Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവില്‍ ഭീകരമാകുന്ന മധുരജലം

wind-turbines Wind Turbine

ഒരു പതിമൂന്നാം തീയതി വെള്ളിയാഴ്ച സന്ധ്യക്ക് ഞങ്ങള്‍ ഡാലസില്‍നിന്നു ടെക്സസിലെ തന്നെ ലബ്ബക്ക് എന്ന കോളജ് ടൗണിലേക്കു യാത്ര തിരിച്ചു. ശനിയാഴ്ച രാവിലെ മകള്‍ക്ക് കോളജ് അഡ്മിഷന്‍റെ ഇന്റര്‍വ്യൂ ഉള്ളതുകൊണ്ടാണ് ആ വഴിക്കു യാത്ര ആരംഭിച്ചത്‌. അമേരിക്കയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമായ ടെക്സസിന്‍റെ വടക്കു പടിഞ്ഞാറ്, ഡാലസില്‍നിന്ന് 350 മൈല്‍ ദൂരത്തിലാണ് ഈ പട്ടണം. ഇതുവരെ പോകാത്ത വീഥികളിലൂടെ ജിപിഎസ്സിന്‍റെ സഹായത്തോടെയായിരുന്നു ഡ്രൈവിങ്. ഡാലസ് പട്ടണാതിര്‍ത്തി പിന്നിട്ടപ്പോള്‍തന്നെ ഇളംനീലനിറത്തിലുള്ള പടിഞ്ഞാറെ ചക്രവാള കാന്‍വാസില്‍ കടുംവര്‍ണങ്ങള്‍ വാരിവിതറിക്കൊണ്ട് ആരോ മനോഹര ചിത്രങ്ങള്‍ വരയുന്നു !

പ്രധാന പാതയ്ക്കു കുറുകെപ്പോകുന്ന ചെറിയ നിരത്തുകളുടെ പേരുകള്‍ F M ല്‍ തുടങ്ങുന്നു. കൃഷിസ്ഥലങ്ങളില്‍നിന്ന് ഉത്പന്നങ്ങള്‍ ചന്തയിലേക്ക് എത്തിക്കാൻ നിര്‍മിച്ചവ ആയതുകൊണ്ടാണ്‌ ഫാം ടു മാര്‍ക്കറ്റ്‌ എന്നതിന്‍റെ ചുരുക്കമായ എഫ്എം എന്ന അക്ഷരങ്ങളിൽ ഈ പാതകളുടെ പേരു തുടങ്ങുന്നത്. സന്ധ്യയും ചന്തയും ഒക്കെ ചിന്തിച്ചപ്പോള്‍ മറവിയുടെ അഗാധതയില്‍ മറഞ്ഞു കിടന്ന പഴയ ഒരു സിനിമാഗാനം ഓര്‍മയുടെ ഓളപ്പരപ്പിലേക്കു നുരപൊന്തി വന്നു. ആ ഗാനത്തിലെ വരികള്‍ ഓര്‍മിച്ചെടുക്കുമ്പോഴേക്കും അതാ പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുന്ന, മൂന്നു പതിറ്റാണ്ടു മുന്‍പ് ജീവിതപന്ഥാവിലേക്കു കടന്നു വന്ന സഹധര്‍മിണി “സന്ധ്യമയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്ന നേരം, ബന്ധൂരെ രാഗ ബന്ധൂരെ നീ എന്തിനീവഴി വന്നു” എന്ന ഗാനം മൂളാന്‍ തുടങ്ങുന്നു. ഇതെന്തൊരു പ്രതിഭാസം? യാത്രാവേളകളില്‍ ഇതിനു മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പഴയ സിനിമാ ഗാനങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കും അതേ ഗാനം ഭാര്യ പാടാന്‍ തുടങ്ങിയിരിക്കും!!!!. എന്നാലും ബന്ധൂരെയുടെ അര്‍ഥം എന്താവാം? രാഗ ബന്ധൂരെ എന്നാണു കവി എഴുതിയിരുക്കുന്നത്. ഗാനത്തിന്‍റെ സന്ദര്‍ഭം വച്ചുനോക്കുമ്പോള്‍ സുന്ദരിയായ ഒരു ജീവിതപങ്കാളിയെക്കുറിച്ചായിരിക്കാം എന്ന് അനുമാനിക്കാം.

