Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയ സംരക്ഷണത്തിന് ആയുർവേദം

Friendship

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്നു പഴമാക്കാർ പറയുന്നത് വെറുതെയല്ല, പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യമാകുമ്പോൾ. ഹൃദയ ദിനാഘോഷത്തിനു പതിനേഴ് വയസ് തികയുമ്പോഴും ഹൃദ്രോഗികളുടെ എണ്ണം വർഷം തോറും വർധിക്കുന്നതിന്റെ കണക്ക് കേട്ടാൽ നമ്മുടെ ഹൃദയമിടിപ്പ് കൂടും. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ കണക്കനുസരിച്ച് ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേരാണ് ഹൃദ്രോഗം മുലം മരിക്കുന്നത്. വികസിത രാജ്യമായ അമേരിക്കയിൽ പോലും ഹൃദ്രോഗം പ്രതിവർഷം ആറു ലക്ഷത്തി പതിനായിരം പേരുടെ ജീവൻ കവരുന്നു. 2010 ലെ കണക്കനുസരിച്ച് ഇരുപത് ലക്ഷം ജനങ്ങളാണ് ഇന്ത്യയിൽ‍ ഹൃദ്രോഗ ബാധിതരായി മരിച്ചത്. ആശുപത്രിയിൽ‍ എത്തുന്നതിനു മുൻപുതന്നെ നാൽപത് ശതമാനം കണ്ണടയ്ക്കുന്നതും ഹൃദ്രോഗത്തിന്റെ തീവ്രത വെളിവാക്കുന്നു.

ആയുർവേദ ശാസ്ത്രപ്രകാരം പ്രാണന്റെയും ഓജസ്സിന്റെയും ഉറവിടമാണ് ഹൃദയം. ശരീരത്തിന്റെ പ്രവർത്തനങ്ങളെ ആദ്യവസാനം നിയന്ത്രിക്കുന്നത് കൊണ്ട് ഹൃദയം തകരാറിലായാൽ‍ ജീവിതത്തിനു പൂർണവിരാമമാകും. ശാരീരിക- മാനസിക സമ്മർദ്ദങ്ങള്‍, തെറ്റായ ആഹാരക്രമം, പുകവലി, വികാര വിക്ഷോഭങ്ങൾ എന്നീ ഘടകങ്ങൾ ഹൃദയാരോഗ്യത്തെ നേരിട്ടു ബാധിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുക എന്നതാണ് ആരോഗ്യത്തിലേയ്ക്കുള്ള താക്കോൽ. ഹൃദ്രോഗ ചികിൽസാ ചെലവ് സാധാരണക്കാരന് അപ്രാപ്യമായതിനാൽ ഹൃദയാരോഗ്യം കാത്തുസൂക്ഷിച്ച ് ആയുസിന്റെ ദൈർഘ്യം കൂട്ടാം. ഹൃദയ സംരക്ഷണത്തിന് പാർശ്വഫലങ്ങളില്ലാത്ത മാർഗങ്ങളാണ് ആയുർവേദം നിർദേശിക്കുന്നത്. ത്രിദോഷങ്ങളായ വ്യാനവായു, സാധക പിത്തം, അവലംബക കഫം എന്നിവയാണ് ഹൃദയാരോഗ്യത്തെ നിയന്ത്രിക്കുന്നത്. ത്രിദോഷങ്ങളെ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ രീതിയിൽ‍ ക്രമപ്പെടുത്താനുള്ള വിധികളെപ്പറ്റി പ്രത്യേക പരാമർശവുമുണ്ട്. താഴെപ്പറയുന്നവ ഹൃദയത്തിന്റെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നു. അതിൽ പലതും നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായതും ചെലവു കുറഞ്ഞതുമായതിനാൽ നിത്യേനയുള്ള ആഹാരത്തിൽ‍ ഉൾപ്പെടുത്തി ഹൃദയാരോഗ്യം അനായാസം സംരക്ഷിക്കാം.

നീർമരുത്
നീർമരുതിന്റെ ചൂർണം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയോ പാൽ‍ കഷായമായി സേവിക്കുകയോ ചെയ്യുന്നചു ഹൃദയത്തിന്റെ ആരോഗ്യം കാക്കുവാൻ ഉത്തമമാണ്.

വെളുത്തുള്ളി
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനോടൊപ്പം രക്തധമനികളിലെ ബ്ലോക്കുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന വെളുത്തുള്ളിയെ മാന്ത്രിക മരുന്നായി കണക്കാക്കാം. പന്ത്രണ്ട് ആഴ്ച തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിത രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രണ വിധേയമാകും.

അശ്വഗന്ധ
എത്ര വലിയ മാനസികസമ്മർദ്ദവും അശ്വഗന്ധത്തിന്റെ മുന്നിൽ തോൽക്കും. അശ്വഗന്ധയുടെ നിത്യോപയോഗം ഡിപ്രഷന്‍, ഹൈപ്പർ ടെൻഷന്‍, പ്രമേഹം, ആർത്രൈറ്റിസ് എന്നിവയെ ശമിപ്പിക്കുന്നു.

ഗുഗ്ഗുലു
രക്തത്തിലെ നല്ല കോളസ്ട്രോളിന്റെ അളവ് കൃത്യമായ തോതിൽ നിലനിറുത്തുന്നതിന് ഗുഗ്ഗുലു മികച്ച ഒൗഷധമാണ്. ഇതിനു പുറമേ സോറിയാസിസ്, ആർത്രൈറ്റിസ് എന്നീ രോഗങ്ങളുടെ ചികിൽസയ്ക്കു ഗുഗ്ഗുലു ഉപയോഗിക്കുന്നു.

ഹൃദയമിടിപ്പ് തെറ്റാൻ തുടങ്ങുന്നതെപ്പോൾ?
ആയുർവേദത്തിൽ‍ ഹൃദ്രോഗ ലക്ഷണങ്ങള്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. വാതജ, പിത്തജ, കഫജ, സന്നിപാതജ, കൃമിജ തുടങ്ങി അഞ്ചു വിധം ഹൃദ്രോഗങ്ങളാണുള്ളത്. ശരീരത്തിനു വിറയൽ‍, ദൈന്യത, നെഞ്ചിൽ‍ കുത്തുന്ന പോലുള്ള വേദന, മോഹാലസ്യം, സന്ധികളിൽ‍ നീർക്കെട്ട്, കിതപ്പ്, കരളിനു നീർവീഴ്ച, ശരീരത്തിന് ഭാരക്കൂടുതൽ‍ എന്നിവയാണ് ഹൃദ്രോഗത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ. മൂത്രം കുറഞ്ഞ അളവിൽ‍ പോകുക, മുഖത്തെ നീലിമ, അമിത വിയർപ്പ്, തുടർച്ചയായി വരുന്ന പനി, കലശലായ ക്ഷീണം, ശരീര ശോഷണം തുടങ്ങിയവ ഹൃദ്രോഗ ലക്ഷണമാകാറുണ്ട്. ആരോഗ്യത്തോടെയിരിക്കുന്ന ഒരാൾക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയാണെങ്കിൽ ഉടനെ പരിശോധനയ്ക്ക് വിധേയമാകണം. ഹൃദ്രോഗ സാധ്യത മുൻകൂട്ടി മനസിലാക്കുന്നതാണ് ഹൃദയാരോഗ്യത്തിന്റെ ആദ്യ പടിയെന്നിരിക്കെ നെഞ്ചിലെ ചെറിയ വേദനകൾ പോലും കാര്യമായി എടുക്കാതിരുന്നത് അപകടം വരുത്തിവയ്ക്കും.

സമ്മർദ്ദം ഹൃദയാരോഗ്യം കവരുമ്പോൾ
മൽസരമേറിയ ലോകത്ത് സമ്മർദ്ദമില്ലാതെ ജീവിക്കുകയെന്നത് പ്രായോഗികമല്ലെങ്കിലും അമിത സമ്മർദ്ദമാണ് ഹൃയാരോഗ്യത്തിന്റെ യാഥാർഥ വില്ലൻ. മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ തകിടം മറിക്കുന്നു. കേട്ടാൽ നിസാരമെന്ന് തോന്നുമെങ്കിലും ഹോർമോണുകളുടെ താളപ്പിഴ കാർഡിയോ വാസ്‌കുലാർ‍ സിസ്റ്റത്തെയാണ് മുഖ്യമായും ബാധിക്കുക. ഇൗ രോഗാവസ്ഥയോടൊപ്പം ശുഷ്‌കിച്ച ഭക്ഷണരീതിയും ദഹനക്കുറവും പുകവലിയും ചേരുമ്പോൾ ഹൃദയം പണിമുടക്കും.

ചിട്ടയായ ജീവിതം, അനുയോജ്യമായ വ്യായാമം
കൃത്യ സമയത്ത് സമീകൃതമായ ഭക്ഷണം, കുറഞ്ഞത് എട്ടു മണിക്കൂറിൽ കുറയാതെയുള്ള സുഖനിദ്ര എന്നിവയടങ്ങുന്ന ചിട്ടയായ ജീവിതരീതി ഹൃദയത്തിന്റെ ആരോഗ്യത്തിനു അനിവാര്യമാണ്. ഫാസ്റ്റ് ഫുഡ് സംസ്കാരം പൂർണമായി വർജിച്ച് മിതമായ അളവിൽ വിശപ്പടക്കാന്‍ മാത്രം കഴിക്കുക. മൂന്നു നേരവും ക്യത്യസമയത്തു തന്നെ ആഹാരം കഴിക്കുന്നത് ദഹന പ്രക്രിയ സുഗമമാക്കുന്നതിനോടൊപ്പം രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും ചെയ്യും. വ്യായാമില്ലായ്മയാണ് വർദ്ധിച്ചു വരുന്ന ഹൃദ്രോഗ നിരക്കിന്റെ മൂലകാരണം. കാർഡിയാക് വ്യായാമങ്ങള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പ്രാണായാമം പോലുള്ള യോഗാമുറകൾ ഹൃദയത്തെ അനാരോഗ്യത്തിൽ‍ നിന്നും സംരക്ഷിക്കും

ഡോ. എസ്. സജികുമാർ
ധാത്രി എബിഎസ് വെൽനസ് ക്ലിനിക്ക്
ആഡാപ്പിള്ളി റോഡ്
വെണ്ണല. പി. ഒ
കൊച്ചി - 682028