ADVERTISEMENT

ലണ്ടൻ∙ കോവിഡ് പ്രോട്ടോക്കോളും വിദേശയാത്രാ നിബന്ധനകളുമെല്ലാം ദിവസേന മാറുന്ന കാലഘട്ടമാണിത്. ബ്രിട്ടീഷ് –ഇന്ത്യൻ സർക്കാരുകളുടെ ഏറ്റവും പുതിയ മാർഗനിർദേശപ്രകാരം ബ്രിട്ടനിൽനിന്ന് ഇപ്പോൾ  ഒരാൾക്ക് നാട്ടിൽ പോയിവരാൻ വേണ്ടത് ആറുവട്ടം പിസിആർ ടെസ്റ്റും അതിന്റെയെല്ലാം നൂലാമാലകളുമാണ്.  ആറുതവണത്തെ ടെസ്റ്റിന് യാത്രക്കാരൻ അടക്കേണ്ട തുക ടിക്കറ്റ് ചാർജിനേക്കാൾ കൂടുതലാണ്.  നിലവിലെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നകാലം ബ്രിട്ടനിലെ മലയാളികൾക്ക് നാട്ടിൽപോക്ക് ബാലികേറാമലയായി തുടരും. 

 

ഈ മാസം 15ന് നിലവിൽ വന്ന പുതിയ നിയന്ത്രണങ്ങളാണ് ഒരാൾക്ക് ഇന്ത്യയിൽ പോയി വരാൻ ആറുവട്ടം ടെസ്റ്റിങ് നിർബന്ധമാക്കിയത്. 

 

ഇവിടെനിന്നും യാത്ര ചെയ്യണമെങ്കിൽ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എയർപോർട്ടിൽ എത്തണം. ഇതിന് 90 മുതൽ 120 പൗണ്ടുവരെയാണ് വിവിധ ടെസ്റ്റിങ് സെന്ററിലെ ചാർജ്. ഇന്ത്യയിൽ ഏതു വിമാനത്താവളത്തിൽ ഇറങ്ങിയാലും പുറത്തിറങ്ങുന്നതിനു മുമ്പോ ട്രാൻസിറ്റ് വിമാനം പിടിക്കുന്നതിനു മുമ്പോ വീണ്ടും ടെസ്റ്റ് നടത്തണം. ഇതിന് വിവിധ വിമാനത്താവളങ്ങളിൽ വ്യത്യസ്ത ഫീസാണ്. 1,500 രൂപമുതൽ 3000 രൂപവരെയാണ് വിവിധ വിമാനത്താവളങ്ങളിലെ ഫീസ്. ഈ ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും അല്ലാത്തവർ ഹോം ക്വാറന്റീനും വിധേയരാകണം. ഹോം ക്വാറന്റീനിൽ ഇരിക്കുന്നവർ എട്ടുദിവസത്തിനുശേഷം വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് നേടിയാലേ പുറത്തിറങ്ങാനാകൂ. 

 

മടക്കയാത്രയ്ക്ക് ഇതിനേക്കൾ ഏറെയാണ് കടമ്പകൾ. അതിനും ആദ്യം നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം. ഇവിടെ എത്തിയശേഷം പത്തുദിവസത്തെ ഹോം ക്വാറന്റീന്റെ രണ്ടാം ദിവസവും എട്ടാം ദിവസവും ടെസ്റ്റ് നടത്തണം. ഇതിനുള്ള ട്രാവൽ ടെസ്റ്റ് പാക്കേജ് യാത്രയ്ക്കു മുമ്പേ ബുക്കുചെയ്യണം. ജിഒവി യുകെ എന്ന വെബ്സൈറ്റിലെ ലിങ്കിലൂടെയാണ്  ട്രാവൽ ടെസ്റ്റ് പാക്കേജ്  ബുക്ക് ചെയ്യേണ്ടത്. 210 പൗണ്ടാണ് ഇതിന് ചാർജ്. 11 വയസിനു താഴെയുള്ള കുട്ടികളൊഴികെ എല്ലാവരും ഇതു ബുക്കുചെയ്ത് ബുക്കിംങ് റഫറൻസ് നമ്പർ പാസഞ്ചർ ലൊക്കേറ്റർ ഫോമിൽ രേഖപ്പെടുത്തണം. ഈ ഫോമും ജിഒവി യുകെ എന്ന വെബ്സൈറ്റിലാണുള്ളത്. ഇതു പൂരിപ്പിച്ച് സമർപ്പിക്കുന്നതിനൊപ്പം അതിന്റെ കോപ്പിയും യാത്രയിൽ കരുതണം. 

 

ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ നിലവിൽ ഇന്ത്യയിലേക്കും തിരിച്ച് ബ്രിട്ടണിലേക്കുമുള്ള യാത്ര സാധ്യമാകൂ. 

 

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ബ്രിട്ടനിലെത്തുന്നവർക്ക് 500 പൗണ്ടാണ് പിഴ. പാസഞ്ചർ ലൊക്കേറ്റർ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകുന്നതും ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നതും 10000 പൗണ്ട് വരെ പിഴയോ ജയിൽശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com