ADVERTISEMENT

ലണ്ടൻ∙ ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം ഒഴിവാക്കാൻ ക്വാറന്റീൻ നിയമങ്ങൾ കർശനമാക്കി ബ്രിട്ടീഷ് സർക്കാർ ഉത്തരവിറക്കി.

 

തിങ്കളാഴ്ച മുതൽ വിദേശങ്ങളിൽ നിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവരും പത്തുദിവസത്തെ ക്വാറന്റീൻ കാലാവധിക്കുള്ളിൽ രണ്ട് പിസിആർ ടെസ്റ്റുകൾക്ക് വിധേയരാകാണം. ക്വാറന്റീന്റെ രണ്ടാം ദിവസവും എട്ടാം ദിനവുമാണ് ടെസ്റ്റുകൾ നടത്തേണ്ടത്. ഇതിൽ  പോസിറ്റീവാകുന്ന റിസൾട്ടുകൾ ജെനോമിക് സീക്വൻസിങ്ങിന് വിധേയമാക്കി ജനിതകമാറ്റം വന്ന വൈറസാണോ എന്നു കണ്ടെത്തും. 

 

ബ്രിട്ടൻ റെഡ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള 33 രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ 1750 പൗണ്ട് അടച്ച് നിർബന്ധമായും ഹോട്ടൽ ക്വാറന്റീന് വിധേയരാകാണം. ഇവർക്കും സമാനമായ രീതിയിൽ രണ്ടുവട്ടം പിസിആർ ടെസ്റ്റ് നടത്തും. ഇതിനുള്ള ഫീസും ഉൾപ്പെടെയാണ്  1750 പൗണ്ട് യാത്രക്കാരിൽനിന്നും ഈടാക്കുന്നത്. ഇന്ത്യ ഈ ലിസ്റ്റിലില്ല. അതിനാൽ ഇന്ത്യയിൽനിന്നും എത്തുന്ന യാത്രക്കാർക്ക് 10 ദിവസത്തെ ഹോം ക്വാറന്റീൻ മതി. എന്നാൽ സ്കോട്ട്ലൻഡ് എല്ലാ വിദേശ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റീനാണ് ഏർപ്പെടുത്തുന്നത്. അതിനാൽ സ്കോട്ട്ലൻഡിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റീൻ ആവശ്യമായി വരും. 

 

സർക്കാരിന്റെ പുതിയ ട്രാവൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 10,000 പൗണ്ടുവരെ പിഴയും ജയിൽ ശിക്ഷയും വരെ ലഭിക്കും. 

 

ഏതു രാജ്യത്തുനിന്നും റോഡ്, റെയിൽ വ്യോമ, ജല ഗതാഗത മാർഗങ്ങളിലൂടെ ബ്രിട്ടനിലേക്കെത്തുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിയിരിക്കണം. ഇതില്ലാത്തവരിൽ നിന്നും എയർപോർട്ടിൽ വച്ചു തന്നെ 500 പൗണ്ട് പിഴ ഈടാക്കും. ബ്രിട്ടനിൽ നിന്നും വിദേശത്തേക്കു പോകാനും ഇപ്പോൾ ഈ ടെസ്റ്റ് റിസൾട്ട് നിർബന്ധമാണ്. 

 

ബ്രിട്ടനിൽനിന്നും കേരളത്തിലേക്കു പോകുന്നവർ ഇന്ത്യയിലെ ട്രാൻസിറ്റ് വിമാനത്താവളങ്ങളിൽ വീണ്ടും പിസിആർ ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. 

 

ചുരുക്കിപ്പറഞ്ഞാൽ തിങ്കളാഴ്ച മുതൽ ബ്രിട്ടനിൽ നിന്നും കേരളത്തിലേക്കു പോകുന്നവർ, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലും ഇന്ത്യയിലെ ട്രാൻസിറ്റ് വിമാനത്താവളത്തിൽ രണ്ടാമതും തിരികെയെത്തി ക്വാറന്റീനിൽ ഇരിക്കുമ്പോൾ രണ്ടുവട്ടവും പിസിആർ ടെസ്റ്റിന് വിധേയരാകണം. ഇതിൽ വീഴ്ച വരുത്തിയാൽ പിഴയും നൽകേണ്ടിവരും. 

 

1052 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 12,364 പേർക്കും. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിലെ ഗണ്യമായ കുറവ് ഏറെ ആശ്വാസം നൽകുന്ന കണക്കാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com