Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ തയാറാക്കാം സൗന്ദര്യവർധക കൂട്ടുകൾ

beauty

സൗന്ദര്യസംരക്ഷണ കാര്യത്തിൽ മലയാളി എന്നും ഒരു പടി മുന്നിലാണ്. ഇതിനായി കൺമുന്നിൽ കാണുന്ന സൗന്ദര്യവർധകങ്ങൾ പരീക്ഷിക്കാനും പലരും മടി കാണിക്കാറില്ല. മുഖത്ത് ചെറിയ ഒരു കുരുവോ, ഒരു കരുവാളിപ്പോ വന്നാൽ മതി പലരുടെയും ആത്മവിശ്വാസം വരെ നഷ്ടമാകും. അപ്പോൾത്തന്നെ പരസ്യങ്ങളിലും മറ്റും കാണുന്ന സൗന്ദര്യവർധകങ്ങളുടെ പിന്നാലെ പായുകയും ചെയ്യും.  ഇങ്ങനെ ചെയ്യുന്നതാകട്ടെ, ചിലപ്പോൾ അലർജി പോലുള്ള മറ്റ് അവസ്ഥകളിലേക്കു വഴിമാറുന്നതിനും കാരണമാകും. ഈ സൗന്ദര്യവർധകങ്ങൾ നമുക്ക് വീട്ടിൽത്തന്നെ ചെയ്യാൻ സാധിച്ചാലോ. വീട്ടിൽ തയാറാക്കാവുന്ന ചില സൗന്ദര്യവർധക കൂട്ടുകൾ പരിചയപ്പെടാം.

മുഖക്കുരുവിന്: പേരയില, തഴുതാമയില, പച്ചമഞ്ഞൾ, കരിംജീരകം എന്നിവ സമം എടുത്തു മോരിലരച്ച് മുഖത്തു പുരട്ടുക.

ഫെയർനെസ്ക്രീം: ചെമ്പരത്തിപ്പൂവ്, കൂവപ്പൊടി, രക്തചന്ദനം, നറുനീണ്ടിക്കിഴങ്ങ് എന്നില തുല്യ അളവിലെടുത്തു മോരിലോ നെയ്യിലോ കലർത്തി പുരട്ടാം. എണ്ണമയമുള്ള ചർമക്കാർ മോരിലും അല്ലാത്തവർ നെയ്യിലും കലർത്തി തേയ്ക്കുന്നതാണ് ഉത്തമം.

മുഖത്തെ പാടുകൾ മാറാൻ : എള്ള്, ശതകുപ്പ, കടുക്കാത്തോട്, ഉണക്കലരി എന്നിവ കാടിയിലരച്ച് പാല് ചേർത്തു മുഖത്തു പുരട്ടി കുറച്ചുനേരം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

കൺപീലി ഉണ്ടാകാൻ : ചെമ്പരത്തിപ്പൂവിന്റെ ഇതളരച്ച് ആവണത്തെണ്ണ ചേർത്തു കിടക്കും മുമ്പു പിരികത്തിലും പീലിയിലും പുരട്ടുക.

കൺമഷി : നിത്യവും കണ്ണിൽ അഞ്ജനമെഴുതുന്നത് കാഴ്ചശക്തിനിലനിർത്തുന്നതിനും സ്നിഗ്ധത നഷ്ടപ്പെടാതിരിക്കുന്നതിനും കണ്ണിന്റെ അഴകു നിലനിർത്തുവാനും നല്ലതാണ്.

അഞ്ജനം ഉണ്ടാക്കുന്ന വിധം : ഏഴുദിവസം തുടർച്ചയായി കഞ്ഞുണ്ണിനീര് ഒഴിച്ചു നിഴലിലുണ്ടാക്കിയ കോടിത്തുണി എടുത്തു തിരിയാക്കി നിലവിളക്കിൽ നല്ലെണ്ണ ഒഴിച്ചു കത്തിക്കുക. കത്തുമ്പോൾ നിലവിളക്കിൽ നിന്നും വരുന്ന കരി ശേഖരിക്കുന്നതിനായി നിലവിളക്കിനു മുകളിൽ മൺചട്ടി കമിഴ്ത്തിവയ്ക്കുക.

തുണി കത്തി തീർന്നശേഷം ചട്ടിയിൽ നിന്നും കരി എടുത്തു നല്ലെണ്ണയിലോ ആവണക്കെണ്ണയിലോ ചേർത്ത് ഭസ്മമാക്കിയ അഞ്ജനക്കല്ലും ചേർത്തു ചാലിച്ചു കുപ്പിയിലാക്കിവച്ചു ദിവസവും കണ്ണിലെഴുതാം.

താരൻ മാറാൻ : കശകശ പാലിലരച്ച് ഒരു മണിക്കൂർ മുടിയിൽ പുരട്ടി വച്ചു കഴുകിക്കളയുക.