ADVERTISEMENT

ദുബായ്∙ വിദേശത്ത് നിന്നു കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് നടത്തുന്ന ആർടി–പിസിആർ പരിശോധന കേരളാ സർക്കാർ സൗജന്യമാക്കിയതിൽ പ്രവാസികൾ സന്തോഷം പ്രകടിപ്പിച്ചു. പണം വാങ്ങി പരിശോധന നടത്തുന്നത് പ്രവാസികൾക്ക് അമിത സാമ്പത്തിക ഭാരമാണെന്നതിനാൽ, കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ എത്തിയ വാർത്ത മലയാളി പ്രവാസികൾക്ക് ഏറെ ആഹ്ളാദം പകരുന്നുവെന്നു പ്രവാസ ലോകത്തെ സംഘടനാ പ്രതിനിധികൾ പറഞ്ഞു.

കേരള സർക്കാർ നടപടി തികച്ചും ശ്ലാഘനീയമെന്ന് 'ഓർമ' അഭിപ്രായപ്പെട്ടു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ ചേർത്തു പിടിക്കുന്നതിൽ പിണറായി സർക്കാരിന് നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും ഓർമ'യുടെ സെക്രട്ടറി സജീവൻ കെ വിയും പ്രസിഡന്റ് അൻവർ ഷാഹിയും പറഞ്ഞു. ഇൗ മാസം 23 മുതൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച്  കേന്ദ്ര സർക്കാർ പുതിയ നിബന്ധനകൾ പുറത്തിറക്കിയിരുന്നു. 

ഇതനുസരിച്ച്, കുട്ടികൾ അടക്കം എല്ലാവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർടി– പിസിആർ ടെസ്റ്റ് എടുക്കണം. നാട്ടിൽ എത്തിയാൽ വിമാനത്താവളത്തിൽ വീണ്ടും ടെസ്റ്റ് എടുക്കണമെന്നും നിഷ്കർഷയുണ്ട്.  കേന്ദ്രത്തിന്റെ ഈ നിബന്ധനകൾ പ്രവാസിദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടി ഓർമ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേരള സർക്കാർ അനുഭാവപൂർവ്വം ഇടപെടണമെന്ന് ലോക കേരളസഭാംഗവും 'ഓർമ' രക്ഷാധികാരിയുമായ എൻ. കെ. കുഞ്ഞുമുഹമ്മദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസികളുടെ അധികഭാരം കുറയ്ക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തീരുമാനത്തെ ആഹ്ളാദത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതൽ പ്രവാസി സൗഹൃദ നടപടികൾ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com