Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലദോഷം ശമിക്കാൻ നാട്ടുവഴികൾ

497835726

നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന രോഗമാണ് ജലദോഷം. ഏഴുമുതൽ 10 ദിവസം വരെ ഈ രോഗം നീണ്ടു നിൽക്കും. ചുമ, തുമ്മൽ, മൂക്കടപ്പ്, തലവേദന, തൊണ്ട വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ജലദോഷം ശമിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാർഗങ്ങളുണ്ട്. പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതും ആണ് അവ.

∙ ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.

∙ ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി ഉപയോഗിച്ചാൽ ജലദോഷം ശമിക്കും.

∙ തിളപ്പിച്ചെടുത്ത പാൽ ചൂടാറും മുൻപേ കുരുമുളകുപൊടിയും ചേർത്ത് ഉപയോഗിക്കുക.

∙ ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.

∙ തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.

∙ ഒരു കഷ്ണം മഞ്ഞൾ എടുത്ത് കരിച്ച് അതിന്റെ പുക മൂക്കിലൂടെ അകത്തേക്ക് എടുക്കുക. ജലദോഷത്തിന് ശമനം കിട്ടും.

∙ കുരുമുളക്, തിപ്പലി, ജീരകം എന്നിവ 10ഗ്രാം വീതമെടുത്ത് 200 മില്ലി വെള്ളത്തിൽ വേവിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ദിവസവും നാലു പ്രാവശ്യമെങ്കിലും കുടിക്കുക. ഫലം ലഭിക്കും.

∙ തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുക.

∙ ഏതാനും തുള്ളി യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് തിളപ്പിച്ച ശേഷം അതിൽ ആവി പിടിക്കുന്നത് നല്ല ഫലം നൽകും. ജലദോഷത്തിനൊപ്പമുള്ള കഫം, മൂക്കടപ്പ്, തലവേദന എന്നിവയ്ക്ക് ഇത് നല്ലതാണ്.

∙ ഒരുകപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. ദിവസവും രണ്ടോ മൂന്നോ ആവർത്തി കുടിക്കുക.

∙ ഏതാനും തുള്ളി പുൽതൈലം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് ഫലം ചെയ്യും. രാവിലെയും വൈകുന്നേരവും ചെയ്യുന്നതായിരിക്കും കൂടുതൽ ഗുണകരം.

∙ രണ്ടു  ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക. ജലദോഷത്തിന് ശമനമുണ്ടാകും.

നീണ്ടുനിൽക്കുന്ന ജലദോഷം മറ്റുരോഗങ്ങളിലേക്ക് നയിക്കുവാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ തോന്നുന്ന പക്ഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാൽ മറ്റു രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും.

Read more : Health Tips