Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണയും നസ്യവും തലവേദനയ്ക്ക്

headache-ayurveda

ലോകത്ത് ഏറ്റവുമധികമാളുകൾ ചികിത്സ തേടിയെത്തുന്ന രോഗങ്ങളിലൊന്നാണ് തലവേദന. തലവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകാനിടയില്ല.

വേദനയുടെ കാരണങ്ങൾ

മിക്കപ്പോഴും തലവേദനയുണ്ടാക്കുന്നതു നിസാരകാരണങ്ങളായിരിക്കാം. ഉറക്കക്കുറവ്, മാനസികസംഘർഷം, കണ്ണുകളുടെ അമിതായാസം, കാലാവസ്ഥയിലെ മാറ്റങ്ങൾ എന്നിങ്ങനെ പോകുന്നു കാരണങ്ങൾ. തലവേദനയുടെ കാഠിന്യം പലപ്പോഴും രോഗത്തിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. പനി, ജലദോഷം എന്നിവയും തലവേദനയ്ക്കു കാരണമാകാറുണ്ട്. ശിരസിലെ നാഡീഞരമ്പുകളിലെ വീക്കം, പല്ലുകളുടെ തകരാറുകൾ, ചെവിയിലെ രോഗങ്ങൾ എന്നിവയെല്ലാം തലവേദനയായി ആരംഭിക്കുകയോ തലവേദനയിലേക്കു മുന്നേറുകയോ ആണ്.

കണ്ണിന്റെ തകരാർ കൊണ്ട്, ജീവിതശൈലിയിലെ താളപ്പിഴ കൊണ്ട് കുട്ടികളിൽ വരാറുള്ള തലവേദന, അർധാവഭേദകം എന്ന മൈഗ്രേൻ, പ്രതിശ്യായം എന്ന സൈനസൈറ്റിസ് തുടങ്ങിയ പലതരത്തിലുള്ള തലവേദനകൾ ഉണ്ട്.

തലവേദനയ്ക്ക് ചികിത്സ

ശരിയായ സമയത്തുള്ള കൃത്യമായ രോഗനിർണയമാണു ചികിത്സയിൽ ഏറ്റവും നിർണായകം. തലവേദനയ്ക്കുള്ള ആയുർവേദ ചികിത്സ വേദനസംഹാരികളുപയോഗിച്ചല്ല, രോഗത്തിന്റെ യഥാർഥ കാരണങ്ങൾ, അതിന്റെ സ്വാധീനത്താൽ പ്രവർത്തിക്കുന്ന രോഗപ്രക്രിയ എന്നിവ കണ്ടെത്തി ഒഴിവാക്കുക എന്നതാണ് ആയുർവേദ സമീപനം. അതുകൊണ്ടു തന്നെ എല്ലാ ചികിത്സയും എല്ലാത്തരം തലവേദനകളിലും ഉപയോഗിക്കാറില്ല. അതു ഫലപ്രദവുമല്ല. എന്നാൽ ചികിത്സ തികച്ചും സമഗ്രമാണ് എന്നതുകൊണ്ടു ഫലപ്രാപ്തി ഏറെക്കുറെ സുനിശ്ചിതവും സ്ഥിരവുമാണ്. ചികിത്സയിൽ മൂന്നു കാര്യങ്ങൾക്കാണ് ഊന്നൽ. (1) അടിസ്ഥാന പ്രശ്നപരിഹാരം. (2) ഒപ്പം ചെയ്യേണ്ട മറ്റു കാര്യങ്ങൾ (3) ജീവിതശൈലിയുടെ പരിഷ്കാരം.

ഏറെ പഴകിയ തലവേദനകളിലും അർധാവഭേദകം പോലുള്ള രോഗങ്ങളിലും പക്ഷേ, അടിസ്ഥാനപ്രശ്നപരിഹാരം മാത്രം മതിയാകാതെ വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ചില സവിശേഷചികിത്സകൾ പ്രയോജനപ്പെടുത്തുന്നു. അന്യതോവാതം, ശംഖകം എന്നിങ്ങനെയുള്ള രോഗങ്ങളിലും ഇത്തരം ചികിത്സകൾ ആവശ്യമായി വരാറുണ്ട്. സ്നേഹപാനം, നസ്യം, ശിരോവസ്തി, ശിരോധാര, സിരാവേധം, അഗ്നികർമം എന്നിവയെല്ലാം ഇവ്വിധം സന്ദർഭാനുസരണം ചെയ്യാം.