ഇനിയുള്ള ഗ്യാസ് സ്റ്റേഷന്‍ 60 മൈല്‍ അകലെ എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ എക്സിറ്റ് ഇറങ്ങി ഇന്ധനം നിറച്ചു. ഉറക്കത്തെ മാറ്റിനിര്‍ത്താനായി ഹോട്ട് ചീറ്റൊസും സോഡായും വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു. വടക്കുനിന്നു തണുത്ത വായുപ്രവാഹം വരുന്നതുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് പൊടുന്നനെ താഴാന്‍ തുടങ്ങുമെന്നും മഴയുണ്ടാവുമെന്നും റേഡിയോയിലൂടെ അറിയിപ്പുണ്ടായി. ഒരു വേനല്‍ക്കാലം കൂടി വിട വാങ്ങുന്നു. ശക്തമായ കാറ്റും മഴയും ദൈര്‍ഘം കുറഞ്ഞ സായാഹ്നവുമെല്ലാം വരാനിരിക്കുന്ന മഞ്ഞുകാലത്തിന്‍റെ തീവ്രത വിളിച്ചറിയിക്കുന്നു.

sweetwater-trolley City Of Sweetwater

കട്ടിയേറിയ കറുത്ത കരിമ്പടം കൊണ്ട് ആരോ പെട്ടെന്നു മൂടിയതുപോലെ ഇരുട്ടിന്‍റെ കനത്ത ആവരണം ചുറ്റുപാടും വ്യാപിച്ചു. നിരത്തിലെ വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നു. ഞങ്ങളുടെ വാഹനത്തെ കടന്ന് അതിവേഗം മുന്നോട്ടു പോയ ഒരു കാര്‍ പെട്ടെന്ന് അപ്രത്യക്ഷമായി. ആ വണ്ടിക്ക് എന്തുസംഭവിച്ചെന്നു ഞങ്ങൾക്ക് ആശങ്ക തോന്നി. കുറച്ചു സമയത്തിനു ശേഷം ദൂരെ വീണ്ടും ആ വണ്ടിയുടെ പിന്നിലെ മങ്ങിയ ചുവപ്പു പ്രകാശം കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ വാഹനം അവിടെ എത്തിപ്പോളാണ് മനസ്സിലായത്, നേര്‍രേഖ പോലെ കിടക്കുന്ന ഹൈവേയിലെ താഴ്ന്ന സ്ഥലത്തെത്തി വാഹനങ്ങളെ ദൂരെനിന്നു നോക്കുന്നവർക്കു കാണാനാവില്ല.

പ്രധാന ഹൈവേയില്‍നിന്നു ലബ്ബക്കിലേക്കു പോകുന്ന വഴിയിലൂടെ യാത്ര ആരംഭിച്ചപ്പോള്‍ റോഡ്‌പണി നടക്കുന്നതുകൊണ്ട് വേഗത നിയന്ത്രിക്കുക എന്ന ബോര്‍ഡുകള്‍ റോഡിനിരുവശത്തും സ്ഥാപിച്ചിരിക്കുന്നു. ഒരു ദിശയിലേക്കു മാത്രമുള്ള ഇരുവരിപ്പാത ഇരുവശത്തേക്കും പോകുന്ന ഒറ്റവരിപ്പാതയാക്കിയിരിക്കുന്നു. തലയിലും താടിയിലും തീജ്വാല വമിപ്പിച്ചുകൊണ്ട് വിഴുങ്ങാനായി ഓടി അടുക്കുന്ന വ്യാളിയെപ്പോലെ പതിനെട്ടു ചക്രമുള്ള കൂറ്റൻ വാഹനങ്ങള്‍ എതിര്‍ദിശയില്‍നിന്നു ഭൂമികുലുക്കിക്കൊണ്ട് ഓടിയടുക്കുന്നു. വലിയ ഡ്രമ്മില്‍ കോരി വിന്‍ഡ്ഷീല്‍ഡിലേക്കു ഒഴിക്കുന്നതുപോലെ, പാതയില്‍ തളം കെട്ടിക്കിടക്കുന്ന മഴവെള്ളം തെറിപ്പിച്ചുകൊണ്ടാണ് ഇവയുടെ പരക്കംപാച്ചില്‍. ട്രക്കുകള്‍ പോയികഴിഞ്ഞാല്‍ കുറച്ചു സമയത്തേക്കു മുന്നിലെ വഴി കാണാനേ കഴിയില്ല.

