Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചുരസങ്ങളുടെയും തമ്പുരാന്‍

നെല്ലിക്കയുടെ ആയൂർവേദ ഗുണങ്ങൾ

ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുമുള്ള ഉത്തമആഹാരവും ഔഷധവുമാണു നെല്ലിക്ക. വിറ്റമിന്‍ സിയുടെ സമൃദ്ധമായ ഉറവിടമാണു നെല്ലിക്ക. വിറ്റമിന്‍ എയും വിറ്റമിന്‍ ബിയും നെല്ലിക്കയിലുണ്ട്. കൂടാതെ കാത്സ്യം, ഇരുമ്പ്, ഇലാജിക് ആസിഡ്, റാലിക് ആസിഡ്, ടാനിക് ആസിഡ് തുടങ്ങിയവയും നെല്ലിക്കയിലുണ്ട്. രസായനങ്ങളില്‍ നെല്ലിക്കയാണു ഏറ്റവും പ്രധാനം. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ളതും നെല്ലിക്ക ചേര്‍ന്നുള്ള ബ്രഹ്മരസായനം തന്നെയാണ്.

അമ്ളദ്രവങ്ങളില്‍ മികച്ചത്

അമ്ളദ്രവങ്ങളില്‍ മികച്ചതാണിത്. ആറു രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ള അഞ്ചു രസങ്ങളും നെല്ലിക്കയിലുണ്ട്. യൂഫോര്‍ബിയേസി കുടുംബത്തില്‍പെടുന്ന നെല്ലിക്കയുടെ ശാസ്ത്രനാമം ഫില്ലാന്തസ് എംബ്ളിക്ക എന്നാണ്. അമൃതം, അമൃതഫലം, ആമലകം, വയസ്ഥ, വൃഷ്യ, രിവം, ധാത്രി, ധാത്രിക എന്നിങ്ങനെ പര്യായങ്ങളിലും നെല്ലിക്ക അറിയപ്പെടാറുണ്ട്.

ജരാനരകള്‍ മാറാന്

1 നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. 2 നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക. 3 പച്ചനെല്ലിക്ക ദിവസവും കഴിക്കുക. 4 നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുക.

ഓജസും ബലവും കൂടാന്‍

1 പച്ചനെല്ലിക്ക 12 മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക. അതിനുശേഷം കുരുകളഞ്ഞ് വെള്ളത്തിലിട്ടു വേവിക്കുക.

വേവിച്ചെടുത്ത നെല്ലിക്കയില്‍ മൂന്നിരട്ടി കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ക്കുക. ഇതു ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ ഓജസും ബലവും വര്‍ധിപ്പിക്കും. 2 നെല്ലിക്ക, വിഴാലരി, വേങ്ങക്കാതല്‍ സമം പൊടിച്ചു നെയ്യും തേനും ചേര്‍ത്തു കഴിക്കുന്നതും ഉത്തമം. 3 നെല്ലിക്ക, ഞെരിഞ്ഞല്‍, ചിറ്റമൃത് എന്നിവ സമം പൊടിച്ചു തേനും നെയ്യും ചേര്‍ത്തു കഴിക്കുക.

അസ്ഥിസ്രാവം മാറാന്

1 പച്ചനെല്ലിക്കാനീര്, ചിറ്റമൃതിന്‍ നീര്, കൂവപ്പൊടി ഇവ സമം എടുത്ത് തേനില്‍ ചാലിച്ചു കഴിക്കുക. 2 നെല്ലിക്ക, ശതാവരി, തെങ്ങിന്‍പൂക്കുലരി, കോലരക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക.

തലമുടി ചെമ്പിച്ചതിന്

1 കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് നെല്ലിക്കയും പശുവിന്‍ തൈരും ചേര്‍ത്തു തലയില്‍ തിരുമ്മി പിടിപ്പിക്കുക. രണ്ടു മാസം തുടര്‍ച്ചയായി ഇതാവര്‍ത്തിച്ചാല്‍ ചെമ്പിച്ച മുടി കറുക്കും. 2 നെല്ലിക്ക നിഴലിലുണക്കി കുരുകളഞ്ഞ് 100 ഗ്രാം എടുത്ത് 200 ഗ്രാം വെളിച്ചെണ്ണയില്‍ കരിഞ്ഞുപൊടിയുന്നതുവരെ തിളപ്പിക്കുക. ഈ എണ്ണ ദിവസവും തലയില്‍ തേച്ചു കുളിക്കുന്നത് ചെമ്പിച്ച തലമുടി കറുക്കുന്നതിനു ഫലപ്രദമാണ്.

മറ്റു രോഗങ്ങള്‍ക്ക്

‍∙ ജലദോഷം

നെല്ലിക്കയോ നെല്ലിക്കാ അരിഷ്ടമോ പതിവായി കഴിക്കുക.

‍∙ കുടല്‍പുണ്ണ്

ഉണക്കനെല്ലിക്ക ദിവസവും ചതച്ചു തിന്നുക.

