Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലീസിന്റെ മാറിൽ

willys കാട്ടരുവിയിൽ കുളിക്കാം

കാടു കയറുക. പച്ചനിറമാർന്ന പായൽ പിടിച്ച കല്ലുകളോടു കിന്നാരം പറഞ്ഞുപതഞ്ഞെത്തുന്ന അരുവിയിലൊന്നു മുങ്ങിനിവരണം. ആകാശം മുട്ടുന്ന മരങ്ങളിൽ നിന്നു അമ്മുമ്മക്കാതുപോലെ ഞാന്നിറങ്ങിയ കാട്ടുവള്ളികളിൽ ടാർസനെ ധ്യാനിച്ച് ഊഞ്ഞാലാടണം ലോകത്തിലേറ്റവും ശുദ്ധമായ വായു മനസ്സുനിറയെ ഉള്ളിലാക്കുമ്പോൾ പേരറിയാ പൂക്കളുടെ സുഗന്ധം വേണം. ഒട്ടുമിക്ക സഞ്ചാര പ്രിയരുടേയും അടങ്ങാത്ത ആഗ്രഹങ്ങളാണിവ. എന്നാലോ നെയ്യ് കയ്യിലാവാതെ നെയ്യപ്പം തിന്നണം. കാട്ടിൽ അട്ട പാടില്ല, വന്യമൃഗങ്ങൾ പാടില്ല, മൊബൈൽഫോൺ റേഞ്ചുണ്ടാവണം. ഇങ്ങനെ ഇങ്ങനെ പോകുന്നു ഡിമാൻഡുകൾ . മേൽപ്പറഞ്ഞ എല്ലാരസങ്ങളും താഴേപ്പറഞ്ഞ എല്ലാ ഡിമാൻഡുകളോടെ ലഭിക്കുന്ന ഒരു സ്ഥലമുണ്ട്. ട്രാവൽട്രാക്കിലെ ഓഫ്റോഡിൽ ഇത്തവണ ഈ എക്സ്ക്ലൂസീവ് ഡെസ്റ്റിനേഷനിലേക്കാണ്.

willys വില്ലീസിനിതു ഹൈവേ

സ്പൈസ് ഗാർഡന്റെ സ്വന്തം വില്ലീസ്

വാഗമണ്ണിലേക്കുള്ള വഴിയിൽ കുരിശുമലയെത്തും മുൻപേ മനോഹരമായ സ്പൈസ് ഗാർഡൻ റസ്റ്റോറന്റിൽ ചായ കുടിക്കാനിറങ്ങിയപ്പോൾ പച്ചനിറമാർന്ന ഒരു കരുത്തനെക്കണ്ടു. ഒറിജിനൽ വില്ലീസ് ജീപ്പ്. അന്വേഷണം നീണ്ടതു ഷോപ്പുടമ സിബിയിലേക്ക് . ഫാസ്റ്റ്ട്രാക്കിൽ നിന്നാണെന്നു പറഞ്ഞപ്പോൾ പാലാക്കാരൻ സിബിച്ചേട്ടൻ ഒരോഫർ മുന്നോട്ടുവെച്ചു. എന്താ ഒരു ഓഫ് റോഡിങ് നടത്തണോ? സമയമുണ്ടോ നോക്കട്ടെ എന്നു പറഞ്ഞു നോക്കിയെങ്കിലും വില്ലീസ് വല്ലാതെ കൊതിപ്പിച്ചു. പോരാത്തതിനു പൂതപ്പാട്ടിലെ ആദ്യവരിപോലെ കേട്ടിട്ടില്ലേ തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ കലമ്പലുകൾ താഴെയൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നില്ലേ? പിന്നൊന്നുമാരും ഉരിയാടിയില്ല. വില്ലീസ് സ്റ്റാർട്ട്.

willys3 കാട്ടരുവിയിൽ കുളിക്കാം

മൂന്നു സിനിമാക്കഥകൾ

കുരിശുമലയ്ക്കും തൊട്ടിപ്പുറത്തെ മലയ്ക്കുമിടയിലെ കാട്ടിലേക്കാണു യാത്ര. കുത്തനെയുള്ള മൺപാത. മൂന്നോ നാലോ ഹെയർപിൻ വളവുകൾ . വില്ലിസ് ജീപ്പ് പോലും ഒറ്റയടിക്കു വളയില്ല. അത്രമാത്രം കഠിനം. റോഡ് മനപൂർവം ഇങ്ങനെയാക്കിയതാണ്. ജീപ്പോടിക്കുന്നതിനിടയിൽ സിബിച്ചേട്ടൻ കഥ പറയാൻ തുടങ്ങി. ദാരിദ്യ്രം കൂടപ്പിറപ്പായ കുടുംബത്തിൽനിന്നു സ്റ്റാർ ഹോട്ടലുടമയായതിന്റെ അധ്വാനം. ഇന്നൊക്കെ വിദേശത്തുപോകാൻ തയ്യാറെടുത്തുപോകുന്നപോലെ , കൊച്ചിനഗരം കാണാൻ പാലായിൽനിന്നും പുറപ്പെട്ടു നഗരത്തിലെ ലൈറ്റുകൾ തെളിഞ്ഞുനിൽക്കുന്ന കടകൾ കണ്ടു കണ്ണും മനവും നിറച്ച് മടങ്ങിപ്പോരുമായിരുന്നു. സിബിച്ചേട്ടൻ പക്ഷേ ഒരു കാര്യം മറന്നു . പഠിക്കാൻ പത്താക്ലാസ് പാസ്സായില്ലെങ്കിലെന്താ അധ്വാനം കൊണ്ട് ഇവിടെവരെയെത്തിയില്ലേ എന്നു ചോദിച്ച് കഥനം നിർത്തുമ്പോൾ പറഞ്ഞത് ഇങ്ങനെ.