വീണ്ടും വിജനമായ വഴിയിലൂടെ മുന്നോട്ടുപോയപ്പോള്‍ ഞങ്ങളുടെ വാഹനത്തെ ലക്‌ഷ്യം വച്ച് വലിയ ഒറ്റ വിളക്കിന്‍റെ പ്രകാശം അടുത്തടുത്തു വരുന്നു. പിന്നിലെ സീറ്റില്‍ ഉറങ്ങികിടന്ന മകളെ വിളിച്ചുണര്‍ത്തി അവളോടും ഭാര്യയോടും പറഞ്ഞു: അടുത്തുവരുന്ന ഒറ്റക്കണ്ണന്‍ ഇപ്പോള്‍ നമ്മളുമായി മുഖാമുഖം ഇടിച്ചു എല്ലാം തകര്‍ക്കും. ഒറ്റക്കണ്ണന്‍ അടുത്തെത്തിയപ്പോള്‍ ഞങ്ങളുടെ വാഹനത്തിന്‍റെ വേഗം പരമാവധി കുറച്ച് ഇടിയുടെ ആഘാതം കുറയ്ക്കാൻ ശ്രമിച്ചു. ഞങ്ങളുടെ പാതയോട് ഉരുമ്മികൊണ്ട് സൈറനും മുഴക്കി കുടുക്ക്—കുടുക്ക്, കുടുക്ക്—കുടുക്ക് എന്ന ശബ്ദത്തോട് ഭീമാകാരനായ ഒരു ട്രെയിന്‍ പരിസരം പിടിച്ചുലച്ച് കടന്നുപോകുന്നു. ചുറ്റും പരന്നുകിടക്കുന്ന കുറ്റാക്കുറ്റിരുട്ട് മൂലം റെയില്‍വേ ട്രാക്ക് കണ്ടിരുന്നില്ല.

texas-tech-university Texas Tech University

വാഹനത്തിലെ സമയസൂചി 12 മണിയോടടുക്കുന്നു. ചുറ്റുപാടും വീക്ഷിച്ചുകൊണ്ട്‌ പ്രിയതമ ചോദിച്ചു: ‘നമ്മള്‍ കരയിലൂടെ തന്നെയാണോ സഞ്ചരിക്കുന്നത്, അതോ കടലിനു നടുക്കുകൂടിയാണോ?”. കൂരിരുട്ടില്‍ മിന്നി മിന്നിക്കാണുന്ന ചുവന്ന പ്രകാശം പെട്ടെന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. ആരോരുമില്ലാത്ത ഈ പ്രദേശത്ത് ആരാണ് മിന്നുന്ന ചുവപ്പൻ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്? മുന്നോട്ടു പോകുന്തോറും വിളക്കുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. ചുറ്റും നോക്കിക്കൊണ്ടു മകള്‍ പറഞ്ഞു: ‘നമുക്കു ചുറ്റും ഒരു വല വിരിച്ചതു പോലെ തോന്നുന്നു”. അനേകം ചുവന്ന വിളക്കുകള്‍ ഞങ്ങള്‍ക്കുചുറ്റും മിന്നി മിന്നി പ്രകാശിക്കുന്നു. നിരത്തില്‍ മറ്റു വാഹനങ്ങളൊന്നും കാണുന്നുമില്ല. സംശയമില്ല, അന്യഗ്രഹ ജീവികള്‍ തന്നെ!. നമ്മളെ വലവീശിപ്പിടിക്കാന്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം കണ്ട ഇംഗ്ലിഷ് സിനിമയിലെ ഭീകര ദൃശ്യങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിവരുന്നു. കാര്‍ നിലത്തുനിന്ന് ഉയരുന്നതു പോലെ തോന്നുന്നു. വലയ്ക്കുള്ളില്‍ കുടുങ്ങിയോ? ദൈവമേ, എന്തൊക്കെ പരീക്ഷണങ്ങളാണോ ആകാശനൗകയില്‍ വച്ച് അന്യഗ്രഹ ജീവികള്‍ ഞങ്ങളില്‍ നടത്താന്‍ പോകുന്നത്? വാഹനത്തിന്‍റെ വേഗം പെട്ടെന്നു വര്‍ധിപ്പിച്ച് വലയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിവേഗത്തില്‍ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍, ചുവന്ന വിളക്കുകള്‍ സാവധാനം പുറകിലേക്കു പോകുന്നു. വലയില്‍നിന്നു രക്ഷപ്പെടുത്തിയതിന് എല്ലാ ഈശ്വരന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ലബ്ബക്ക് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

