ADVERTISEMENT

ദുബായ്∙ എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിൽ ശിക്ഷിക്കപ്പെട്ട ഒമാൻ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാകാലാവധി അപ്പീൽ കോടതി കുറച്ചു. 55 കാരനായ ബസ് ‍ഡ്രൈവറുടെ തടവ് ഏഴു വർഷത്തിൽ നിന്ന് ഒരു വർഷമാക്കിയാണ്  കുറച്ചത്. 50 ലക്ഷം ദിർഹം പിഴയും 34 ദശലക്ഷം ദിർഹം ദിയാദനമായും നൽകണമെന്ന ട്രാഫിക് കോടതി വിധിയിൽ മാറ്റമില്ല. നഷ്ടപരിഹാര തുക മരിച്ചവരുടെ ആശ്രിതർക്കാണ് നൽകേണ്ടത്, അതേസമയം, ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിൻവലിച്ചു.

dubai_accident

2019 ജൂലൈയിലായിരുന്നു ഡ്രൈവർക്കു ദുബായ് ട്രാഫിക് കോടതി  7 വര്‍ഷം തടവും അരലക്ഷം ദിർഹം പിഴയും വിധിച്ചത്. കൂടാതെ, ഇദ്ദേഹത്തിന്റെ ലൈസൻസ് ഒരു വർഷത്തേയ്ക്കു റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവർ നേരത്തെ സമ്മതിച്ചിരുന്നു. ജിസിസി മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ സ്ഥാപിച്ച സ്റ്റീൽ തൂണാണ് അപകടം വരുത്തിവച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കേസിൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

അപകടം വന്ന വഴി‌

ദുബായ്–ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ബസ് ട്രാഫിക് സൈൻ ബോർഡിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. എട്ട് മലയാളികളടക്കം 12 ഇന്ത്യക്കാരും 2 പാക്കിസ്ഥാനികൾ, അയർലൻഡ്, ഒമാൻ, ഫിലിപ്പീനി സ്വദേശികള്‍ ഒരോരുത്തരുമാണു മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ 13 പേർക്ക് പരുക്കേറ്റു.

പിതാവും മകനും ഉൾപ്പെടെയുള്ള മലയാളികളെ പന്നീട് തിരിച്ചറിഞ്ഞു. ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മർ(65), മകൻ നബീൽ(25), തിരുവനന്തപുരം സ്വദേശി ദീപകുമാർ(40), തൃശൂർ സ്വദേശികളായ ജമാലുദ്ദീൻ, വാസുദേവൻ വിഷ്ണുദാസ്, കിരൺ ജോണി(വള്ളിത്തോട്ടത്തിൽ പൈലി), കോട്ടയം സ്വദേശി കെ.വിമൽകുമാർ, രാജൻ പുതിയപുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ. മറ്റ് ഇന്ത്യക്കാരിൽ രണ്ടു പേർ മുംബൈ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. പെരുന്നാൾ അവധിയാഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങുന്നവരടക്കം ആകെ 31 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. റാഷിദിയ്യ മെട്രോ സ്റ്റേഷനു സമീപത്ത് ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന കവാടത്തിലേയ്ക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com