Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഹാരത്തിലൂടെ യുവത്വം നിലനിർത്താം

nutrition-food

കർക്കടകമെന്നു കേൾക്കുമ്പോൾ എണ്ണയും കുഴമ്പും ഉപയോഗിച്ചുള്ള തേച്ചുകുളിയും കർക്കടകക്കഞ്ഞിയുമൊക്കെയാവും ഒാർമ വരിക. കർക്കടകചര്യയിലൂടെ മനസ്സും ശരീരവും ഉന്മേഷത്തോടെ നിലനിറുത്താൻ ആദ്യം ചെയ്യേണ്ടത് ആയുർവേദം അനുശാസിക്കുന്ന വിധത്തിൽ ആഹാരരീതി ക്രമപ്പെടുത്തകയെന്നതാണ്. കാലാവസ്ഥാമാറ്റം ശരീരത്തിൽ വാതപിത്തകഫങ്ങളെ കടുപ്പിക്കും. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ദഹന പ്രക്രിയെയാണ്. രുചിയെക്കാളുപരി കർക്കടകത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം
പാലിക്കുകയാണ് വേണ്ടത്.

അനുയോജ്യമായത് അളന്നു കഴിക്കണം
വിശപ്പും ദാഹവുമനുസരിച്ച് ആഹാരരീതിയിൽ മിതത്വം പാലിക്കണം. ദഹനപ്രക്രിയ ദുർബലമായിരിക്കുമെന്നതിനാൽ ഭക്ഷണത്തിന്റെ പോഷകഗുണത്തിനാണു മുൻതൂക്കം നൽകേണ്ടത്. എളുപ്പം ദഹിക്കുന്ന ലഘുവായ ആഹാരം ശീലിക്കുന്നതാണ് ഉത്തമം. സസ്യ, സസ്യേതര സൂപ്പുകൾ ഭക്ഷണത്തിനു മുന്നോടിയായി ഉപയോഗിക്കാം. ദഹനത്തിനും ശരീരബലം വര്‍ധിപ്പിക്കാനും കർക്കടകക്കഞ്ഞി സേവിക്കുന്നത് കർക്കടചര്യയുടെ ഭാഗമാണ്. കഞ്ഞിയിൽ ചേര്‍ക്കുന്ന ദശമൂലം, ദശപുഷ്പം തുടങ്ങിയ ചേരുവകള്‍ വാതദോഷത്തെ ശമിപ്പിക്കും. കർക്കടകക്കഞ്ഞിയിലെ മുഖ്യചേരുവയായ നവരയരി പേശീബലവും പ്രതിരോധശേഷിയും വർധിപ്പിക്കും. കഞ്ഞിയോടൊപ്പം പഴമുതിര നേരിയ ഉപ്പിട്ട് പുഴുങ്ങിക്കഴിക്കാം. ഇലക്കറിക്കളും കഴിക്കാം. പുളിയും എരിവും നിയന്ത്രിക്കണം. മധുരം, ഉപ്പ്, കയ്പ് എന്നിവ അമിതമായി ഉപയോഗിക്കരുത്. കർക്കടത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രസരിപ്പ് നിലനിർത്താൻ സഹായിക്കും.

യുവത്വം നിലനിർത്താൻ പഞ്ചകർമ ചികിൽസ
വമനം, വിരേചനം, നസ്യം, കഷായവസ്തി, തൈലവസ്തി എന്നീ ചികിൽസകൾക്ക് ഏറ്റവും അനുയോജ്യമായ മാസം കർക്കടകമാണ്. ആയുർവേദ വിദഗ്ധന്റെ മേൽനോട്ടത്തിൽ അവരവുടെ ശരീര പ്രകൃതിക്കനുസരിച്ചാണ് ചികിൽസ നടത്തേണ്ടത്. ധന്വന്തരം, പിണ്ഡതൈലം എന്നീ തൈലങ്ങൾ ശരീരമാസകലം പുരട്ടി ഇളംചൂടുവെള്ളത്തിൽ കുളിച്ചാൽ വാതദോഷത്തെ പ്രതിരോധിക്കാം. അണുതൈലവും ക്ഷീരബലയും ചെറിയ അളവില്‍ നസ്യം ചെയ്യുന്നത് തൊണ്ടശുദ്ധിക്കും ശ്വാസനാളത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. കുളിക്കുശേഷം നെറുകയിൽ രാസ്നാദി ചൂര്‍ണം പുരട്ടുന്നത് ജലദോഷം പോലെയുള്ള രോഗങ്ങളെ തടയും.

ഡോ. അനിൽകുമാർ എൽ. പി
ജീവൻവേദ ആയുർവേദ പഞ്ചകർമ ക്ലിനിക്ക്
ഇരിങ്ങാലക്കുട