Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിസാരത്തിന് ആയുർവേദ ചികിത്സ

kariveppila

അതിസാരമെന്ന് പരാമർശിക്കുന്ന വയറിളക്കത്തിന് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്.

∙ മാങ്ങായണ്ടിപ്പരിപ്പോ ഉപ്പുമാങ്ങയുടെ അണ്ടിപ്പരിപ്പോ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചുവെയ്ക്കാം. വയറിളക്കം വരുമ്പോൾ ഇതിൽ നിന്നും ഒരു സ്പൂൺ എടുത്ത് തേൻ ചേർത്തോ പച്ചമോരിൽ കലക്കിയോ കുടിച്ചാൽ വയറിളക്കം നിൽക്കും.

∙ കറിവേപ്പിലയുടെ തളിരില ഞെട്ടോടെ അടർത്തിയെടുത്ത് അരച്ച് പച്ചമോരിൽ കലക്കി നൽകുന്നതും രോഗം മാറ്റാൻ സഹായിക്കും.

∙ പൊൻകാരം വറുത്തുപൊടിച്ചത് 400 മി.ഗ്രാം തൈരിൽ ചേർത്ത് ദിവസം നാലു തവണ കഴിച്ചാൽ അതിസാരം നിലയ്ക്കും.

∙ ഉണക്കലരിയും ജീരകവും വറുത്തു പൊടിച്ച് സൂക്ഷ്മചൂർണമാക്കി അതിൽ നിന്നും ഒരു സ്പൂൺ, കരിക്കിൻ വെള്ളത്തിൽ ചേർത്ത് മൂന്നുദിവസം കഴിച്ചാൽ രോഗം പൂർണമായി മാറും.

∙ കൂവളത്തിൻവേർ, കൊത്തമല്ലി, മുത്തങ്ങാ, ഇരുവേലി, ചുക്ക് ഇവയുടെ കഷായവും ഇടയ്ക്കിടെ കുറേശെ തേൻ ചേർത്തു കഴിക്കുന്നത് ഉത്തമം.

∙ ഗ്രാമ്പൂ, തിപ്പലി, അയമോദകം, ചുക്ക്, മാങ്ങയണ്ടിപ്പരിപ്പ് ഇവ സമം മോരിലരച്ചു കലക്കി സേവിപ്പിക്കുക. അതിസാരം ശമിക്കും.

ശക്തമായ വയറിളക്കം വന്നാൽ

∙ പച്ചയോ ഉണങ്ങിയതോ ആയ നെല്ലിക്കത്തോട് ശുദ്ധജലത്തിലരച്ച് അതുകൊണ്ടു രോഗിയുടെ പുക്കിളിനു ചുറ്റും തടം ഉണ്ടാക്കി അതിൽ ഇഞ്ചിനീരു നിർത്തുക. 15 മിനിറ്റിനുള്ളിൽ ശക്തമായ വയറിളക്കം ശമിക്കും.

എല്ലാ അതിസാരങ്ങൾക്കും

∙ തുമ്പപ്പൂവ്: ഏഴരഗ്രാം തുമ്പപ്പൂവ് അരച്ച് 60 മി.ലി. കരിക്കിൻ നീരിൽ കലക്കി കുടിക്കുന്നതും ഉത്തമം.

thumba

∙ പേരാലിന്റെ ഇളയവേര് 15 ഗ്രാം, കാടിയിൽ അരച്ചു കലക്കി കുടിപ്പിക്കുക. എല്ലാത്തരത്തിലുള്ള അതിസാരങ്ങളും ശമിക്കും.

∙ അമ്പഴത്തിൻ തൊലി: അമ്പഴത്തിൻതൊലിയുടെ നീരും തേങ്ങാപ്പാലും സമം ചേർത്തു സേവിച്ചാലും അതിസാരം ശമിക്കും.

രക്താതിസാരം

പിത്താധികമായ അതിസാരം (പിത്തം കോപിച്ചുണ്ടാകുന്നത്) ചിലപ്പോൾ രക്താതിസാരമായി മാറാം.

∙ ആട്ടിൻപാൽ: ആട്ടിൻപാൽ നാലിരട്ടി വെള്ളം ചേർത്തു കാച്ചി പാലളവാകുമ്പോൾ വാങ്ങി ആറിയ ശേഷം തേനും പഞ്ചസാരയും ചേർത്തു കഴിച്ചാൽ രക്താതിസാരം ശമിക്കും.

∙ രക്താതിസാരത്തിന് കഞ്ഞി: നറുനീണ്ടി, ഇരട്ടിമധുരം, പാച്ചോറ്റിത്തൊലി, പേരാൽമൊട്ട് ഇവ സമാംശം കഷായം വച്ചതിൽ അരി വറുത്തുചേർത്തു കഞ്ഞിവച്ചു കുടിച്ചാൽ രക്താതിസാരം ശമിക്കും.

വയറുകടിയ്ക്ക്

∙ കറിവേപ്പിലക്കഷായം: കറിവേപ്പില—15 ഗ്രാം, ചുക്ക്—5 ഗ്രാം, പടവലം, കടുക്കാത്തോട് ഇവ 20 ഗ്രാം വീതം കഷായമാക്കി 60 മി.ലി. കഷായം വീതം ഇന്തുപ്പ് ചേർത്തു ദിവസം 4 നേരം (പകൽ മൂന്നു മണിക്കൂർ ഇടവിട്ട്) സേവിച്ചാൽ വയറുകടി ശമിക്കും. ഏതു തരത്തിലുള്ള വയറുകടിയും ഈ ഔഷധം കൊണ്ടു ശമിക്കും.

∙ ശുദ്ധജലപ്രയോഗം: തലേന്നാൾ കോരി സൂക്ഷിച്ചിട്ടുള്ള ശുദ്ധജലം രാവിലെ കുറച്ചെടുത്ത് (100 മി.ലി.), എള്ളെണ്ണ (നല്ലെണ്ണ) 25 മി.ലി. ചേർത്തു സേവിച്ചാൽ എത്ര പഴക്കം ചെന്നതും രക്തകഫങ്ങളോടു കൂടിയതുമായ വയറുകടിയും ശമിക്കും.

ഡോ: എം. എൻ. ശശിധരൻ, അപ്പാവു വൈദ്യൻ ആയുർവേദ ചികിത്സാലയം, കോട്ടയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.