സൈനസൈറ്റിസിന് അരിഷ്ടവും ഗുളികയും

വിട്ടുമാറാതെ നിൽക്കുന്ന പഴകിയ സൈനസൈറ്റിസിനു വിശ്രമമാണ് ഏറ്റവും ആവശ്യം. നീർക്കെട്ട് ലഘൂകരിക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നു. പുനർന്നവാദി കഷായം, പഥ്യാഷഡംഗം കഷായം, അമൃതോത്തരം കഷായം, അമൃതാരിഷ്ടം, പുനർന്നവാസവം, വെട്ടുമാറാൻഗുളിക, സൂര്യപ്രഭ ഗുളിക എന്നിങ്ങനെയുള്ള ഔഷധങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്. വിട്ടൊഴിയാൻ മടിക്കുന്ന രോഗമാണ് സൈനസൈറ്റിസ്. അതുകൊണ്ട് പലപ്പോഴും ദീർഘകാലത്തെ ഔഷധസേവ ആവശ്യമായി വരും.

മരുന്നുകൾ തേച്ചുണക്കിയെടുത്ത തിരികൾ കത്തിച്ചു നടത്തുന്ന ധൂമപാനം, മരുന്നുവെള്ളം വായിൽ നിറച്ചു പിടിക്കൽ (ഗണ്ഡൂഷം) എന്നിവ നല്ലതാണ്. ലാക്ഷാദി, ത്രിഫല, രാസ്നാദി, വചാദി, നിർഗുണ്ഡ്യാദി, അസനമഞ്ജിഷ്ഠാദി തുടങ്ങിയ തൈലങ്ങളും ഉപയോഗിക്കുന്നു. രോഗാവസ്ഥ കൂടെക്കൂടെ ആവർത്തിക്കാതിരിക്കാൻ രസായന ചികിത്സ സഹായിക്കും. തിപ്പലി, ച്യവനപ്രാശം, അഗസ്ത്യരസായനം എന്നിവ ഉപയോഗിച്ച് രസായന ചികിത്സ നടത്താം.

കണ്ണുകളുടെ ആയാസം നിമിത്തമുള്ള തലവേദനയ്ക്ക് 101 ആവർത്തിച്ച് ക്ഷീരബല നെറ്റിയിലും കൺപോളകളിലും പുരട്ടി തലോടുന്നതു കൊണ്ട് ശമനമുണ്ടാകും. അൽപനേരത്തേക്ക് ഉറങ്ങുന്നതു നല്ലതാണ്.

തലയെണ്ണ ഫലപ്രദം

രോഗത്തിന്റെ ദോഷസ്വഭാവം, രോഗിയുടെ ശാരീരിക പ്രകൃതി എന്നിവ പരിഗണിച്ചുകൊണ്ട് തലയെണ്ണ നിശ്ചയിക്കുന്നത് തലവേദനയിൽ ഫലപ്രദമാണ്. ബലാധാത്രാദി, ബലാഹഠാദി, അമൃതാദി, ചന്ദനാദി എന്നിങ്ങനെയുള്ള തൈലങ്ങളെല്ലാം ഇത്തരത്തിൽ ഉപയോഗിക്കുന്നു. ഇതേ തൈലങ്ങൾ പാത്രപാകം ചെയ്തു തണുപ്പിച്ച് വൈകുന്നേരം നെറുകയിൽ തേച്ചു തുടയ്ക്കുന്നതും വളരെ നല്ലതാണ്.