35000 വിദ്യാര്‍ഥികൾ പഠിക്കുന്ന, സംസ്ഥാനത്തെ ആറാമത്തെ വലിയ സര്‍വകലാശാലയാണ്‌ ടെക്സസ് ടെക്ക് എന്ന കോളജ്. പരുത്തിപ്പാടങ്ങള്‍ നിറഞ്ഞ ലബ്ബക്ക് പട്ടണത്തിലെ ജനസംഖ്യ മൂന്നു ലക്ഷത്തോളം വരും. മകളുടെ ഇന്‍റര്‍വ്യൂ കഴിഞ്ഞ് ഉച്ചയോടുകൂടി മടക്കയാത്ര ആരംഭിച്ചു.

കഴിഞ്ഞ രാത്രി ചുവന്ന വിളക്കുകളുടെ വല കണ്ട സ്ഥലത്തെത്തിയപ്പോള്‍ ‘അതാ നോക്കിക്കേ, നമ്മളെ പേടിപ്പിച്ചവര്‍ ആകാശം മുട്ടെ നിവര്‍ന്നുനില്‍ക്കുന്നു’ എന്നു ഭാര്യ പറഞ്ഞു. ചുറ്റും കാണുന്ന മൊട്ടക്കുന്നുകളിലും സമതലങ്ങളിലുമെല്ലാമായി മൊത്തം 585 കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഹൈവേക്കിരുവശവുമായി മൈലുകളോളം, 212 അടി ഉയരത്തില്‍, 166 അടി നീളമുള്ള ബ്ലേഡുകള്‍ ഒരേ വേഗത്തില്‍ പതിയെ നിരന്തരം കറക്കികൊണ്ടാണ് ഈ വിന്‍ഡ് മില്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. പവനനെ പാട്ടിലാക്കി, ശുദ്ധമായ മാര്‍ഗ്ഗത്തിലൂടെ ഭീമാകാരമായ ഈ യന്ത്രങ്ങള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇവ നിലകൊള്ളുന്ന സിറ്റിയുടെ പേരോ, അതിവിചിത്രം- ‘സ്വീറ്റ്‌ വാട്ടർ’. രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ വിന്‍ഡ് മില്ലുകളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിന്നുന്ന ചുവന്ന വിളക്കുകളാല്‍ ചുറ്റും വലവിരിച്ചിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന പ്രദേശം. വിന്‍ഡ് മില്ലുകളുടെ നിറം വെള്ളയായതുകൊണ്ടും ചുറ്റുപാടും മറ്റു വെളിച്ചങ്ങള്‍ ഇല്ലാത്തതുകൊണ്ടും ഇരുട്ടില്‍ ഈ യന്ത്രങ്ങളെ കാണാനാവില്ല. നിശാസഞ്ചാരത്തിന് ഒട്ടും മധുരമല്ലാത്ത സ്വീറ്റ്‌ വാട്ടര്‍ സിറ്റിയോടു വിടപറഞ്ഞ് ദീര്‍ഘദൂരം സഞ്ചരിച്ച് വീടിന്‍റെ സുരക്ഷിതത്വത്തിലെത്തി സോഫയിലേക്കുചാഞ്ഞു. കടുപ്പമേറിയ കട്ടന്‍ കാപ്പിയും നാടന്‍ മിക്സ്ചറുമായി സഹധര്‍മിണി അടുത്തുവന്നപ്പോള്‍ മകള്‍ ചോദിച്ചു: ‘ടിവിയില്‍ “ക്സ്ട്രാടെറസ്ട്രിയല്‍സ് എന്ന സിനിമയുണ്ട്, വയ്ക്കട്ടെ?’
‘വേണ്ട വേണ്ട’ എന്ന് അഞ്ചാറുപ്രാവശ്യം എന്തിനു പറഞ്ഞുവെന്നും സോഫയില്‍നിന്നു എന്തിനു ചാടി എഴുന്നേറ്റെന്നും ഇപ്പോഴും മനസ്സിലാകുന്നില്ല. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.