willys സിബിച്ചേട്ടനും വില്ലീസും

ഇതൊരു സിനിമാക്കഥ. സിബിച്ചേട്ടൻ തിരുത്തി. ഒന്നല്ല , മൂന്ന് . പറഞ്ഞുതീരും മുൻപേ തനിക്കൊച്ചിക്കാരനായ ഫൊട്ടോഗ്രഫർ സജി സാരംഗധറിന്റെ അലർച്ച... വണ്ടി ദേ പോണേന്ന്. നോക്കുമ്പോൾ കൊക്കയുടെ തുമ്പത്താണ് വില്ലിസിന്റെ മുൻടയർ. മുന്നിൽ കോടമൂടിയ കുന്നുമാത്രം കാണാം. ചാടിയിറങ്ങി ലോ ആംഗിൾ പടമെടുത്തപ്പോൾ ഇനീം മുന്നോട്ടെടുക്കാമെന്നുപറഞ്ഞ് അദേഹം വണ്ടി ഒന്നുകൂടി ചലിപ്പിച്ചു. ടയറിന്റെ താഴെനിന്നു രണ്ടുരുണ്ട കല്ലുകൾ താഴെ അരുവിയിലേക്കു വീണു. മതിയേ ഇനി പിന്നോട്ടെടുത്തോ എന്നു പറയേണ്ടിവന്നു. ജീപ്പിൽ തിരിച്ചു കയറുമ്പോൾ സിബിച്ചേട്ടൻ ആ രഹസ്യം പറഞ്ഞു. സംഗതി വില്ലീസാണെങ്കിലും ടയർ നാലും പുത്തൻ, പവർ സ്റ്റിയറിങ് കൂടാതെ കിടിലൻ ബ്രേക്കും. ഇതു മൂന്നും പക്കാ പക്കാ

തട്ടത്തിൻ മറയത്തൊരു കാട്

വെള്ളച്ചാട്ടത്തിന്റെ ശബ്ദം അടുത്തുവരുന്നു. വില്ലീസ് നേരെപോയി ആറ്റിലിറങ്ങി. എന്റെ സാറേ ആ സ്ഥലം കണ്ടാപ്പിന്നെ മറ്റൊന്നും മനസ്സിൽ നിക്കുല എന്നൊരു തട്ടത്തിൻ മറയത്ത് ടൈപ്പ് ഡയലോഗാണു മനസ്സിൽ വന്നത് . കുത്തിയുർന്നു നിൽക്കുന്ന കരിമ്പാറയുടെ താഴെയൊരു കുഞ്ഞുവെള്ളച്ചാട്ടം. കാടിന്റെ ഇരുട്ടിലും തലനീട്ടുന്ന ഓർക്കിഡുകൾ. പളുങ്കിന്റെ പര്യായമായ ശുദ്ധജലം. ഒരു ചെറിയ മൺതിട്ടയിലേക്ക് സിബിച്ചേട്ടൻ വില്ലീസ് ഓടിച്ചുനിർത്തിയപ്പോൾ ഇതൊരു ഹോളിവുഡ് സിനിമാ ലൊക്കേഷനാണോ എന്നു തോന്നി. ഇവിടെ ടെന്റ് അടിച്ചു രാത്രിയിൽ താമസിക്കാം സ്വസ്ഥം സമാധാനം ജീവിതത്തിലൊരിക്കലും മറക്കാത്ത കാഴ്ചകളുടെ ഹാർഡ് ഡിസ്ക് പകുതി നിറഞ്ഞുപോയി . കൂടെവന്ന റോഷ്നി വെള്ളത്തിൽ നിന്നു കയറിപ്പോരുന്നില്ല.

willys4 ഒന്നു തെന്നിയാൽ അരുവിയിലെത്താം

വനാധിപൻ

ആ കാണുന്ന മലയുടെ പാതി മുതൽ ഇങ്ങോട്ടു നമ്മുടെ സ്ഥലമാണ്. പാറയുടെ മുകളിൽക്കയറി നോക്കുമ്പോൾ ഒരു തുണ്ടു ബാക്കിവെയ്ക്കാതെ മുഴുവൻ മരങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ഒരു അപകടവും കൂടാതെ കാടറിയാൻ ഇത്രയും നല്ല സ്ഥലമില്ല. പലതരം ശലഭങ്ങൾ അവിടവിടെയായി പാറിനടക്കുന്നു. ഇവിടെയുള്ള ഒരു മരവും മുറിക്കാതെ കാടിനെ മുറിവേൽപ്പിക്കാതെ സഞ്ചാരികൾക്കു താമസിക്കാൻ ഹട്ടുകൾ ഒരുക്കുന്നു.. കൊച്ചിയിൽ നിന്നും കോട്ടയത്തുനിന്നും മണിക്കൂറൂകൾ മതി ഇവിടെയെത്താൻ . ജീപ്പ് സവാരിതന്നെ ഒരു അനുഭവം. കാടറിയുക രണ്ടാമത്തേത്. ലാസ്റ്റ്ബസ് കഴിഞ്ഞ് പിന്നേയും വണ്ടി കാത്തിരിക്കുന്നവർക്കായി ഇതാ മറ്റൊന്ന് അരുവിക്കരയിൽ ടെന്റടിച്ച് രാത്രിതാമസം. എല്ലാറ്റിനും കൂട്ടായി മൂന്നു വില്ലീസ് ജീപ്പുകളും എന്താ പുറപ്പെടാം.

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.