ADVERTISEMENT

ദോഹ∙ ദോഹയിലെ മീൻ ബാർബിക്യു, ഗ്രിൽ വിഭവങ്ങളിൽ സീ ബാസ് താരമാകുന്നു. മീനുകളുടെ രുചി അറിയണമെങ്കിൽ ബാർബിക്യൂ ചെയ്തു കഴിക്കണമെന്നാണ് മിക്ക ഭക്ഷണപ്രേമികളും പറയാറ്. മറ്റു മീനുകളെ അപേക്ഷിച്ച് മൃദുത്വം കൂടുതലാണെന്നു മാത്രമല്ല ഹമൂർ, കിങ് ഫിഷ്, ചെമ്മീൻ എന്നിവയേക്കാൾ ബാർബിക്യു രുചിയിൽ സീ ബാസ് തന്നെയാണ് മുൻപിൽ.

മിക്ക മീനുകളുടെയും രുചികളിൽ ഓരോ സീസണിലും വ്യത്യാസപ്പെടുമെങ്കിലും സീബാസിന് എന്നും ഒരേ രുചി തന്നെയെന്നതും പ്രത്യേകതയാണ്. ദോഹയിലെ പ്രവാസികളുടെ മീൻ ബാർബിക്യു രുചികളിൽ സീബാസിനെ പരിചയപ്പെടുത്തിയ അൽ വക്ര സൂഖിലെ ദനാത്ത് അൽ ബഹാർ റസ്റ്ററന്റുകാർ പറയുന്നത് അന്നും ഇന്നും സീബാസ് തന്നെയാണ് തീൻമേശയിലെ താരമെന്നാണ്. സീബാസ് തീൻമേശയിൽ എത്തുമ്പോൾ ഏകദേശം 50-55 റിയാൽ നിരക്കുവരും. 

സീബാസിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. കുറഞ്ഞ കലോറിയും കൂടുതൽ പ്രോട്ടീനുമുള്ള സീബാസിൽ ഒമേഗ-3 ഫാറ്റി ആസിഡ്, ബി-12, ബി-6 തുടങ്ങിയ വിറ്റാമിനുകളുമുണ്ട്. മെർക്കുറി അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളായ സ്ത്രീകളും ചെറിയ കുട്ടികളും സീബാസ് അധികം കഴിക്കരുതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. സീബാസ് കൂടാതെ സീബ്രീം ഇനവും മീൻ ബാർബിക്യു രുചികളിൽ മുഖ്യമാണ്. ഇവയിലും ബി-12, ബി-3, ബി-6 തുടങ്ങിയ വിറ്റമിനുകളുണ്ട്. തുർക്കിയിൽ നിന്നാണ് ദോഹയിലെ മീൻ വിപണിയിലേക്ക് നല്ല ഫ്രഷ് സീബാസും സീബ്രീമുമെല്ലാം എത്തുന്നത്. കിലോയ്ക്ക് ഏകദേശം 30 റിയാൽ വരെ വില വരും.

വൃത്യസ്ത രുചികളിൽ ‌സീബാസ് ബാർബിക്യു

വ്യത്യസ്ത രുചികളിൽ സീബാസ് ബാർബിക്യു തയാറാക്കാം. മീൻ വാങ്ങുമ്പോൾ തന്നെ ബാർബിക്യു ചെയ്യാനായി ഫില്ലറ്റ് രൂപത്തിൽ മുറിച്ചു വാങ്ങാം. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇന്ത്യൻ, അറബിക് മസാലകളും പച്ചക്കറികളും ചേർത്ത് തയാറാക്കിയ പ്രത്യേക മസാലക്കൂട്ടുകളിൽ പുരട്ടിയ സീബാസ് തീയിൽ ചുട്ടെടുക്കുമ്പോഴുള്ള രുചി ഒന്നു വേറെ തന്നെയാണ്.  ഇത്തിരി സമയം ചെലവിട്ടാൽ വീട്ടിലെ അടുക്കളയിലും രുചികരമായ സീബാസ് ബാർബിക്യു തയാറാക്കാം. വൃത്തിയാക്കി വരഞ്ഞെടുത്ത മീനിൽ ഒരു സ്പൂൺ ചെറുനാരങ്ങ പിഴിഞ്ഞതും കാൽ സ്പൂൺ കുരുമുളകു പൊടിയും പുരട്ടി അൽപനേരം വെയ്ക്കണം.

ഒരു സവാള, രണ്ടോ മൂന്നോ വെളുത്തുളളി, ചെറു കഷണം ഇഞ്ചി, ഒരു സ്പൂൺ അറബിക് മസാല, കാൽ ടീസ്പൂൺ മഞ്ഞൾ, ഒരു സ്പൂൺ ഗരംമസാല, ഒരു സ്പൂൺ മുളക് പൊടി, അൽപം കുരുമുളക്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരയ്ക്കണം. ഈ അരച്ച കൂട്ട് മീനിൽ പുരട്ടി അൽപനേരം വെച്ചശേഷം മീനിനു മുകളിൽ റോസ്‌മേരി ചെടിയുടെ ഒന്നോ രണ്ടോ തണ്ടുകളും വിതറി ചെറുതീയിൽ ചുട്ടെടുക്കുകയോ ഗ്രിൽ ചെയ്യുകയോ ആകാം. ബാർബിക്യൂവിൽ മാത്രമല്ല സാധാരണ പോലെ വറുക്കാനാണെങ്കിലും കുടംപുളിയിട്ട മീൻ കറിയാണെങ്കിലും സീബാസിന് സ്വാദേറും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com