നസ്യം ചെയ്യാം

പഴകിയ പ്രതിശ്യായം, അർധാവഭേദകം എന്നിവയിൽ ഏറെ ഫലപ്രദമായ ചികിത്സയാണ് നസ്യം. ഇതിന് സർവസാധാരണമായി ഉപയോഗിക്കുന്ന ഔഷധമാണ് അണുതൈലം. പൂർണരൂപത്തിലുള്ള നസ്യം പഞ്ചകർമചികിത്സയുടെ ഭാഗമാണ്. എന്നാൽ ഇതിന്റെ ലളിതരൂപം വീടുകളിൽ ചെയ്യാവുന്നതാണ്. മുഖത്ത് നല്ലപോലെ ആവി കൊണ്ട് വിയർപ്പിച്ചശേഷം മലർന്നു കിടക്കുക, തുടർന്ന് നേരിയ ചൂടുള്ള ഔഷധം മൂന്നോ നാലോ തുള്ളി വീതം ഓരോ മൂക്കിലും മറ്റൊരാളെക്കൊണ്ട് ഒഴിപ്പിച്ച്, മെല്ലേ വായിലേക്ക് വലിച്ചെടുത്ത് കഫത്തോടൊപ്പം തുപ്പിക്കളയണം.

പഥ്യാക്ഷധാത്രാദി കഷായം വരണാദികഷായം, വരണാദിഘൃതം തുടങ്ങി നിരവധി ഔഷധങ്ങൾ വിവിധതരം തലവേദനകളിൽ ഉപയോഗിക്കാവുന്നവയാണ്. മലബന്ധം മാറ്റാൻ കല്യാണഗുള, അവിപത്തിചൂർണം എന്നിവ ഉപയോഗിക്കാം. ചികിത്സ പൂർത്തിയായശേഷവും രോഗത്തിന്റെ പുരനാവർത്തനം ഒഴിവാക്കാനായി ചില രസായനപ്രയോഗങ്ങൾ നല്ലതാണ്. ച്യവനപ്രാശം, ബ്രാഹ്മരസായനം, മഹാകല്യാണഘൃതം എന്നിവ രസായനപ്രയോഗത്തിന് ഉപയോഗിക്കാം.

തലവേദനയ്ക്ക് 15 ഒറ്റമൂലികൾ

∙ ജാതിക്ക നന്നായി അരച്ച് തലയിൽ ലേപനം ചെയ്യുക.

∙ കൊത്തമല്ലി പനിനീരിലരച്ച് നെറ്റിയിൽ പുരട്ടുക.

∙ ചന്ദനവും ചുക്കും കൂടിയരച്ച് നെറ്റിയിൽ പുരട്ടുക.

∙ രക്തചന്ദനം അരച്ച് നെറ്റിയിലിടുക.

∙ മഞ്ഞക്കടമ്പിൻ പൂവുണക്കി കുരുമുളകുപൊടിയും ചേർത്ത് നസ്യം ചെയ്യുക.

∙ കയ്യോന്നി അരച്ചുചേർത്ത എള്ളെണ്ണ കാച്ചി തലയിൽ തേയ്ക്കുക.

∙ പടവലത്തിന്റെ വേരരച്ച് നെറ്റിയിൽ ലേപനം ചെയ്യുക.

∙ കുന്നിക്കുരു പൊടിച്ച് നസ്യം ചെയ്യുക.

∙ കുമ്പിളിന്റെ ഇല നന്നായി അരച്ച് ലേപനം ചെയ്യുക.

∙ കടുക് പച്ചവെള്ളത്തിലരച്ച് നെറ്റിയിൽ ലേപനം ചെയ്യുക.

∙ ഇഞ്ചിനീരിൽ പാൽ ചേർത്തു നസ്യം ചെയ്യുക.

∙ മുരിങ്ങക്കുരുവിന്റെ വിത്തുണക്കി പൊടിച്ച് ലേപനം ചെയ്യുക.

∙ മുക്കുറ്റി അരച്ചെടുത്തു ചെന്നിയിൽ പുരട്ടുക.

∙ തുമ്പയിലനീര് നെറ്റിയിൽ പുരട്ടുക.

∙ മുരിങ്ങപ്പശ പശുവിൻപാൽ ചേർത്തു ചെന്നിയിൽ പുരട്ടുക.

കടപ്പാട് :

ഒറ്റമൂലികൾ— ഡോ. കെ. മുരളീധരൻപിള്ള

ഡോ. എം. പ്രസാദ്

പ്രഫസർ,

വിഷ്ണു ആയുർവേദ കോളജ്, ഷൊർണൂർ

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

എണ്ണയും നസ്യവും തലവേദനയ്ക്ക്

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer