ADVERTISEMENT

ലണ്ടൻ ∙ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതിന്റെ പിറ്റേന്നും ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത് 1725 മരണങ്ങളാണ്. പുതുതായി രോഗികളായത് 25,308 പേരും. ഇതിനിടെ വിദേശയാത്രകൾക്കും വിദേശങ്ങളിൽനിന്ന് എത്തുന്നവർക്കും ബ്രിട്ടീഷ് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിദേശത്തേക്ക് യാത്രപോകുന്നവർ യാത്രയുടെ ആവശ്യം എന്തെന്ന് വെളിപ്പെടുത്തണം. യാത്ര ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന് തെളിവുകൾ സഹിതം ബോധിപ്പിക്കുകയും വേണമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പാർലമെന്റിൽ അറിയിച്ചു.

വിമാനക്കമ്പനി അധികൃതർ യാത്രക്കാരുടെ സത്യവാങ്മൂലവും അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന രേഖകളും പരിശോധിച്ചു മാത്രമേ യാത്രയ്ക്ക് അനുമതി നൽകൂ. പരിശോധനകൾ ശക്തമാക്കാൻ വിമാനത്താവളങ്ങളിലും പോർട്ടുകളിലും കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു. 

റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ 22 രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കി. കോവിഡിന്റെ വ്യത്യസ്ത വകഭേദങ്ങൾ വ്യാപകമായ, ബ്രിസീൽ ഉൾപ്പെടെയുള്ള എട്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളും, സൗത്ത് ആഫ്രിക്ക ഉൾപ്പെടെയുള്ള പത്തിലേറെ ആഫ്രിക്കൻ രാജ്യങ്ങളും യൂറോപ്പിൽ പോർച്ചുഗലും ഉൾപ്പെടുന്നതാണ് റെഡ് കാറ്റഗറിയിലുള്ള ഈ രാജ്യങ്ങൾ. ഇന്ത്യ ഈ ലിസ്റ്റിലില്ല. റെഡ് കാറ്റഗറി രാജ്യങ്ങളിൽനിന്നും എത്തുന്ന ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ളവരെ എയർപോർട്ടിൽനിന്നും നേരിട്ട് ഹോട്ടലിൽ എത്തിച്ച് ക്വാറന്റീൻ ചെയ്യും. യാത്രക്കാരുടെ സ്വന്തം ചെലവിലാകും ഈ ഏകാന്തവാസം. 

നിലവിലുള്ള ലോക്ഡൗൺ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ആവശ്യമായ വിവരങ്ങൾ ഇപ്പോൾ സർക്കാരിന്റെ കൈവശമില്ലെന്നും രോഗവ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്ന ആർ റേറ്റും വാക്സിനേഷന്റെ പുരോഗതിയും അനുസരിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെന്നും പ്രധാനമന്ത്രി അറിയിച്ചു. 

ഇതിനിടെ ജനിതകമാറ്റം സംഭവിച്ച വൈറസ് പിടിപെടുന്നവരിൽ ചുമയ്ക്കും തൊണ്ടവേദനയ്ക്കുമൊപ്പം പേശീവേദനയും ക്ഷീണവും രോഗ ലക്ഷണങ്ങളാകുമെന്ന് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠനം കണ്ടെത്തി. പുതുതായി കോവിഡ് പോസിറ്റീവായ 6000 കേസുകൾ പരിശോധിച്ചു നടത്തിയ പഠനമാണ് പേശീവേദനയും അമിതമായ ക്ഷീണവും കോവിഡ് ലക്ഷണങ്ങളാകാമെന്ന് കണ്ടെത്തിയത്. പുതിയ വൈറസ് ബാധിക്കുന്ന രോഗികളിൽ മണവും രുചിയും ഇല്ലാതാകുന്ന പ്രവണത കുറയുന്നതായും പഠനം തെളിയിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com