Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറിവേപ്പില കൊളസ്ട്രോൾ കുറയ്ക്കുമോ?

curry-leaves

കാര്യം കഴിയുമ്പോൾ കറിവേപ്പില പോലെ? കാര്യം കഴിഞ്ഞില്ലെങ്കിലോ? അതാണ് കറിവേപ്പില. 

കറിവേപ്പില നമ്മുടെ അടുക്കളയുടെ ഭാഗമായിട്ടു കാലമേറെയായി. നമ്മുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത വിഭവം.  കറിവേപ്പില ചേർക്കാത്ത ഒരു കറി നമുക്കുണ്ടോ? സുഗന്ധംകൊണ്ടും ഔഷധ ഗുണംകൊണ്ടും രുചികൊണ്ടും കറിവേപ്പിലയോളം പ്രാധാന്യമുള്ള മറ്റൊന്നുണ്ടോ എന്ന് സംശയമാണ്. 

ആഹാരവസ്തു എന്ന നിലയിൽ കറിവേപ്പിലയുടെ പ്രസക്തി ഏറെയാണ്. ഭക്ഷ്യലോകത്ത് കറിവേപ്പിലയുടെ അപാരമായ ശക്തി അതിന് മാജിക് ലീവ്സ് എന്ന ഓമനപ്പേരാണ് സമ്മാനിച്ചത്. പോഷകാഹാരം എന്ന നിലയിൽ ഏറെ പ്രാധാന്യമുണ്ട് കറിവേപ്പിലയ്ക്ക്. നൂറു ഗ്രാം കറിവേപ്പിലയിൽ 6 ഗ്രാം മാംസ്യം, 19 ഗ്രാം അന്നജം, 6.5 ഗ്രാം നാര്, ഒരു ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ എ, ബി, സി എന്നിവയുമുണ്ട്. ഏതാണ്ട് 100 കലോറി ഊർജവും ഇത്രയും കറിവേപ്പിലയിൽ നിന്ന് ലഭിക്കും. 

ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ ഇതിന്റെ ഗുണം മാത്രമല്ല മണവും നമ്മുടെ തീൻമേശകളെ കീഴടക്കിയിട്ടുണ്ട്. കറിവേപ്പിൽ അടങ്ങിയിരിക്കുന്ന ബീറ്റ ഗുർജുനീൻ, ബീറ്റ കാരിയോഫിലീൻ, ബീറ്റ എലിമീൻ എന്നിവയാണ് ഇവയുടെ സുഗന്ധത്തിന്റെ പ്രധാന കാരണം. ദഹനപ്രക്രിയയിൽ കറിവേപ്പിലയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ദഹനം  വർധിപ്പിക്കുന്നതിൽ ഈ ഇലകൾക്ക് ഏറെ പങ്കുണ്ട്. ദഹനക്കേടിന് അത്യുത്തമമാണ് കറിവേപ്പില.  ആഹാരത്തിലെ വിഷാംശം ഇല്ലാതാക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. വിശപ്പില്ലായ്മ, വയറുവേദന, ഛർദി എന്നിവയ്ക്ക് മികച്ച ഔഷധം തന്നെയാണ് കറിവേപ്പില. 

ഈ ചെടികളുടെ ഔഷധഗുണങ്ങൾ കേട്ടാൽ ഞെട്ടും

ഒരു ഔഷധസസ്യം എന്ന നിലയിൽ കറിവേപ്പില സ്ഥാനം നേടിയിട്ട് കാലമേറെയായി. പ്രത്യേകിച്ച് ആയുർവേദ ചികിൽസയിൽ. മരുന്ന് എന്ന നിലയിൽ കറിവേപ്പിലയുടെ പ്രസക്തി ആധുനിക വൈദ്യശാസ്ത്രവും അംഗീകരിച്ചുകഴിഞ്ഞു. ഇവയുടെ രോഗപ്രതിരോധ ശക്തിയാണ് ഈ പ്രാധാന്യത്തിന് മുഖ്യകാരണം. ഉദരരോഗങ്ങൾക്ക് ഒന്നാന്തരം ഔഷധമാണ് കറിവേപ്പില. വായുകോപം, വിരശല്യം എന്നിവ ഇല്ലാതാക്കുന്നതിന് ഈ ഇലകൾ അത്യുത്തമം.  പ്രമേഹത്തെക്കുറിച്ചുള്ള ആധുനിക പഠനങ്ങൾ കറിവേപ്പിലയെ നാളെയുടെ മരുന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. ആഹാരത്തിലെ അന്നജത്തെ വിഘടിപ്പിച്ച് പ്രമേഹത്തിനെതിരെ പൊരുതാനുള്ള ഈ ഇലകളുടെ കഴിവ് അപാരമാണ്. 

ശരീരത്തിലെ അന്നജത്തെ വിഘടിപ്പിക്കുന്ന ആൽഫ അമയ്‍ലേസ് എൻസൈമിന്റെ ഉൽപ‌ാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് പ്രമേഹത്തെ കറിവേപ്പില കൊണ്ട് നിയന്ത്രിക്കാം എന്ന് ശാസ്ത്രലേകം കരുതുന്നു. 

കൊളസ്ട്രോൾ നിയന്ത്രിക്കാനും കറിവേപ്പിലയ്ക്ക് ആവും എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകതരം അലർജികൾ, വ്രണങ്ങൾ എന്നിവയ്ക്ക് കറിവേപ്പ‌് ഇലകൾ ഫലം കണ്ടിട്ടുണ്ട്. ചൂടുകുരു, മറ്റ് ത്വക്ക് രോഗങ്ങൾ എന്നിവ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്. 

മുഖശോഭ വർധിപ്പിക്കുന്നതിലും അകാലനര ഒഴിവാക്കുന്നതിലും മുന്നിലാണ് ഇവ. വിറ്റാമിൻ ഇയുടെ സാന്നിധ്യമാണ് ഈ കഴിവുകൾ കറിവേപ്പിലയ്ക്ക് സമ്മാനിക്കുന്നത്. വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതുകൊണ്ട് കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ് കറിവേപ്പില.

Read More : Health Tips and Ayurveda Treatment