Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹത്തിന് 10 ആയുർവേദ ലഘുചികിത്സകൾ

diabetes-ayurvedam

ആയുർവേദശാസ്ത്ര പ്രകാരം പ്രമേഹരോഗം പ്രധാനമായും 20 വിധത്തിൽ കാണപ്പെടും. ഉദകമേഹം, ഇക്ഷുമേഹം, സുരാമേഹം, പിഷ്ടമേഹം, ശുക്ലമേഹം, ലാലാമേഹം, ശനൈർമേഹം, സികതാമേഹം, ശീതമേഹം, സാന്ദ്രമേഹം ഇങ്ങനെ കഫദോഷ പ്രധാനമായുണ്ടാകുന്ന മേഹങ്ങൾ പത്തു വിധത്തിലുണ്ട്.

ഇതു കൂടാതെ മഞ്ജിഷ്ഠാമേഹം, നീലമേഹം, കാളമേഹം, ഹരിദ്രാമേഹം, ശോണിതമേഹം, ക്ഷാരമേഹം എന്നിങ്ങനെ പിത്തപ്രധാനങ്ങളായ മേഹങ്ങൾ ആറും വസാമേഹം, മജ്ജാമേഹം, ഹസ്തിമേഹം, മധുമേഹം എന്നിങ്ങനെ വാതപ്രധാനമായ മേഹങ്ങൾ നാലു വിധത്തിലും കണ്ടുവരുന്നു. അതിനാൽത്തന്നെ ശാസ്ത്രീയമായ ആയുർവേദ ചികിത്സയ്ക്ക് വിദഗ്ധമായ രോഗനിർണയം അത്യാവശ്യമാണ്.

പ്രമേഹരോഗിക്ക് ഡയറ്റ് ഡ്രിങ്കുകൾ

മേൽപറഞ്ഞ വിഭാഗങ്ങളിൽ ചികിത്സ അസാധ്യമായി സംഹിതകൾ കരുതുന്ന മധുമേഹത്തോടാണു നാം ആധുനിക ശാസ്ത്രത്തിൽ പറയുന്ന പ്രമേഹം എന്ന രോഗത്തിന് ഏറെ സാമ്യം. അതിനാൽത്തന്നെ പ്രമേഹചികിത്സ ഏറെ സൂക്ഷിച്ചു ചെയ്യേണ്ടതും കൃത്യമായ വൈദ്യനിർദേശപ്രകാരം ദീർഘകാലം ശീലിക്കേണ്ടതുമാണ്. ബലവാനായ രോഗിക്കു വമനം, വിരേചനം തുടങ്ങിയ ശോധന പ്രയോഗങ്ങൾക്ക് ശേഷമാണ് ശമന ചികിത്സ വിധിക്കുന്നത്. എങ്കിലും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ലഘു പ്രയോഗങ്ങൾ ചുവടെ നൽകുന്നു.

ലഘു പ്രയോഗങ്ങൾ

 1. nellikka നെല്ലിക്ക

  പച്ചമഞ്ഞൾ, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേർത്ത് രാവിലെ വെറുവയറ്റിൽ സേവിക്കുക. നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൗൺസ് നീരിൽ രണ്ട് ടീസ്പൂൺ വരട്ടുമഞ്ഞളിന്റെ പൊടി ചേർത്തു സേവിക്കുന്നതും പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേർത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റിൽ സേവിക്കുന്നതും ഗുണകരമാണ്.

 2. തേറ്റാമ്പരൽ നാല്—അഞ്ച് എണ്ണം വെള്ളത്തിൽ ഒരു രാത്രി ഇട്ടുവച്ചിരുന്നു രാവിലെ കടഞ്ഞെടുത്ത മോരിലരച്ച് സേവിക്കുന്നതു പ്രമേഹശമനീയമാണ്.

 3. ചിറ്റമൃതിന്റെ നീര്— 25 മില്ലി—തേൻ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതു പ്രമേഹം ശമിപ്പിക്കും.

 4. ഏകനായകത്തിൻവേര് (പൊൻകുരണ്ടി), തേറ്റമ്പരൽ എന്നിവ തുല്യ അളവിൽ പൊടിച്ചു രണ്ടു ടേബിൾ സ്പൂൺ വീതം രണ്ടു നേരം സേവിക്കുന്നത് പ്രമേഹശമനത്തിന് ഉത്തമമാണ്.

 5. ഏകനായകവും പച്ചമഞ്ഞളും (20 ഗ്രാം) പുളിക്കാത്ത മോരിൽ തുല്യമായ അളവിലരച്ച് രണ്ട് നേരം കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാവും.

 6. പുളിയരിത്തൊണ്ട്, നെല്ലിക്ക ഇവ കഷായം വച്ച് —50 മി ലീ വീതം ഒരു ടീസ്പൂൺ ഞവര അരിയുടെ തവിടു ചേർത്ത് രണ്ടു നേരം സേവിച്ചാൽ പ്രമേഹരോഗം തടയാം.

 7. മുരിക്കിന്റെ തൊലി അരച്ച് (20 ഗ്രാം)— മോരിലോ തേനിലോ ചേർത്ത് സേവിക്കുന്നതു ഹിതമാണ്.

 8. അഞ്ചു കൂവളത്തില അരച്ചുരുട്ടി രാവിലെ വെറും വയറ്റിൽ കഴിക്കുന്നതു പ്രമേഹം നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു.

 9. ത്രിഫല, മഞ്ഞൾ, ഞാവൽത്തൊലി, നാൽപാമരത്തൊലി, നീർമാതളത്തൊലി, ചെറൂളവേര്, പാച്ചോറ്റിത്തൊലി ഇവ ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ലഭ്യമായ മൂന്നു മരുന്നുകൾ തുല്യ അളവിൽ ഏകനായകവുമായി ചേർത്തോ കഷായം വച്ചു കഴിച്ചാൽ പ്രമേഹം ശമിക്കും.

 10. കന്മദം പൊടിച്ചത് അഞ്ചുഗ്രാം വരെ സേവിക്കുന്നത് പ്രമേഹശമനത്തിന് നല്ലതാണ്. (തേൻ ചേർക്കേണ്ട യോഗങ്ങളിൽ വിശ്വാസയോഗ്യമായ ചെറുതേൻ ആണ് ഉപയോഗിക്കേണ്ടത്).

പഥ്യം ഏതു വിധം?

ഏറ്റവും പഥ്യമായത് ശരിയായ വ്യായാമമാണ്. ചെരുപ്പും കുടയുമില്ലാതെ സന്യാസിയെപ്പോലെ ജിതേന്ദ്രിയനായി ദിവസവും നൂറു യോജന കാൽനടയായി യാത്ര ചെയ്താൽ പ്രമേഹശമനമുണ്ടാവുമെന്നു ചക്രദത്തം അനുശാസിക്കുന്നു. ദിവസവും 45 മിനിറ്റ് നേരത്തെ കൈവീശിക്കൊണ്ടു വേഗത്തിലുള്ള നടത്തം ധാരാളം രോഗങ്ങൾക്ക് പ്രയോജനപ്രദമാണ്.

manjal മഞ്ഞൾ

ആഹാരത്തിലാകട്ടെ മോര്, ചെറുപയർ ചേർത്തുണ്ടാക്കുന്ന രസം (എണ്ണയും തേങ്ങയും ചേർക്കാത്തത്), നെല്ലിക്ക, മഞ്ഞൾ, പടവലം, മലർ എന്നിവ കൂടുതലായി കഴിക്കാം.

നിർബന്ധമായും ഒഴിവാക്കേണ്ടവ

പകലുറക്കം, വ്യായാമം ഇല്ലായ്മ ഇവ ആദ്യം തന്നെ ഒഴിവാക്കണം. തൈര്, നെയ്യ്, മത്സ്യം, മാംസം, പഞ്ചസാര, ശർക്കര, അരച്ചുണ്ടാക്കിയ ആഹാരം, പൂവൻപഴം, തേങ്ങ, കിഴങ്ങുവർഗങ്ങൾ എന്നിവയും ആഹാരത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.

ഡോ: ബി. ഹരികുമാർ, മെഡിക്കൽ സൂപ്രണ്ട്, എൻ. എസ്. എസ്. ആയുർവേദ ഹോസ്പിറ്റൽ, വള്ളംകുളം, തിരുവല്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.