ADVERTISEMENT

ലണ്ടൻ ∙ കേരളത്തിലെ തനി നാടൻ ഏത്തപ്പഴവും പച്ചക്കറികളും ഇനി മുടങ്ങാതെ ബ്രിട്ടനിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും മലയാളികളുടെ തീൻമേശയിലെത്തും. സംസ്ഥാന കൃഷി വകുപ്പ് മുൻകൈയെടുത്താണ് ഇവ ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും എത്തിക്കുന്നത്. മൂവാറ്റുപുഴയിലെ പ്രത്യേക പായ്ക്കിങ് സെന്ററിൽനിന്നും ശീതീകരിച്ച കണ്ടെയ്നറിൽ കപ്പൽവഴിയാണ് കേരളത്തിന്റെ നാടൻ ഏത്തയ്ക്ക കടൽകടന്ന് എത്തുന്നത്.  സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഈ അഭിമാനപദ്ധതി. 

 സീ-ഷിപ്‌മെന്റിലൂടെ കേരളത്തിലെ നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതി ഇന്നാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. ആദ്യ കണ്ടെയ്‌നർ ഇന്നു കൊച്ചിയിൽ നിന്ന് പുറപ്പെടും. തളിര്‍ എന്ന ബ്രാൻഡിലാകും കേരളത്തിലെ മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കുക. 

 

കേരളത്തിൽ നിന്നുള്ള നാടൻ നേന്ത്രപ്പഴത്തിന് യൂറോപ്യന്‍ രാജ്യങ്ങളിൽ  വൻ വിപണന സാധ്യതയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് പദ്ധതിയെക്കുറിച്ച് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ  നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ  അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു.  

സ്വകാര്യ കമ്പനികൾ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും വാഴപ്പഴം ഉൾപ്പെടെയുള്ളവ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ നേരിട്ട് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ആദ്യമായാണ്.

ഏത്തവാഴകൃഷിക്ക് ഏറെ പ്രസിദ്ധമായ തൃശൂരിൽനിന്നുള്ള ഓർഗാനിക് കുലകളാണ് ആദ്യബാച്ചിൽ എത്തുന്നത്. പായ്ക്കിങ്ങിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താൽ വാഴ നട്ടതു മുതൽ പായ്ക്കിംങ് വരെയുള്ള മുഴുവൻ ദൃശ്യങ്ങളും  ഉപഭോക്താവിന് നേരിൽ കാണാം. രാസവളവും കൃത്രിമ കീടനാശിനികളും ഉപയോഗിക്കാതെയുള്ള കൃഷിരീതിയിലൂടെ വിളയിച്ചെടുക്കുന്ന വാഴയ്ക്ക പച്ചയായി തന്നെയാണ് ബ്രിട്ടനിലെത്തുക. ലണ്ടനിലെ വിതരണകേന്ദ്രത്തിൽനിന്നാകും പിന്നീട് ഇവയെ പഴമാക്കി സൂപ്പർമാർക്കറ്റുകളിൽ എത്തിക്കുക. 

ഗുണനിലവാരം ഏറെയുണ്ടെങ്കിലും നിലവിൽ ബ്രിട്ടീഷ് വിപണിയിലുള്ള ആഫ്രിക്കൻ ഏത്തക്കായയോട് വലിപ്പത്തിലും വിലയിലും മൽസരിച്ച് കേരളത്തിലെ ഏത്തയ്ക്കായ്ക്ക് വിപണി പിടിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്. ലാഭം മാത്രം നോക്കാതെ നാടിനോടും നാട്ടിലെ കർഷകരോടും സ്നേഹം കണിക്കാൻ ബ്രിട്ടനിലെ രണ്ടുലക്ഷത്തോളം വരുന്ന മലയാളികൾ തയാറായാൽ സർക്കാരിന്റെ പ്രതീക്ഷകൾ സഫലമാകും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com