‍∙ ചൊറിച്ചില്‍

നെല്ലിക്ക അരച്ചു പുരട്ടുക. ‍

∙ പുളിച്ചു തികട്ടല്‍ കുരുകളഞ്ഞ പച്ചനെല്ലിക്ക 10 ഗ്രാം എടുത്ത് 100 മി ലീ പാലില്‍ ചേര്‍ത്തു രണ്ടു നേരം കഴിക്കുക.

‍∙ അലര്‍ജി

നെല്ലിക്ക ചൂര്‍ണം അഞ്ചുഗ്രാം വീതം 10 ഗ്രാം നെയ്യില്‍ ചേര്‍ത്തു കഴിക്കുക.

‍∙ കഫശല്യം

നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി സമം എടുത്തു പൊടിച്ചു നെയ്യ് ചേര്‍ത്തു കഴിക്കുക. തൊണ്ടയിലെ അസ്വസ്ഥത മാറുന്നതിനും ഫലപ്രദമാണ്. ‍

∙ മലബന്ധം

നെല്ലിക്ക, കടുക്ക, താന്നിക്ക സമം പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം രാത്രി കിടക്കാന്‍ നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.

‍∙ കണ്ണിന്റെ ആരോഗ്യത്തിന്

നെല്ലിക്കത്തോട്, കടുക്കത്തോട്, താന്നിക്കത്തോട് സമം ചേര്‍ത്തു പൊടിച്ചത് ഒരു സ്പൂണ്‍ സമം തേനും ചേര്‍ത്തു കഴിക്കുക. പച്ചനെല്ലിക്കയുടെ നീരു കണ്ണില്‍ ഒഴിക്കുന്നത് ചെങ്കണ്ണു മാറാനും സഹായിക്കും.

‍∙ പ്രമേഹം

പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്‍ത്ത് പ്രമേഹരോഗികള്‍ ദിവസവും കഴിക്കുന്നതു നല്ലതാണ്. ‍ ∙ ശ്വാസകോശവീക്കം

ശ്വാസകോശത്തിന് വീക്കമുള്ളവര്‍ പച്ച നെല്ലിക്ക പതിവായി കഴിക്കുക. ‍

∙ വായ്പ്പുണ്ണ്

പച്ചനെല്ലിക്കാനീരോ, ഉണക്കനെല്ലിക്ക കഷായം വച്ചോ ദിവസവും കവിള്‍കൊള്ളുക. ‍∙ അഗ്നിമാന്ദ്യത്തിനും ദഹനക്കുറവിനും നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് എന്നിവ സമം ചേര്‍ത്തു പൊടിച്ചു ശര്‍ക്കരയും ചേര്‍ത്തു ദിവസവും രാത്രി ഭക്ഷണശേഷം കഴിക്കുക. ‍

∙ അര്‍ശസ്

250 ഗ്രാം നെല്ലിക്ക ആറു ലീറ്റര്‍ വെള്ളത്തില്‍ കഷായം വച്ചു കുറുകുമ്പോള്‍ കുരുകളഞ്ഞു വെള്ളം ചേര്‍ക്കാതെ അരച്ചു ശര്‍ക്കരയും ചേര്‍ത്തു നല്ലതുപോലെ യോജിപ്പിച്ചു ദിവസവും രാത്രി നെല്ലിക്ക വലുപ്പം കഴിക്കുക. ‍

∙ വയറുവീര്‍പ്പ്

നെല്ലിക്കാപൊടിയും സമം ഇന്തുപ്പും നെയ്യ് ചേര്‍ത്തു കഴിക്കുക. ‍

∙ ചുട്ടു പുകച്ചില്‍

നെല്ലിക്ക, കടുക്ക, താന്നിക്ക പൊടിച്ചു ദേഹത്തില്‍ പുരട്ടി കുളിക്കുക. ‍

∙ ചൂടുകുരു

നെല്ലിക്കാത്തോട് മോരില്‍ കുതിര്‍ത്ത് അരച്ചു പുരട്ടുക. ‍

∙ പല്ലിന്റെ ബലത്തിന്

നെല്ലിക്ക, കാരറ്റ്, വെണ്ടയ്ക്ക എന്നിവ ദിവസവും വേവിക്കാതെ കടിച്ചു തിന്നാല്‍ പല്ലുകള്‍ക്ക് അഴകും ബലവും ഉണ്ടാവും.

അകാലനര മാറ്റാന്‍ നെല്ലിക്ക

നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തലകഴുകുന്നത് അകാലനര തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും. ‍

∙ നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാര്‍വാഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയില്‍ പുരട്ടി കുളിക്കുക. ‍

∙ പന്ത്രണ്ടു നെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടിയശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഇതു പതിവായി ചെയ്താല്‍ അകാലനര ഒഴിവാക്കാം.

_ഡോ കെ എസ് രജിതന്‍

സൂപ്രണ്ട്, ഔഷധി, തൃശൂര്‍_