള്ള ശീതസമര കാലത്തുണ്ടായ കുതിപ്പുകളും ഇവിടെ ചിത്രങ്ങളായും ചലച്ചിത്രങ്ങളായും മാതൃകകളായും നിലകൊള്ളുന്നു.

lyndon johnson space center inside ലിൻഡൻ ജോൺസൺ സ്പേസ് സെന്‍ററിന്‍റെ ഉൾവശം.

കാഴ്ചബംഗാവുകളും ഷോകളും ഷോപ്പിങ്ങുമൊക്കെയായി അനേകം കേന്ദ്രങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നു പോകുന്നവര്‍ അത്യാവശ്യം കണ്ടിരിക്കേണ്ട ഒരു സ്ഥലമുണ്ട്. മഹാത്മഗാന്ധി ഡിസ്ട്രിക്ട്. ഗാന്ധിജിയുടെ പേരുള്ള പ്രദേശത്ത് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള കടകളും റസ്റ്റൊറന്‍റുകളുമാണധികം. ഷിക്കാഗോയിലെ ഗാന്ധി സ്ട്രീറ്റിനു കുറുകെ ജിന്ന സ്ട്രീറ്റുള്ളതുപോലെ അടുത്തെങ്ങാന്‍ ജിന്ന ഡിസ്ട്രിക്ടുമുണ്ടോ എന്ന സംശയം ബിനോയ് അകറ്റി. ഇല്ല. കാരണം ഇന്ത്യന്‍ വ്യവസായികള്‍ക്കാണിവിടെ മുന്‍തൂക്കം.

1985 ല്‍ ഗുഹാനീസ് എന്ന ഇന്ത്യന്‍ അമേരിക്കന്‍ കുടുംബം തുടങ്ങിവച്ച രാജാ സ്വീറ്റ്സിനു പിന്നാലെ നൂറുകണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ ഇവിടെ കച്ചവടം നടത്തുന്നു. പാക്കിസ്ഥാനികളും ധാരാളമുണ്ടെങ്കിലും തിരിച്ചറിയാന്‍ ബുദ്ധിമുട്ട്. മിക്ക കടകളും താജ്, മഹല്‍ , ദര്‍ബാര്‍ എന്ന പേരുകള്‍ പേറുന്നു. കടക്കാരെക്കണ്ടാലും ഇന്ത്യക്കാരനോ പാക്കിസ്ഥാനിയോ എന്നറിയാനാവില്ല. 2010 ലാണ് ഇന്ത്യക്കാരുടെ സ്വാധീനത്തില്‍ ഹില്‍ക്രോഫ്റ്റ് അവന്യുവിന് മഹാത്മഗാന്ധി ഡിസ്ട്രിക്ട് എന്നു പേരുമാറ്റമുണ്ടായത്. മേഖലയിലെ 75 ശതമാനം കടകളും ഒപ്പിട്ട നിവേദനമാണ് ഈ മാറ്റം സാധ്യമാക്കിയത്. പഴയപേരു മാറ്റി പുതിയ പേര് ലിഖിതങ്ങളായി എല്ലാ ഔദ്യോഗിക ഫലകങ്ങളിലും ബോര്‍ഡുകളിലും സ്ഥാപിക്കാന്‍ 10,000 രൂപ ചിലവായി ഇന്ത്യക്കാര്‍ നല്‍കുകയും ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.