ADVERTISEMENT

വിയന്ന ∙ ഓസ്ട്രിയയിലെ അടച്ചിടല്‍ ജനുവരി 24 വരെ നീട്ടിയിരുന്നത് ഫെബ്രുവരി ഏഴു വരെ തുടരും. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ ഇനിയും രണ്ടോ മൂന്നോ ബുദ്ധിമുട്ടുള്ള മാസങ്ങളാണ് മുന്നിലുള്ളതെന്നു ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍ത്സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍ നീട്ടിയതോടൊപ്പം ചില കര്‍ശനമായ നിയമങ്ങളും പാലിക്കേണ്ടതുണ്ട്. 

ജനുവരി 25 മുതല്‍ സാധാരണ വായയും മൂക്കും മൂടിയുള്ള മാസ്‌കുകള്‍ക്കു പകരം എഫ്എഫ്പി 2 മാസ്‌കുകള്‍ ഷോപ്പിങ്ങിനും, ജോലിസ്ഥലത്തുമെല്ലാം, പൊതുഗതാഗതത്തിലും എഫ് എഫ് പി 2 മാസ്‌കുകള്‍ നിര്‍ബന്ധമാക്കി. ഒരു മീറ്ററിന് പകരം മറ്റുള്ളവരില്‍ നിന്ന് രണ്ട് മീറ്റര്‍ ദൂരം അകലം പാലിക്കാനും തീരുമാനമായിട്ടുണ്ട്. ഹോട്ടല്‍, ടൂറിസം മേഖല ഫെബ്രുവരിയിലും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കില്ല. മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഫെബ്രുവരി എട്ടിന് വീണ്ടും തുറക്കാന്‍ അനുവാദമുണ്ട്.

സെമസ്റ്റര്‍ അവസാനിക്കുന്നതുവരെ സ്‌കൂളുകള്‍ ഹോം സ്‌കൂളിങ് തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്. അതേസമയം, ഫെബ്രുവരിയിലുള്ള സ്‌കൂള്‍ അവധി ഒരാഴ്ചകൂടി മുന്നോട്ടു മാറ്റി സ്‌കൂള്‍ തുടര്‍ച്ചയായി അടച്ചിടാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. എക്‌സിറ്റ് നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഉള്ളതുപോലെ തുടരും. ഹോം ഓഫീസ് തുടരുന്നതിനുള്ള ശുപാര്‍ശയും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം വരെ പൊതുപരിപാടികള്‍ അനുവദനീയമല്ല.

ഓസ്ട്രിയയില്‍ 1267 പേര്‍ക്ക് പുതിയ അണുബാധ രേഖപ്പെടുത്തിയപ്പോള്‍ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 68,000 പ്രതിരോധ കുത്തിവയ്പ്പുകള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ നടത്തിയിരുന്നു. ഒരു ലക്ഷം പേർക്ക് വാക്‌സീന്‍ കുത്തിവയ്ക്കുന്നത് ഞായറാഴ്ച കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിയന്നയിലെ മെഡിക്കല്‍ സര്‍വകലാശാല നടത്തിയ 83 പോസിറ്റീവ് പിസിആര്‍ ടെസ്റ്റുകളുടെ സാമ്പിള്‍ വിശകലനത്തില്‍, 17 ശതമാനം രൂപാന്തരം പ്രാപിച്ച പുതിയ വൈറസ് രാജ്യത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ സര്‍വേപ്രകാരം ലോകമെമ്പാടുമുള്ള കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം രണ്ട് ദശലക്ഷമായി ഉയര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com